മട്ടാഞ്ചേരി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനിപ്പള്ളി (1751 AD)
മലങ്കര സഭയുടെ സ്വാതന്ത്ര്യചരിത്രത്തിന് സുപ്രധാന പങ്കുവഹിച്ച സ്ഥലമാണ് മട്ടാഞ്ചേരി. പോര്‍ട്ടുഗീസുകാരുടെ ലത്തീന്‍വത്കരണത്തിനെതിരെ 1653-ല്‍ സുറിയാനി ക്രിസ്ത്യാനികള്‍ കുരിശില്‍ ആലാത്തു കെട്ടി പ്രതിജ്ഞ ചെയ്തത് മട്ടാഞ്ചേരി കുരിശിന്‍റെ ചുവട്ടിലായിരുന്നു.
കൊച്ചി പട്ടണത്തില്‍ മട്ടാഞ്ചേരിയുടെ ഹൃദയഭാഗത്ത് പുതിയ റോഡിന്‍റെ ഇടത്തുവശത്ത് സ്ഥിതിചെയ്യുന്ന മലങ്കരയിലെ അതിപുരാതനവും ചരിത്രപ്രസിദ്ധമായ ദേവാലയമാണ് മട്ടാഞ്ചേരി. സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനിപ്പള്ളി അഞ്ചാം മാര്‍തോമ്മായുടെ ഭരണകാലത്ത് (1728-1765) അദ്ദേഹത്തിന്‍റെ മെത്രാന്‍സ്ഥാന സാധുതയെച്ചൊല്ലി വിമര്‍ശനങ്ങള്‍ സഭയിലുയര്‍ന്നപ്പോള്‍ സഭയുടെ ക്ഷണം സ്വീകരിച്ചു പൗരസ്ത്യ കാതോലിക്കാ ശക്രള്ള മാര്‍ ബസ്സേലിയോസ് മഫ്രിയാനയും യെരുശലേമിന്‍റെ മാര്‍ ഗ്രീഗോറിയോസും 1751 എ.ഡി.യില്‍ കൊച്ചിയില്‍ എത്തി. പിതാക്കന്മാരെ കപ്പലില്‍ കൊച്ചി തുറമുഖത്ത് ഇറക്കിയവകയ്ക്കു ഡച്ചുകമ്പനിക്കാര്‍ക്ക് ഏകദേശം 12,000 രൂപ യാത്രാക്കൂലി കൊടുക്കണമെന്ന് മാര്‍തോമ്മാ അഞ്ചാമനോട് ആവശ്യപ്പെട്ടു. മേല്‍പ്പറഞ്ഞ തുക കൂടുതലാണ് എന്നത് തര്‍ക്കവിഷയമായി. തര്‍ക്കംമൂലം കമ്പനിക്കാര്‍ തിരുമേനിമാരെ കൊച്ചിയില്‍നിന്നു തിരികെ പോകുവാന്‍ അനുവദിച്ചില്ല. അഞ്ചാം മാര്‍തോമ്മായ്ക്കു ഇതുമൂലം അനേക ക്ലേശങ്ങള്‍ സഹിക്കേണ്ടിവന്നു. അധികം താമസിക്കാതെ തിരുമേനിമാര്‍ കൊച്ചി മഹാരാജാവിനെ വിഷമസന്ധികള്‍ ബോധിപ്പിച്ചു. കൊച്ചി രാജാവിന്‍റെ അനുവാദത്തോടെ മട്ടാഞ്ചേരിയില്‍ അഴിമുഖത്തിനടുത്ത് ഒരു പള്ളിക്കും പള്ളിവീടിനും മതിയായ 57 സെന്‍റു സ്ഥലം അട്ടിപ്പെറ്റുവില കൊടുത്തു വാങ്ങി പണിയിച്ചതാണ് (1751 എ.ഡി.യില്‍) വി. ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തിലുള്ള ഈ പള്ളി. എരിമീശ പള്ളിയെന്ന് ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. മാര്‍ ബസ്സേലിയോസ് ശക്രള്ള മഫ്രിയാന കാട്ടുമങ്ങാട്ട് കുര്യന്‍ കശീശായെ അബ്രഹാം റമ്പാനാക്കിയതും കൊല്ലവര്‍ഷം 945 വൃശ്ചികം 17-ന് കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ മാര്‍ കൂറീലോസ് മെത്രാനായി യെരുശലേമിന്‍റെ മാര്‍ ഗ്രീഗോറിയോസ് വാഴിച്ചതും ഈ ദേവാലയത്തില്‍വച്ചാണ് (മലങ്കര സ്വതന്ത്ര സുറിയാനി സഭ/തൊഴിയൂര്‍ സഭാസ്ഥാപകന്‍). 1764 തുലാം 9-ന് ഈ പള്ളിയിലുണ്ടായിരുന്ന മേടയില്‍വച്ച് ശക്രള്ള മാര്‍ ബസ്സേലിയോസ് കാലം ചെയ്തു. (കണ്ടനാട് മര്‍ത്തമറിയം പള്ളിയില്‍ കബറടക്കി). വി. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും സ്ലീബാപ്പെരുന്നാളും ഇവിടുത്തെ പ്രധാന പെരുന്നാളും നാട്ടിലെ വലിയ ആഘോഷവുമാണ്. കൊച്ചിക്കോട്ടപ്പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഫോര്‍ട്ടുകൊച്ചി മാര്‍ പത്രോസ് പൗലോസ് പള്ളി ഇടവകാംഗങ്ങള്‍ത്തന്നെയാണ് ഇവിടുത്തെ കുടുംബങ്ങള്‍. 123 ഇടവക്കാര്‍ ഇപ്പോഴുണ്ട്. ഈ ദേവാലയത്തിന്‍റെ അങ്കണത്തിലാണ് 2006 ജനുവരി 3-ന് കൂനന്‍കുരിശുസത്യം ചെയ്ത പിതാക്കന്മാരുടെ പാവനസ്മരണയ്ക്കുവേണ്ടി വി. ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ 25 അടി ഉയരമുള്ള കല്‍ക്കുരിശോടുകൂടിയ കുരിശിന്‍തൊട്ടി പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂനന്‍കുരിശ് സത്യസ്മരണാ കുരിശ്/മട്ടാഞ്ചേരി കല്‍ക്കുരിശ് എന്ന് ഇത് അറിയപ്പെടുന്നു.
– മലങ്കരസഭാ വിജ്ഞാനകോശം
മട്ടാഞ്ചേരിപ്പള്ളി
കൊടുങ്ങല്ലൂരും, കൊച്ചിയും വിദേശ വാണിജ്യ കേന്ദ്രമായതോടെ മട്ടാഞ്ചേരി യഹൂദരുടെയും ക്രിസ്ത്യാനികളുടെയും കേന്ദ്രമായി. അങ്ങാടിയില്‍ പള്ളിയുണ്ടായി. 1653-ലെ കൂനന്‍കുരിശ് സത്യം പ്രഖ്യാപിച്ചത് മട്ടാഞ്ചേരി പള്ളിയില്‍ വച്ചായിരുന്നു. 1751-ല്‍ വന്ന ശക്രള്ള ബാവാ ഇത് പുനര്‍ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ഒരിക്കല്‍ക്കൂടി പുനര്‍ നിര്‍മ്മാണം നടന്നു. അന്ന് കൊച്ചിയുടെ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അതിന്‍റെ പൂര്‍ണ്ണ കൂദാശ നിര്‍വഹിച്ചു. ഇന്ന് മട്ടാഞ്ചേരിയില്‍ ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ കുറവാണ്. കൊച്ചി പള്ളിയുടെ (ഫോര്‍ട്ട് കൊച്ചി) കീഴില്‍ നിലകൊള്ളുന്നു. ഇവിടെ ഉണ്ടായിരുന്ന കൂനന്‍കുരിശില്‍ ആലാത്തു കയര്‍ കെട്ടി അതില്‍ പിടിച്ചാണ് എല്ലാവരും സത്യപ്രഖ്യാപനത്തില്‍ പങ്കുചേര്‍ന്നത്. കൂനന്‍കുരിശ് സത്യ സ്മാരക കുരിശ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുണ്ട്.
– ഫാ. ഡോ. ജോസഫ് ചീരന്‍