മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ 1987-ലെ ദ്വിതീയ സമ്മേളനം പ. കാതോലിക്കാബാവാ തിരുമനസ്സിലെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ കൂടി. ജൂലൈ 8-നു ആരംഭിച്ച സുന്നഹദോസ് 10-നു 5 മണിയോടു കൂടി അവസാനിച്ചു.
ദാനിയേല്‍ മാര്‍ പീലക്സിനോസ്, മാത്യൂസ് മാര്‍ കൂറിലോസ്, ഫീലിപ്പോസ് മാര്‍ തെയോഫിലോസ്, തോമസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ പക്കോമിയോസ്, സഖറിയാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഗീവറുഗീസ് മാര്‍ ദീയസ്ക്കോറോസ്, മാത്യൂസ് മാര്‍ എപ്പിപ്പാനിയോസ്, പീലിപ്പോസ് മാര്‍ യൗസേബിയോസ്, തോമസ് മാര്‍ അത്താനാസ്യോസ്, പൗലോസ് മാര്‍ മിലിത്തിയോസ് എന്നീ തിരുമേനിമാര്‍ സുന്നഹദോസ് യോഗങ്ങളില്‍ സംബന്ധിച്ചു.
എല്ലാ ദിവസവും ധ്യാനപ്രസംഗങ്ങളോടു കൂടെയാണ് യോഗം ആരംഭിച്ചത്. 8-നു രാവിലെ 9.30 മണിക്ക് പ. ബാവാ തിരുമനസ്സുകൊണ്ട് ചെയ്ത അദ്ധ്യക്ഷപ്രസംഗത്തെ തുടര്‍ന്ന് മുന്‍ യോഗ മിനിറ്റ്സ് ചര്‍ച്ച ചെയ്തു പാസ്സാക്കി.
സുന്നഹദോസിന്‍റെ നേരിട്ടുള്ള ഭരണത്തിലുള്ള ബി ഷെഡ്യൂളില്‍പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വരവുചെലവു കണക്കുകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് പിന്നീട് നടന്നത്. എല്ലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ സുന്നഹദോസ് നിശ്ചയിച്ച ഓഡിറ്ററെക്കൊണ്ടുതന്നെ ഓഡിറ്റു ചെയ്യിക്കണമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു. കണക്കുകള്‍ സുന്നഹദോസ് അംഗീകരിച്ചു.
വൈദികട്രസ്റ്റി സ്ഥാനത്തേക്കും മേല്പട്ടസ്ഥാനത്തേക്കും തെരഞ്ഞെടുപ്പു നടത്തുന്നതിന് മലങ്കര അസോസ്യേഷന്‍ 1987 ഡിസംബര്‍ 29-നു കൂടണമെന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനവും സുന്നഹദോസ് അംഗീകരിച്ചു.
1987 ജൂലൈ 7-നു കൂടിയ മാനേജിംഗ് കമ്മിറ്റി പാസ്സാക്കിയ (മാനേജിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ 28-ാം പേജില്‍) സഭയുടെ വികസനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതികള്‍ സുന്നഹദോസ് അംഗീകരിച്ചു.
വേദവായനക്കുറിപ്പ്
സുന്നഹദോസ് നിശ്ചയമനുസരിച്ച് മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്താ തയ്യാറാക്കിയതും മാര്‍ പക്കോമിയോസ്, മാര്‍ ദീവന്നാസ്യോസ് എന്നീ മെത്രാപ്പോലീത്തന്മാര്‍ പരിശോധിച്ചതുമായ സഭയിലെ ആണ്ടടക്കമുള്ള വേദവായനക്കുറിപ്പിന്‍റെ പരിഷ്ക്കരിച്ച പതിപ്പ് സുന്നഹദോസ് അംഗീകരിച്ചു. 1988 (കൂദോശ് ഈത്തോ) മുതല്‍ ഈ വേദവായനകുറിപ്പ് ഉപയോഗിക്കത്തക്കവണ്ണം പെസ്ഗോമോകള്‍ കൂടെ ചേര്‍ത്ത് പ്രസിദ്ധപ്പെടുത്തണമെന്നും തീരുമാനിച്ചു.
പുതിയ വേദവായനക്കുറിപ്പ് അനുസരിച്ചുള്ള വായനപ്പടി ഏവന്‍ഗേലിയോന്‍ തയ്യാറാക്കുന്നതിന് ബര്‍ന്നബാസ് മെത്രാപ്പോലീത്തായെ സഹായിക്കുന്നതിന് ഫാ. റ്റി. ജെ. ജോഷ്വാ, ഫാ. ജോണ്‍സ് ഏബ്രഹാം, ഡീക്കന്‍ കെ. എ. ജോര്‍ജ് എന്നിവരെ ചുമതലപ്പെടുത്തി. അതേ തുടര്‍ന്ന് ഓരോ ദിവസത്തെയും പഴയനിയമം വായനകളുടെയും പുതിയനിയമം വായനകളുടെയും പ്രത്യേകം പ്രത്യേകം വായനപ്പടികളും തയ്യാറാക്കണമെന്ന് സുന്നഹദോസ് അഭിപ്രായപ്പെട്ടു.
കാത്തിരിപ്പിന്‍റെ പ്രാര്‍ത്ഥന
സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തിക്കോസ്തി വരെയുള്ള കാത്തിരിപ്പിന്‍റെ ദിവസങ്ങളില്‍ ഉപയോഗിക്കുന്നതിനു തയ്യാറാക്കിയ പ്രത്യേക പ്രാര്‍ത്ഥനാക്രമം സംബന്ധിച്ച് സുന്നഹദോസ് ചര്‍ച്ച ചെയ്യുകയും അത് പൂര്‍ണ്ണരൂപം ആക്കി അടുത്ത വര്‍ഷം മുതല്‍ ഉപയോഗിക്കത്തക്കവണ്ണം പ്രസിദ്ധപ്പെടുത്തത്തക്കവണ്ണം ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സുന്നഹദോസ് നല്‍കുകയും അതനുസരിച്ചു ചെയ്യുന്നതിന് മാര്‍ പക്കോമിയോസ്, മാര്‍ ബര്‍ന്നബാസ് എന്നീ തിരുമേനിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രതിഷ്ഠാശുശ്രൂഷ
12 വയസ്സു പൂര്‍ത്തിയായ കുട്ടികളുടെ സഭാപ്രതിഷ്ഠാകര്‍മ്മം നടത്തുന്നതിന് പൗലൂസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ തയ്യാറാക്കിയ ക്രമം സുന്നഹദോസ് അംഗീകരിക്കുകയും ഉടനെതന്നെ അത് അച്ചടിച്ച് പള്ളികള്‍ക്ക് അയച്ചുകൊടുത്ത് പ്രായോഗികമാക്കുന്നതിനു തീരുമാനിക്കുകയും ചെയ്തു.
ശമ്പള ഏകീകരണം
പട്ടക്കാരുടെ ശമ്പളം ഏകീകരിക്കുന്നതിന് ഏകാംഗ കമ്മീഷനായി മുന്‍ സുന്നഹദോസ് നിശ്ചയിച്ച തോമസ് മാര്‍ അത്താനാസ്യോസ് എപ്പിസ്ക്കോപ്പാ തയ്യാറാക്കിയ റിപ്പോര്‍ട്ട് സുന്നഹദോസ് ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അടുത്ത മാനേജിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അഭിപ്രായമറിഞ്ഞ് സമ്മതം വാങ്ങി അടുത്ത സുന്നഹദോസിന്‍റെ അംഗീകാരത്തോടുകൂടി നടപ്പാക്കണമെന്നു നിശ്ചയിച്ചു.
സെന്‍റ് പോള്‍സ് മിഷന്‍ ഭരണഘടന
സെന്‍റ് പോള്‍സ് മിഷന്‍ കേന്ദ്രത്തിന്‍റെ ഭരണഘടന മിഷന്‍ പ്രസിഡന്‍റ് ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ വായിച്ചു. ഓരോ ക്ലോസും ചര്‍ച്ച ചെയ്തു ആവശ്യമായ ഭേദഗതികളോടെ ഭരണഘടന അംഗീകരിച്ചു.
സണ്ടേസ്കൂള്‍ ഭരണഘടന
സണ്ടേസ്കൂള്‍ ഭരണഘടനാഭേദഗതികള്‍ സംബന്ധിച്ച് പഠിച്ചു റിപ്പോര്‍ട്ടു ചെയ്യുന്നതിന് മുന്‍സുന്നഹദോസ് നിയമിച്ച കമ്മീഷന്‍ സണ്ടേസ്കൂള്‍ അസോസ്യേഷന്‍റെ സുഗമമായ നടത്തിപ്പിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ ഒ.വി.ബി.എസ്. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഒ.വി.ബി.എസ്. പ്രവര്‍ത്തകരുടെ കൂടെ അഭിപ്രായം കണക്കിലെടുത്ത് അവരെക്കൂടി സഹകരിപ്പിച്ച് ഭരണഘടനാഭേദഗതികള്‍ വരുത്തുന്നതാണ് നല്ലതെന്നും ആയതിലേക്ക് ഇപ്പോള്‍ ഭേദഗതികള്‍ വരുത്തി തയ്യാറാക്കി അംഗീകാരത്തിനു സമര്‍പ്പിച്ചിട്ടുള്ള ഭരണഘടന തിരികെ അയക്കേണ്ടതാണെന്നും പുതിയ ഭരണഘടന അംഗീകരിക്കുന്നതുവരെ നിലവിലിരിക്കുന്ന ഭരണഘടന അനുസരിച്ച് കാര്യങ്ങള്‍ നടത്തേണ്ടതാണെന്നും തീരുമാനിച്ചു.
പ്രാര്‍ത്ഥനായോഗങ്ങളുടെ നിയമാവലി
സഭയിലെ പ്രാര്‍ത്ഥനായോഗങ്ങള്‍ക്ക് ഏകീകൃതമായ ഒരു നിയമാവലി തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് എപ്പിസ്ക്കോപ്പാ തയ്യാറാക്കിയ നിയമാവലി അദ്ദേഹം വായിച്ചു. ചര്‍ച്ചകള്‍ക്കുശേഷം അത് സുന്നഹദോസ് അംഗീകരിച്ചു.
സഹസ്രാബ്ദി ആഘോഷം
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ അതിന്‍റെ സഹസ്രാബ്ദി ആഘോഷിക്കുന്ന അവസരത്തില്‍ നമ്മുടെ സഭയിലും അത് ആഘോഷിക്കുന്നത് നന്നായിരിക്കുമെന്നുള്ള ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അയച്ച കത്ത് സുന്നഹദോസ് പരിഗണിച്ചു. 1987 നവംബര്‍ 2-നു പരുമല സെമിനാരിയില്‍ ഇതിനോടനുബന്ധിച്ച് ഒരു പൊതുസമ്മേളനം നടത്തണമെന്നും അതിലേക്ക് റഷ്യന്‍ സഭാപ്രതിനിധികളെ ക്ഷണിക്കണമെന്നും നിശ്ചയിച്ചു. അതിന്‍റെ നടത്തിപ്പിന് പൗലൂസ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, തോമസ് മാര്‍ അത്താനാസ്യോസ് എന്നീ തിരുമേനിമാരെ ഒരു കമ്മിറ്റിയായി ചുമതലപ്പെടുത്തി.
പ്രതിനിധി സംഘം
നാഷണല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്‍റെ 1987 ഡിസംബര്‍ 28 മുതല്‍ ജനുവരി 1 വരെ നടക്കുന്ന അസംബ്ലിയില്‍ സഭയെ പ്രതിനിധീകരിച്ച് സംബന്ധിക്കുന്നതിന് ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, സഖറിയാ മാര്‍ ദീവന്നാസ്യോസ് എന്നീ മെത്രാപ്പോലീത്തന്മാരെ നിശ്ചയിച്ചു.
C.C.A.
ക്രിസ്ത്യന്‍ കൗണ്‍സില്‍ ഓഫ് ഏഷ്യായുടെ 1987 ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 7 വരെ പാക്കിസ്ഥാനില്‍ വച്ചു നടക്കുന്ന അ. ഋ. ഇ. സമ്മേളനത്തിലേക്ക് പ്രതിനിധികളായി ഫാ. എം. എസ്. ജോണ്‍, ഫാ. വി. എം. ജയിംസ്, മി. പി. ഒ. ജോണ്‍ മാത്യു എന്നിവരടങ്ങിയ ഒരു പാനല്‍ അയയ്ക്കണമെന്നു നിശ്ചയിച്ചു.
പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്:
പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിക്കണമെന്നുള്ള കുന്നംകുളം ഭദ്രാസനയോഗ നിശ്ചയമനുസരിച്ച് അതേപ്പറ്റി പഠിച്ചു സുന്നഹദോസില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് പൗലോസ് മിലിത്തിയോസ് എപ്പിസ്ക്കോപ്പായെ ചുമതലപ്പെടുത്തി.
ഉല്‍കണ്ഠ
പഞ്ചാബ്, ഹരിയാന മുതലായ പ്രദേശങ്ങളില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളില്‍ സുന്നഹദോസിനുള്ള ഉല്‍കണ്ഠ രേഖപ്പെടുത്തിക്കൊണ്ടും സമാധാനത്തിനും സമുദായമൈത്രിക്കും വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍പ്പിച്ചുകൊണ്ടുമുള്ള പ്രമേയം സുന്നഹദോസ് പാസ്സാക്കി അധികാരസ്ഥാനങ്ങളില്‍ അയച്ചുകൊടുത്തു.
E.S.S. Society
സഭയില്‍ ആരംഭിച്ചിട്ടുള്ള Educational and Social Service Society യുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ഭദ്രാസനങ്ങളിലും കഴിയുന്നത്ര തുടങ്ങണമെന്നും, സൊസൈറ്റിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കണമെന്നും ഇതിന്‍റെ പ്രചരണത്തിനായി ഭദ്രാസനത്തില്‍ യോഗം ചേരണമെന്നും തീരുമാനിച്ചു.
പ. ബാവാതിരുമനസ്സിലെ ഉപസംഹാര പ്രസംഗത്തില്‍ സുന്നഹദോസ് ഭംഗിയായി നടന്നതില്‍ ദൈവത്തെ സ്തുതിക്കുകയും മെത്രാപ്പോലീത്തന്മാരുടെ സഹകരണത്തിന് കൃതജ്ഞതയും സന്തോഷവും രേഖപ്പെടുത്തുകയും ചെയ്തു.
നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ കൂറിലോസ് തിരുമേനി കൃതജ്ഞത പ്രകാശിപ്പിച്ചു. പ്രാര്‍ത്ഥനയോടുകൂടി 10-നു വെള്ളിയാഴ്ച 5 മണിക്ക് സുന്നഹദോസ് പര്യവസാനിച്ചു.
(മലങ്കരസഭ, ഓഗസ്റ്റ് 1987)