വടക്കേ ഇന്ത്യയിലെ അപൂര്‍വ ഇടപെടലിന്‍റെ ഓര്‍മ്മയില്‍ രാജസ്ഥാനിലെ ജ്യോതിസ്സ് ആശ്രമം | ഫീലിപ്പോസ് റമ്പാന്‍


2019 ഫെബ്രുവരി മാസത്തെ ആ കറുത്ത ദിവസം ഓര്‍ത്തെടുക്കുകയാണ് ഞാന്‍. മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജ പരാതിയില്‍ പെട്ടെന്നൊരു ദിവസം ചില ഉദ്യോഗസ്ഥര്‍ ആശ്രമത്തില്‍ എത്തുന്നു. ആശ്രമം പൂട്ടി സീല്‍ ചെയ്യാനാണെന്ന വിവരം അറിയിക്കുന്നു. ആശ്രമത്തിലെ എല്ലാവരേയും പുറത്താക്കി സീല്‍ ചെയ്യുന്നു. ആശ്രമത്തിലെ അന്തേവാസികള്‍ ഉള്‍പ്പെട്ട ചുരുക്കം ചിലര്‍ മാത്രമായി ലോകം ചുരുങ്ങിയ നിമിഷങ്ങള്‍. പരാതി വ്യാജമാണെന്നും അന്വേഷണം നടത്തിയാല്‍ അക്കാര്യം ബോധ്യപ്പെടുമെന്നും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആശ്രമം പൂട്ടി സീല്‍ ചെയ്യാന്‍ വന്ന അധികാരികളോട് നടത്തിയ അഭ്യര്‍ത്ഥനകള്‍ എല്ലാം വിഫലമായി. മതപരിവര്‍ത്തനം നടന്നിട്ടില്ല എന്നറിയുന്ന, ഇടപെടാന്‍ സാധിക്കുന്ന പലരും ഇടപെടാന്‍ മടിച്ച സാഹചര്യം. ആശ്രമത്തിനോട് ബന്ധപ്പെട്ട എല്ലാവര്‍ക്കും കടുത്ത നിരാശയുടെ ദിവസങ്ങളായിരുന്നു അത്. ആശ്രമത്തിനെതിരേ വിവിധ മാധ്യമങ്ങളിലും മറ്റും തെറ്റായ വാര്‍ത്തകളും പ്രചരിച്ചു തുടങ്ങിയിരുന്നു. ‘മതപരിവര്‍ത്തനം’ എന്ന ആരോപണത്തില്‍ എങ്ങനെ ഇടപെടും എന്ന ചിന്തയായിരിക്കാം ആശ്രമത്തെ ബന്ധപ്പെട്ടിരുന്ന ഭൂരിഭാഗംപേരും ബന്ധപ്പെടാതെയുമായി. ആരേയും കുററപ്പെടുത്താനാകില്ല. അതായിരുന്നു സാഹചര്യം.

രാജസ്ഥാനിലെ കുയി വില്ലേജിന് സമീപം നിരക്ഷരരായ ആദിവാസി – ഗോത്ര മേഖലയില്‍ അഹമ്മദാബാദ് ഭദ്രാസനാധിപനായിരുന്ന ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് തിരുമേനിയാണ് ജ്യോതിസ്സ് ആശ്രമം സ്ഥാപിച്ചത്. വടക്കേ ഇന്ത്യ പോലുള്ള പ്രദേശത്ത് ന്യൂനപക്ഷങ്ങള്‍ പലതരത്തില്‍ പീഢിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആശ്രമം തുറന്ന് പ്രവര്‍ത്തിപ്പിക്കുക എന്ന അതീവ ദുഷ്ക്കരമായ ദൗത്യത്തിന് ആരെ സമീപിക്കും എന്ന ചിന്തയില്‍ മുഴുകിയിരിക്കുമ്പോള്‍ എന്നോടൊപ്പം ആശ്രമ അംഗമായ ബ്രദര്‍ ബെന്‍സന്‍ ടി. സജി, എന്‍റെ സുഹൃത്തായ നിതിന്‍ മണക്കാട്ടുമണ്ണിലുമായി ഈ വിഷയം സംസാരിച്ചു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ ഓര്‍ത്തഡോക്സ് സഭയുടെ അസോസിയേഷന്‍ സെക്രട്ടറി ആയിരുന്ന അഡ്വ. ബിജു ഉമ്മന്‍ സാറുമായി ഈ വിഷയം ഞാന്‍ സംസാരിച്ചു.

അങ്ങനെ ബിജു ഉമ്മന്‍ സാര്‍ മുഖാന്തിരം ആ വിഷയം ഉമ്മന്‍ ചാണ്ടി സാറുമായി സംസാരിക്കുകയും കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തു. ആ സമയം രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ടുമായി ഉമ്മന്‍ചാണ്ടി സാര്‍ നേരിട്ട് ബന്ധപ്പെടുകയും അങ്ങനെ എനിക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായി കണ്ട് സംസാരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.

രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കുമ്പോഴേക്കും പല ആഴ്ചകള്‍ പിന്നിട്ടിരുന്നു. ആശ്രമം ഇനി ഒരിക്കലും തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ആഗ്രഹിച്ചവര്‍ അവരുടേതായ രീതിയില്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതു കൊണ്ട് സത്യാവസ്ഥ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുക എന്നത് അതീവ ശ്രമകരമായിക്കും എന്ന ബോധ്യത്തോടെ തന്നെയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയെ കാണുവാന്‍ പോയത്.

ഉമ്മന്‍ചാണ്ടി സാര്‍ കൃത്യമായി കാര്യങ്ങള്‍ അശോക് ഗേഹ്ലോട്ടിനെ അറിയിച്ചിരുന്നതുകൊണ്ട് എനിക്ക് അധികം ബുദ്ധിമുട്ടില്ലാതെ തന്നെ കാര്യങ്ങള്‍ ധരിപ്പിക്കാനായി. ആശ്രമം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും രാജസ്ഥാന്‍ മുഖ്യമന്ത്രി ആ കൂടിക്കാഴ്ചയുടെ അവസാനം ഉറപ്പു നല്‍കി. ആ ഉറപ്പുകള്‍ എല്ലാം പാലിച്ചുകൊണ്ട് ആശ്രമം വീണ്ടും നീണ്ട 21 ദിവസങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം ആരംഭിച്ചു.
ഉമ്മന്‍ ചാണ്ടി സാര്‍ അത്തരം ഒരു ഇടപെടല്‍ നടത്തിയില്ലായിരുന്നെങ്കില്‍ ആശ്രമം തുറന്ന് പ്രവര്‍ത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല എന്നാണ് ഞാന്‍ ഉള്‍പ്പെടെയുള്ള ആശ്രമത്തിലെ അംഗങ്ങള്‍ ഇന്നും വിശ്വസിക്കുന്നത്.

കേരളത്തിനകത്ത് ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന്‍ ജനഹൃദയങ്ങളില്‍ ജീവിക്കുന്നതെങ്ങനെയെന്ന് കേരളം കണ്ടു കൊണ്ടിരിക്കുകയാണ്. കേരളത്തിന് പുറത്തും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യന് ഉണ്ടായിരുന്ന സ്വീകാര്യതയുടെയും അംഗീകാരത്തിന്‍റെയും മകുടോദാഹരണമായിരുന്നു ജ്യോതിസ്സ് ആശ്രമത്തിന് നേരിട്ട വിഷമ ഘട്ടത്തില്‍ ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിന്‍റെ ഇടപെടല്‍ എന്ന് നിസ്സംശയം പറയാം.

ഒരു മാസത്തിന് ശേഷം ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു, അത് ഉമ്മന്‍ ചാണ്ടി സാറിന്‍റെ മകന്‍ ചാണ്ടി ഉമ്മന്‍റെയായിരുന്നു.

‘അപ്പായ്ക്ക് അച്ചനോട് ഒന്ന് സംസാരിക്കണം.’

എന്തു കൊണ്ടായിരിക്കും തന്നോട് സംസാരിക്കണമെന്ന് ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ജിജ്ഞാസയോടെ നില്‍ക്കുമ്പോള്‍ ഫോണിന്‍റെ മറുതലക്കല്‍ നിന്നും ഉമ്മന്‍ചാണ്ടി സാറിന്‍റെ ശബ്ദം.

‘…. എന്തേ കാര്യങ്ങളൊക്കെ, പ്രശ്നങ്ങളൊക്കെ തീര്‍ന്നോ….’

അന്നുവരെ കേട്ടറിയുകയോ അനുഭവിച്ചറിയുകയോ ചെയ്തിട്ടില്ലാത്ത ആ അനുഭവം, സമാനതകളില്ലാത്ത ഉമ്മന്‍ചാണ്ടിയെന്ന വലിയ മനുഷ്യന്‍റെ മനസ്സിലെ നന്മയെ ബോധ്യപ്പെടുത്തുന്നതായിരുന്നു. നിരവധി തിരക്കുകള്‍ ഉള്ള ഒരു മനുഷ്യന്‍ ഇക്കാര്യം ഓര്‍ത്ത് ഇങ്ങോട്ട് വിളിച്ച് അന്വേഷിച്ചു എന്നത് ഇന്നും ആശ്രമത്തെ സംബന്ധിച്ച് നിത്യ വിസ്മയമാണ്.

ആശ്രമത്തിന് നേരിട്ട വലിയ പ്രതിസന്ധിയില്‍ ആദരണീയനായ ഉമ്മന്‍ ചാണ്ടി സാര്‍ നല്‍കിയ സഹായങ്ങളും മാനസിക ധൈര്യവും ഒരിക്കലും എനിക്കോ, ആശ്രമ അംഗങ്ങള്‍ക്കോ മറക്കുവാന്‍ സാധിക്കുകയില്ല. ആശ്രമത്തിന്‍റെതായിട്ടുള്ള എല്ലാ അനുശോചനങ്ങളും അര്‍പ്പിക്കുന്നു. ദൈവം അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെയെന്ന് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു.