ബസ്ക്യോമോ

ഇപ്പോള്‍ സാധാരണയായി വൈദികന്‍റെ സഹധര്‍മ്മിണിയെ സംബോധന ചെയ്യുവാന്‍ ഉപയോഗിക്കുന്ന പദം. ‘കൊം’ എന്ന ക്രിയാധാതുവില്‍ നിന്ന് രൂപംകൊള്ളുന്ന പദമാണ് “ക്യോമോ” എന്നുള്ളത്. വളരെ വിപുലമായ അര്‍ത്ഥമാണിതിനുള്ളത്. നേരായി നില്‍ക്കുക, സ്ഥാനം സ്വീകരിക്കുക, വഹിക്കുക, സ്ഥിരത, ഉടമ്പടി, പ്രതിജ്ഞ എന്നൊക്കെയാണ് ഇതിന്‍റെയര്‍ത്ഥം. സന്യാസ പാരമ്പര്യങ്ങളില്‍ നിന്നാണ് ഇത് രൂപപ്പെട്ടിട്ടുള്ളത്. ഉടമ്പടിയുടെ പുത്രന്‍ (ബര്‍ക്യോമോ) എന്നും ഉടമ്പടിയുടെ പുത്രി (ബസ്ക്യോമോ) എന്നുമുള്ള സന്യാസക്രമങ്ങള്‍ അഞ്ച്, ആറ് നൂറ്റാണ്ടുകളില്‍ സന്യാസമഠങ്ങളില്‍ ഉണ്ടായിരുന്നു. വ്രത വാഗ്ദാനമെടുത്ത സന്യാസജീവിതത്തിനും പൗരോഹിത്യത്തിനുമുള്ള ഒരുക്കകാലഘട്ടമായിരുന്നു അത്.
ആദിമസഭയില്‍ കന്യകമാര്‍ എന്ന ഒരു ഗണമുണ്ടായിരുന്നു. അവരെ വിളിച്ചിരുന്നതും “ബസ്ക്യോമോ’ എന്ന വാക്കുകൊണ്ടാണ്. കന്യാസ്ത്രീകളെയും ശെമ്മാശിനിമാരെയും സൂചിപ്പിക്കുവാനും സുറിയാനിയില്‍ “ബസ്ക്യോമോ” എന്ന പദം തന്നെയാണുപയോഗിക്കുക. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന എഡേസായിലെ മെത്രാനായിരുന്ന റാബുള്ള “ഉടമ്പടിയുടെ മക്കള്‍” (ബ്നായ് ക്യാമ) എന്ന പേരില്‍ ഒരു സന്യാസിസംഘം ഉണ്ടാക്കുകയും അവര്‍ക്കായി വിപുലമായ ജീവിതനിയമങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. വൈദികന്‍ ദൈവസന്നിധിയില്‍ “ഉടമ്പടിയുടെ പുത്രന്‍” (ബര്‍ക്യോമോ) ആകയാല്‍ ആ അര്‍ത്ഥത്തില്‍ സഹധര്‍മ്മിണി ബസ്ക്യോമോ ആയി. ചില പണ്ഡിതര്‍ “ഉത്ഥാനത്തിന്‍റെ മകള്‍’, ‘നീതിജ്ഞയായ സ്ത്രീ” എന്നും ഇതിനു അര്‍ത്ഥം നല്‍കുന്നുണ്ട്.

– ഫാ. മാത്യു വര്‍ഗീസ് അടൂര്‍