43-ാമത് ലക്കം. സര്‍വ്വവല്ലഭനായി സാരാംശപൂര്‍ണ്ണനായിരിക്കുന്ന ആദ്യന്തമില്ലാത്ത സ്വയംഭൂവിന്‍റെ തിരുനാമത്തില്‍ എന്നന്നേക്കും തനിക്ക് സ്തുതി. സുറിയായിലും കിഴക്കു ദേശമൊക്കെയിലും ഉള്ള സുറിയാനി ജാതി മേല്‍ അധികാരപ്പെട്ടിരിക്കുന്ന അന്ത്യോഖ്യായിലെ ശ്ലീഹായ്ക്കടുത്ത സിംഹാസനത്തിന്മേല്‍ വാഴുന്ന മൂന്നാമത്തെ പത്രോസ് ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ്.
(മുദ്ര) (മുദ്ര) (മുദ്ര)
വാഴ്ത്തപ്പെട്ട കൊച്ചിക്കോട്ടയില്‍ പട്ടണത്തിലുള്ള മാര്‍ പത്രോസ് ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ശുദ്ധമുള്ള പള്ളി ഇടവകയിലും അതോടുകൂടെയുള്ള പള്ളികളായ മട്ടാഞ്ചേരി എരിമീശോ പള്ളിയും നടമേല്‍ പള്ളിയും കരിങ്ങാശ്രപള്ളിയും മുളന്തുരുത്തിപള്ളിയും മാന്തുരുത്തിപള്ളിയും വടയാപ്പറമ്പ്പള്ളിയും ആര്‍ത്താറ്റ് പള്ളിയും കുന്നംകുളങ്ങരപള്ളിയും കുന്നംകുളങ്ങര പുത്തന്‍പള്ളിയും കുന്നംകുളങ്ങര തെക്കേപള്ളിയും ചിറളയത്തു പള്ളിയും പഴഞ്ഞി പള്ളിയും കുന്നത്ത് പുത്തന്‍പള്ളിയും പോര്‍ക്കളത്ത് പള്ളിയും ചാലശ്ശേരിപള്ളിയും ടി പുത്തന്‍പള്ളിയും ചേലക്കരപള്ളിയും തൊഴൂര്‍പള്ളിയും ശ്രായിപള്ളിയും ടി പുത്തന്‍പള്ളിയും ആയ വിശുദ്ധ സഭാ ഇടവകയിലെ സ്നേഹിക്കപ്പെട്ടവരും വാത്സല്യമുള്ളവരും വാഴ്വ് ഏല്ക്കപ്പെട്ടവരുമായ റൂഹാക്കടുത്ത നമ്മുടെ മക്കളാകുന്ന അനുഗ്രഹിക്കപ്പെട്ട പട്ടക്കാരുടെയും നേരുള്ള ശെമ്മാശന്മാരുടെയും വാഴ്ത്തപ്പെട്ട പ്രമാണികളുടെയും കൈക്കാരന്മാരുടെയും സകലജനത്തിന്‍റെയും ശിരസ്സുകളിന്മേല്‍ ദൈവികകൃപയും സ്വര്‍ഗ്ഗീയകാവലും വന്ന് വസിക്കുമാറാകട്ടെ. ദൈവമായ കര്‍ത്താവിന്‍റെ കൃപ അവരുടെമേലും അവരുടെ ഭവനങ്ങളുടെ മേലും അവരുടെ മക്കളുടെ മേലും അവര്‍ക്കുള്ള സകലത്തിന്മേലും ദൈവമാതാവിന്‍റെയും സകല പരിശുദ്ധന്മാരുടെയും പരിശുദ്ധ സ്ത്രീകളുടെയും പ്രാര്‍ത്ഥനയാല്‍ വന്ന് വസിക്കുമാറാകട്ടെ. ആമ്മീന്‍.
എന്നാല്‍ നാം നിങ്ങളോട് അറിയിക്കുന്നതിനെ ദൈവമായ കര്‍ത്താവ് സകല വിശേഷതയോടും കൂടെ ഗ്രഹിപ്പിക്കുമാറാകട്ടെ. ഈ വാഴ്വിന്‍റെ ലേഖനം എഴുതുവാനുള്ള കാരണം എന്തെന്നാല്‍, നമ്മുടെ സ്തോത്രത്തിന്‍റെ മേല്പ്പട്ടക്കാരനും സത്യമുള്ള പ്രധാന ഇടയനുമായ നമ്മുടെ കര്‍ത്താവീശോമശിഹായുടെ അനുഗ്രഹിക്കപ്പെട്ട ഇടവകയിലുള്ള സ്നേഹവാത്സല്യമുള്ള പുത്രന്മാരും മശിഹായുടെ കപടമില്ലാത്ത കുഞ്ഞാടുകളും നിങ്ങള്‍ ആയിരിക്കുന്നതിനാല്‍ നിങ്ങളെ കാണണമെന്ന് നമുക്ക് എത്രയും ആഗ്രഹവും വാഞ്ഛയും ഉണ്ടായതുകൊണ്ട് തന്നെയാകുന്നു. എന്നാല്‍ ഭയങ്കരവും ഉന്നതവുമുള്ള തന്‍റെ സിംഹാസനത്തില്‍ മുമ്പാകെ നമുക്കും നിങ്ങള്‍ക്കും പ്രീതി നല്‍കുവാനായിട്ട് നാം തന്‍റെ കരുണയോട് പ്രാര്‍ത്ഥിച്ചു അപേക്ഷിക്കുന്നു. നമ്മുടെ പ്രിയമുള്ള ആത്മീയ മക്കളേ, ഇനിയും നാം നിങ്ങളെ അറിയിക്കുന്നത് എന്തെന്നാല്‍, നാം ഇന്ത്യയിലെ മലബാറില്‍ എത്തി നിങ്ങളുടെ ഇടയിലുള്ള വിവദുകളുടെയും കലഹത്തിന്‍റെയും വസ്തുത നമ്മുടെ ബോധം കൊണ്ട് നാം പരിശോധിച്ച് നോക്കിയപ്പോള്‍ നമുക്ക് എത്രയും ദുഃഖമായിത്തീര്‍ന്നു. എന്തുകൊണ്ടെന്നാല്‍ ഒരു സംവത്സരവും പതിനൊന്ന് മാസവും നാം പള്ളികളില്‍ ചുറ്റി ആത്മീയകാര്യങ്ങളെ പരിശോധിച്ച് നാം അവയില്‍ കണ്ടത് കലഹവും വിവദും വിശ്വാസഹീനവും ആകുന്നു. എന്നാല്‍ ദൈവത്തിനും നമ്മുടെ വിശ്വാസത്തിനും വിപരീതമായിരിക്കുന്ന ഇക്കാര്യം നമ്മുടെ ജനത്തിന് സംഭവിച്ചത് നിങ്ങളുടെ ഇടയന്മാരുടെയും പട്ടക്കാരുടെയും അജാഗ്രത കൊണ്ടാകുന്നു എന്ന് നാം നല്ലവണ്ണം തിരിച്ചറിഞ്ഞ് ഗ്രഹിച്ചു. എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് ആത്മികത്തില്‍ വിചാരം ഇല്ല. പ്രസംഗത്തില്‍ ഉണര്‍ച്ചയും ഉപദേശത്തില്‍ താല്പര്യവും ഇല്ല. സകലജാതികളും ചെയ്തുവരുന്നപ്രകാരം പൈതങ്ങളുടെ ബോധം ആത്മീകത്താല്‍ ശോഭിക്കപ്പെട്ട സത്യവിശ്വാസത്തിന്‍റെ അടിസ്ഥാനത്തെ ഗ്രഹിക്കാന്‍ തക്കവണ്ണം പഠിക്കുന്നതിന് പഠിത്തവീടും ഇല്ല. എന്നാലോ നിങ്ങളുടെ വിചാരം ഭക്ഷണപാനീയത്തിലും ദ്രവ്യാഗ്രഹത്തിലും ഡംഭിലും സാത്താനെ തന്‍റെ ഉന്നതസ്ഥാനത്തു നിന്ന് എറിഞ്ഞുകളഞ്ഞിട്ടുള്ള നിഗളത്തിലുമാകുന്നു. ആത്മകാര്യങ്ങളെ ആരാഞ്ഞ് ഗ്രഹിക്കുന്നതിന്നുള്ള ആത്മീകകാനോനാകളും ചട്ടങ്ങളും അറിഞ്ഞു കൂടാ. പിന്നെയോ തമ്മില്‍ തമ്മില്‍ കലഹങ്ങളും വിവദുകളും പൈശൂന്യവും മത്സരവും ഉണ്ടാകുന്നതു കൂടാതെ അസൂയ നിമിത്തം ന്യായസ്ഥലത്തും തമ്മില്‍ തമ്മില്‍ അന്യായപ്പെടുന്നു. നിങ്ങള്‍ക്കു വ്യവഹാരം ഉണ്ടെങ്കില്‍ നിങ്ങള്‍ സഭ കൂടി വിസ്തരിച്ച് തീര്‍ക്കണമെന്നും അന്യന്മാരുടെ അടുക്കല്‍ വിസ്താരത്തിന് പോകുന്നത് നിങ്ങള്‍ക്ക് ലജ്ജാകരമല്ലയോ എന്ന് പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്ന വചനങ്ങളെ ഗ്രഹിക്കുന്നതുമില്ല. അതിനാല്‍ മലയാളത്തിലുള്ളതായ നാലു ലക്ഷം ജനങ്ങള്‍ക്ക് ഒന്നോ രണ്ടോ മെത്രാന്മാര്‍ ആയിരുന്നാല്‍ അവര്‍ ആത്മീയ അന്ധന്മാരും പ്രൗഢന്മാരും സല്‍ഭാവികളും അഹമ്മതി ഉള്ളവരും ആയിത്തീരുമെന്ന് നമ്മുടെ ചിത്തത്തില്‍ തോന്നിയിരിക്കുന്നു. പരലോകാരോഹണം ചെയ്ത മുമ്പിലത്തെ പാത്രിയര്‍ക്കീസ് ബാവാമാര്‍ വഴിദൂരം ഹേതുവായിട്ട് ഇന്ത്യായില്‍ ഉള്ളവരുടെ കാര്യം നല്ലവണ്ണം ഗ്രഹിച്ചിട്ടില്ലായിരുന്നു. മലയാളത്തില്‍ നിന്നും ഒരുത്തന്‍ സ്ഥാനം ഏല്പാന്‍ വരുമ്പോള്‍ സിംഹാസനത്തിങ്കലെ നടപ്പിന്‍പ്രകാരം ഇവന്‍ നേരുള്ളവനായിരിക്കുമെന്ന് വിചാരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടെ മേല്പട്ടസ്ഥാനം കൈക്കൊള്ളുവാന്‍ ആരും ഉപായത്താല്‍ തുനിയുമാറില്ല. ഇപ്രകാരം അവരുടെ മര്യാദപോലെ അവനെ ബഹുമാനിച്ച് അവന്‍റെ വസ്തുതയെ അത്ര ആരാഞ്ഞ് നോക്കാതെയും അവന്‍ കള്ളനോ മ്ശിഹായുടെ ആടുകളില്‍ സംസര്‍ഗ്ഗം ഇല്ലാത്തവനോ എന്ന് ഗ്രഹിതം വരാതെയും അവന്‍ അവരോട് പറയുംപ്രകാരം അവനെ വിശ്വസിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്‍റെ തിരുവുള്ളത്താല്‍ നാം മലയാളത്തില്‍ എത്തി മെത്രാന്മാരുടെ കാര്യങ്ങളെ നല്ലവണ്ണം ശോധന ചെയ്തുനോക്കിയാറെ നിഗളവും ദ്രവ്യാഗ്രഹവും അല്ലാതെ അവരില്‍ ഇല്ല. അവര്‍ ഇടവകകളെ തമ്മില്‍ വേര്‍തിരിച്ചിട്ടുമില്ല. ഓരോരോ മെത്രാന്മാര്‍ താന്താന്‍റെ സഖിയുടെ ഇടവകയിലേക്ക് പ്രവേശിച്ച് ജനങ്ങളുടെ ബോധത്തെ കലക്കി ദ്രവ്യം കൈക്കലാക്കുകയും കൈക്കൂലി പ്രമാണിച്ച് പട്ടം കൊടുക്കുകയും ചെയ്യുന്നു. അവന്‍ പോകുമ്പോള്‍ മറ്റൊരുത്തന്‍ കടന്ന് അതില്‍ അധികം ദ്രോഹം ചെയ്യുന്നു. ഇത് മഹാ അദ്ഭുതവും നമ്മുടെ വിശ്വാസത്തിന് പ്രതികൂലവും ആകുന്നു. ഈ നിഷേധമായ നടപ്പ് സിംഹാസനത്തില്‍ ഇല്ല. എന്നാലോ എല്ലാ മെത്രാപ്പോലീത്താമാരും താന്താന്‍റെ ഇടവകഭരണത്തെ നോക്കി തന്‍റെ ഇടവകയിലെ ആത്മീക കാര്യങ്ങളെ നടത്തുന്നു. മറ്റൊരു മെത്രാന്‍ തന്‍റെ സഖിയുടെ ഇടവകയില്‍ കടക്കുകയും പട്ടംകൊടുക്കയും പള്ളികളും തബിലൈത്താകളും കൂദാശ ചെയ്യുകയും ചെയ്യുമാറില്ല. പിന്നെയോ ശുദ്ധമുള്ള ശ്ലീഹന്മാരാലും ശു. മൂന്ന് സുന്നഹദോസുകളാലും നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന കാനോനാ പോലെയും ചട്ടങ്ങള്‍ പോലെയും ഇടവകകളെ തമ്മില്‍ വേര്‍തിരിക്കയും ആരെങ്കിലും തന്‍റെ ഇടവകയില്‍ അല്ലാതെ, തനിക്ക് അതില്‍ പ്രവേശിപ്പാനും പട്ടം കൊടുപ്പാനും അധികാരം ഇല്ലാത്ത തന്‍റെ സഖിയുടെ ഇടവകയിലേക്ക് കടന്ന് പട്ടം കൊടുത്താല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും തള്ളപ്പെട്ടവനും ത്യജിക്കപ്പെട്ടവനും ആയിരിക്കുമെന്ന് കല്പിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ ഇരുവരും സ്ഥാനഭ്രഷ്ടന്മാര്‍ തന്നെ. അവര്‍ നേരും സത്യവും ഉള്ളവരെങ്കില്‍ ഹൂദായ എന്ന പുസ്തകത്തിലും ശ്ലീഹന്മാരുടെയും നിഖ്യായിലെയും കാനോനുകളിലും അവര്‍ നോക്കട്ടെ. ഇത് അറിഞ്ഞുകൂടാ എങ്കില്‍ സര്‍ക്കാര്‍ നടപ്പ് സൂക്ഷിപ്പിന്‍.
നമ്മുടെ പ്രിയ മക്കളേ, നമ്മുടെ സ്ഥലങ്ങളില്‍ 20 ഇടവകകള്‍ ഉണ്ട്. എല്ലാ മെത്രാന്മാരും താന്താന്‍റെ ഇടവകയില്‍ ഇരുന്ന് ഭരിക്കും. അവരുടെ തലവനായ പാത്രിയര്‍ക്കീസിന്‍റെ ശബ്ദത്തെ അവര്‍ കേട്ട് അനുസരിക്കും. അവന്‍റെ കല്പന കൂടാതെ ഒന്നും ചെയ്ക ഇല്ല. എല്ലായ്പ്പോഴും റീശീസാ ശേഖരിച്ച് സിംഹാസനത്തിങ്കലേക്ക് അയക്കുകയും ചെയ്യും. അവരില്‍ ഒരുത്തന്‍ നിഷേധിച്ചും വിശ്വാസ വിപരീതിയും ആയി പാത്രിയര്‍ക്കായുടെ കല്പനയ്ക്ക് മറുത്ത് നിന്നാല്‍ അവനെ ഒരു ലേഖനം കൊണ്ട് നീക്കിക്കളയും. അരെങ്കിലും രാജാക്കന്മാരിലോ നാടുവാഴികളിലോ ന്യായാധിപന്മാരിലോ ജനപ്രമുഖന്മാരിലോ അഭയം പ്രാപിച്ച് പാത്രിയര്‍ക്കായുടെ ബോധത്തെ കലക്കിയാല്‍ പിതാക്കന്മാരാല്‍ കല്പിക്കപ്പെട്ടിരിക്കുന്ന ചട്ടപ്രകാരം അവന്‍ ശപിക്കപ്പെട്ടവനും സ്ഥാനഭ്രഷ്ടനുമായിരിക്കും. അങ്ങനെ ഉള്ള ഒരു ക്രമം മലയാള പള്ളികളില്‍ നാം കണ്ടില്ല. പൂര്‍വ്വ നടപ്പുകളും ചട്ടങ്ങളും അവരില്‍ നിന്ന് പോയ്പ്പോയി. അതിനാലും അന്യ ജാതികളോട് ചേര്‍ന്നതുകൊണ്ട് ഒരു സ്ഥിരവും ഇല്ല. എന്നാല്‍ പൂര്‍വ്വസ്ഥിതി പോലെ അവരെ നാം വിട്ടുകളഞ്ഞാല്‍ ക്ഷണത്തില്‍ അവര്‍ നശിച്ച് പോകയും അവരുടെ വിശ്വാസം ഇല്ലാതാകയും സഭ നാനാവിധമായി വേദവിപരീതത്തില്‍ ഉള്‍പ്പെടുകയും ചെയ്തുപോകുമെന്ന് നമ്മുടെ ബോധത്തില്‍ തോന്നിയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മെത്രാന്മാരെന്നും കത്തങ്ങള്‍ എന്നും നാമം നടിക്കുന്ന ചിലര്‍ ഉണ്ടായി പ്രഭാവപ്പെട്ട് സര്‍ക്കാരില്‍ സങ്കേതം പ്രാപിച്ചിരിക്കുന്നപ്രകാരവും ചിലര്‍ കള്ള മശിഹായിക്ക് ചേരുകയും ചിലര്‍ പുനര്‍ വിവാഹം ചെയ്യുകയും ചിലര്‍ വിധവമാരെ വിവാഹം കഴിക്കുകയും ചിലര്‍ പട്ടമേറ്റതിന്‍റെ ശേഷം വിവാഹം കഴിക്കുകയും ചിലര്‍ ഞങ്ങള്‍ക്ക് മെത്രാന്മാരെക്കൊണ്ട് ആവശ്യമില്ല എന്ന് പറകയും ചിലര്‍ അശേഷം ശങ്ക വിട്ട് പ്രാര്‍ത്ഥന കൂടാതെ ശുദ്ധ കര്‍മ്മം നടത്തുകയും ചിലര്‍ ദൈവകല്പനയ്ക്കും പാത്രിയര്‍ക്കീസിന്‍റെ കല്പനയ്ക്കും വിപരീതമായി നില്ക്കുകയും വേദവിപരീതം അവരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുകയും ചെയ്തിരിക്കുന്നപ്രകാരം തന്നെ നിങ്ങളും ആത്മീകകാര്യങ്ങളെ ലൗകീക വ്യാപാരമാക്കിത്തീര്‍ത്തു. ഇത് എല്ലാവര്‍ക്കും പരബോധമുള്ള കാര്യമാകുന്നു. ഇത് നിമിത്തമായിട്ട് നമ്മുടെ ജനങ്ങളുടെ പള്ളികളെ ഏഴ് ഇടവകകളായിട്ട് നാം തിരിച്ചു. നമ്മുടെ കര്‍ത്താവ് പന്ത്രണ്ട് ശ്ലീഹന്മാരെ നാല് ഭാഗത്തും പറഞ്ഞയച്ചു, കൊയ്ത്ത് വളരെയും വേലക്കാര്‍ ചുരുക്കവും ആകുന്നു. തന്‍റെ കൊയ്ത്തിന് വേലക്കാരെ അയപ്പാന്‍ കൊയ്ത്തിന്‍റെ ഉടമസ്ഥനോട് അപേക്ഷിപ്പിന്‍ എന്ന് അവരോട് അരുളിച്ചെയ്തിരിക്കുന്നപ്രകാരം പന്ത്രണ്ട് ആയിരിക്കേണ്ടതായിരുന്നു. എന്നാല്‍ നമ്മുടെ ബലഹീനത കൊയ്ത്തിന്‍റെ ഉടമസ്ഥങ്കലേക്ക് ആശ്രയിച്ച് ഏഴ് ഇടവകകള്‍ ആയിട്ട് വിഭാഗിപ്പാന്‍ താന്‍ നമ്മുടെ ബോധത്തെ ഉണര്‍ത്തുകയും ചെയ്തു.
ഒന്നാമത്തെ ഇടവക കൊല്ലത്ത് മാര്‍ത്തോമ്മാശ്ലീഹായുടെ പള്ളിയും അതിന് ചുറ്റുമുള്ള പള്ളികളും, രണ്ടാമത്തെ ഇടവക തുമ്പോന്‍ ദൈവമാതാവിന്‍റെ പള്ളിയും അതിന് ചുറ്റുമുള്ള പള്ളികളും, മൂന്നാമത്തെ ഇടവക നിരണത്ത് ദൈവമാതാവിന്‍റെ പള്ളിയും അതിന് ചുറ്റുമുള്ള പള്ളികളും, നാലാമത്തെ ഇടവക കോട്ടയത്ത് ദൈവമാതാവിന്‍റെ പള്ളിയും അതിന് ചുറ്റുമുള്ള പള്ളികളും, അഞ്ചാമത്തെ ഇടവക കൊച്ചികോട്ടയില്‍ മാര്‍ പത്രോസ് ശ്ലീഹായുടെ പള്ളിയും അതിന് ചുറ്റുമുള്ള പള്ളികളും, ആറാമത്തെ ഇടവക കണ്ടനാട് ദൈവമാതാവിന്‍റെ പള്ളിയും അതിന് ചുറ്റുമുള്ള പള്ളികളും, ഏഴാമത്തെ ഇടവക അങ്കമാലി ദൈവമാതാവിന്‍റെ പള്ളിയും അതിന് ചുറ്റുമുള്ള പള്ളികളും ആകുന്നു.
എന്നാല്‍ നാം ഈ വിഭാഗത്തെ ദൈവമുഖേന വച്ച് വിഭജിച്ച് പുനരുത്ഥാന നാള്‍ വരെയും നില്‍ക്കത്തക്കതായി റൂളുകളും ചട്ടങ്ങളും നാം നിയമിക്കുകയും ചെയ്തിരിക്കുന്നു. മ്ശിഹായുടെ സഭയില്‍ ഈ വിഭാഗത്തെ വ്യത്യാസപ്പെടുത്തുവാന്‍ ഒരുത്തനും ദൈവത്തില്‍ നിന്ന് അധികാരം ഇല്ല. ഒരു മെത്രാന്‍ തന്‍റെ ഇടവക വിട്ട് മറ്റൊരു ഇടവകയില്‍ കടന്ന് മശിഹായുടെ സഭയില്‍ ഭിന്നിതം ഉണ്ടാക്കുന്നതിനും പിതാക്കന്മാരുടെ കാനോനാകളെ ലംഘിക്കുന്നതിനും അധികാരം ഇല്ല. അപ്രകാരമുള്ളവന്‍ പ്രതികൂലക്കാരനും ദൈവതിരുവചനത്താല്‍ സ്ഥാനഭ്രഷ്ടനും ആയിരിക്കുന്നു. നാം ഇവിടെ എല്ലാം ക്രമപ്പെടുത്തിയതിന്‍റെ ശേഷം നാം നിങ്ങളുടെ ഇടവകയെ ദര്‍ശിച്ച് നോക്കുന്നതിന്നായി ജ്ഞാനിയും കൊള്ളാകുന്നവനും ദൈവാത്മാവുള്ളവനും പ്രസംഗിയും സ്തുതിചൊവ്വാകപ്പെട്ട വിശ്വാസത്തെക്കുറിച്ച് ഉപദേശിക്കുന്നവനും ആയ ഒരുത്തനെ നിങ്ങള്‍ക്ക് മെത്രാനായി പട്ടം കെട്ടണമെന്ന് നമുക്ക് ഒരു ദൈവികചിന്ത ഉണ്ടായി. എന്നാല്‍ നല്ലതും പൂര്‍ണ്ണമുള്ളതുമായ നല്‍വരമൊക്കെയും വെളിച്ചങ്ങളുടെ പിതാവിന്‍റെ അടുക്കല്‍ നിന്നും മേലില്‍ നിന്നും ഇറങ്ങി വരുന്നു. മനസാകുന്നവന്‍റെ കൈകളിലും ഓടുന്നവന്‍റെ കൈകളിലും അല്ലാ പിന്നെയോ അനുഗ്രഹം ചെയ്യുന്നവനും ഉടയവരുടെ ഉടയവനും സര്‍വ്വവല്ലഭനും ആയ ദൈവത്തിന്‍റെ തൃക്കൈകളില്‍ നിന്നത്രേ ആകുന്നു.
സഭയെ അഭിവൃദ്ധിപ്പെടുത്തുവാന്‍ ശുദ്ധമുള്ള പള്ളികളുടെ ഇടവകയുടെ സിംഹാസനത്തിന്‍റെ ബഹുമാനത്തിന് യോഗ്യമാകുന്നതു പോലെയും ന്യായമാകുന്നതു പോലെയും നമ്മുടെ ആത്മീയപുത്രനായ കണ്ടനാട് പള്ളിയുടെ ശെമഓന്‍ റമ്പാനില്‍ ദൈവാത്മാവുണ്ടെന്നും അവന്‍ മല്പാനും ആത്മീകകാര്യങ്ങളില്‍ തിരിച്ചറിവുള്ളവനാണെന്നും ഞാന്‍ കണ്ടു. ദൈവത്വത്തില്‍ നിന്നുള്ളവരായ ദൈവപ്രകാശമുള്ളവരില്‍ നിന്ന് ദൈവപ്രകാശം ഉള്ളവനും എല്ലാവരേയും ദൈവപ്രകാശമാക്കുന്നവനും ദൈവപ്രകാശമാക്കപ്പെടുന്നവനും ദൈവപ്രകാശമാക്കപ്പെട്ടവനും ദൈവത്വമുള്ളവനും ദൈവത്വമാക്കുന്നവനും പട്ടംകെട്ടപ്പെട്ടവനും പട്ടം കെട്ടപ്പെടുന്നവനും പട്ടം കൈക്കൊള്ളപ്പെട്ടവനും പട്ടം കെട്ടിച്ചവനും പട്ടം കൈക്കൊണ്ടവനും പട്ടം കെട്ടുന്നവനും എന്ന് അരൂപിയുടെ കണ്ണുകൊണ്ട് നാം കണ്ടു. അവനെ തെരഞ്ഞെടുത്തു ഇടവ മാസം 5-ാം തീയതി നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണപ്പെരുന്നാള്‍ ആയ വ്യാഴാഴ്ച ദിവസത്തില്‍ അവനെ നാം മെത്രാപ്പോലീത്താ ആയി പട്ടം കെട്ടി. ദീവന്നാസ്യോസ് എന്ന് അവന്‍റെ നാമവും വിളിക്കപ്പെട്ടു. പട്ടസ്ഥാനത്തിന്‍റെയും പട്ടത്വത്തിന്‍റെ കൈവെപ്പിന്‍റെയും സമയത്ത് ദൈവാത്മാവ് നമ്മുടെ ദൈവികപുത്രന്‍റെ മേല്‍ പരഹസ്യമായിട്ട് വസിച്ചു. നാമും സകല പട്ടക്കാരും ജനങ്ങളും അട്ടഹസിച്ചു. അക്ക്സിയോസ് – അക്ക്സിയോസ് – അക്ക്സിയോസ് ശെമഓന്‍ മെത്രാപ്പോലീത്താ ആകുന്ന മാര്‍ ദീവന്നാസ്യോസ് ബാവാ മലയാളത്തില്‍ ഉള്ള ശുദ്ധമുള്ള പള്ളികളുടെ ഇടവകയ്ക്ക് ഇടയനും പ്രധാനാചാര്യനും ആത്മീയ പിതാവും ആയിരിപ്പാന്‍ യോഗ്യനും കൊള്ളാകുന്നവനും ആകുന്നു എന്ന് പറഞ്ഞു. വീണ്ടും വാഴ്ത്തപ്പെട്ട പള്ളികളുടെ ഇടവകയ്ക്ക് മെത്രാപ്പോലീത്തായും സത്യമുള്ള ഇടയനുമായി അവനെ നാം നിയമിച്ചാക്കിയിരിക്കുന്നു.
ദൈവത്തിന്‍റെ പിതൃത്വത്തിന്‍റെ കല്പനകളുടെ അനുസരണത്തില്‍ നിങ്ങളെ അവന്‍ ഉണര്‍ത്തുമാറാകട്ടെ. അവന്‍ പ്രസംഗിച്ച് നിങ്ങളെ പഠിപ്പിക്കുകയും പ്രീതിയും ഐകമത്യവും നിങ്ങളുടെ ഇടയില്‍ വിതക്കുകയും ചൊവ്വാകപ്പെട്ട ഊടുവഴികളില്‍ തടവു കൂടാതെ നിങ്ങളുടെ നടപ്പുകളെ ദൈവം ചൊവ്വാക്കുവാനായിട്ട് നിങ്ങള്‍ക്കു വേണ്ടി ദൈവത്തോട് എല്ലാ സമയത്തിലും അവന്‍ അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചുകൊള്ളുകയും ചെയ്യുമാറാകട്ടെ.
എന്തെന്നാല്‍ ഇടയന്‍ പിതാവിനെപ്പോലെ ആകുന്നു. എല്ലാ സമയത്തിലും അവന്‍റെ മക്കളുടെ നന്മകളില്‍ അവന്‍ മനസ്സാകുന്നു. അവര്‍ക്ക് ഖേദം ഉണ്ടാകുവാന്‍ അവന് ഒരു പ്രകാരവും മനസ്സുണ്ടാകുന്നതല്ല. അല്ലെങ്കില്‍ പുത്രന്‍ പിതാവില്‍ നിന്ന് അപ്പം കിട്ടുവാന്‍ യാചിക്കുമെങ്കില്‍ കല്ല് കൊടുക്കുന്നുണ്ടോ? മുട്ട അപേക്ഷിച്ചാല്‍ തേളിനെ കൊടുക്കുന്നുണ്ടോ. മത്സ്യത്തെ ചോദിച്ചാല്‍ സര്‍പ്പത്തെ കൊടുക്കുന്നുണ്ടോ? എന്ന് ശുദ്ധമുള്ള ഏവന്‍ഗേലിയോനില്‍ പറഞ്ഞിരിക്കുന്നതിനെ നിങ്ങള്‍ കേട്ടിട്ടില്ലയോ. ആത്മീകപിതാവ് ഇപ്രകാരം ആകുന്നു. അവന്‍റെ മക്കള്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ പുത്രന്മാരാകുവാനും അവനും അവരും ഒന്നിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ സന്തോഷിപ്പാനുമായി എല്ലാ സമയത്തിലും അപേക്ഷിക്കുന്നു. ഇതു നിമിത്തം നമ്മുടെ ആത്മീകപുത്രന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായില്‍ ദൈവാത്മാവുണ്ടെന്നും മല്പാനാകുന്നു എന്നും ആത്മീയ കാര്യങ്ങളില്‍ തിരിച്ചറിവുള്ളവന്‍ ആകുന്നു എന്നും റൂഹായുടെ കണ്ണുകൊണ്ട് അവനെ നാം കണ്ടു. മേലെഴുതിയിരിക്കുന്നതുപോലെ ശുദ്ധമുള്ള നിങ്ങളുടെ ഇടവകയ്ക്ക് സത്യമുള്ള ഇടയനായി അവനെ നാം നിയമിച്ചാക്കി.
കെട്ടുവാനും അഴിപ്പാനും ന്യായങ്ങളെ വിധിപ്പാനും ആത്മീക ചട്ടങ്ങളെയും കാനോനാകളെയും നിയമിപ്പാനും മദ്ബഹാകളെയും തബിലെത്താകളെയും ശുദ്ധീകരിപ്പാനും നിര്‍ദ്ദാക്ഷിണ്യത്തോടും പട്ടംകൊടയ്ക്കും പട്ടത്വത്തിന്‍റെ കൈവെപ്പിനും കൈക്കൂലി വാങ്ങാതെയും കശ്ശീശന്മാരെയും ശെമ്മാശന്മാരെയും റമ്പാന്മാരെയും കോറെപ്പിസ്കോപ്പന്മാരെയും പട്ടം കൊടുപ്പാന്‍ ശുദ്ധമുള്ള റൂഹായില്‍ നിന്ന് അവന് നാം അധികാരം കൊടുത്തു.
എന്നാല്‍ ധൃതിയില്‍ പട്ടം കൊടുക്കുകയും വിവാഹം ചെയ്യാത്തവനെ അത്മേനികളെ ഭരിപ്പാന്‍ കത്തനാരായി പട്ടം കൊടുക്കുകയും അരുത്. കാനോനാകളില്‍ കല്പിച്ചിരിക്കുന്നപ്രകാരം മുപ്പത് വയസ്സില്‍ കുറവുള്ളവനെയും കത്തനാരായി പട്ടം കൊടുക്കരുത്.
പിന്നെയും പള്ളികളിന്മേലും അവയ്ക്കുള്ള നിലംപുരയിടങ്ങളിന്മേലും പള്ളിവരവുകള്‍ മേലും ദശാംശങ്ങള്‍ മേലും പള്ളികള്‍ക്കുള്ള സകലത്തിന്മേലും നാം അവന് അധികാരം കൊടുത്തു. അവന്‍റെ കല്പനയാല്‍ അവ ശേഖരിക്കുകയും ചെലവ് ചെയ്യുകയും വേണം. നിലംപുരയിടങ്ങളില്‍ നിന്നും മറ്റും വരുന്ന വരവുകളും വഴിപാടുകളും ദശാംശങ്ങളും എടുത്ത് പള്ളികളുടെ ഭണ്ഡാരത്തില്‍ ശേഖരിപ്പാന്‍ പള്ളികള്‍ക്ക് നേരുള്ള കൈക്കാരന്മാരെയും അവന്‍ നിയമിക്കണം. ആണ്ടറുതിയില്‍ അവര്‍ കണക്ക് കേള്‍പ്പിക്കയും വേണം. ക്രമമല്ലാതെയും കൈസ്ഥാനക്കണക്ക് കേള്‍പ്പിക്കാതെയും പ്രതികൂലമായിരിക്കുന്നവനെ നീക്കം ചെയ്യുന്നതിനും അവന് അധികാരം ഉണ്ട്. അവന്‍ ആരെയെങ്കിലും കൈക്കൊണ്ടാല്‍ അവര്‍ കൈക്കൊള്ളപ്പെട്ടവനും ആരെ എങ്കിലും ശപിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനും ആകുന്നു. കോറി ആകട്ടെ കശ്ശീശാ ആകട്ടെ ശെമ്മാശനാകട്ടെ കൈക്കാരന്‍ ആകട്ടെ പ്രമാണി ആകട്ടെ അത്മേനി ആകട്ടെ പുരുഷന്മാര്‍ ആകട്ടെ സ്ത്രീകള്‍ ആകട്ടെ യൗവ്വനക്കാര്‍ ആകട്ടെ പൈതങ്ങള്‍ ആകട്ടെ കന്യാവ്രതക്കാര്‍ ആകട്ടെ വിവാഹം ചെയ്തവര്‍ ആകട്ടെ ആരായാലും അപ്രകാരം ആയിരിക്കും.
എന്തുകൊണ്ടെന്നാല്‍ നമ്മുടെ നാവിനെ അവന്‍റെ വായില്‍ നാം വച്ചിരിക്കുന്നു. വിശുദ്ധാത്മാവിനാല്‍ അവനെ ഭരമേല്പിച്ചിട്ടുള്ള ഇടവകയില്‍ അല്ലാതെ ഈ കാര്യങ്ങളില്‍ ഒന്നും നടത്തുവാന്‍ ദൈവത്താല്‍ അവന് അധികാരം ഇല്ല. അവന്‍ നിഷേധം കാണിച്ച് പിതാക്കന്മാരുടെ കാനോനുകളെയും സത്യവിശ്വാസത്തെയും ലംഘിച്ചാല്‍ അവന്‍റെ പട്ടാഭിഷേക സമയത്ത് എഴുതിവച്ചിരിക്കുന്ന സ്വന്തം സമ്മതപത്രത്തിന്‍പ്രകാരം അവന്‍ ഭ്രഷ്ടനാക്കപ്പെട്ടവനും ശപിക്കപ്പെട്ടവനും ആയിത്തീരുന്നതു കൂടാതെ ലൗകികമുറയ്ക്ക് അവന്‍ എഴുതിവച്ചിരിക്കുന്ന റജിസ്റ്റര്‍ പ്രമാണപ്രകാരം അവനെ വിസ്തരിച്ച് സ്ഥാനഭ്രഷ്ടനാക്കിക്കളകയും ചെയ്യും. എന്നാലോ അവന്‍റെ വാഗ്ദത്തത്തെ വ്യത്യാസപ്പെടുത്തുകയില്ലെന്ന് നമുക്ക് ദൈവത്തില്‍ ആശയുണ്ട്. പിന്നെയും ശുദ്ധമുള്ള മൂന്ന് സുന്നഹദോസുകളുടെ കാനോനാപ്രകാരം പള്ളിക്കടുത്ത എല്ലാ അവകാശങ്ങളെയും നിങ്ങളില്‍ നിന്ന് വാങ്ങുവാനും എടുപ്പാനും നാം അവന് അനുവാദം കൊടുത്തിട്ടുമുണ്ട്. അതായത് വഴിപാടുകള്‍, ദശാംശങ്ങള്‍, ജ്ഞാനസ്നാനം, കുര്‍ബ്ബാന, വിവാഹനിശ്ചയം, ശവസംസ്കാരം, ഭവനങ്ങളെ സഞ്ചരിച്ച് അനുഗ്രഹിക്കുക ഇവകളില്‍ നിന്നുള്ളതാകുന്നു.
അവന്‍റെ കല്പന കൂടാതെ വിവാഹം നിശ്ചയിപ്പാനും കഴിപ്പാനും പട്ടക്കാര്‍ക്ക് അധികാരം ഇല്ല. അങ്ങനെ കഴിക്കുന്നത് സ്ഥിരമുള്ളതല്ല.
നിങ്ങളുടെ പൈതങ്ങളുടെ പഠിത്തത്തെക്കുറിച്ച് അവന്‍ താല്പര്യപ്പെട്ട് പഠിപ്പിക്കുന്നതിനും ആത്മകാര്യങ്ങളെ ഉപദേശിച്ച് പ്രസംഗിക്കുന്നതിനും നാം അവനോട് കല്പിച്ചിട്ടുമുണ്ട്. അവന്‍ പാത്രിയര്‍ക്കായുടെ കല്പനയ്ക്ക് അനുസരണമുള്ളവനായിരിക്കണമെന്നും പള്ളികള്‍ സംബന്ധിച്ച ഭാരവും ചുമതലയും (ഉള്ളവനായിരിക്കണമെന്നും) പാത്രിയര്‍ക്കീസിനുള്ള റീശീസാ നമ്മുടെ പള്ളിയുടെ കാനോനാകള്‍ പോലെയും ചട്ടങ്ങള്‍ പോലെയും ആണ്ടുതോറും ശേഖരിക്കണമെന്നും ജനമൊക്കെയും പാത്രിയര്‍ക്കീസിന് വഴിപാട് ഇടുവാനായി പാത്രിയര്‍ക്കീസിന്‍റെ സിംഹാസനത്തിന്‍റെ ഓര്‍മ്മയ്ക്ക് എല്ലാ പള്ളികള്‍ക്കും ഓരോ പെട്ടി വെക്കണമെന്നും അതിന് പ്രത്യേകമായി ഒരു കൈക്കാരനെ നിയമിക്കണമെന്നും അതില്‍ ഉണ്ടാകുന്ന സകലവും വാങ്ങി ആണ്ടറുതിയില്‍ റീശീസാകളോടു കൂടി സിംഹാസനത്തിങ്കലേക്ക് അയക്കണമെന്നും അവനോട് നാം കല്പിച്ചിട്ടുമുണ്ട്. ഇവ നിങ്ങള്‍ക്കും നിങ്ങളുടെ മരിക്കപ്പെട്ടവര്‍ക്കും ഓര്‍മ്മകളായി ഇരിക്കട്ടെ.
എന്നാല്‍ നമ്മുടെ ആത്മീയ പുത്രനും നിങ്ങളുടെ ആത്മീക പിതാവുമായ അസിയോ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ നിങ്ങളുടെ ഓരോ പള്ളികളിലും വീടുകളിലും എത്തുമ്പോള്‍ സന്തോഷത്തോടും തൃപ്തിയോടും നിങ്ങളുടെ കൈകളില്‍ പുകഴ്ചകളുടെ കുരുത്തോലകള്‍ പിടിച്ചുംകൊണ്ട് നിങ്ങള്‍ അവന്‍റെ എതിരേല്പിന് പുറപ്പെട്ട് അവനെ കൈക്കൊള്ളുവാന്‍ നിങ്ങള്‍ക്ക് ന്യായമാകുന്നു. എന്നാല്‍ അവന്‍ നമ്മുടെ ബലഹീനതയുടെ നടുതല ആകുന്നു. റൂഹായ്ക്കടുത്തതായ അവന്‍റെ കല്പനകളെ നിങ്ങള്‍ കേള്‍ക്കണം. അവനെ കൈക്കൊള്ളുന്നവന്‍ നമ്മെ കൈക്കൊള്ളുന്നു. അവനെ ദ്രോഹിക്കുന്നവന്‍ നമ്മെ ദ്രോഹിക്കുന്നു. അവനെ ദ്വേഷിക്കുന്നവന്‍ നമ്മെ ദ്വേഷിക്കുന്നു. നമ്മെ ദ്വേഷിക്കുന്നവന്‍ നമ്മുടെ സ്തോത്രത്തിന്‍റെ തലവനായ നമ്മുടെ കര്‍ത്താവീശോ മശിഹായെ ദ്വേഷിക്കുന്നു. ഇത് നിങ്ങള്‍ക്ക് സംഭവിക്കാതിരിക്കട്ടെ. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ബാവാമാരുടെ കല്പനകളെ കേള്‍ക്കുന്നവരും അനുസരിക്കുന്നവരും ആകുന്നു എന്നും സ്തുതിചൊവ്വാകപ്പെട്ട വിശ്വാസത്തില്‍ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറുന്നവര്‍ അല്ലെന്നും നാം കേട്ടിരിക്കുന്നു. ഇനിയും വ്യാജം സംസാരികളായ അസൂയക്കാരുടെ വാക്കുകളെ നിങ്ങള്‍ കേള്‍ക്കരുത്. പിതാവ് തന്‍റെ പുത്രന്മാരെ സ്നേഹിക്കുന്നു എന്നും അവര്‍ക്ക് ഖേദം ഉണ്ടാകുവാന്‍ വിചാരിക്കുന്നതല്ലെന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍ നിങ്ങള്‍ നമ്മുടെ ആത്മീക മക്കളും നമ്മുടെ നയനം പോലെ ഉള്ളവരും ആകുന്നു. പക്ഷേ … തന്‍റെ നയനത്തിന് രോഗം ഭവിക്കട്ടെ എന്ന് വിചാരിക്കുമോ. ഊര്‍ശ്ലേമേ ഞാന്‍ നിന്നെ മറന്നാല്‍ എന്‍റെ വലത്തുകൈ എന്നെ മറക്കട്ടെ. എന്‍റെ നാവ് എന്‍റെ മേലണ്ണാക്കിന് ചേരട്ടെ എന്ന് നിബിയാ പറഞ്ഞിരിക്കുന്ന വിവരം നിങ്ങള്‍ കേട്ടിട്ടില്ലയോ. നിങ്ങളുടെ ജ്ഞാനത്തിന് ഇത് മതി.
ഇനി സര്‍വ്വശക്തനായ കരുണയുള്ള ദൈവം ദയയുള്ള തൃക്കണ്ണു കൊണ്ട് നിങ്ങളെ ദര്‍ശിച്ച് നിങ്ങളോടും നിങ്ങളുടെ പുത്രന്മാരോടും ദയ ചെയ്തു നിങ്ങളുടെ പ്രാര്‍ത്ഥനകളും യാചനകളും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കുര്‍ബാനകളും വഴിപാടുകളും ദശാംശങ്ങളും റീശീസാകളും അംഗീകരിച്ച് കുറ്റങ്ങളുടെ മോചനവും പാപപരിഹാരവും നിങ്ങള്‍ക്കു നല്‍കുന്നതിനും നിങ്ങളുടെ വലതുകൈച്ചട്ട പിടിച്ച് നിങ്ങളുടെ ആത്മരക്ഷയ്ക്കായി നിങ്ങളെ താങ്ങി സഹായിക്കുന്നതിന്നും ആയിട്ട് തന്‍റെ കരുണയോട് നാം യാചിച്ചുകൊണ്ട് അപേക്ഷിച്ച് പ്രാര്‍ത്ഥിക്കുന്നു.
താന്‍ നിങ്ങളുടെ ഹൃദയങ്ങളിലും നിങ്ങളുടെ ഇടയിലും ദൈവികസ്നേഹം വിതക്കുകയും നിങ്ങളുടെ വൈരിയുടെ ശക്തിയെ ക്ഷീണിപ്പിക്കുകയും നിങ്ങളുടെ മുമ്പാകെ തന്‍റെ അനുഗ്രഹമുള്ള വാതിലിനെ തുറന്ന് തന്‍റെ കൃപകളും വാഴ്വുകളും ചൊരിഞ്ഞ് നിങ്ങളെയും നിങ്ങളുടെ ഭവനങ്ങളെയും നിങ്ങളുടെ മക്കളെയും നിങ്ങളുടെ കൈവേലകളെയും നിലങ്ങളെയും കൃഷികളെയും വിളവുകളെയും തോട്ടങ്ങളെയും പുരയിടങ്ങളെയും നിങ്ങളുടെ സകല സമ്പാദ്യങ്ങളെയും വാഴ്ത്തുമാറാകട്ടെ.
അനുകൂലമുള്ള ആയുസ്സുകളെയും സന്തോഷമുള്ള മാസങ്ങളെയും ഏകാന്തമുള്ള സംവത്സരങ്ങളെയും നിങ്ങള്‍ക്ക് നല്‍കി സകല ശിക്ഷകളെയും ക്രോധത്തിന്‍റെ വടികളെയും നിങ്ങളില്‍ നിന്ന് വിരോധിച്ച് നീക്കുമാറാകട്ടെ. സത്യമുള്ള തന്‍റെ വാഗ്ദത്തപ്രകാരം നിങ്ങളുടെ ആയുസ്സുള്ള നാള്‍ ഒക്കെയും നിങ്ങളോടു കൂടിയും നിങ്ങളുടെ ഇടയിലും താന്‍ ഉണ്ടായിരുന്ന് തന്‍റെ ഉന്നത ഭുജത്താല്‍ നിങ്ങളുടെ വൃദ്ധന്മാരെ താങ്ങുകയും യൗവ്വനക്കാരെ കാത്തുകൊള്ളുകയും പൈതങ്ങളെ വളര്‍ത്തുകയും സ്ത്രീകളെ കരുണയുടെ മറ കൊണ്ട് മറയ്ക്കുകയും നിങ്ങളുടെ മരിച്ചു പോയവരുടെ ആത്മാക്കളെ അനുകൂലമാക്കി നമ്മുടെ കര്‍ത്താവിനെ സ്നേഹിച്ച് തന്‍റെ കല്പനകളെ ആചരിച്ചിട്ടുള്ള സകല നീതിമാന്മാരോടും പുണ്യവാന്മാരോടും കൂടെ നമ്മുടെ പിതാക്കന്മാരായ അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും മടിയില്‍ അവരെ ഇരുത്തുകയും ചെയ്യുമാറാകട്ടെ.
എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, അകത്തു വന്ന് ലോകാരംഭത്തിന് മുമ്പേ നിങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗരാജ്യം അവകാശമായി അനുഭവിപ്പിന്‍ എന്ന് വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യുന്ന സന്തോഷപ്രദമായ ശബ്ദം നിങ്ങളെ കേള്‍പ്പിക്കുകയും ചെയ്യുമാറാകട്ടെ. അത് ദൈവമാതാവായ മറിയാമിന്‍റെയും എല്ലാ വിശുദ്ധന്മാരുടെയും പരിശുദ്ധ സ്ത്രീകളുടെയും ഇന്ത്യയുടെ കാവല്‍ക്കാരനും പ്രസംഗക്കാരനുമായ ശു. മാര്‍ത്തോമ്മാ ശ്ലീഹായുടെയും പ്രാര്‍ത്ഥനകളാല്‍ത്തന്നേ.
എന്നാല്‍ പിതാവായ ദൈവത്തിന്‍റെ സ്നേഹവും ഏകപുത്രന്‍റെ കൃപയും ശുദ്ധമുള്ള റൂഹായുടെ സംബന്ധവും സഹവാസവും നിങ്ങള്‍ എല്ലാവരോടും കൂടെ എന്നേക്കും ഉണ്ടായിരിക്കട്ടെ. ആമ്മീന്‍.
ആകാശത്തിലുള്ള ഞങ്ങളുടെ പിതാവേ… ഇത്യാദി…
എന്ന് 1877 ഇടവ മാസം 7.
(ചെറിയ മുദ്ര) (ചെറിയ മുദ്ര) (ചെറിയ മുദ്ര)
പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ ആകുന്ന നാം നമ്മുടെ സഹോദരന്‍ ശെമഓന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പട്ടാഭിഷേക സമയം ഉണ്ടായിരുന്നു. സകല പിതാക്കന്മാരോടുകൂടെ മൂന്ന് പ്രാവശ്യം പൊങ്ങപ്പെട്ട ഞങ്ങളുടെ പിതാവാകുന്ന മാര്‍ ദീവന്നാസ്യോസ് ഓക്സിയോസ്, ഓക്സിയോസ്, ഓക്സിയോസ് എന്ന് നാമും അട്ടഹസിച്ചു. (ഒപ്പ്)
ഗീവറുഗ്ഗീസെന്ന യൂലിയോസ് മെത്രാപ്പോലീത്താ ആകുന്ന നാം നമ്മുടെ സഹോദരന്‍ ശെമഓന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പട്ടാഭിഷേക സമയം ഉണ്ടായിരുന്നു. സകല പിതാക്കന്മാരോടു കൂടെ മൂന്ന് പ്രാവശ്യം പൊങ്ങപ്പെട്ട ഞങ്ങളുടെ പിതാവാകുന്ന മാര്‍ ദീവന്നാസ്യോസ് ഓക്സിയോസ്, ഓക്സിയോസ്, ഓക്സിയോസ് എന്ന് നാമും അട്ടഹസിച്ചു. (ഒപ്പ്)
ഗീവറുഗ്ഗീസ് എന്ന ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ആകുന്ന നാം നമ്മുടെ സഹോദരന്‍ ശെമഓന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പട്ടാഭിഷേക സമയം ഉണ്ടായിരുന്നു. സകല പിതാക്കന്മാരോടു കൂടെ മൂന്ന് പ്രാവശ്യം പൊങ്ങപ്പെട്ട ഞങ്ങളുടെ പിതാവാകുന്ന മാര്‍ ദീവന്നാസ്യോസ് ഓക്സിയോസ്, ഓക്സിയോസ്, ഓക്സിയോസ് എന്ന് നാമും അട്ടഹസിച്ചു. (മുദ്ര)
ഗീവറുഗ്ഗീസ് എന്ന കൂറിലോസ് മെത്രാപ്പോലീത്താ ആകുന്ന നാം നമ്മുടെ സഹോദരന്‍ ശെമഓന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പട്ടാഭിഷേക സമയം ഉണ്ടായിരുന്നു. സകല പിതാക്കന്മാരോടു കൂടെ മൂന്ന് പ്രാവശ്യം ഞങ്ങളുടെ പിതാവാകുന്ന മാര്‍ ദീവന്നാസ്യോസ് ഓക്സിയോസ്, ഓക്സിയോസ്, ഓക്സിയോസ് എന്ന് നാമും അട്ടഹസിച്ചു. (മുദ്ര)
പൗലോസ് എന്ന ഈവാനിയോസ് മെത്രാപ്പോലീത്താ ആകുന്ന നാമും നമ്മുടെ സഹോദരന്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും മേല്പട്ടത്തിന്‍റെ പദവി ആകുന്ന മെത്രാപ്പോലീത്താ സ്ഥാനത്തെ ഒരു ദിവസത്തില്‍ ഞങ്ങള്‍ ഒരുമിച്ചു കൈക്കൊണ്ടു. സ്ഥാത്തിക്കോന്‍ എന്ന ഈ കല്പന നമ്മുടെ കൈ എഴുത്താലെ എഴുതി തികച്ചിരിക്കുന്നു. (മുദ്ര)
(ശെമവൂന്‍ മാര്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും; കണ്ടനാട് ഗ്രന്ഥവരി, ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്, എഡിറ്റര്‍: ഫാ. ഡോ. ജോസഫ് ചീരന്‍, കുന്നംകുളം, 2008, പേജ് 444-455)