മാര്‍ത്തോമ്മാ ഏഴാമന്‍ (1796-1809)

പകലോമറ്റം തറവാട്ടിലെ മാത്തന്‍ കത്തനാരെ 1794 മേടം 7-ന് കായംകുളം പീലിപ്പോസ് കത്തനാരൊന്നിച്ച് ആറാം മാര്‍ത്തോമ്മാ റമ്പാന്‍ ആക്കി. 1796 മേടം 24-ന് ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് മാത്തന്‍ റമ്പാനെ ഏഴാം മാര്‍ത്തോമ്മാ എന്ന സ്ഥാനനാമത്തില്‍ ആറാം മാര്‍ത്തോമ്മാ വാഴിച്ചു. നിരണം ഗ്രന്ഥവരി ഇദ്ദേഹത്തെ ഇളയ അച്ചന്‍ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്; 6-ാം മാര്‍ത്തോമ്മായെ വലിയ അച്ചന്‍ എന്നും. ഇവരുടെ കാലത്ത് മാര്‍ ദീയസ്ക്കോറോസ് എന്ന ഒരു പരദേശ മെത്രാന്‍ 1805 കന്നി 18-ന് മലങ്കരയിലെത്തി. വഴക്കാളിയായ ഇദ്ദേഹത്തെ 7-ാം മാര്‍ത്തോമ്മായുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് തിരിച്ചയച്ചു. ആറാം മാര്‍ത്തോമ്മായുടെ കാലശേഷം 1808 ഏപ്രിലില്‍ 7-ാം മാര്‍ത്തോമ്മാ സഭാഭരണം കയ്യേറ്റു. ഇദ്ദേഹം 1808 ഡിസംബറില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ പലിശയ്ക്കായി നിക്ഷേപിച്ച 3000 പൂവരാഹനാണ് സഭാചരിത്രത്തില്‍ ‘വട്ടിപ്പണം’ എന്ന് അറിയപ്പെടുന്നത്. കുന്നംകുളം പുലിക്കോട്ടില്‍ ഇട്ടൂപ്പ് മല്പാനെയും കായംകുളം ഫീലിപ്പോസ് റമ്പാനെയും ഇദ്ദേഹം ഉപദേശകരായി പരിഗണിച്ചിരുന്നു. അദ്ദേഹം 1809 ജൂലൈ 4-ന് കണ്ടനാട് വച്ച് ദിവംഗതനായി. കോലഞ്ചേരി പള്ളിയില്‍ കബറടക്കപ്പെട്ടു. നിരണം ഗ്രന്ഥവരിയുടെ നിര്‍മ്മാണത്തെ ഇദ്ദേഹം ത്വരിതപ്പെടുത്തി.

7-ാം മാര്‍ത്തോമ്മാ പകലോമറ്റം കുടുംബത്തിലെ അവസാനത്തെ മെത്രാന്‍ ആയിരുന്നു. അദ്ദേഹം രോഗശയ്യയില്‍ മരണാസന്നനായി കിടന്നപ്പോള്‍ ദത്ത് മൂലം പകലോമറ്റം കുടുംബത്തിലേക്ക് സ്വീകരിക്കപ്പെട്ട ഒരു വൈദികനെ തല്പരകക്ഷികള്‍ 8-ാം മാര്‍ത്തോമ്മാ എന്ന് പ്രഖ്യാപിച്ചു. ചലനമറ്റുകൊണ്ടിരുന്ന 7-ാം മാര്‍ത്തോമ്മായുടെ കൈകള്‍ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ ശുശ്രൂഷകളും കുര്‍ബ്ബാനയും കൂടാതെ മറ്റുള്ളവര്‍ എടുത്തുവച്ചതിനെയാണ് തല്‍പ്പരകക്ഷികള്‍ കൈവെപ്പ് എന്ന് വിശേഷിപ്പിച്ചത്. ഇത് സഭയില്‍ ഭിന്നതകള്‍ക്കിടയാക്കി. എങ്കിലും 1809 ചിങ്ങം 1-ന് ചേര്‍ന്ന കണ്ടനാട് സുന്നഹദോസ് തയാറാക്കിയ കണ്ടനാട് പടിയോല പ്രകാരം ഭരണം നടത്താമെന്ന് ഉറപ്പുനല്‍കിയതിനാല്‍ സഭ അദ്ദേഹത്തെ ആ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വീകരിക്കുകയും യോഗതീരുമാനപ്രകാരം 8-ാം മാര്‍ത്തോമ്മായില്‍ നിന്ന് റമ്പാന്‍ സ്ഥാനം സ്വീകരിച്ച കുന്നംകുളം പുലിക്കോട്ടില്‍ ഈട്ടൂപ്പ് റമ്പാനെയും കായംകുളം ഫീലിപ്പോസ് റമ്പാനെയും 8-ാം മാര്‍ത്തോമ്മായുടെ ഉപദേശകരായി നിയമിക്കുകയും ചെയ്തു.