1988 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ 1988 ജൂലൈ 4-ാം തീയതി തിങ്കളാഴ്ച പ. കാതോലിക്കാബാവാ തിരുമനസ്സിലെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് 8-ാം തീയതി വെള്ളിയാഴ്ച നാലര മണിക്ക് സമാപിച്ചു.
തിങ്കളാഴ്ച രാവിലെ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ പഴയസെമിനാരി ചാപ്പലില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ധ്യാനപ്രസംഗത്തോടു കൂടിയാണ് യോഗനടപടികളാരംഭിച്ചത്.

മാത്യൂസ് മാര്‍ കൂറിലോസ്, ഫീലിപ്പോസ് മാര്‍ തെയോഫിലോസ്, പൗലോസ് മാര്‍ ഗ്രീഗോറിയോസ്, ജോസഫ് മാര്‍ പക്കോമിയോസ്, സഖറിയാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഗീവറുഗീസ് മാര്‍ ദീയസ്ക്കോറോസ്, മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, തോമസ് മാര്‍ അത്താനാസിയോസ്, ഗീവറുഗീസ് മാര്‍ ഈവാനിയോസ്, പൗലോസ് മാര്‍ മിലിത്തിയോസ് എന്നീ തിരുമേനിമാരും സുന്നഹദോസില്‍ സംബന്ധിച്ചു.

അനുശോചനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഒരു സഹോദരീസഭയായ എത്യോപ്യന്‍ സഭയുടെ പാത്രിയര്‍ക്കീസായിരുന്ന ആബൂനാ തെക്കിലേ ഹൈമനോട്ടിന്‍റെ (Abba Tekle-Haimanot) ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു. അനുശോചനപ്രമേയം അവതരിപ്പിച്ചുകൊണ്ട് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ചെയ്ത പ്രസംഗത്തില്‍ കാലംചെയ്ത പാത്രിയര്‍ക്കീസ് ഒരു വലിയ ആത്മശക്തിയുടെ ഉറവിടമായ സന്യാസിയായിരുന്നു എന്നും അദ്ദേഹത്തിന്‍റെ നേതൃത്വം എത്യോപ്യന്‍ സഭയ്ക്ക് ഒരു വലിയ നേട്ടമായിരുന്നു എന്നും അനുസ്മരിപ്പിച്ചു.
സുന്നഹദോസ് ചര്‍ച്ചകള്‍ക്കുശേഷം ചെയ്ത പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

സ്ത്രീപങ്കാളിത്തം

സ്ത്രീകള്‍ക്ക് സഭാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനു തീരുമാനിച്ചു. തല്‍ക്കാലം വി. മാമോദീസായ്ക്കുശേഷം ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളെയും വി. മദ്ബഹായില്‍ കയറ്റി ബലിപീഠം മുത്തിക്കാമെന്നും ആരാധനകളില്‍ അത്യാവശ്യം എന്നു കണ്ടാല്‍ വേദഭാഗങ്ങള്‍ വായിക്കുന്നതിന് സ്ത്രീകളെ അനുവദിക്കാമെന്നും നിശ്ചയിച്ചു. മറ്റേതെല്ലാം രംഗങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാമെന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ യോഗം ചുമതലപ്പെടുത്തി.

വായനപ്പടി

പരിഷ്ക്കരിച്ച വേദവായനക്കുറിപ്പനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന വായനപ്പടി ഏവന്‍ഗേലിയോന്‍ അംഗീകരിച്ചു. അത് ഒന്നുകൂടെ ഭാഷാശുദ്ധി വരുത്തി അച്ചടിപ്പിക്കണമെന്ന് നിശ്ചയിച്ചു.

നിയമാവലികള്‍

ഒ.വി.ബി.എസ്. വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ച സണ്ടേസ്കൂള്‍ അസോസ്യേഷന്‍റെ ഭരണഘടനാ ഭേദഗതികളും തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സഭ വകയായ ഗൈഡന്‍സ് സെന്‍ററിന്‍റെയും റാന്നിയിലുള്ള ഹോളി ട്രിനിറ്റി ആശ്രമത്തിന്‍റെയും ഭരണഘടനകളും സുന്നഹദോസ് അംഗീകരിച്ചു. സി.എല്‍.എസ്. കമ്മിറ്റിയിലേക്ക് സഭയുടെ പ്രതിനിധിയായി കെ. വര്‍ഗീസിനെ (മദ്രാസ്) നോമിനേറ്റു ചെയ്തു.

സ്ലീബാദാസ സമൂഹം

സ്ലീബാദാസ സമൂഹത്തിന്‍റെ പ്രസിഡന്‍റായി തുമ്പമണ്‍ മെത്രാസന സഹായ മെത്രാന്‍ ഫീലിപ്പോസ് മാര്‍ യൗസേബിയോസ് എപ്പിസ്ക്കോപ്പായെ നിശ്ചയിച്ചു.

വിസിറ്റര്‍ ബിഷപ്പുമാര്‍

മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തിന്‍റെ വിസിറ്റര്‍ ബിഷപ്പായി മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെയും, റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിന്‍റെ വിസിറ്ററായി ഗീവര്‍ഗീസ് മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായേയും നിശ്ചയിച്ചു.

175-ാം വാര്‍ഷികം

കോട്ടയം പഴയസെമിനാരിയുടെ 175-ാം വാര്‍ഷികം വിപുലമായ തോതില്‍ 1990-ല്‍ ആഘോഷിക്കണമെന്നു നിശ്ചയിച്ചു.

ദിവ്യബോധനം

എല്ലാ ഭദ്രാസനങ്ങളിലും വൈദികക്ഷേമനിധികള്‍ ഏര്‍പ്പെടുത്തണമെന്നും, ദിവ്യബോധന പരിശീലനം ലഭിച്ച ആളുകളെ സണ്ടേസ്കൂള്‍ അദ്ധ്യാപകരായും മറ്റ് ആദ്ധ്യാത്മിക പ്രവര്‍ത്തകരായും സൗകര്യമുള്ളടത്തോളം ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചു.

വാര്‍ഷിക കണക്കുകള്‍

സഭ വകയായി ബി ഷെഡ്യൂളില്‍ പ. സുന്നഹദോസിന്‍റെ ഭരണത്തില്‍പെട്ട സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും 1987-88-ലെ വരവുചെലവുകളുടെ തെരട്ട് യോഗം പാസ്സാക്കി.

വിദ്യാര്‍ത്ഥിദിനം

വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്ന വര്‍ഷാരംഭ ദിവസം എല്ലാ പള്ളികളിലും വിദ്യാര്‍ത്ഥിദിനമായി ആചരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യണമെന്ന് തീരുമാനിച്ചു.

സഹസ്രാബ്ദി ജൂബിലി റിപ്പോര്‍ട്ട്

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സഹസ്രാബ്ദി ആഘോഷങ്ങളില്‍ സംബന്ധിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭാപ്രതിനിധികള്‍ക്ക് അവിടെ ഒരു സമുന്നത സ്ഥാനമുണ്ടായിരുന്നുവെന്നും പ്രധാന സമ്മേളനങ്ങളില്‍ ഫിലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായും പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും വളരെ ആകര്‍ഷകമായ പ്രസംഗങ്ങള്‍ ചെയ്തുവെന്നും അതിനെ സംബന്ധിച്ചു റിപ്പോര്‍ട്ടു നല്‍കിയ ഫീലിപ്പോസ് മാര്‍ യൗസേബിയോസ് എപ്പിസ്ക്കോപ്പാ വിവരിച്ചു.

എന്‍.എ.സി.

സഭയ്ക്ക് ഒരു National affairs Commission ഉണ്ടായിരിക്കണമെന്ന് തീരുമാനിക്കുകയും അതിലേക്ക് അംഗങ്ങളായി പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, മി. സി. കെ. കൊച്ചുകോശി I.A.S. (Retd), പ്രൊഫ. നൈനാന്‍ ഏബ്രഹാം, ശ്രീ. തോമസ് കുതിരവട്ടം എം.പി., ശ്രീ. ഉമ്മന്‍ ചാണ്ടി എം.എല്‍.എ., ശ്രീ. എം. ഇ. കുര്യാക്കോസ്, ശ്രീമതി സാറാമ്മ ജേക്കബ് എന്നിവരെ നിശ്ചയിച്ചു.

(മലങ്കരസഭാ മാസിക, ഓഗസ്റ്റ് 1988)