പെന്തിക്കോസ്തിക്കു മുമ്പുള്ള ഞായറാഴ്ച
(വി. യോഹന്നാന്‍ 13: 31-36)
പെസഹാ പെരുന്നാളിനു മുമ്പെ യേശുതമ്പുരാന്‍ തന്‍റെ ശിഷ്യന്മാരെ എല്ലാം ഒന്നിച്ചു വിളിച്ചു കൂട്ടുന്നു. മുന്‍ അവസരങ്ങളില്‍ അവിടന്ന് സമയമായില്ല എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയമായിരിക്കുകയാണ് എന്നു പറയുകയാണ്. അവസാനത്തോളം സ്നേഹത്തിന്‍റെ പരമകാഷ്ഠവരെ അവരെ സ്നേഹിച്ചു. മരണത്തോളം ഏറ്റവും സമീപിച്ച സമയത്തും ക്രിസ്തുവിന്‍റെ ചിന്ത സ്വയത്തെക്കുറിച്ചായിരുന്നു. കുരിശില്‍ തൂങ്ങിക്കിടന്ന അവസരത്തിലും അവിടുത്തെ ചിന്ത ശിഷ്യന്മാര്‍, തന്നെ കുരിശില്‍ തറച്ചവര്‍, കൂട്ടത്തില്‍ തറക്കപ്പെട്ട കള്ളന്മാര്‍, മാതാവ് ഇവരെക്കുറിച്ചായിരുന്നു. അവിടുന്ന് സാക്ഷാല്‍ ദൈവമാണ്. അവിടുത്തെ മനുഷ്യാവതാരകാലം സമാപിക്കാറായിരിക്കുന്നു. ഈ അവസരത്തില്‍ സ്നേഹത്തിന്‍റെയും താഴ്മയുടെയും ആദര്‍ശം പ്രവൃത്തിയിലൂടെ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുവാന്‍ അവിടുന്നു ശ്രമിക്കുന്നു. എത്ര ഉയര്‍ന്ന നിലയിലുള്ള ആളായാലും തന്‍റെ സ്നേഹിതന്മാര്‍ക്കുവേണ്ടി എന്തിനും സന്നദ്ധനാകണം. മേലുള്ളവരുടെ ചുമതല തങ്ങളുടെ താഴെയുള്ളവരെ സേവിക്കുകയാണ്. തങ്ങളില്‍ ആരാണ് വലിയവന്‍ എന്ന് ശിഷ്യന്മാരുടെ ഇടയില്‍ തര്‍ക്കമുണ്ടായി (വി. ലൂക്കോസ് 22:24). ഭക്ഷണസമയത്ത് അവിടെ ആവശ്യമായ പരിചരണം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ മത്സരബുദ്ധി പ്രകടിപ്പിക്കുകയായിരുന്നു. അതിഥിയുടെ കാല്‍ കഴുകുക വിരുന്നു ഒരുക്കുന്നവരുടെ ഉത്തരവാദിത്വം ആയിരുന്നു. എന്നാല്‍ ആ ജോലി ചെയ്യുന്ന പക്ഷം ആ ആള്‍ കൂട്ടത്തില്‍ ഏറ്റവും ഹീനനെന്നു വന്നുപോയേക്കാമെന്ന് ഭയപ്പെട്ട് ആരും അതിനു തയ്യാറായില്ല. എന്നാല്‍ കര്‍ത്താവ് തന്നെ അവരുടെ എല്ലാവരുടെയും കാല്‍ കഴുകുന്നു.
ന്യായപ്രമാണപ്രകാരമുള്ള പെസഹാ ഭക്ഷണത്തിനുശേഷം (വി. മത്തായി 26:26) കര്‍ത്താവ് എഴുന്നേറ്റ് തന്‍റെ പുറംകുപ്പായം മാറ്റി, അരയില്‍ ഒരു തൂവാലയും ചുറ്റി വെള്ളത്തില്‍ പാത്രമെടുത്ത് ശരിയായ ഒരു ദാസനെപ്പോലെ എല്ലാവരുടെയും കാലുകള്‍ കഴുകുന്നു. ശരിയായ ഒരു ദാസനെപ്പോലെ ഈ പ്രവൃത്തി ചെയ്യുന്നത്. കര്‍ത്താവിന്‍റെ ഈ പ്രവൃത്തി മുഖാന്തിരം എല്ലാ ശിഷ്യന്മാര്‍ക്കും തങ്ങളുടെ സ്ഥാനമോഹത്തെക്കുറിച്ച് പശ്ചാത്താപമുണ്ടായി എങ്കിലും യൂദാ ഇസ്ക്കരിയോത്തായുടെ ഹൃദയത്തിനു മാത്രം യാതൊരു ചലനവും ഉണ്ടായില്ല. ഇത് മുന്നമേ അറിഞ്ഞതുകൊണ്ട് തന്നെ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന കര്‍ത്താവിന്‍റെ ക്ഷമാശീലം വിസ്മനീയം തന്നെ. അര്‍ഹത നോക്കാതെ മറ്റുള്ളവര്‍ക്ക് സേവനം അനുഷ്ഠിക്കേണ്ടതാണ് എന്നുള്ള ഒരു സന്ദേശം കര്‍ത്താവ് ഇതിലൂടെ നല്‍കുന്നു. ഏതു സംഘടനയിലും, പ്രത്യേകിച്ചു ക്രിസ്തുസഭയില്‍ ഏത് ഉന്നതസ്ഥാനത്തിരിക്കുന്നവരുടെയും ചുമതല ആരാണ് വലിയവന്‍ എന്ന് തീരുമാനിക്കുകയല്ല പിന്നെയോ സ്നേഹത്തിലൂടെ ശുശ്രൂഷ അനുഷ്ഠിക്കുക എന്നുള്ളതാണ്.
നിങ്ങള്‍ അന്യോന്യം സ്നേഹിക്കുവിന്‍
നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കണം എന്ന പുതിയ ഒരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ സ്നേഹിക്കണം. നിങ്ങള്‍ക്ക് തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്നു എല്ലാവരും അറിയും. ഇവിടെ ക്രിസ്തു തന്‍റെ മനുഷ്യരോടുള്ള സ്നേഹം എപ്രകാരമുള്ളത് എന്നും അതേ മാതൃകയില്‍ മനുഷ്യന്‍ മറ്റുള്ളവരെയും സ്നേഹിക്കണം എന്നും ക്രിസ്തു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പഴയനിയമ കല്പനകളില്‍ സ്നേഹത്തിനു വലിയ ഒരു സ്ഥാനം ഉണ്ടായിരുന്നു. ദൈവത്തെയും സമസൃഷ്ടിയെയും സ്നേഹിക്കുന്നതില്‍ പത്തുകല്പനകള്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നതായി കര്‍ത്താവ് പഠിപ്പിക്കുന്നു. ആകയാല്‍ ഇതു വെറും പുതിയ കല്പനയല്ല. പഴയതിന്‍റെ ഒരു തുടര്‍ച്ച. പഴയനിയമാനുസരണമുള്ള ഒന്നാമത്തെ പെസഹായ്ക്കുശേഷം മോശയ്ക്കു സീനായി മലയില്‍ വച്ച് പത്തു കല്പനകള്‍ നല്‍കപ്പെട്ടു. കര്‍ത്താവ് ഇവിടെ ആ പഴയനിയമ പെസഹാ ആചരിച്ച് അതിനെ അവസാനിപ്പിക്കുകയും വി. കുര്‍ബ്ബാന സ്ഥാപിച്ചുകൊണ്ട് പുതിയനിയമം ആരംഭിക്കുകയും ചെയ്തു. അതേ തുടര്‍ന്ന് പുതിയനിയമത്തിലെ സര്‍വ്വപ്രധാനമായ സ്നേഹമെന്ന കല്പനയും നല്‍കുന്നു. ഈ സ്നേഹം പ്രകടിപ്പിക്കുവാന്‍ സാധിക്കുന്നത് എങ്ങനെയാണ്? യജമാനന്‍ ദാസനെപ്പോലെ സ്വശിഷ്യരുടെ പാദസേവ അനുഷ്ഠിക്കുക. ശത്രുക്കള്‍ക്കുവേണ്ടി കൂടി പ്രാണാര്‍പ്പണം ചെയ്യുക എന്നീ രണ്ടു വലിയ ആദര്‍ശങ്ങള്‍ പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊണ്ട് ഇതാണ് ശിഷ്യത്വത്തിന്‍റെ മാനദണ്ഡം എന്നു പറയുന്നത്.
ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും തന്‍റെ സഹോദരനെ പകെക്കുകയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന്‍ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെ സ്നേഹിക്കണം എന്നീ കല്പന നമുക്ക് അവങ്കല്‍നിന്നു ലഭിച്ചിരിക്കുന്നു (1 യോഹ. 4:20). എന്നാല്‍ ഈ ലോകത്തിലെ വസ്തുവകയുള്ളവന്‍ ആരെങ്കിലും തന്‍റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ട് അവനോടു മനസ്സലിവു കാണിക്കാഞ്ഞാല്‍ ദൈവത്തിന്‍റെ സ്നേഹം അവനില്‍ എങ്ങനെ വസിക്കും (1 യോഹ. 3: 16, 17). നാം വാക്കിനാലും, നാവിനാലും അല്ല പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക. ആയതിനാല്‍ നമുക്ക് അന്യോന്യം സ്നേഹിക്കുക എന്ന ദൈവീക കല്പന അനുസരിച്ച് ജീവിക്കുവാന്‍ കഴിയണം.
കഴിഞ്ഞ വ്യാഴാഴ്ച നാം സ്വര്‍ഗ്ഗാരോഹണപ്പെരുന്നാള്‍ ആഘോഷിച്ചു. ഉയര്‍പ്പു പെരുന്നാളിനു ശേഷം നാല്പതാം ദിനമാണല്ലോ സ്വര്‍ഗ്ഗാരോഹണം. സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം പത്താംനാള്‍ പെന്തിക്കോസ്തി. സ്വര്‍ഗ്ഗാരോഹണം മുതല്‍ പെന്തിക്കോസ്തി വരെയുള്ള പത്തു ദിവസങ്ങള്‍ കാത്തിരിപ്പിന്‍റെ ദിവസങ്ങളായി സഭ കണക്കാക്കുന്നു. അപ്പോസ്തോലിക സമൂഹം കാത്തിരുന്നതും ഇന്നത്തെ സഭ കാത്തിരിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ലഭിച്ചിട്ടില്ലാത്ത പരിശുദ്ധാത്മാവിനെ പ്രാപിക്കുവാന്‍ വേണ്ടിയായിരുന്നു അന്നു കാത്തിരുന്നത്. ഇന്നാകട്ടെ ലഭിച്ചിട്ടുള്ള ആത്മാവിന്‍റെ നിറവിനായി കാത്തിരിക്കുകയാണ്. നാമിന്ന് ജഡീകരായി തുടരുന്നു. നാം ആത്മീയമായി ഉയര്‍ന്നിട്ടില്ല. ഇന്നു നമുക്ക് പാപബോധമില്ല. സ്വയനീതീകരണത്തിലും ആത്മപ്രശംസയിലും നാം കഴിയുന്നു. മ്ലേച്ഛമായ പലതും മാന്യതയുടെ മൂടുപടം നാം അണിയിച്ച് നാം താലോലിക്കുകയാണ്. വെറുക്കപ്പെടേണ്ട പലതും മാന്യതയുടെ മാനദണ്ഡമായി അംഗീകരിക്കപ്പെടുകയാണ്. പരിശുദ്ധാത്മാവ് വരുമ്പോള്‍ പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും (വി. യോഹന്നാന്‍ 16:8). നമ്മുടെ ബലഹീനതയില്‍ ആത്മാവു നമ്മെ സഹായിക്കുന്നു. ദൈവത്തിന്‍റെ ജനത്തിനുവേണ്ടി അവിടുത്തെ ഹിതപ്രകാരം ആത്മാവു തിരുസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നു (റോമര്‍ 8:2..). ഇതിനുള്ള പരിഹാരം പരിശുദ്ധാത്മാവ് നിറവ് അല്ലാതെ മറ്റൊന്നുമല്ല.
പരിശുദ്ധാത്മ നിറവ് എങ്ങനെ കൈവരുത്താം?
എ) ഹൃദയം നേരുള്ളതായിരിക്കണം: “നിന്‍റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തില്‍ നിനക്ക് പങ്കും ഓഹരിയുമില്ല (അ. പ്ര. 8:21). ശമര്യയിലെ ആഭിചാരകനായ ശീമോന്‍ മാനസാന്തരപ്പെട്ടു സ്നാനമേറ്റു, സഭയുടെ അംഗമായി. അപ്പോസ്തലന്മാര്‍ മുഖാന്തിരം അത്ഭുതങ്ങള്‍ നടക്കുന്നതു കണ്ടപ്പോള്‍ പരിശുദ്ധാത്മശക്തി അയാള്‍ക്കും ലഭിക്കണമെന്ന് മോഹമുണ്ടായി. അതു പ്രാപിക്കുവാന്‍ എന്തു വില കൊടുക്കുവാനും തയ്യാറാണെന്നു പറഞ്ഞപ്പോള്‍ പത്രോസ് പറഞ്ഞ വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. ദാവീദ് രാജാവ് പ്രാര്‍ത്ഥിക്കുന്നു “ദൈവമേ നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ച് സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കണമെ (സങ്കീ. 5:10). “നിങ്ങള്‍ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍. എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും (അ. പ്ര. 2:38).
ബി) കാത്തിരുന്നു പ്രാര്‍ത്ഥിക്കണം: ആത്മാവ് ദൈവത്തിന്‍റെ വിലയേറിയ ദാനമാണ്. അത് നാം ദൈവത്തോട് അപേക്ഷിച്ച് പ്രാപിക്കേണ്ടതാകുന്നു. അപ്പോസ്തല സമൂഹം യരുശലേമില്‍ നിന്ന് വിട്ടുപോകാതെ കര്‍ത്തൃനിയോഗപ്രകാരം ഏകാത്മാവില്‍, ഏകമനസ്സോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ പ്രാര്‍ത്ഥനാനിരതരായി കഴിഞ്ഞ സമൂഹത്തിനാണ് പെന്തിക്കോസ്തിയില്‍ പരിശുദ്ധാത്മദാനം ലഭിച്ചത്.
സി) ദൈവത്തിന്‍റെ കല്പനകളെ അനുസരിക്കണം: ദൈവം തന്നെ അനുസരിക്കുന്നവര്‍ക്ക് നല്‍കിയ പരിശുദ്ധാത്മാവും സാക്ഷി ആകുന്നു. (അപ്പോ. പ്ര. 5:32) ദൈവത്തിന്‍റെ പ്രമാണങ്ങളെ അനുസരിക്കാത്തവര്‍ക്ക് ആത്മാവിനെ ലഭിക്കുകയില്ല. പിതാവിനോടു പൂര്‍ണ്ണമായി അനുസരണമുള്ളവനായിരുന്നു പുത്രന്‍ തന്മൂലം ആത്മനിറവുള്ളവനായി അവിടുന്നു തന്‍റെ ദൗത്യം നിര്‍വ്വഹിച്ചു.
ഈ കാത്തിരിപ്പിന്‍റെ ഈ കാലഘട്ടത്തില്‍ പരിശുദ്ധാത്മാവിന്‍റെ പുതുക്കത്തിനായി നമുക്ക് ഹൃദയം നേരുള്ളവരായി, ദൈവത്തിന്‍റെ കല്പനകളെ അനുസരിച്ച് കാത്തിരുന്നു പ്രാര്‍ത്ഥിക്കാം.