“എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം)

പുതുഞായറാഴ്ച
വി. യോഹന്നാന്‍ 20:19-29

യേശുതമ്പുരാന്‍റെ പുനരുത്ഥാനത്തിനുശേഷം ശിഷ്യന്മാര്‍ക്ക് പല അവസരത്തില്‍ വിവിധ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. അത് അവരുടെ കണ്ണുകള്‍ ക്രമേണ തുറക്കുവാന്‍ കാരണമായി. അങ്ങനെ ദുഃഖത്തില്‍ നിന്ന് സന്തോഷത്തിലേക്കും അവ്യക്തതയില്‍ നിന്ന് പൂര്‍ണ്ണമായ അറിവിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും ഉള്ള അവരുടെ യാത്രയ്ക്ക് യേശുവിന്‍റെ ഉയിര്‍പ്പ് കാരണമാവുന്നു. സര്‍വ്വ സൃഷ്ടിക്കും വേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതി ഉയിര്‍ത്തെഴുന്നേറ്റ യേശുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടതായി അവര്‍ കാണുന്നു. ഉയിര്‍പ്പിന്‍റെ സദ്വാര്‍ത്ത ആദ്യമായി അറിയുവാന്‍ ഭാഗ്യം സിദ്ധിച്ചത് സ്ത്രീകള്‍ക്കാണ് (വി. ലൂക്കോസ് 24:1-12). ഉയിര്‍പ്പ് ഞായറാഴ്ചയുടെ ശുശ്രൂഷയില്‍ കാര്‍മ്മികന്‍ ഉയിര്‍പ്പിന്‍റെ പ്രഖ്യാപനം നടത്തുമ്പോള്‍ വിശ്വാസികള്‍ പ്രതിവാക്യമായിട്ടു പറയുന്നത് “അവന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു സത്യമായി ഞങ്ങള്‍ വിശ്വസിക്കുന്നു.” ഈ ഉറപ്പ് നമുക്ക് യഥാര്‍ത്ഥമായിട്ടുണ്ടോ? ശിഷ്യന്മാര്‍ക്കും യേശുവിന്‍റെ ഉയിര്‍പ്പിനെക്കുറിച്ച് ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. വി. വേദപുസ്തകത്തിന്‍റെ അടിസ്ഥാനത്തില്‍ യേശു സത്യമായി ഉയിര്‍ത്തെഴുന്നേറ്റു എന്നതിന് അടിസ്ഥാനമായി മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും.

ഒന്ന്, ശൂന്യമായ കല്ലറ; മഗ്ദലക്കാരത്തി മറിയയും മറ്റു സ്ത്രീകളും ഞായറാഴ്ച അതിരാവിലെ കല്ലറയ്ക്കല്‍ എത്തിയപ്പോള്‍ കല്ലറയുടെ വാതില്‍ക്കല്‍ ഉണ്ടായിരുന്ന വലിയ കല്ല് ആരോ മാറ്റിയിരിക്കുന്നു. കല്ലറയുടെ ഉള്ളില്‍ പ്രവേശിച്ചപ്പോള്‍ യേശുവിനെ കാണുന്നില്ല. പകരം യേശുവിനെ പൊതിഞ്ഞ വസ്ത്രങ്ങള്‍ ഭദ്രമായിതന്നെ അവിടെ ഇരിക്കുന്നു. അതിനാല്‍ യേശുവിന്‍റെ ശരീരം ആരും എടുത്തുകൊണ്ട് പോയതല്ല എന്നു നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. രണ്ട്, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മഗ്ദലക്കാരി മറിയത്തിനായിരുന്നു. ശാബതു ദിവസം നിയമാനുസൃതമായി വിശ്രമിച്ച സ്ത്രീകള്‍ ഞായറാഴ്ച അതിരാവിലെ സുഗന്ധതൈലവുമായി കല്ലറയ്ക്കലേക്കു പോകുന്നു. അവര്‍ കല്ലറക്കല്‍ ചെന്നപ്പോള്‍ യേശു ഉയിര്‍ത്തു എന്നതിന്‍റെ രണ്ട് അടയാളങ്ങള്‍ കണ്ടു. ഒന്ന്, കല്ലറയുടെ വാതില്‍ക്കല്‍ നിന്ന് കല്ല് ഉരുട്ടിമാറ്റിവച്ചിരിക്കുന്നു. രണ്ട്, കല്ലറക്കകത്തു കടന്നപ്പോള്‍ അതില്‍ യേശുവിന്‍റെ ശരീരം കണ്ടില്ല. രണ്ട് അടയാളങ്ങളുടെയും സൂചന യേശു ഉയിര്‍ത്ത് എഴുന്നേറ്റു എന്നത് അവര്‍ക്ക് അറിയില്ലായിരുന്നു. ഇങ്ങനെ എന്തു സംഭവിച്ചു എന്നറിയാതെ അമ്പരന്നു നില്‍ക്കുമ്പോള്‍ തിളങ്ങുന്ന വസ്ത്രം ധരിച്ച് രണ്ടുപേര്‍ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവരെ കണ്ട് സ്ത്രീകള്‍ ഭയപ്പെട്ട് മുഖം കുനിച്ചു. അപ്പോള്‍ മാലാഖമാര്‍ യേശു ഉയിര്‍പ്പിക്കപ്പെട്ടു എന്നും അവന്‍ ജീവിക്കുന്നു എന്നും ജീവിക്കുന്നവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കരുത് എന്നും ഉള്ള സദ്വാര്‍ത്ത നല്‍കി. സ്ത്രീകള്‍ ഉടനെ പോയി പതിനൊന്ന് അപ്പോസ്തലന്മാരെയും ഉയിര്‍പ്പിന്‍റെ വാര്‍ത്ത അറിയിച്ചു.

എന്നാല്‍ ശിഷ്യന്മാര്‍ സ്ത്രീകളുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. പത്രോസ് എഴുന്നേറ്റ് കല്ലറയിലേക്ക് പോയി. പത്രോസും സ്ത്രീകള്‍ കണ്ടതുപോലെ ശൂന്യമായ കല്ലറയും കല്ലറയില്‍ കിടക്കുന്ന യേശുവിനെ പൊതിഞ്ഞ തുണിയും കാണുന്നു. ഇവിടെ യേശു ഉയിര്‍ത്തു എന്നത് ഒരു കെട്ടുകഥ മാത്രമായിരുന്നു എങ്കില്‍ ഈ കഥ നിര്‍മ്മിക്കുമ്പോള്‍ അവര്‍ തീര്‍ച്ചയായും താന്‍ ഏറ്റവും സ്നേഹിച്ച യോഹന്നാനോ, അല്ലെങ്കില്‍ ശിഷ്യഗണത്തിലെ ഏറ്റവും പ്രായം കൂടിയ പത്രോസിനോ യേശു പ്രത്യക്ഷപ്പെട്ടു എന്ന് കഥ ഉണ്ടാക്കുമായിരുന്നു. കാരണം ആ കാലഘട്ടം പുരുഷമേധാവിത്വം ഉള്ള ഒരു കാലമായിരുന്നു. സ്ത്രീകള്‍ക്ക് യഹൂദ സംസ്കാരത്തില്‍ സമൂഹത്തില്‍ യാതൊരു സ്ഥാനവും ഇല്ലാത്ത കാലഘട്ടമായിരുന്നു. അപ്പോള്‍ ഇങ്ങനെ ഉള്ള ഒരു സാമൂഹ്യ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് തന്നെ കര്‍ത്താവ് ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്നു പറയുമ്പോള്‍ തീര്‍ച്ചയായും ഇതു വാസ്തവമായ ഒരു കാര്യമാണെന്ന് നമുക്ക് വിശ്വസിക്കുവാന്‍ സാധിക്കും.

മൂന്നാമതായി, യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന വിവരം കാവല്‍ക്കാര്‍ മനസ്സിലാക്കിയപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് യഹൂദമതനേതാക്കളെ അറിയിച്ചപ്പോള്‍ അവര്‍ കാവല്‍ക്കാരോടു പറഞ്ഞത് നിങ്ങളോട് ആരെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചാല്‍ ഞങ്ങള്‍ രാത്രിയില്‍ ഉറങ്ങുന്ന സമയം അവന്‍റെ ശിഷ്യന്മാര്‍ വന്ന് ശരീരം മോഷ്ടിച്ചുകൊണ്ടുപോയി എന്ന് പറയണം എന്നു പറഞ്ഞു. അവര്‍ക്ക് ദ്രവ്യം കൊടുക്കുന്നു. അപ്പോള്‍ കൈകൂലി കൊടുത്ത് ഒരു കഥ കാവല്‍ക്കാരെക്കൊണ്ടു പറയിപ്പിക്കണമെങ്കില്‍ അതില്‍ തീര്‍ച്ചയായും വാസ്തവം ഉള്ളതുകൊണ്ടല്ലേ. യേശുവിന്‍റെ ശിഷ്യന്മാര്‍ക്കും യേശുവിന്‍റെ ഉയിര്‍പ്പിനെക്കുറിച്ചു സംശയമായി. അങ്ങനെ സ്ത്രീകളും അപ്പോസ്തലന്മാരും മറ്റെല്ലാവരും യേശുവിന്‍റെ ഉയിര്‍പ്പ് വിശ്വസിക്കാതിരുന്ന സാഹചര്യത്തിലാണ് ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യര്‍ക്ക് പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടത്. അങ്ങനെ ശിഷ്യന്മാരെ വിശ്വാസത്തില്‍ ഉറപ്പിക്കാനായി യേശു പല അവസരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വച്ച് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നു. യെരുശലേമില്‍ നിന്ന് എമ്മവൂസിലേക്ക് രണ്ടു ശിഷ്യന്മാര്‍ യാത്രചെയ്ത സമയത്ത് യാത്രാ മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നു. മീന്‍ പിടിക്കുവാനായി പോയ ശിഷ്യര്‍ക്ക് കടല്‍തീരത്തുവച്ചു പ്രത്യക്ഷമാകുന്നു.

ക്രിസ്തുവിന്‍റെ സമാധാന ആശംസ:

ഇന്നു നാം വായിക്കുന്ന ഏവന്‍ഗേലിയോന്‍ ഭാഗം വി. യോഹന്നാന്‍ 20-ാം അദ്ധ്യായം 19 മുതല്‍ 29 വരെയുള്ള വേദഭാഗങ്ങളാണ്. ഈ സംഭവം വി. മര്‍ക്കോസും (16:14) വി. ലൂക്കോസും (24:36-43) വിവരിക്കുന്നുണ്ടെങ്കിലും ഈ സുവിശേഷത്തില്‍ കൂടുതലായ ചില വിശദീകരണങ്ങള്‍ നല്‍കിയിരിക്കുന്നു. ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ ആയ ഞായറാഴ്ച ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്ന് “നിങ്ങള്‍ക്ക് സമാധാനം” എന്നു അവരോടു പറഞ്ഞു. തന്‍റെ കയ്യും വിലാപ്പുറവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ടതില്‍ ശിഷ്യന്മാര്‍ സന്തോഷിച്ചു. ക്രിസ്തുവിന്‍റെ മരണത്തോടെ ആകെ അങ്കലാപ്പിലായ ശിഷ്യന്മാര്‍ താന്‍ മൂന്നാംനാള്‍ ഉയിര്‍ക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു എങ്കിലും അവര്‍ അന്ന് അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ സാധിച്ചില്ല. അങ്ങനെ ആകെ അസ്വസ്ഥരായി കഴിഞ്ഞ ശിഷ്യന്മാരുടെ ഇടയിലേക്ക് ക്രിസ്തു കടന്നുവന്ന് അവര്‍ക്ക് സമാധാനം ആശംസിക്കുന്നു. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തില്‍ അവരുടെ ഭയവും ആകുലതയും എല്ലാം മാറുകയും ദൈവീക സമാധാനത്തിന്‍റെ അനുഭവത്തിലേക്ക് അവര്‍ കടന്നുവരുന്നു.

നമ്മുടെയും അനുദിന ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങളിലൂടെ ഒക്കെ നാം കടന്നു പോകുമ്പോള്‍ അവിടെ ഒക്കെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ആശ്വാസവാക്ക് നമുക്ക് പ്രചോദനമായിരിക്കണം. അവനെ നമുക്ക് നമ്മുടെ അനുദിനജീവിതത്തില്‍ അനുഭവവേദ്യമാക്കിതീര്‍ക്കുവാന്‍ കഴിയുന്നത് വി. കുര്‍ബ്ബാന അനുഭവത്തിലൂടെ മാത്രമാണ്. എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനില്‍ ഞാന്‍ അവനിലും അവന്‍ എന്നിലും വസിക്കും. വിശുദ്ധ കൂദാശ അനുഷ്ഠാനത്തിലൂടെ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കണം.

പാപമോചന അധികാരം ലഭിക്കുന്നു

ഉയിര്‍ത്തെഴുന്നേറ്റവനായ ക്രിസ്തു അവരെ ധൈര്യപ്പെടുത്തി തന്‍റെ കയ്യും വിലാപ്പുറവും അവരെ കാണിച്ചു. യേശുതമ്പുരാന്‍ അവരോട് പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു അവരുടെമേല്‍ ഊതി. പരിശുദ്ധാത്മാവിനെ കൈകൊള്‍വിന്‍. ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു. ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്ക് നിര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞ് തന്‍റെ ശിഷ്യന്മാര്‍ക്ക് പാപമോചന അധികാരം നല്‍കുന്നു. ഏദന്‍തോട്ടത്തില്‍ വച്ച് ആദിയില്‍ ദൈവം മനുഷ്യനെ നിര്‍മ്മിച്ച് അവന്‍റെ മൂക്കില്‍ ജീവശ്വാസം ഊതുന്നു. അതേപോലെ തന്നെ യേശുവും ശിഷ്യന്മാരില്‍ ഊതി അവര്‍ക്ക് പരിശുദ്ധറൂഹായെ നല്‍കി സകല മോചനഅധികാരവും അവര്‍ക്കു നല്‍കുന്നു. ഇതുതന്നെയാണ് പട്ടംകൊട ശുശ്രൂഷയിലും മേല്‍പ്പട്ടക്കാരന്‍ സ്ഥാനാര്‍ത്ഥിയുടെ മേല്‍ ഊതി പാപമോചന അധികാരം നല്‍കുന്നു. ശിഷ്യന്മാരിലൂടെ ലഭിച്ച ആ അധികാരം ആണ് പട്ടത്വനല്‍വരം ആണ് ഇന്നും സഭയിലൂടെ വ്യാപരിക്കുന്നത്.

എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ

യേശുക്രിസ്തു വന്നപ്പോള്‍ പന്തിരുവരില്‍ ഒരുവനായ ദിദിമോസ് എന്ന തോമസ് അവരോടുകൂടി ഉണ്ടായിരുന്നില്ല. മറ്റു ശിഷ്യന്മാര്‍ അവനോടു ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്നു പറഞ്ഞാറെ തോമസ് അവരോട് “ഞാന്‍ അവന്‍റെ കൈകളില്‍ ആണിപ്പുഴുതില്‍ വിരല്‍ ഇടുകയും അവന്‍റെ വിലാപ്പുറത്ത് കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവന്‍ അവരോടു പറഞ്ഞു. പിന്നീട് എട്ടുദിവസം കഴിഞ്ഞിട്ട് തോമസും ഉണ്ടായിരുന്നപ്പോള്‍ കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് വീണ്ടും പ്രത്യക്ഷപ്പെടുന്നു. കര്‍ത്താവ് തോമസിനോട് “നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്‍റെ കൈകളെ കാണ്‍ക. നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്തു ഇടുക. അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക. തോമസ് കര്‍ത്താവിനോട് “എന്‍റെ കര്‍ത്താവും ദൈവവുമേ” എന്നു ഉത്തരം പറഞ്ഞു.

ഇവിടെ തോമസ് വലിയ ഒരു വിശ്വാസ പ്രഖ്യാപനം നടത്തുകയാണ്. യേശുക്രിസ്തു കര്‍ത്താവും ദൈവവും ആണ് എന്ന്. അത് തോമാശ്ലീഹയ്ക്ക് വ്യക്തതയും ഉറപ്പും കിട്ടിയത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്പര്‍ശിച്ചപ്പോഴാണ്. നീ കൈനീട്ടി എന്‍റെ വിലാപുറത്തു വച്ചു നോക്കുക എന്ന കര്‍ത്താവിന്‍റെ ഈ ക്ഷണം തോമാശ്ലീഹാ പ്രായോഗികമാക്കിയോ എന്ന് സുവിശേഷകന്മാര്‍ പറയുന്നില്ല. എങ്കിലും ഈ അവസരത്തില്‍ മാര്‍തോമാശ്ലീഹാ കര്‍ത്താവിന്‍റെ ക്ഷണപ്രകാരം അവിടുത്തെ തിരുവിലാവിനെ സ്പര്‍ശിക്കുക തന്നെ ചെയ്തതായി സഭ പാരമ്പര്യമായി വിശ്വസിച്ചുപോരുന്നു. തല്‍സംബന്ധമായ ഒരൈതിഹ്യം ഇവിടെ സ്മരണീയമാണ്. തോമാശ്ലീഹായുടെ വലതുകൈയ്യിലെ രണ്ടു വിരലുകള്‍ ഒരുമിച്ചു ചേര്‍ന്നു പെട്ടതായിരുന്നു. അദ്ദേഹത്തിന്‍റെ ഇരട്ട എന്ന പേരു വരുവാനുള്ള കാരണം ഇതായിരുന്നു. കര്‍ത്താവിന്‍റെ വിലാവിനെ സ്പര്‍ശിച്ച ഈ സന്ദര്‍ഭത്തില്‍ പ്രസ്തുത വിരലുകള്‍ അത്ഭുതകരമായി വേര്‍പെട്ടു.

നമ്മെ വിശ്വാസത്തില്‍ ജനിപ്പിച്ച പരിശുദ്ധ മാര്‍തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം നമുക്ക് ഏറ്റുപറഞ്ഞ് അവനില്‍ അടിയുറച്ചു വിശ്വസിക്കാം. പല ക്രിസ്തീയ സഭകളും മാര്‍തോമാ ശ്ലീഹായ്ക്കു പട്ടത്വം ഇല്ല എന്ന് ഒക്കെ പറഞ്ഞിരുന്നു എങ്കിലും ഇന്ന് എല്ലാവരും മാര്‍തോമ്മാശ്ലീഹായുടെ പട്ടത്വത്തെ അംഗീകരിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു. വി. മാര്‍തോമാശ്ലീഹാ കൈമാറിതന്ന വിശ്വാസത്തെ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കാന്‍ അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥത നമ്മെ സഹായിക്കട്ടെ!