ഇവനില്‍ കാപട്യം ഇല്ല | ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്.


നഥാനിയേല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന പേര്. യേശുക്രിസ്തു നഥാനിയേലിന് ഒരു പ്രശംസ നല്‍കി: ‘ഇവനില്‍ കാപട്യം ഇല്ല’ (ബൈബിള്‍, യോഹന്നാന്‍റെ സുവിശേഷം, അധ്യായം 1, വാക്യം 47). നഥാനിയേലിന് പോരായ്മകള്‍ ഒന്നും ഇല്ലായിരുന്നു എന്നോ നഥാനിയേല്‍ പാപം ചെയ്യാത്ത നിഷ്കളങ്കനാണ് എന്നോ അല്ല സാക്ഷ്യം. ‘കാപട്യം ഇല്ല’ എന്നാണ് പറഞ്ഞത്. പാപത്തേക്കാളും കുറവുകളേക്കാളും ഗരിയസ്സായ ദോഷമായി ക്രിസ്തു കണ്ടത് കാപട്യമായിരുന്നു എന്നത് ഈ പ്രശംസാവചസ്സിന്‍റെ ശ്രേഷ്ഠത തെളിയിക്കുന്ന വസ്തുതയാണ്.

കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായെക്കുറിച്ചും ക്രിസ്തു ഇത് പറയുമായിരുന്നു: ‘ഇവനില്‍ കാപട്യം ഇല്ല.’ എന്തൊക്കെ പോരായ്മകളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്, എന്തൊക്കെ തെറ്റുകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത് എന്ന് നമുക്കറിയില്ല. അതൊക്കെ ഈശ്വരന്‍ മാത്രം അറിയുന്നു. എന്നാല്‍, ചിലതൊക്കെ നമുക്കും അറിയാം. എല്ലാ ശുദ്ധാത്മാക്കളെയുംപോലെ ക്ഷിപ്രകോപിയായിരുന്നു തിരുമേനി. പറയുമ്പോള്‍ പറയുന്നത് ശരിയോ എന്നല്ലാതെ ഇപ്പോള്‍ പറയേണ്ടതുണ്ടോ, ഇങ്ങനെ പറയേണ്ടതുണ്ടോ എന്നൊക്കെ ചിന്തിക്കുന്ന രീതി ഉണ്ടായിരുന്നില്ല. സത്യം ബ്രുയാത് എന്നല്ലാതെ പ്രിയം ബ്രുയാത് എന്നോ നബ്രുയാത് സത്യമപ്രിയം എന്നോ കരുതിയുമില്ല. അത് അകന്മഷതയുടെ മുദ്ര. എങ്കിലും അത് പോരായ്മ തന്നെ. ആ പോരായ്മ ഉണ്ടായിരുന്ന മറ്റൊരാളുടെ പേരില്‍ മലങ്കരയില്‍ പള്ളികള്‍ സ്ഥാപിതമായിട്ടുണ്ട്. അദ്ദേഹത്തെ നാം പരുമല തിരുമേനി എന്നാണ് അറിയുന്നത്. കോപിക്കുന്നത്ര വേഗത്തില്‍ കോപത്തെക്കുറിച്ച് ദുഃഖിക്കുമായിരുന്നു രണ്ടു പേരും. അതിനേക്കാള്‍ പ്രധാനം ഇരുവരിലും കാപട്യം ഒട്ടും ഉണ്ടായിരുന്നില്ല എന്നതാണ്. ഒടുവില്‍ കണ്ടപ്പോള്‍ ഒരു പഴയ സംഭവം ഓര്‍ത്തെടുത്തൂ ഈ മഹാത്മാവ്. ‘താന്‍ മെത്രാനാകുന്നത് കൊള്ളാം. മസ്നപസാ ഇട്ടാല്‍ പോരാ. പരുമല തിരുമേനിയെപ്പോലെ ആകണം എന്ന് ചേട്ടന്‍ പണ്ട് പറഞ്ഞതാണ്. ഇപ്പോഴും ഞാന്‍ അതിന് ശ്രമിക്കുന്നതേയുള്ളൂ. വഴിയേറെ കിടക്കുന്നു ഇനിയും.’ എണ്‍പത് കഴിഞ്ഞ ബര്‍ണബാസ് തിരുമേനി അമേരിക്കയില്‍ നിന്നു വന്ന് കോലഞ്ചേരി ആശുപത്രിയോട് ചേര്‍ന്നുള്ള ഒരു മുറിയില്‍ വിശ്രമിക്കുന്ന കാലത്ത് എന്നോട് പറഞ്ഞതാണ്. എന്തൊരു വിശുദ്ധിയാണ് ഈ വാക്കുകള്‍ ദ്യോതിപ്പിക്കുന്നത്. ശ്രമിക്കുന്നതേയുള്ളത്രെ! ഈ ചേട്ടന്‍ എന്‍റെ പിതാവാണ് – കോറൂസോ ദശറോറോ പി. എ. പൗലോസ് കോറെപ്പിസ്കോപ്പാ. ആ ബന്ധത്തെക്കുറിച്ച് പറയാം ആദ്യം. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ഇംഗ്ലീഷ് പഠിച്ച ഒരേ ഒരു യാക്കോബായ വൈദികന്‍ മാത്രമായിരുന്നു വടക്കന്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നത് – പൊയ്ക്കാട്ടില്‍ ചാക്കോ അബ്രഹാം മല്‍പാന്‍. കോട്ടയത്ത് സി.എം. എസ്. കോളജ് തുടങ്ങിയപ്പോള്‍ പെരുമ്പാവൂര്‍ കുറുപ്പംപടിയിലും ഒന്നു തുടങ്ങാന്‍ മോഹിച്ചയാള്‍. യാഥാസ്ഥിതികരായ വിശ്വാസികള്‍ പ്രൊട്ടസ്റ്റന്‍റ് നവീകരണത്തെ ഭയപ്പെട്ടു. അവര്‍ എതിര്‍ക്കുക മാത്രമല്ല, മല്‍പാനെ ഊരുവിലക്കുകയും ചെയ്തു. ഒടുവില്‍ മരണമടഞ്ഞപ്പോള്‍ അന്നത്തെ മലങ്കര മെത്രാപ്പോലീത്തായുടെ കല്പനയുമായി അനന്തരവന്‍ മരങ്ങാട്ട് മാത്തു കത്തനാര്‍ രംഗത്തുവന്നതിനാലാണ് കുറുപ്പംപടിക്കാര്‍ കബറടക്കം നടത്തിയത്.

പൊയ്ക്കാട്ടില്‍ മല്പാന്‍റെ ദൗഹിത്രനായിരുന്നു തിരുമേനി. മല്പാന്‍റെ സഹോദരിയുടെ ദൗഹിത്രന്‍ എന്‍റെ പിതാവ്. ആങ്ങളപെങ്ങള്‍ സന്തതികള്‍. സെക്കന്‍ഡ് കസിന്‍സ് എന്ന് സായിപ്പ്. തിരുമേനിക്ക് രണ്ടുപേര്‍ ആയിരുന്നു ഗുരുക്കന്മാര്‍. പിതൃവ്യന്‍ പൗലോസച്ചന്‍ എന്ന പ്രശസ്ത വൈദികനും ജ്യേഷ്ഠന്‍ പൗലോസ് കോറെപ്പിസ്കോപ്പായും. കോറെപ്പിസ്കോപ്പാ സ്കൂളിലും ഗുരുവായി. കുറുപ്പംപടി എം.ജി.എം. ഹൈസ്കൂളിലാണ് തിരുമേനി പഠിച്ചത്. പിന്നീട് അവിടെത്തന്നെ അധ്യാപകനുമായി കുറെക്കാലം. അന്നും സഭയിലെ രണ്ടു വിഭാഗങ്ങളില്‍ ആയിരുന്നു ഈ ജ്യേഷ്ഠാനുജന്മാര്‍. തിരുമേനി ശെമ്മാശനായി കുറുപ്പംപടി സ്കൂളില്‍ പഠിക്കുമ്പോള്‍ പോലും സഭയ്ക്കകത്ത് മറുകക്ഷിയില്‍ ആയിരുന്നു. ഇപ്പോഴത്തെ വഴക്കിനിടയില്‍ അചിന്ത്യമായ സംഗതി. നിയമനം നല്‍കിയ ജ്യേഷ്ഠനോ നിയമനം സ്വീകരിച്ച അനുജനോ അക്ഷരമുറ്റത്ത് കക്ഷിവഴക്ക് പ്രസക്തമാണെന്ന് കരുതിയില്ല.

പിന്നെ കുറെക്കാലം ഒരുമിച്ചായിരുന്നെങ്കിലും സഭയില്‍ വഴക്ക് വീണ്ടും വന്നു. അതിനുശേഷം ആയിരുന്നു മെത്രാന്‍ വാഴ്ച. വീട്ടുകാരൊക്കെ പോയി. ജ്യേഷ്ഠന്‍ മറുകക്ഷിയിലെ വൈദിക പ്രമുഖന്‍ ആയിരുന്നതിനാല്‍ പോയില്ല. മെത്രാനായ ശേഷം നേരെ പോയത് ഗുരുവും ജ്യേഷ്ഠനും ആയ പൗലോസ് കോറെപ്പിസ്കോപ്പായെ കാണാനാണ്.

വികാരനിര്‍ഭരമായിരുന്നു ആ സമാഗമം. യാത്ര പറയുന്നതിനു മുമ്പ് മെത്രാപ്പോലീത്തായുടെ ഔദ്യോഗിക വസ്ത്രങ്ങള്‍ ധരിച്ച് കാണണം എന്ന് ജ്യേഷ്ഠന്‍ പറഞ്ഞപ്പോള്‍ അനുസരിച്ചു. കാറില്‍നിന്ന് ഒരു പെട്ടി തന്നെത്താന്‍ എടുത്തുകൊണ്ടു വന്നു. തിരുവസ്ത്ര വിഭൂഷിതനായി. ഇടതുകൈയില്‍ അംശവടി. വലതുകൈയില്‍ സ്ലീബാ: കുരിശ്. പിന്നെ അവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചു. ജീവിതത്തില്‍ ആദ്യമായി അനുജന്‍ പ്രാര്‍ത്ഥന തുടങ്ങി, ജ്യേഷ്ഠന്‍ ഏറ്റുചൊല്ലി. സ്വര്‍ഗം സന്തോഷിച്ച നിമിഷം.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് എന്‍റെ സ്വര്‍ഗ്ഗസ്ഥ പത്നി നിര്‍മ്മലയും ഞാനും ‘കണ്ട് കൈ മുത്താന്‍’ പോയത്. അതിനിടെ മെത്രാനാണെന്ന് മറന്നിട്ടെന്നതുപോലെ കോലഞ്ചേരി ആശുപത്രിയിലെ രോഗക്കിടക്കകള്‍ക്കരികില്‍ സാന്ത്വനവചസ്സ് പകരുന്ന സാദാ വൈദികന്‍റെ പഴയ റോളിലേക്ക് മാറിയിരുന്നു അദ്ദേഹം. ഞങ്ങളെ സ്വന്തം മുറിയിലേക്ക് കൊണ്ടുപോയി. ഇറങ്ങാറായപ്പോള്‍ ആ നിഷ്കളങ്കത മുഴുവന്‍ തെളിയുന്ന ഒരു സംഭവം. ‘ചേട്ടന് വിശുദ്ധ വസ്ത്രങ്ങളെല്ലാം ധരിച്ച് കാണണം എന്ന് മോഹം പറഞ്ഞു. അപ്പോഴാണ് അത് ശരിയാണല്ലോ എന്ന് എനിക്ക് തോന്നിയത്. നിനക്കും കാണുമല്ലോ അങ്ങനെ കാണാന്‍ ആശ.’ ആ മുറി ഗ്രീന്‍റൂമായി. കൊച്ചപ്പന്‍ മെത്രാനായി. പ്രതിമപോലെ ഒരു നില്‍പ്. ഞങ്ങളെ അനുഗ്രഹിച്ചയച്ചു.

അതേ, ശിശുസഹജമായ നൈര്‍മല്യം ആയിരുന്നു മാത്യൂസ് മാര്‍ ബര്‍ണബാസിനെ എന്നും വ്യതിരിക്തനാക്കിയത്. ബര്‍ണബാസ് നഥാനിയേല്‍ ആയിരുന്നു. അവനില്‍ കാപട്യം ഉണ്ടായിരുന്നില്ല.

അങ്കമാലിയില്‍ സഹായമെത്രാന്‍ ആയിരിക്കുന്ന കാലം. അവിടെ കാതോലിക്കേറ്റ് സെന്‍ററുകള്‍ പണിയാന്‍ പണപ്പിരിവിന് കൊച്ചപ്പന്‍ തിരുവനന്തപുരത്ത് വന്നു. എന്നോട് ചോദിച്ചില്ല. ഞാന്‍ മറുകക്ഷിയാണല്ലോ! എന്നാല്‍ എന്‍റെ കാറിലായിരുന്നു നഗരസങ്കീര്‍ത്തനങ്ങള്‍. വൈകുന്നേരം വീട്ടില്‍ വരും. ഒരുമിച്ച് പ്രാര്‍ത്ഥിക്കും. അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ പള്ളിയിലേക്ക് പോകും. അനുഗൃഹീതമായിരുന്നു ആ നാളുകള്‍. ആലുവായില്‍ എന്തൊക്കെയോ സമുദായസമരം നടക്കുന്നുണ്ടായിരുന്നു. അതൊന്നും ഞങ്ങളെ ബാധിച്ചില്ല. ആധ്യാത്മിക കാര്യങ്ങളും അത്യാവശ്യം വീട്ടുകാര്യങ്ങളും മാത്രം ആയിരുന്നു ചര്‍ച്ചകളില്‍. എന്നാല്‍, ആലുവയില്‍ ഒരു പാത്രിയര്‍ക്കാദിനത്തില്‍ ഞാന്‍ ചെയ്ത പ്രസംഗത്തിലെ ഒരു വാക്യം മതിലിനപ്പുറത്തെ സ്വകാര്യതയില്‍ ഇരുന്ന് കേട്ടപ്പോള്‍ എന്നെ ശാസിച്ചും തിരുത്തിയും കത്തെഴുതി. ‘നീ പറഞ്ഞത് ശരിയല്ല.’ എന്തുകൊണ്ടെന്നാല്‍ നാലു കാരണങ്ങള്‍, അഞ്ചു വേദവാക്യങ്ങള്‍. അതേ, ബര്‍ണബാസ് നഥാനിയേല്‍ ആയിരുന്നു. അവനില്‍ കാപട്യം ഉണ്ടായിരുന്നില്ല.

പിന്നെ ഇടുക്കിയില്‍ മെത്രാനായി. അവിടെ ഒരാശുപത്രി തുടങ്ങി. വളരെ ചെറിയ ഒരേര്‍പ്പാട്. ഉദ്ഘാടനത്തിന് എന്നെ വിളിച്ചു. മറ്റാരെങ്കിലും വിളിച്ചിരുന്നെങ്കില്‍ ഞാന്‍ തിരുവനന്തപുരത്തുനിന്ന് അത്ര ദൂരം പോകുമായിരുന്നില്ല. ഇത് പോകാതിരിക്കാനാവുകയില്ല. പോയി. മടക്കയാത്രയുടെ തുടക്കത്തില്‍ മന്ത്രിച്ചു: “ചേട്ടന് വരാനാവുകയില്ലല്ലോ; അതാണ് നിന്നെ വിളിച്ചത്.” വിളിച്ചാല്‍ വിളിച്ചിടത്തെത്തുന്ന അനന്തരവനാണ് ഈ ഐ.എ.എസുകാരന്‍ എന്ന് തെളിയിക്കുകയായിരുന്നില്ല ആ പരിവ്രാജകന്‍റെ ലക്ഷ്യം. ഗുരുഭക്തിയുടെയും ഭ്രാതൃസ്നേഹത്തിന്‍റെയും പരാവര്‍ത്തനമായിരുന്നു ആ ക്ഷണം. ബര്‍ണബാസ് നഥാനിയേല്‍ ആയിരുന്നു. അവനില്‍ കാപട്യം ഉണ്ടായിരുന്നില്ല.

ഇടുക്കിയില്‍ നിന്ന് പോയത് അമേരിക്കയിലേക്ക്. അവിടെ മറ്റൊരു മെത്രാപ്പോലീത്തായുമായി സഭാനേതൃത്വം ഉരസുന്ന കാലം. ഈ ‘പാവ’ത്തിനെയാണ് അങ്ങോട്ടയച്ചത്. പ്രാര്‍ത്ഥനയും ഉപവാസവും കൊണ്ട് വിജയം നേടി ഈ കൃശഗാത്രന്‍. പ്രശ്നങ്ങളെല്ലാം തീര്‍ന്നു. ശത്രുക്കള്‍ ഇല്ലാതായത് അവരെല്ലാം മിത്രങ്ങളായതിനാലാണ്. ലോകരീത്യാ യുദ്ധം ചെയ്യാന്‍ അറിഞ്ഞിട്ടല്ല. പ്രാര്‍ത്ഥനകൊണ്ട് തീരാത്ത പ്രശ്നങ്ങളില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞതായിരുന്നു വിജയരഹസ്യം. അവിടെയും ഒരനുഭവം പറയാനുണ്ട്. ബദല്‍വിഭാഗം എന്നെ ധ്യാനഗുരുവായി ക്ഷണിച്ചു. ഞാന്‍ അമേരിക്കയിലെത്തി. വഴക്കൊക്കെ ഒരുവിധം ഒതുങ്ങി എന്നായിരുന്നു എന്‍റെ ധാരണ. ഒതുങ്ങിയില്ലെന്നറിഞ്ഞത് പിറകെയാണ്. ഏതായാലും കൊച്ചപ്പനെ കണ്ട് പറയാതെ മറ്റേ കൂട്ടരുടെ യോഗത്തിന് പോകാനാവുമായിരുന്നില്ല. ഞാന്‍ ചെന്നു. കോപം ഒന്നും കണ്ടില്ല. എങ്കിലും ഒരു പ്രസാദക്കുറവ്. എനിക്ക് കാര്യം മനസ്സിലായി. ഞാന്‍ വായ് പൊത്തി വിനയത്തോടെ ചോദിച്ചു, ‘മക്കാറിയോസ് തിരുമേനിയുടെ യോഗത്തിന് പൊയ്ക്കോട്ടെ?’ കൊച്ചപ്പന്‍ നേരിട്ട് കോപിച്ചു കണ്ടത് അന്നാണ്. “എന്നോട് ചോദിക്കാതെ നീ സമ്മതിച്ചു. അവരുടെ ചെലവില്‍ വന്നു. ഇനി പോകാതിരിക്കുന്നത് തെറ്റല്ലേ? നീ ചെയ്തത് ശരിയായില്ല. എങ്കിലും ഇനി പോവുക തന്നെ വേണം. ദൈവവചനം മാത്രമേ പറയാവൂ. സമുദായ രാഷ്ട്രീയം ഒന്നും പറയരുത്.” അതെ, ബര്‍ണബാസ് നഥാനിയേല്‍ ആയിരുന്നു. അവനില്‍ കാപട്യം ഉണ്ടായിരുന്നില്ല.

ഒടുവില്‍ തിരിച്ചുവന്നപ്പോള്‍ കോലഞ്ചേരി ആശുപത്രിയില്‍ താമസിച്ചത് അത്ര ഇഷ്ടമായിട്ടായിരുന്നില്ല. എന്നോട് പറഞ്ഞു: “ഇഷ്ടമായിട്ടല്ല, ബാവാ കല്‍പിച്ചു. ബാവാ എന്‍റെ ശിഷ്യനാണ്. എങ്കിലും ഇപ്പോള്‍ ബാവയല്ലേ? അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.” അതെ, ബര്‍ണബാസ് നഥാനിയേല്‍ ആയിരുന്നു. അവനില്‍ കാപട്യം ഉണ്ടായിരുന്നില്ല.
വ്യക്തിതലത്തിലെ അനുഭവങ്ങളും കുടുംബതലത്തിലെ അറിവുകളും ഏറെയുണ്ട്. ഞാന്‍ പഠിച്ചതും ഏറെ. പറയാനില്ലാഞ്ഞല്ല ഇവിടെ നിര്‍ത്തുന്നത്.

എന്നും ഖാദി ധരിച്ച്, സ്വന്തം വസ്ത്രങ്ങള്‍ സ്വയം അലക്കിയെടുത്ത്, ഭാരതീയ സന്യാസിപാരമ്പര്യവും അന്ത്യോഖ്യന്‍ ദയറാ പാരമ്പര്യവും ഗാന്ധിയന്‍ ലാളിത്യവും തന്‍റെ വ്യക്തിത്വത്തില്‍ സമന്വയിപ്പിച്ച്, വിശ്വസിച്ചതില്‍ വിട്ടുവീഴ്ചയില്ലാതെയും വിശ്വസിക്കാത്തതിനോട് വിരോധം പുലര്‍ത്താതെയും, ബന്ധങ്ങളെ മാനിച്ചും അവ ബന്ധനങ്ങളാകാതെ സൂക്ഷിച്ചും ഈ ഭൂമിയിലൂടെ നടന്നുപോയ മഹാനായിരുന്നു ബര്‍ണബാസ്. യഹോവയെ മുഖാമുഖമായി കണ്ട മോശയെപ്പോലെ മറ്റൊരു പ്രവാചകന്‍ ഇസ്രായേലില്‍ ഉണ്ടായില്ല എന്ന് ബൈബിളിലുണ്ട്. ‘ഞാന്‍ കണ്ട ഏറ്റവും വലിയ വിശുദ്ധന്‍’ എന്ന് എതിര്‍പക്ഷത്തെ തോമസ് പ്രഥമന്‍ ബാവാ വിശേഷിപ്പിച്ച, മാത്യൂസ് മാര്‍ ബര്‍ണബാസിനെപ്പോലെ മറ്റൊരു മെത്രാന്‍ ഏതെങ്കിലും ക്രൈസ്തവസഭയില്‍ ഉണ്ടാകാനുള്ള സാധ്യതയും അതുപോലെതന്നെ ശുഷ്കമാണ്. ആ ആത്മാവിന് നിത്യശാന്തി നേരുക നാം.

(മാധ്യമം ദിനപത്രത്തില്‍ എഴുതിയത്)

Dr. D. Babu Paul IAS