വിശുദ്ധിയുടെ പരിമളം പ്രസരിപ്പിച്ച മഹാത്മാവ് | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ്സ് ആശ്രമം)

മലങ്കര സഭയെ ഇരുപതാം നൂറ്റാണ്ടിലേക്ക് ഉപനയിക്കുവാന്‍ ദൈവത്താല്‍ ഉദരത്തില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട് പരിശുദ്ധാത്മാവിനാല്‍ വളര്‍ത്തപ്പെട്ട നമ്മുടെ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിത വിശുദ്ധി, തപോനിഷ്ട, ആദ്ധ്യാത്മജ്ഞാനം എന്നിവകളെക്കുറിച്ച് ആരുടെയും സാക്ഷ്യം നമുക്ക് ആവശ്യമില്ല. മാത്രവുമല്ല അത്തരമൊരു സാക്ഷ്യത്തിന് ബലഹീനനായ ഞാന്‍ ഒരിക്കലും യോഗ്യനും അല്ല. മലങ്കരസഭയില്‍ വിശുദ്ധിയുടെ പരിമളം കൊണ്ട് സൂര്യശോഭ പ്രസരിപ്പിച്ച മഹാത്മാവാണ് പരിശുദ്ധ പരുമല കൊച്ചുതിരുമേനി അഥവാ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത.

പരിശുദ്ധ പരുമല തിരുമേനിയുടെ ജീവിതം പരിശോധിച്ചാല്‍ വെളിവാക്കപ്പെടുന്ന സംഗതി എന്ന് പറയുന്നത് ദൈവനിയോഗത്തിന്‍റെയും വിശുദ്ധ ജീവിതത്തിന്‍റെയും ഈഴപിരിയാത്തതും ഇതിഹാസ തുല്യവുമായ ചരിത്രമാണ്. ഒമ്പതാം വയസ്സില്‍ കരിങ്ങാച്ചിറ പള്ളിയില്‍ നിന്നും ആരംഭിച്ച ആ യുഗപുരുഷന്‍റെ ഭൗതിക ജീവിതത്തിന്‍റെ തിരശ്ശീല വീണ 1902 നവംബര്‍ 2 വരെയുള്ള ഓരോ ജീവിതാനുഭവങ്ങളും ആ ചരിത്രത്തിന്‍റെ നേര്‍ സാക്ഷ്യങ്ങള്‍ ആയിരുന്നു എന്ന് നിസ്സംശയം പറയാം. മലങ്കരസഭയില്‍ ഇപ്രകാരം അടയാളപ്പെടുത്തുവാന്‍ മറ്റൊരു പരിശുദ്ധന്‍ ഇതുവരെ ജന്മം കൊണ്ടിട്ടില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി.

വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൊച്ചു ശെമ്മാശന്‍ ഏതാനും വര്‍ഷം പഠനത്തിലും പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ചു . അവിവാഹിത ജീവിതമാണ് തന്‍റെ വഴി എന്ന് തീരുമാനിക്കുവാന്‍ അദ്ദേഹത്തിന് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. യൂയാക്കീം മാര്‍ കൂറീലോസില്‍ നിന്നും പൂര്‍ണ്ണ ശെമ്മാശ പട്ടവും , കശീശ പട്ടവും കോര്‍-എപ്പിസ്കോപ്പാ സ്ഥാനവും സ്വീകരിച്ച അദ്ദേഹം മുളന്തുരുത്തി ഇടവകയില്‍ വൈദിക സേവനം ആരംഭിച്ചു.

പുലിക്കോട്ടില്‍ ജോസഫ് ദിവന്നാസിയോസ് രണ്ടാമന്‍ വെട്ടിക്കലില്‍ ഉണ്ടായിരുന്ന കുരിശുപള്ളി ഒരു ദയറാ ആയി വികസിപ്പിക്കുകയും ദയറായുടെ അധിപനായി ചാത്തുരുത്തിയില്‍ കോറപ്പിസ്കോപ്പാ യെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു .അനിതരസാധാരണമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്.

വെട്ടിക്കല്‍ കുരിശു പള്ളിയിലേക്ക് താമസം മാറ്റിയ ചാത്തുരുത്തില്‍ റമ്പാന്‍റെ ദിനംതോറും തോറും മുടങ്ങാതെയുള്ള പ്രാര്‍ത്ഥനകള്‍ ആ പരിസരത്തെ തേജോമയമാക്കി. ഉപവാസവും, മൗനവും , പ്രാര്‍ത്ഥനയും ഒരുവശത്ത് വൈദിക വിദ്യാര്‍ത്ഥികളുടെ അധ്യയനം മറ്റൊരു വശത്ത്.വെട്ടിക്കലില്‍ താമസമാക്കി സന്യാസ ചര്‍ച്ചകളും വൈദിക പരിശീലനവുമായി കഴിച്ചുകൂട്ടിയ ചാത്തുരുത്തില്‍ റമ്പാനെ കുറിച്ച് എം. സി. കുര്യാക്കോസ് റമ്പാന്‍ എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്: “നമ്മുടെ വഴിയായി കൂടെ കൂടെ കടന്നുപോകുന്ന ഈ ദേഹം പരിശുദ്ധനായ ഒരു ദൈവ പുരുഷനാകുന്നു’. നാനാഭാഗങ്ങളില്‍ നിന്നും അനേകം വിശ്വാസികള്‍ വാഴ് വിനായും രോഗികള്‍ അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥന മൂലമുള്ള സൗഖ്യത്തിനായും നേര്‍ച്ച കാഴ്ചകളോടെ സമീപിച്ചുകൊണ്ടിരുന്നു . അദ്ദേഹത്തിന്‍റെ ശിഷ്യത്വം പലരും ഒരു പദവിയായി കരുതി.”

പുലിക്കോട്ടില്‍ തിരുമേനി പരുമലയില്‍ ഒരു സെമിനാരി പുതുതായി ആരംഭിക്കുകയും ചത്തുരുത്തില്‍ റമ്പാനെ പരുമല സെമിനാരിയുടെ ചുമതല കൂടി നല്‍കുകയും ചെയ്തു.തുടര്‍ന്ന് റമ്പാന്‍ പരുമലയിലേക്ക് താമസം മാറ്റുകയും അഴിപുരയില്‍ താമസിച്ച് തപസ്ചര്യകളും ശെമ്മാശന്‍മാരെ പഠിപ്പിക്കലും തുടര്‍ന്നു. അക്കാലത്ത് ഇന്ത്യയില്‍ എത്തിയ പത്രോസ് ശ്രിതിയന്‍ ബാവയുടെ ദിഭാഷിയായി ചാത്തുരുത്തിന്‍ റമ്പാനെ ബാവ നിയോഗിച്ചു. മുളന്തുരുത്തി പള്ളിയില്‍ വച്ച് പത്രോസ് ത്രിതിയന്‍ പാത്രിയര്‍ക്കീസ് നടത്തിയ മൂറോന്‍ കൂദാശയില്‍ ചത്തുരുത്തി റമ്പാന്‍ ജാഗ്രതയോടെ പങ്കെടുത്തു. മലങ്കരയില്‍ വച്ച് നടന്ന പ്രഥമ മൂറോന്‍ കൂദാശയില്‍ ചാത്തുരുത്തില്‍ റമ്പാന്‍ ജാഗ്രതതയോടു കൂടി പങ്കെടുത്തു.അതീവ ദീര്‍ഘവും സങ്കീര്‍ണവുമായ കൂദാശയുടെ ക്രമം പാത്രിയര്‍ക്കീസ് ചാത്തുരുത്തില്‍ റമ്പാനെയും മറ്റു റമ്പാന്‍മാരെയും പരിശീലിപ്പിച്ചു. പാത്രിയര്‍ക്കീസിന്‍റെ മുഖ്യ സഹായിയും അര്‍ക്കദിയാക്കോനുമായി പ്രവര്‍ത്തിക്കാന്‍ ദൈവം അവസരം നല്‍കിയത് ചാത്തുരുത്തില്‍ റമ്പാച്ചന് ആയിരുന്നു. മലങ്കരസഭയില്‍ ഏതാനും പേരെ മെത്രാന്മാരായി വാഴിക്കുവാന്‍ പാത്രിയര്‍ക്കീസ് ബാവ നിശ്ചയിച്ചു. സ്ഥാനികളെ പറ്റി പാതിയാര്‍ക്കീസിന് വിശ്വസ്തമായി വിവരങ്ങള്‍ നല്‍കിയത് ചാത്തുരുത്തില്‍ റമ്പാന്‍ ആയിരുന്നു. റമ്പാന്‍ മെത്രാന്‍ സ്ഥാനികളെ കണ്ടെത്താന്‍ പാത്രിയര്‍ക്കീസ് തന്നില്‍ ഏല്‍പ്പിച്ച ദൗത്യം വിശ്വാസപൂര്‍വ്വം വിനിയോഗിച്ചു. ആ തലമുറയിലെ സുസമ്മതരും സുറിയാനി മല്‍പ്പാന്‍മാരുമായ പ്രബലമായ ഇടവകകളുടെ പിന്‍ബലമുള്ള സ്ഥാനാര്‍ഥികളെയാണ് അദ്ദേഹം നിദ്ദേശിച്ചത് .

1876 വടക്കന്‍ പറവൂര്‍ പള്ളിയില്‍ വച്ച് ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസിനേയും അമ്പാട്ട് കൂറിലോസിനെയും പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മെത്രാന്മാരായി വാഴിച്ചു. മലങ്കരസഭയെ 7 ഭദ്രാസനങ്ങളായി പാത്രിയര്‍ക്കീസ് ബാവ വിഭജിക്കുകയും അതില്‍ നിരണം ഭദ്രാസനത്തിന്‍റെ ചുമതല ചാത്തുരുത്തില്‍ മെത്രാന് നല്‍കുകയും ചെയ്തു. ഭദ്രാസന ചുമതല ലഭിച്ചു എങ്കിലും തന്‍റെ ദിനചര്യയെ ക്രമീകരിക്കുവാന്‍ ആ മഹര്‍ഷിവര്യന് സാധിച്ചിരുന്നു. ഈ ക്രമീകരണങ്ങള്‍ക്കിടയില്‍ ബുധനും വെള്ളിയും ഒമ്പതാം മണി നമസ്കാരം കഴിഞ്ഞേ കൊച്ചുതിരുമേനി ഭക്ഷണം കഴിച്ചിരുന്നുള്ളൂ.

ഒരു ദിവസം ആറുമണിക്കൂറില്‍ കുറയാത്ത സമയം ശെമ്മാശന്‍ മാര്‍ക്ക് വേണ്ടി അദ്ദേഹം മാറ്റിവെച്ചു. മൂന്നു മണിക്കൂര്‍ ഭദ്രാസന ഭരണത്തിനായി നീക്കിവെച്ചു. ധ്യാനത്തിലും പ്രാര്‍ത്ഥനയിലുമായി കഴിയുന്ന ഒരു ദയറാക്കാരനില്‍ നിന്നും വിഭിന്നമായി ജനങ്ങളെ നവീകരണ ഉപദേശങ്ങളില്‍ നിന്ന് രക്ഷിക്കുവാനും ഇടവകകളെ സത്യവിശ്വാസത്തില്‍ നിലനിര്‍ത്താനുമായുള്ള പരിപാടികള്‍ക്ക് പിതാവ് രൂപം നല്‍കി .പരിശുദ്ധന്മാരോടുള്ള മധ്യസ്ഥത, ദൈവമാതാവിന്‍റെ അതുല്യ സ്ഥാനം ഇവയെല്ലാം നിഷേധിക്കപ്പെട്ടിരുന്ന ഒരു പശ്ചാത്തലത്തില്‍ ഇവയ്ക്കെതിരെ വിശ്വാസ പോരാട്ടങ്ങള്‍ക്ക് മലങ്കര സഭയുടെ തെക്കന്‍ പ്രദേശത്ത് നേതൃത്വം നല്‍കിയത് ചാത്തുരുത്തില്‍ മാര്‍ ഗ്രീഗോറിയോസ് ആയിരുന്നു.

അക്കാലത്ത് സഭയുടെ കേന്ദ്ര ആസ്ഥാനം പരുമല സെമിനാരി ആയിരുന്നു. 1879 സെമിനാരി വ്യവഹാരം ഫയല്‍ ചെയ്യപ്പെട്ടപ്പോള്‍ പരുമല സെമിനാരിയില്‍ വെച്ച് കമ്മീഷന്‍ സത്യത്തില്‍ മേല്‍ നല്‍കിയ മൊഴി പരുമല തിരുമേനിയുടെ വ്യക്തിത്വത്തെ വെളിവാക്കുന്നതാണ്. അതില്‍ അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണം, സത്യസന്ധത, ലക്ഷ്യബോധം, സഭാ സ്നേഹം തുടങ്ങി ഒരു വിശുദ്ധ ജീവിതത്തിന്‍റെ ഉടമയില്‍ മാത്രം കാണാവുന്ന സല്‍ ഗുണങ്ങള്‍ ഒന്നിച്ചു കാണുന്നുണ്ട്. തപോനിഷ്ഠകളില്‍ കൃത്യത പുലര്‍ത്തുന്ന പരുമല സെമിനാരിയിലെ യോഗിയെ പ്രതിയോഗികളും അഭിഭാഷകരും അത്യാദരവോടെയാണ് വീക്ഷിച്ചിരുന്നത് .ആ മുഖത്ത് കളിയാടിയിരുന്ന നിര്‍ഭയത്വം, പ്രശാന്ത ഗംഭീരഭാവം, കണ്ണുകളില്‍ ഉണ്ടായിരുന്ന കാരുണ്യം ഇവ ആകര്‍ഷകങ്ങള്‍ ആയിരുന്നു.

സമൂഹത്തില്‍ നിന്ന് ദൂരെ മാറിയിരുന്ന് തപസ്സ് മുതലായ സന്യാസ വൃത്തികള്‍ ചെയ്യുന്നതിലുപരി സമൂഹമധ്യത്തില്‍ പ്രകാശം വിതറി നടക്കുന്ന ദൂതന്‍ ആയിരുന്നു പരുമല തിരുമേനി. ജനമധ്യത്തില്‍ സുറിയാനി സഭയുടെ വിശ്വാസം ബോധ്യപ്പെടുത്തുവാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുവാന്‍ അദ്ദേഹം മുന്നോട്ടിറങ്ങി . അക്കാലത്തെ പല കണ്‍വെന്‍ഷനുകളും അപ്രകാരം ആരംഭിച്ചവയാണ്. തെക്ക് തുമ്പമണ്‍ മുതല്‍ വടക്ക് പഴഞ്ഞി വരെയുള്ള ദേവാലയങ്ങളില്‍ സഭാവിശ്വാസം പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച കണ്‍വെന്‍ഷന്‍ പ്രസ്ഥാനത്തിന്‍റെ തുടക്കം അങ്ങനെയാണ്. പള്ളികളില്‍ മാത്രമല്ല ആലുവ മണപ്പുറം പോലെയുള്ള പൊതുസ്ഥലങ്ങളിലും കൊച്ചു തിരുമേനി പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിച്ചു.

ഒരു പള്ളിയില്‍ ചെന്നാല്‍ സമീപപ്രദേശങ്ങളില്‍ സുറിയാനി കുടുംബങ്ങള്‍ പാര്‍ക്കുന്ന ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുവാനും അവിടങ്ങളില്‍ വായനാ യോഗങ്ങള്‍ സ്ഥാപിക്കുവാനും പരുമല തിരുമേനി ഉത്സാഹിച്ചിരുന്നു. വ്യക്തിജീവിതത്തിന്‍റെ നൈര്‍മല്യംകൊണ്ട് സിദ്ധന്‍ ആയി തീര്‍ന്ന പരുമല മാര്‍ ഗ്രിഗോറിയോസിന്‍റെ വാക്കുകള്‍ക്ക് ശാപാനുഗ്രഹ ശേഷി ഉണ്ടെന്ന് തെളിയിക്കുന്ന അനേകം അനുഭവങ്ങള്‍ അനേകം പേര്‍ക്ക് ഉണ്ടായിട്ടുണ്ട് .തന്നില്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട മെത്രാസനങ്ങളുടെ ഇടയന്‍ എന്ന നിലയിലും മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്‍റ് എന്ന നിലയിലും നിരന്തരം യാത്ര ആവശ്യമായി വരികയാല്‍ വാര്‍ദ്ധക്യത്തില്‍ എത്തുന്നതിനു മുമ്പേ അദ്ദേഹത്തിന്‍റെ ആരോഗ്യം ക്ഷയിച്ചു. അല്‍പാഹാരം ശീലിച്ചിരുന്നതുകൊണ്ട് ഉദരസംബന്ധമായ രോഗമാണ് അദ്ദേഹത്തെ പീഡിപ്പിച്ചിരുന്നത്. തന്‍റെ തണലില്‍ വിശ്രമം തേടിയെത്തുന്നവര്‍ക്ക് കുളിര്‍മ നല്‍കുകയും വെയിലിന്‍റെ തപം സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങുകയും ചെയ്ത ഒരു വന്‍ മരമായിരുന്നു പരുമല തിരുമേനി. താന്‍ രോഗപീഡകള്‍ അനുഭവിക്കുമ്പോഴും തന്നെ ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളുന്ന തണല്‍ വൃക്ഷം ജീവിച്ചിരിക്കുമ്പോള്‍ തന്നെ അഭയകേന്ദ്രമായിരുന്നു. ഈ പരിശുദ്ധ പിതാവിന്‍റെ മദ്ധ്യസ്ഥത നമുക്ക് കാവലും കൂട്ടും കോട്ടയുമായിരിക്കട്ടെ.