മലങ്കര ഇടവകയുടെ മാര്‍ ദീവന്ന്യാസോസ്
മെത്രാപ്പോലീത്തായില്‍ നിന്നും
(മുദ്ര)
നമ്മുടെ ആത്മീയ പുത്രന്മാരാകുന്ന പൂവത്തൂര്‍ യാക്കോബു കത്തനാരും മാവേലില്‍ ഗീവറുഗീസ് കത്തനാരും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്കു വാഴ്വ്.
അയിരൂരുള്ള നമ്മുടെ ആത്മീയ മക്കളുടെ ദൈവാരാധനയ്ക്കും അവര്‍ക്കുള്ള ആത്മീയ ദിഷ്ടതികളുടെ നടത്തിപ്പിനും വേണ്ടി നമ്മുടെ തെങ്ങുംതോട്ടത്തില്‍ അബ്രഹാം കത്തനാരു മുഖാന്തിരം പുത്തനായി ഒരു പള്ളി വയ്പാന്‍ സ്ഥലം യത്നമാക്കി വരുന്ന പ്രകാരം മുമ്പേ തന്നെ നമ്മോടു പറകയും ആലോചിക്കയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യത്നമാക്കിയ സ്ഥലത്തു പള്ളി വയ്പാന്‍ ഗവണ്‍മെന്‍റു അനുവാദം സിദ്ധിക്കയും, ദിഷ്ടതിക്കു തക്കവണ്ണം ചുരുക്കത്തില്‍ ഒരു പള്ളി കെട്ടിയുണ്ടാക്കുകയും ചെയ്തിരിക്കുന്നതിനാല്‍ തല്ക്കാലം കുരിശു വച്ചു കുര്‍ബാന ചൊല്ലുവാനും മറ്റും വേണ്ടുന്ന ആത്മീയ ദിഷ്ടതികള്‍ നടത്തപ്പെടുവാനും അനുവാദം ഉണ്ടാകണമെന്ന് ടി. അബ്രഹാം കത്തനാര്‍ നമ്മുടെ മുമ്പാകെ അപേക്ഷിച്ചിരിക്കുന്നു. കല്ലിടുക മുതലായ ശുശ്രൂഷകള്‍ നാം അവിടെ എത്തി നടത്തുന്നതിലേക്കു തല്‍ക്കാലം നമുക്കു ഏനമില്ലായ്കയാല്‍ ആയത് സൗകര്യം പോലെ നാം അവിടെ എത്തി നടത്തിക്കൊടുത്തു കൊള്ളാമെങ്കിലും കുരിശു വച്ച് കുര്‍ബാന ചൊല്ലുന്നതിനുള്ള അനുവാദം നീട്ടിവയ്ക്കുന്നത് ജനങ്ങള്‍ക്കു ബുദ്ധിമുട്ടും അയാള്‍ക്കു വ്യസനവും ആയിരിക്കുന്ന പ്രകാരം കാണപ്പെടുന്നതിനാല്‍ നിങ്ങള്‍ രണ്ടു പേരും നമുക്കു പകരം ഈ മാസം 15-ാം തീയതി അവിടെ എത്തി വിശുദ്ധ അപ്പോസ്തോലനും നമ്മുടെ ആത്മിക പിതാവുമാകുന്ന മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമത്തില്‍ കുരിശു പ്രതിഷ്ഠിച്ച് കുറുബാന ചൊല്ലുവാന്‍ ഇതിനാല്‍ നാം അനുവദിച്ചിരിക്കുന്നു.
ശേഷം കാര്യങ്ങള്‍ പിന്നാലെ എഴുതി അയയ്ക്കാം.
സര്‍വ്വ ശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ.
എന്ന്,
(ഒപ്പ്)
1070 മകരം 2-ാം തീയതി (14-01-1895)
തിരുവല്ലാ പള്ളിയില്‍ നിന്നും
_______________________________________________________________________________________
പള്ളിക്കു അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ്
നമ്പ്ര. 5981 ജുമാവന്തിരായസം
8-11-1068 1068-ാം മാണ്ടു ആനി 5-ാം തീയതി തിരുവനന്തപുരം
ഇവിടത്തെ ചെയ്തിയാവിത്. അയിരൂര്‍ പകുതിയില്‍ – കോറ്റാത്തൂര്‍ മുറിയില്‍ കുന്നംകുഴിയില്‍ ശിമോന്‍ ശിമോന്‍ മുതല്‍പേര്‍ കര്‍മ്മാദികള്‍ നടത്തി വന്നിരുന്ന അയിരൂപള്ളി ആയിരത്തി അന്‍പത്തിയേഴിലെ വെള്ളപ്പൊക്കത്തില്‍ വീണ് ചേതപ്പെട്ടു പോകയാല്‍ കര്‍മ്മാദികള്‍ നടത്തുന്നതിനു വളരെ പ്രയാസവും ദുഃഖവും നേരിട്ടിരിക്കുന്നതായും, കോറ്റാത്തൂരു മുറിയില്‍ മതാപ്പാറ പുരയിടത്തില്‍ ഒരു പള്ളി സ്ഥാപിച്ചു കര്‍മ്മാദികള്‍ നടത്തുന്നതിനു അനുവാദം കൊടുക്കണമെന്നു മേലെഴുതിയ ശിമോന്‍ ശിമോന്‍ മുതല്‍ പേര്‍ അപേക്ഷിച്ചതിനെപ്പറ്റി നടത്തിയിട്ടുള്ള വിചാരണ മുതലായവ നോക്കിയാറെ മതാപ്പാറ പുരയിടം കൈപ്പള്ളില്‍ കോളാകോട്ടു വറീതു കോരുതു പേരില്‍ 1065 – ാമാണ്ട് പാറകൂട്ടത്തില്‍ എന്ന പേരു പറഞ്ഞു പുതുവല്‍ പാട്ടം പതിഞ്ഞിട്ടുള്ളതും, ആ പേരുകാറന്‍ മുതല്‍ പേരോടു തെങ്ങും തോട്ടത്തില്‍ ശീമോന്‍ അബ്രഹാം കത്തനാരുടെ പേര്‍ക്ക് രജിസ്റ്റര്‍ മൂലം വിലയെഴുതിയിരിക്കുന്നതും ആകുന്നു എന്നും, തീറാധാരം ബോദ്ധ്യപ്പെടുത്തിയും ഈ പുരയിടത്തില്‍ പള്ളി വയ്ക്കുന്നതിലേക്കു സമ്മതിച്ചും അബ്രഹാം കത്തനാരും അതിനനുസരണമായി പതിവുകാരന്‍ മുതല്‍ പേരും കോറ്റാത്തൂര്‍ മുറിയില്‍ പള്ളിയും അപേക്ഷയില്‍ പറയുന്ന സ്ഥലത്തു പള്ളി സ്ഥാപിക്കുന്നതില്‍ വിരോധവും, മതാപ്പാറ പുരയിടത്തിനു ഒരു മൈല്‍ സമീപം ദൈവാലയം ബ്രഹ്മാലയം കാവ് ഇതുകളും ഇല്ലെന്നും തടസ്സരും അയല്‍ക്കാര്‍ ഇവരും മൊഴികൊടുത്തിരിക്കുന്നതായും പരസ്യം ചെയ്തതിലും വിരോധമായി ആരും ബോധിപ്പിച്ചിട്ടില്ലെന്നും കാണുന്നതിനാല്‍ റിക്കാര്‍ഡുകള്‍ അയച്ചിരിക്കുന്ന പ്രകാരവും വിചാരിച്ചതിലും അപേക്ഷയില്‍ പറയുന്നു. മതാപ്പാറ പുരയിടത്തില്‍ പള്ളിവച്ചു കര്‍മ്മാദികള്‍ നടത്തുന്നതിലേക്കു അനുവാദം കൊടുക്കുന്നതു കൊണ്ടു വിരോധമില്ലെന്നു വിചാരിക്കുന്നതിനാല്‍ അപേക്ഷപ്രകാരം അനുവാദം കൊടുപ്പാനുള്ളതെന്നും തിരുവല്ലാ തഹസീല്‍ദാരുടെ സാധനം വരികയാല്‍ റിക്കാര്‍ഡുകള്‍ അയച്ചിരിക്കുന്നതായും അതിന്‍വണ്ണം നിദാനം വരണമെന്നും എഴുതി വരികയും, റിക്കാര്‍ഡുകള്‍ ഇവിടെ പരിശോധിച്ചതിലും തഹസീദാരും പേഷ്ക്കാരും അഭിപ്രായപ്പെട്ടിരിക്കുന്നതുപോലെ ആ സ്ഥലത്തു പള്ളി വയ്ക്കുന്നതിനു അനുവാദം കൊടുക്കുന്നതില്‍ വച്ചു വിരോധമില്ലെന്നു തോന്നുകയും ചെയ്തിരിക്കുന്ന സംഗതിയെക്കുറിച്ച് എഴുതി അറിയിച്ചിരിക്കുന്നതിനു അനുവദിച്ച് കല്‍പ്പന പ്രകാരം കൊട്ടാരം സര്‍വ്വാധികാര്യക്കാരെ 193-മതു നമ്പരില്‍ 1068-മാണ്ടു ഇടവമാസം 29-ാം തീയതി എഴുതിയ സാധനം വന്നിരിക്ക കൊണ്ടു അതിന്‍വണ്ണം പള്ളി വയ്ക്കുന്നതിനു അനുവദിച്ചിരിക്കുന്ന വിവരം തെര്യപ്പെടുത്തുന്നതിനു എഴുത്ത അയച്ചു ശട്ടം കെട്ടികൊള്ളുകയും വേണം. ഈ ചെയ്തി എല്ലാം പത്നാഭപിള്ള വായിച്ച് ഗോവിന്ദപിള്ള ദിവാന്‍ പേഷ്ക്കാരെ കേള്‍പ്പിച്ചു വയ്ക്കുകയും വേണം.
ഉത്തരവിന്‍ പ്രകാരം ആക്ടിംഗുഡിപ്പടി പേഷ്ക്കാര പിറവിപെരുമാള്‍ ഈശ്വരപിള്ള (ഒപ്പ്)