യോഗത്തിനിടെ ഉമ്മൻ ചാണ്ടിയുടെ വിളിയെത്തി; ‘അതിവേഗം ബഹുദൂരം’ എന്ന വാചകം വന്ന വഴി


തിരുവനന്തപുരം∙ എ.കെ.ആന്റണിയുടെ രാജിയെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ നാളുകൾ. മന്ത്രിസഭായോഗം ചേരുന്നതിനിടെ, പിആർഡിയുടെ ചുമതലയുണ്ടായിരുന്ന ജിജി തോംസൺ ഐഎഎസിന് മുഖ്യമന്ത്രിയുടെ ഫോൺവിളിയെത്തി. എത്രയും വേഗം മന്ത്രിസഭായോഗം നടക്കുന്ന ഹാളിലെത്തണം. സർക്കാരിന്റെ വികസന കാര്യങ്ങൾക്കായി ഒരു പ്രചാരണ വാചകം വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം.

ഐടിയുമായി ബന്ധപ്പെട്ട ആധുനിക മുദ്രാവാക്യം ആയിരിക്കണമെന്നായിരുന്നു മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നിർദേശം. 15 മിനിട്ട് സമയമെടുത്തശേഷം ‘കേരള ഫാസ്റ്റ് ഫോർവേർഡ്’ എന്ന വാചകവുമായി ജിജി തോംസൺ എത്തി. കുഞ്ഞാലിക്കുട്ടിക്ക് വാചകം ഇഷ്ടമായി. മലയാളത്തിലുള്ള പേരല്ലേ നല്ലത് എന്ന അഭിപ്രായമായിരുന്നു കെ.എം.മാണിക്ക്. കേരളം അതിവേഗം ബഹുദൂരമെന്നും പിന്നീട് അതിവേഗം ബഹുദൂരമെന്നും പ്രചാരണ വാചകം മാറി; വാചകം ശ്രദ്ധനേടി.

പരാതിക്കാരന്റെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള അപാരമായ കഴിവുള്ള നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പറയുന്നു. പരാതിക്കാരന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴേ പ്രശ്നത്തിന്റെ തീവ്രത മനസിലാകൂ. നിസ്വാർഥനായ നേതാവായിരുന്നു. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഇത്ര ശ്രദ്ധ കൊടുത്ത നേതാവില്ല. ഇതുവരെ ഉമ്മൻ ചാണ്ടിയെ ക്ഷുഭിതനായി കണ്ടിട്ടില്ലെന്നും ജിജി തോംസൺ പറഞ്ഞു.

വികസന കാര്യങ്ങൾക്ക് ഉമ്മൻചാണ്ടി കൊടുത്ത ശ്രദ്ധയ്ക്ക് ഒരുദാഹരണം ജിജി തോംസൺ ചൂണ്ടിക്കാട്ടി. കഴക്കൂട്ടം–കാരോട് ദേശീയ പാതയുടെ വികസനം വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ പാത നാലുവരിയായി വികസിക്കണം. മരങ്ങൾ മുറിക്കുന്നതിലെ എതിർപ്പായിരുന്നു പദ്ധതിയുടെ പ്രധാന തടസം. പദ്ധതിയുടെ തടസ്സങ്ങൾ നീക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർദേശിച്ചതനുസരിച്ച് ജിജി തോംസൺ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി. കേരളത്തിൽ ഒന്നും നടക്കാൻ പോകുന്നില്ലെന്നും, എല്ലാം പരിസ്ഥിതിവാദികളുടെ പ്രക്ഷോഭത്തിൽ തടസ്സപ്പെടുകയാണെന്നും മന്ത്രിയുടെ മറുപടി. താൻ ശ്രമിച്ചു നോക്കാമെന്ന് ജിജി തോംസൺ പറഞ്ഞപ്പോൾ ആദ്യം മരം മുറിച്ച് കാണിക്കാനായിരുന്നു മന്ത്രിയുടെ നിർദേശം.

കേരളത്തിലെത്തിയ ജിജി തോംസൺ മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് കവയത്രി സുഗതകുമാരിയുമായി ചർച്ച നടത്തി. എന്തു വന്നാലും മരം മുറിക്കാൻ അനുവദിക്കില്ലെന്നായിരുന്നു സുഗതകുമാരിയുടെ നിലപാട്. സംസ്ഥാനം വികസിക്കണമെങ്കിൽ റോഡ് വികസിക്കണമെന്നും മുറിക്കുന്ന മരങ്ങൾക്ക് പകരമായി നാലിരട്ടി മരങ്ങൾ വച്ചുപിടിപ്പിക്കാമെന്നും ജിജി തോംസൺ പറഞ്ഞു. ഇതൊക്കെ പറയുമെന്നും ഒന്നും നടക്കാൻ പോകുന്നില്ലെന്നുമായി സുഗതകുമാരി. മുഖ്യമന്ത്രി സുഗതകുമാരിയുമായി സംസാരിച്ചു.

കഴക്കൂട്ടം സൈനിക സ്കൂൾ പരിസരത്തും കേരളയൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാംപസിലും വൈദ്യൻ കുന്നിലുമായി മരങ്ങൾ നടന്നാൻ 40 ഏക്കർ കണ്ടെത്തി. മരങ്ങള്‍ വയ്ക്കണമെങ്കിൽ ഫണ്ട് വേണം. കേന്ദ്രഫണ്ട് കിട്ടുമോയെന്ന് ആരായാന്‍ മുഖ്യമന്ത്രി നിർദേശിച്ചു. ഗഡ്കരിയെ കണ്ടപ്പോൾ 10 കോടി അനുവദിച്ചു. മരങ്ങൾ മുറിച്ചതോടെ പാതയുടെ പണി ആരംഭിച്ചു. പദ്ധതികൾ നടപ്പിലാക്കുമ്പോൾ ‘മാക്രോ ലുക്ക്’ അല്ല ‘മൈക്രോ ലുക്ക്’ വേണമെന്നും പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാൻ ഉമ്മൻചാണ്ടിക്ക് പ്രത്യേക കഴിവുണ്ടായിരുന്നതായും ജിജിതോംസൺ പറയുന്നു. പദ്ധതികളിലെ ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചാലേ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയൂ.

വിഴിഞ്ഞം പദ്ധതിയുടെ കരാർ ഒപ്പിടുന്ന സമയത്ത് സിഎസ്ആർ ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് പ്രത്യേകം പരാമർശിച്ചിരുന്നില്ല. സിഎസ്ആർ ഫണ്ട് വിഴിഞ്ഞത്തുതന്നെ വിനിയോഗിക്കണമെന്ന് ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. അതനുസരിച്ച് ആ ഭാഗം കരാറിൽ ഉൾപ്പെടുത്തി. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അനുമതി ഉമ്മൻചാണ്ടി നൽകിയിരുന്നു. മഴക്കാലത്ത് കിഴക്കേക്കോട്ടയിൽ വെള്ളം പൊങ്ങിയപ്പോൾ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസന്റെ ഫോണിലേക്കെത്തിയ ഒരു സാധാരണക്കാരന്റെ വിളിയിൽനിന്നാണ് ഓപ്പറേഷൻ അനന്തയുടെ തുടക്കം.

ക്ഷുഭിതനായി വിളിച്ച ആൾ, കഴുത്തറ്റം വെള്ളത്തിൽ നിൽക്കുകയാണെന്നും നിങ്ങളൊക്കെ എന്തിനാണ് ഭരണാധികാരികളായി ഇരിക്കുന്നതെന്നും ചോദിച്ചു. സ്ഥലം സന്ദർശിച്ച ചീഫ് സെക്രട്ടറി കണ്ടത് സ്വകാര്യ വ്യക്തികൾ കയ്യേറിയതിനാൽ വീതി കുറഞ്ഞ് മലിനജലം കെട്ടികിടക്കുന്ന ഓടയാണ്. ജലം ഒഴുകാത്തതാണ് തമ്പാനൂരിനെ സ്ഥിരമായി വെള്ളക്കെട്ടിലാക്കിയത്. പിആർഡി ഓടകളുടെ ദൃശ്യം ചിത്രീകരിച്ചു. അടുത്ത മന്ത്രിസഭായോഗം തുടങ്ങുന്നതിനു മുൻപ്, തനിക്കൊരു കാര്യം പറയാൻ അനുവാദം തരണമെന്ന് ജിജി തോംസൺ അഭ്യർഥിച്ചു. മലിനജലം കെട്ടിക്കിടക്കുന്ന ഓടകളുടെ വിഡിയോ ചീഫ് സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു. ഇതു കേരളത്തിലാണോ എന്നായിരുന്നു മന്ത്രിമാരുടെ ചോദ്യം. കേരളത്തിലാണെന്നു മാത്രമല്ല സെക്രട്ടേറിയറ്റിന്റെ തൊട്ടടുത്താണെന്നായിരുന്നു ജിജി തോംസന്റെ മറുപടി.

നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകരുതെന്ന് ജിജി തോംസൺ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പദ്ധതി മുന്നോട്ടുപോയതോടെ തമ്പാനൂർ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി. തന്റെ മുൻകൂർ അനുവാദമില്ലാതെ വിഡിയോ പ്രദർശിപ്പിച്ചതിന് വേണമെങ്കിൽ മുഖ്യമന്ത്രിക്ക് ശാസിക്കാമായിരുന്നെന്നും ഉമ്മൻചാണ്ടിയുടെ ശൈലി അങ്ങനെ അല്ലായിരുന്നെന്നും ജിജി തോംസൺ പറയുന്നു.

നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകരുതെന്ന് ജിജി തോംസൺ ആവശ്യപ്പെട്ടു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പദ്ധതി മുന്നോട്ടുപോയതോടെ തമ്പാനൂർ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമായി. തന്റെ മുൻകൂർ അനുവാദമില്ലാതെ വിഡിയോ പ്രദർശിപ്പിച്ചതിന് വേണമെങ്കിൽ മുഖ്യമന്ത്രിക്ക് ശാസിക്കാമായിരുന്നെന്നും ഉമ്മൻചാണ്ടിയുടെ ശൈലി അങ്ങനെ അല്ലായിരുന്നെന്നും ജിജി തോംസൺ പറയുന്നു.