നോഹയുടെ പെട്ടകം തുറക്കുമ്പോൾ… | റ്റിബിൻ ചാക്കോ തേവർവേലിൽ

യാക്കോബായ സഹോദരങ്ങളെ, മലങ്കരസഭയോട് ചേർന്ന് സ്വന്തം ദൈവാലയത്തിൽ ആരാധന നടത്തുവാനുള്ള അവസരം വീണ്ടും വന്നിരിക്കുകയാണ്. ആർക്കും മുറിവുണ്ടാകാത്ത രീതിയിൽ ഒരുമിക്കാം. ഒന്നായ മലങ്കര സഭയായി നിലകൊള്ളാം. ലഭിക്കുന്ന അവസരം ശരിയായി ഉപയോഗിച്ച് കൊള്ളുവിൻ.
യോജിപ്പ് എന്ന കേട്ട ഉടനെ വിഭജനത്തിന്റെ ആത്മാവ് വഹിക്കുന്ന സാത്താന്യ ശക്തികൾ ഘോരശബ്ദത്തിൽ അട്ടഹാസം ആരംഭിച്ചിരിക്കുന്നു. മലങ്കരസഭ അന്നുമുതൽ ഇന്ന് വരെ പറയുന്ന അതേ കാര്യം തന്നെ ആവർത്തിക്കുന്നു. 1934 ലെ ഭരണഘടനയും, സുപ്രീം കോടതി വിധികളും അനുസരിച്ച് ഒരൊറ്റ മലങ്കര സഭയായി തീരാം. അതിനുള്ള അവസാന അവസരമാണ് വന്നു ചേർന്നിരിക്കുന്നത്.
തമ്മിൽ ഛിദ്രം ഉണ്ടാക്കണമെന്നാഗ്രഹമുള്ള ശക്തികൾ വിവിധ നുണകളുമായി രംഗത്തെത്തിയിരിക്കുന്നു.
സമാധാനത്തിനോട് പുറംതിരിഞ്ഞ് നില്ക്കുന്നവർ പ്രചരിപ്പിക്കുന്ന പ്രധാന കള്ളമാണ് ചർച്ച് ബില്ലിനെ ഭയന്നാണ് മലങ്കരസഭ സമാധാനത്തിന്റെ വാതിൽ തുറന്നത് എന്ന്. നിങ്ങൾ മനസിലാക്കേണ്ട ഒരു സംഗതിയുണ്ട്. “നിങ്ങൾ എത്ര സാമ്പത്തിക സഹായം നൽകിയാലും ഗവൺമെന്റ് അങ്ങനെ ഒരു ഭോഷത്തരം കാണിക്കില്ല എന്ന സത്യം. അഥവാ അങ്ങനെ ചെയ്താൽ തന്നെ അത് നിലനിൽക്കയില്ല എന്ന സത്യം ” അത് ആരേക്കാളും നല്ലപോലെ അറിയാവുന്നത് ഇന്നത്തെ ഗവൺമെന്റിനും, നിങ്ങളുടെ തലപ്പത്തിരിക്കുന്നവർക്കുമാണ്. അവർ എന്നും നിങ്ങളെ പറഞ്ഞ് പറ്റിച്ച് കൊണ്ടേയിരിക്കും. മലങ്കരസഭ അന്നും ഇന്നും പറയുന്നത് ഒന്നു തന്നെ. സമാധാനപരമായി, നിയമസംഹിതക്കുള്ളിൽ നിന്നുകൊണ്ട് ആർക്കും കടന്നുവരാം.
മലങ്കരസഭയിലേക്ക് യോജിച്ച് ഒന്നായി നിൽക്കാനുള്ള അവസാന അവസരമാണിത്.
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ല വിധി നടപ്പിലാക്കിയ ദൈവാലയങ്ങൾ ഉൾപ്പെടെ തിരികെ പിടിക്കും എന്ന് മനപായസമുണ്ണുന്നവരോട്, 350 ൽ അധികം പള്ളികൾ ആണ് വിധി നടത്തിപ്പിൽ ഉള്ളത്. അതിൽ 60 ൽ അധികം പള്ളികളിൽ വിധി നടപ്പിലായി കഴിഞ്ഞു. 50 ന് അടുത്ത് പള്ളികളിൽ വിധി നടത്തിപ്പിന്റെ ക്രമീകരണങ്ങൾ നടന്നു വരുന്നു. ബാക്കി 250 ലും വിധി നടപ്പാക്കും. അക്കാര്യത്തിൽ തർക്കം വേണ്ട. നീതി നടപ്പിലാവുക തന്നെ ചെയ്യും.
ലഭിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ട് തെരുവിൽ നാടകം കളിച്ചിട്ട് കാര്യമില്ല.
ഇടത്തോട്ട് പോകേണ്ടവർക്ക് പോകാം. പക്ഷെ മലങ്കരസഭയുടെ പള്ളികളും പള്ളിവകകളും യഥാർത്ഥ ഉടമസ്ഥർക്ക് സമാധാനപരമായി കൈമാറി നിങ്ങളുടേതായ ഇടങ്ങളിലേക്ക് പോകാം. ഇവിടെ ശാശ്വത സമാധാനം ഉണ്ടാകും.

12-05-2023