ഐക്യത്തിനും സമാധാനത്തിനും വേണ്ടി അധ്വാനിക്കുക | ഡോ. തോമസ് മാര്‍ അത്താനാസിയോസ്


ഇങ്ങനെ തെരുവില്‍ വച്ച് നമ്മുടെ ഒരു കുടുംബ കാര്യം അലക്കണ്ടതായ ഒരു സാഹചര്യം ഉണ്ടായതില്‍ എല്ലാവര്‍ക്കും ദുഃഖം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബത്തില്‍ വഴക്കുണ്ടായി ചേരിതിരിഞ്ഞ ഒരു സന്ദര്‍ഭമാണ്. നമ്മളുടെ ആഗ്രഹം, ഭിന്നിച്ചു നില്‍ക്കുന്ന, ചേരി തിരിഞ്ഞു നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നിക്കണം എന്നാണ്. രണ്ടുകൂട്ടര്‍ക്കും അങ്ങനെയൊരു ആഗ്രഹം ഉണ്ടാവണം. പലപ്പോഴും പരസ്പരം ആക്ഷേപിക്കുന്നതില്‍ നമ്മള്‍ സന്തോഷം കണ്ടെത്താറുണ്ട്. അങ്ങനെയല്ല വേണ്ടത്. നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലുമൊക്കെ ഒത്തിരി മിതത്വം കാണിക്കേണ്ടതാണ്.

പ്രതീകങ്ങളെ കടന്നാക്രമിക്കരുത്. പാത്രിയര്‍ക്കീസ് ബാവാ നമ്മളെ സംബന്ധിച്ചിടത്തോളം ഭരണഘടനപ്രകാരം സഭയുടെ പിതാവാണ്. അക്രമിക്കുമ്പോള്‍, സംസാരിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. ആരെയും മുറിപ്പെടുത്തി ഒന്നിച്ചാക്കാന്‍ സാധിക്കുകയില്ല. നേരെമറിച്ച് പക്വതയോടെ, നേതൃത്വത്തിന്‍റെ ഗുണനിലവാരം നിലനിര്‍ത്തി കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. പൊതു സമൂഹത്തില്‍ നാം ഒരു വലിയ പരിധിവരെ ഒറ്റപ്പെട്ടിട്ടുണ്ട് എന്നത് ഒരു സത്യമാണ്. അതിന് പൊതുസമൂഹത്തെ മാത്രം നമ്മള്‍ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നിയമം കൊണ്ടു മാത്രം ഒരിടത്തും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. അതിനപ്പുറമായി ഒരു ക്രിസ്തീയ മനഃസാക്ഷി നമുക്ക് ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ മനസ്സ് ആര്‍ദ്രത ഉള്ളതാവണം. ദ്രവം ഉള്ളതായി തീരണം. ദൈവസന്നിധിയില്‍ മുട്ടിപ്പായി ഈ സഭയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സന്മനസ്സുള്ളതായി തീരണം. വിമര്‍ശിക്കാന്‍ എളുപ്പമാണ്. ആക്ഷേപങ്ങളും വിദ്വേഷത്തിന്‍റെ വചനങ്ങളും ഈ പൊതു വക്കിലിരുന്ന് അഴിച്ചുവിട്ടിട്ട് ഒരു കാര്യവുമില്ല. നേരെമറിച്ച് ഈ സഭയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി അധ്വാനിക്കാനും പ്രവര്‍ത്തിക്കുവാനും നമ്മളാണ് ശ്രമിക്കേണ്ടത്. ആരെയും മുറിപ്പെടുത്തി ഒരിക്കലും പ്രശ്നം തീര്‍ക്കാനാവില്ല. മുറിപ്പെടുത്തുവാന്‍ ശ്രമിക്കുമ്പോള്‍ മനസ്സിനൊരു ആഹ്ലാദം ഒരുപക്ഷേ ഉണ്ടാകും. പക്ഷേ അത് സൃഷ്ടിക്കുന്ന വേദന വളരെയധികമായിരിക്കും. അപ്പോള്‍ ആ തരത്തിലേക്ക് കാര്യങ്ങള്‍ മനസ്സിലാക്കുവാനും, മിതത്വവും പക്വതയും പാലിച്ച് ഇതിന് പരിഹാരം കണ്ടെത്തുവാനും നമ്മള്‍ ശ്രമിക്കേണ്ടതാണ്.

സഹോദരങ്ങള്‍ തമ്മിലുള്ള പുനരൈക്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അതിനുവേണ്ടിയുള്ള ആശയ സംവാദങ്ങള്‍ ഉണ്ടാവുകയുമാണ് ആവശ്യം. എനിക്ക് ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ. ഞാന്‍ എന്നും ആഗ്രഹിച്ചത് അത് തന്നെയാണ്. ഈ ഭിന്നിച്ച സഭ ഒന്നായി തീരട്ടെ. നമ്മുടെ മനസ്സില്‍ നല്ല ചിന്തകള്‍ ഉണ്ടാകട്ടെ. നല്ലൊരു സാക്ഷ്യം ഈ ലോകത്ത് സൃഷ്ടിക്കുവാന്‍ നമുക്ക് കഴിയട്ടെ.

(പോത്താനിക്കാട് ടൗണില്‍ 2019 ഡിസംബര്‍ 14-നു നടന്ന വിശദീകരണ യോഗത്തിലെ പ്രസംഗത്തില്‍ നിന്നും)