എന്നെ ദുഃഖിപ്പിച്ച ഒരു വേർപാട് | ഡോ. തോമസ് അത്താനാസിയോസ് മെത്രാപ്പോലീത്ത

ഓരോ മരണവും ആരെയെങ്കിലും വേദനപ്പെടുത്തുന്നു . വ്യക്തിപരമായ അടുപ്പമാണ് അതിന്റെ ഒരു കാരണം . സമൂഹത്തിനും സഭയ്ക്കും അതു വരുത്തിവയ്ക്കുന്ന നഷ്ടമാണ് ദുഃഖത്തിന് മറ്റൊരു കാരണം . പവ്വത്തിൽ പിതാവിന്റെ മരണം എനിക്ക് വ്യഥയുണ്ടാക്കിയതിന് ഇവ രണ്ടും ഒരുപോലെ കാരണമാണ് . വാർദ്ധക്യത്തിലെത്തിയ ഒരു വ്യക്തിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ല . സ്വാഭാവികം ആയതുകൊണ്ട് വ്യഥയുണ്ടാവുകയില്ല എന്നുമില്ല . ധന്യജീവിതം നയിച്ച പിതാവിന് ഈ സഭാശുശ്രൂഷകന്റെ ആദരവുകൾ .

എനിക്ക് ദുഃഖം മാത്രമല്ല കുറ്റബോധം കൂടിയാണ് . അത് എന്റെ സങ്കടത്തെ വർദ്ധിപ്പിക്കുന്നു . കണ്ണിനെ ഈറനാക്കുന്നു .രണ്ടുവർഷം മുമ്പ് പിതാവ് എന്നെ കാണണമെന്നാഗ്രഹം പ്രകടിപ്പിച്ച് ഒരു കുറിപ്പ് കൊടുത്തു വിട്ടിരുന്നു . ഉടനെ തന്നെ അദ്ദേഹത്തെ പോയിക്കാണാം എന്നു ചിന്തിച്ചതു കൊണ്ട് മറുപടി അയച്ചില്ല . എന്നാൽ പോയി കാണാൻ പ്രത്യേക ശ്രമം എന്റെ ഭാഗത്തുനിന്ന് ഉണ്ടായതുമില്ല . എന്റെ ജീവിതത്തിന്റെ ബദ്ധപ്പാടുകളുടെയിടയിൽ ആ നല്ല മനുഷ്യന്റെ ആഗ്രഹത്തിന് വേണ്ടത്ര ഇടം കിട്ടിയില്ല . മനപ്പൂർവ്വമായിരുന്നില്ലയെങ്കിലും അതിന് മാപ്പുള്ളതായി തോന്നുന്നില്ല . അദ്ദേഹത്തിന്റെ വിയോഗസമയത്ത് നാട്ടിൽ ഇല്ലാതിരുന്നതുകൊണ്ട് യാത്രാ ശുശ്രൂഷയിൽ പങ്കെടുക്കാനും ആയില്ല . പിതാവിന് കണ്ണീരോടെയുള്ള എൻ്റെ യാത്രാ മംഗളങ്ങൾ.

വ്യക്തിപരമായ പിതാവിനെക്കുറിച്ചുള്ള ഓർമ്മകളാണിവിടെ കുറിക്കുന്നത് . അദ്ദേഹത്തിന്റെ സഭാ – സാമൂഹ്യ പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ നാം ഏറെ കേട്ടുകഴിഞ്ഞു . അവ എൻ്റെ ഈ രചനയിൽ ഇടം പിടിക്കുന്നില്ല . കേരള ക്രൈസ്തവ സമൂഹത്തിൽ സാന്നിദ്ധ്യവും പ്രതികരണവും കൊണ്ട് ഇത്ര ആദരവും ശ്രദ്ധയും ഒരുപോലെ പിടിച്ചു പറ്റിയ മറ്റൊരു സഭാദ്ധ്യക്ഷനെ വർത്തമാനകാലത്ത് കണ്ടെത്താനാവില്ല . സംശുദ്ധമായ വ്യക്തിജീവിതവും ആദർശ നിറമുള്ള പൊതുജീവിതവും മാത്രമല്ല അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നത് . തന്റെ പരിസരത്തിൽ രൂപപ്പെടുന്ന ഓരോ നീക്കത്തെയും തിരിച്ചറിഞ്ഞ് അപഗ്രഥിക്കുവാനുള്ള ധിഷണാവൈഭവവും അതു തുറന്നു പറയുവാനുള്ള ആർജ്ജവവും അവതരിപ്പിക്കുവാനുള്ള ഭാഷയും അദ്ദേഹത്തിന് സ്വന്തമായിരുന്നു . കേരളത്തിലെ ഓരോ ക്രൈസ്തവ സഭയും തന്റെ സ്വന്തമെന്ന് ചിന്തിച്ച പിതാവിന്റെ ശാരീരിക തിരോധാനം ക്രൈസ്തവസഭകളിൽ സൃഷ്ടിച്ച അനാഥത്വവും പൊതു സമൂഹത്തിൽ ഉണ്ടാക്കിയ ശൂന്യതയും ചെറുതായി കാണാനാവില്ല . ഇതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. എന്റേത് വ്യക്തിപരമായ അനുസ്മരണമാണ് .

എനിക്ക് പിതാവിനെ പരിചയപ്പെടാൻ അവസരം ലഭിച്ചത് ഒരു യാത്രയിലാണ് . അതാകട്ടെ വർഷങ്ങൾക്കു മുമ്പ് ഞാനൊരു വിദ്യാർത്ഥിയായിരുന്നപ്പോഴാണ് . പിതാവ് മേൽപ്പട്ട ശുശ്രൂഷ ആരംഭിച്ച കാലവും . ഞങ്ങൾ രണ്ടുപേരും നാട്ടിലേക്ക് പോരുകയായിരുന്നു . ഡൽഹിയിൽ നിന്നുള്ള ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ ആയിരുന്നു യാത്ര . പിതാവ് അവിടെ ഏതോ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമുള്ള മടക്കയാത്രയിലായിരുന്നു . ഞാൻ ആഗ്ര സെൻറ് ജോൺസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി നാട്ടിലേക്ക് പോരുകയുമായിരുന്നു . സന്ദർഭവശാൽ ഞങ്ങൾ ഒരേ കമ്പാർട്ട്മെന്റിൽ ഒരേ ക്യാബിനിൽ . മൂന്നാം ക്ലാസ് ത്രീടയർ സ്ലീപ്പിങ് കമ്പാർട്ട്മെന്റാണ് . ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് തേർഡ് ക്ലാസ് കമ്പാർട്ട്മെന്റിൽ സ്ലീപ്പർ റിസർവേഷൻ കിട്ടിയതിൽ സംതൃപ്തനാണ് . എന്നാൽ എനിക്ക് മനസ്സിലാകാത്തത് മറ്റൊന്നായിരുന്നു . സമ്പന്നമായ ചങ്ങനാശ്ശേരി രൂപതയുടെ അദ്ധ്യക്ഷൻ എന്തിന് ട്രെയിനിലെ മൂന്നാം ക്ലാസ്സ് ടിക്കറ്റ് എടുത്ത് ഈ തിരക്കിൽ വന്നുപെട്ടു . ഇത് എന്നെ അത്ഭുതപ്പെടുത്തി . തലമുറകളായി സാമ്പത്തിക ഉയർച്ചയുള്ള ഒരു കുലീന കുടുംബത്തിൽ ജനിച്ചു വളർന്ന് കോളേജ് പ്രൊഫസറായി പേരെടുത്ത ഈ വലിയ മനുഷ്യൻ ഈ പരിമിത സാഹചര്യവുമായി എന്തിന് പൊരുത്തപ്പെടുന്നു എന്നത് എനിക്ക് അന്ന് മനസ്സിലായില്ല . അദ്ദേഹം ധരിച്ചിരുന്നത് വൈദികർ സാധാരണ ഉപയോഗിക്കുന്ന ളോഹയും വിലകുറഞ്ഞ ലോഹം കൊണ്ടുള്ള കുരിശുമാലയും . ക്രിസ്തുയേശുവിന്റെ ലാളിത്യവും കാഴ്ചപ്പാടിലുള്ള മൗലികതയും ജീവിതത്തിൽ യാഥാർത്ഥ്യമാക്കിയ ഒരു ഇടയനെ കണ്ടെത്തിയതിലുള്ള ആശ്ചര്യവും ആദരവും കൊണ്ട് ഞാൻ അദ്ദേഹത്തെ നോക്കി ഇരുന്നു . ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പ്രലോഭനങ്ങളെ ചെറുത്ത് സൗമ്യഭാവവും ലളിതശൈലിയും സ്വായത്തമാക്കിയ ആ നല്ല ഇടയൻ അന്നുമുതൽ എൻ്റെ മനസ്സിൽ സ്ഥാനം പിടിച്ചു .

ചുരുക്കമായ സംഭാഷണം മാത്രമാണ് ഞങ്ങൾ തമ്മിൽ നടന്നത് . പിതാവിന്റെ മനസ്സ് ഏതോ കാര്യങ്ങളിൽ വ്യാപരിച്ചു കൊണ്ടിരുന്നതായി തോന്നി . സമയം സന്ധ്യയോടടുത്തു .ട്രെയിനിൽ യാത്രക്കാർക്കായി കൊണ്ടുവന്ന സാധാരണ ഭക്ഷണമാണ് അദ്ദേഹവും കഴിച്ചത് . അല്പസമയത്തെ മൗന പ്രാർത്ഥനയ്ക്കു ശേഷം മുകളിൽ തനിക്ക് അലോട്ട് ചെയ്തിരുന്ന ബർത്തിൽ കയറാനുള്ള ശ്രമത്തിലായി പിതാവ് . കീഴെ എനിക്ക് കിട്ടിയ കിടപ്പ് സൗകര്യം ഉപയോഗപ്പെടുത്താൻ ഞാൻ പിതാവിനെ നിർബന്ധിച്ചു . മുഖത്ത് വാർദ്ധക്യത്തിലും നഷ്ടപ്പെടാതെ നിലനിർത്തിയിരുന്ന സൗമ്യമായ മന്ദസ്മിതം വിടർന്നു . എനിക്ക് മുകളിലെ ബെർത്തിൽ സൗകര്യക്കുറവൊന്നുമില്ല . എന്റെ ഔദാര്യത്തിന് നന്ദി പറഞ്ഞ് ആ ക്ഷീണിച്ച മനുഷ്യൻ എളുപ്പത്തിൽ മുകളിലെ ബെർത്തിൽ കയറി കിടപ്പു പിടിച്ചു .

അന്ന് എനിക്കു തോന്നിയ ആദരവ് ഇന്നും നിലനിൽക്കുന്നു . അതു ശരിയല്ല വർദ്ധിച്ചുവരുന്നു . എൻെറ എപ്പിസ്കോപ്പൽ രജതജൂബിലിയോടനുബന്ധിച്ച് ഡയോസിഷൻ ബുള്ളറ്റിനിൽ കൊടുത്ത ഇന്റർവ്യൂവിൽ ഞാനതു പറഞ്ഞിട്ടുമുണ്ട് . പരിചയപ്പെട്ട കാലത്ത് മനസ്സിൽ ഉയർന്ന ആദരവ് നിലനിർത്താൻ തന്റെ തുടർ ജീവിതം എനിക്ക് പ്രേരണ നൽകിയ ഏക സഭാദ്ധ്യക്ഷനായിരുന്നു പവ്വത്തിൽ പിതാവ് . പരിചയപ്പെടുമ്പോൾ തന്നെ മടുപ്പു സൃഷ്ടിക്കുന്നവരാണ് അധികം ആത്മീയ നേതാക്കന്മാരും . ദാരിദ്ര്യം അനുഭവിച്ച കുടുംബങ്ങളിൽപ്പെട്ടവർ പോലും സഭാ സ്ഥാനങ്ങളിൽ കയറിപ്പറ്റുമ്പോൾ കാണിക്കുന്ന പൊങ്ങച്ചവും സുഖലോലുപതയോടുള്ള ആസക്തിയും കണ്ട് മനുഷ്യൻ അന്തം വിടുന്ന കാലത്ത് ഇത്തരം മനുഷ്യർ അപൂർവ്വം തന്നെ . വാർദ്ധക്യത്തിൽ എത്തിയപ്പോഴും ഒരു അംബാസഡർ കാറാണ് അദ്ദേഹം യാത്രയ്ക്കുപയോഗിച്ചിരുന്നത് . പത്രാസ് കാണിച്ച് ആദരവ് നേടിയ ആളായിരുന്നില്ല പിതാവ് .

പിതാവിനെ കണ്ട ഓർമ്മ എൻ്റെ മനസ്സിൽ എന്നുമുണ്ടായിരുന്നു . എന്നാൽ അദ്ദേഹത്തെ പിന്നീടു കണ്ടുമുട്ടിയത് ഏറെ വർഷങ്ങൾക്കു ശേഷമാണ് . ഞാനിതിനിടെ പാത്രിയർക്കീസ് വിഭാഗത്തിലെ കണ്ടനാട് ഭദ്രാസനത്തിലെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു . വൈകാതെ തന്നെ മിലിത്തിയോസ് തിരുമേനിയും മേൽപ്പട്ട സ്ഥാനത്ത് അവരോധിക്കപ്പെട്ടു. തുടർന്നുവന്ന സുന്നഹദോസിൽ സഭയുടെ എക്യുമെനിക്കൽ ബന്ധങ്ങൾ സജീവമാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതിന് ധാരണയായി. അതിന്റെയടിസ്ഥാനത്തിൽ മുടങ്ങിക്കിടന്നിരുന്ന കത്തോലിക്ക – സിറിയൻ ഓർത്തഡോക്സ് ഡയലോഗ് കമ്മീഷൻ പുനരുജ്ജീവിപ്പിക്കപ്പെട്ടു . ഫാ. പി .ജി ചെറിയാൻ ( നിക്കോളാവാസ് തിരുമേനി), ഡോ. ബാബു പോൾ തുടങ്ങിയവർ അതിലെ അംഗങ്ങളായിരുന്നു . അതിന്റെ അദ്ധ്യക്ഷനായി ഞാൻ ചുമതലയേറ്റു . കത്തോലിക്കാ സഭയുടെ ഡെലിഗേഷന്റെ അദ്ധ്യക്ഷൻ പവ്വത്തിൽ പിതാവ് ആയിരുന്നു . അങ്ങനെ പരസ്പരം കാണുവാനും ആശയ കൈമാറ്റങ്ങൾക്കും അവസരം ലഭിച്ചു .

കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ നിന്നും പാത്രിയർക്കീസ് വിഭാഗത്തിന് വിനാശകരമായ വിധിയുണ്ടായ സമയമായിരുന്നു അത് . അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം കത്തോലിക്കാ സഭയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നത് അന്ന് വലിയ ഒരു ആവശ്യം ആയിരുന്നു . അതൊരു എക്യുമെനിക്കൽ കാര്യം മാത്രമായിരുന്നില്ല . കടുത്ത നിയമപ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും സുപ്രീംകോടതിയുടെ വിധിയെപ്പറ്റി ആശങ്കപ്പെടുകയും ചെയ്തിരുന്ന ഇടവേളയായിരുന്നു അത് . ആ സാഹചര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയതും സംഘടിതവുമായ കത്തോലിക്കാ സഭയുടെ സൗഹൃദവും പിൻബലവും നേടിയെടുക്കുക എന്നത് തന്ത്രപരമായ നീക്കം ആയിരുന്നു . അതുകൊണ്ടുതന്നെ ആ വിഭാഗത്തു നിന്ന് ചർച്ചകൾ ഗൗരവമായും ക്രിയാത്മകമായും കൊണ്ടുപോകുവാനുള്ള ശ്രമമാണ് നടന്നത് .

കത്തോലിക്കസഭാ നേതൃത്വത്തിൽ നിന്ന് ഇതിന് നല്ല പ്രതികരണമാണുണ്ടായത് . അതിന് പ്രത്യേക സാഹചര്യവും ഉണ്ടായിരുന്നു . ഓർത്തഡോക്സ് സഭയുമായുള്ള ചർച്ചകൾ ഏറെക്കാലം മുമ്പ് തുടങ്ങിയിരുന്നെങ്കിലും അവ വേണ്ടത്ര ഫലപ്രദമായിരുന്നില്ല . ഓർത്തഡോക്സ് ഡെലിഗേഷന്റെ ശ്രദ്ധ ചർച്ചയിൽ പുരോഗതി ഉണ്ടാക്കുന്നതിലല്ല പ്രത്യുത തങ്ങളെ വേദപാഠം പഠിപ്പിക്കുന്നതിലാണ് എന്ന ചിന്തയാണ് കത്തോലിക്ക പ്രതിനിധി സംഘത്തിനുണ്ടായിരുന്നത് . അതുകൊണ്ട് പാത്രിയർക്കീസ് വിഭാഗം പ്രകടിപ്പിച്ച തുറന്ന സമീപനം അവർക്ക് തൃപ്തികരമായി . ചർച്ചയിൽ കാര്യമായ ഫലമുണ്ടാകുവാൻ പവ്വത്തിൽ പിതാവ് പ്രത്യേകം ശ്രദ്ധിച്ചു . ആദ്യത്തെ സംയുക്ത മീറ്റിങ്ങിൽ തന്നെ സഭാന്തര വിവാഹം സംബന്ധിച്ചുള്ള കാര്യത്തിൽ ധാരണയുണ്ടായി . പ്രായമുള്ള ചില മെത്രാപ്പോലീത്തമാരിൽ നിന്നും പാത്രിയർക്കീസ് വിഭാഗത്തിന്റെ സുന്നഹദോസിൽ എതിർപ്പുകൾ ഉണ്ടായിയെങ്കിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേൽപ്പട്ടക്കാർക്ക് നിയന്ത്രണശേഷിയും ശ്രേഷ്ഠ കാതോലിക്കാബാവയ്ക്ക് ആവശ്യബോധവും ഉണ്ടായിരുന്നതുകൊണ്ട് കരടുടമ്പടിക്ക് അംഗീകാരമായി . മാറിവരുന്ന കാലഘട്ടത്തിൽ ഇത് ഒരാവശ്യം കൂടിയായിരുന്നുവെന്ന് പിന്നീട് ഇരു സഭകൾക്കും ബോദ്ധ്യപ്പെടുകയും ചെയ്തു . കത്തോലിക്കാ സഭയുമായുള്ള ഉഭയ ചർച്ചാസംഘത്തിൽ ഞാൻ പെട്ടത് ആകസ്മികമായിരുന്നു . ചർച്ചയ്ക്കുള്ള ആവശ്യമായ ഒരുക്കവും എനിക്കുണ്ടായിരുന്നില്ല . അതുകൊണ്ട് ആ സംവാദം എനിക്കൊരു പഠനകളരി ആയിരുന്നു . ഏതായാലും തുറന്ന മനസ്സോടെ ചർച്ചകളിൽ ഏർപ്പെടുവാൻ പ്രതിനിധി സംഘത്തിന് കഴിഞ്ഞു എന്ന് എനിക്ക് പറയുവാൻ സാധിക്കും . ഈ രംഗത്ത് ഏറെ അനുഭവസമ്പത്തുണ്ടായിരുന്ന പിതാവ് എന്നെ സംബന്ധിച്ച് വലിയ ഒരു മാർഗ്ഗദർശി ആയിരുന്നു . ഏതെങ്കിലും സ്വാർത്ഥ താൽപര്യത്തെ പ്രതിയല്ല സഭ സംവാദങ്ങളിൽ ഏർപ്പെടുന്നത് . ഇത് സഭയുടെ നിയോഗമാണ് . അത് ലക്ഷ്യമില്ലാത്ത അനുഷ്ഠാനവും അല്ല . ക്രിസ്തീയ വിഭാഗങ്ങൾ ദൈവാത്മാവിൽ തുറന്ന മനസ്സോടെ നടത്തുന്ന ആലോചനയാണിത് . നാം ജീവിക്കുന്ന സമൂഹത്തിന്റെ നന്മയ്ക്കും നീതിയുടെ പുലർച്ചയ്ക്കും സഭകൾക്ക് സംയുക്തമായി പ്രവർത്തിക്കാവുന്ന മേഖലകൾ അടയാളപ്പെടുത്തുക , അവയ്ക്കുള്ള മാർഗ്ഗങ്ങൾ കൂട്ടായി അന്വേഷിക്കുക , സഭകൾതമ്മിലുള്ള ബന്ധങ്ങൾ, സഹകരണം , കൂട്ടായ്മ എന്നിവ ശക്തിപ്പെടുത്തുവാനുള്ള സാദ്ധ്യതകൾ ആരായുക , മാറിവരുന്ന സാഹചര്യങ്ങളിൽ ഓരോ സഭയ്ക്കും സഹ സഭകൾക്ക് ഏതെല്ലാം തരത്തിൽ സേവനം നൽകുവാനാകും എന്ന് ചിന്തിക്കുക എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് സംവാദങ്ങളിൽ കാര്യപരിപാടികൾ ആകേണ്ട വിഷയങ്ങൾ എന്നെനിക്ക് ബോദ്ധ്യമായി . അല്പം സ്വാർത്ഥ ലക്ഷ്യങ്ങളുമായി ചർച്ചകൾക്ക് പോയ എനിക്ക് പിതാവുമായ ബന്ധത്തിൽ സഭാന്തര സംവാദങ്ങളിൽ പാലിക്കേണ്ട തിരുത്തലുകൾ തിരിച്ചറിയുവാനായി . ഈ ചിന്തയുടെ മാറ്റമാണ് ചർച്ചകൾ ഫലപ്രദമാകുവാൻ സഹായിച്ചത് . ഈ വഴിമാറ്റത്തിന് പ്രേരണ നൽകിയും സൗമ്യമായി ചർച്ചകളുടെ ഗതി മാറ്റിയും എന്നെ സഹായിച്ച പിതാവിനോടുള്ള കടപ്പാടുകൾ ഏറെയാണ് . വ്യക്തിപരമായ വിനയവും മറ്റുള്ളവരോട് കാണിക്കേണ്ട ആദരവും ചർച്ചകളുടെ വിജയകരമായ പര്യവസാനത്തിന് നിർണ്ണായകമാണ് എന്ന് ഞാൻ പഠിച്ചത് പിതാവിൽ നിന്നാണ് .

ആ നല്ല തുടക്കം സൃഷ്ടിച്ച സൗഹാർദ്ദം ഞങ്ങൾ തമ്മിലുള്ള സൗഹൃദം കുറേക്കൂടി ഊഷ്മളമാക്കി . തുടർ ചർച്ചകൾ കൂടുതൽ ക്രിയാത്മകമാവുകയും ചെയ്തു . ചർച്ചാ വേദികളും അവസരങ്ങളും പ്രാമാണിത്തം കാണിക്കുവാനും ചർച്ചയ്ക്കു വരുന്നവരെ വേദശാസ്ത്രം പഠിപ്പിക്കുവാനുമല്ല പ്രത്യുത സഭകൾ ഓരോ കാലത്തും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാനാണ് ശ്രദ്ധിക്കേണ്ടത് എന്ന് എനിക്ക് തിരിച്ചറിയുവാനായി . ഏതായിരുന്നാലും അന്ന് സൃഷ്ടിച്ച സൗഹാർദ്ദത്തിന്റെ ആനുകൂല്യമാണ് ഇന്ന് അവശേഷിക്കുന്ന പാത്രിയർക്കീസ് കക്ഷിക്ക് കത്തോലിക്കാ സഭയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത് . സഭാന്തര വിവാഹ ക്രമീകരണങ്ങൾ സാധാരണഗതിയിൽ നടക്കുന്നതിനും ആവശ്യ ഘട്ടങ്ങളിൽ കൂദാശകൾ അന്യോന്യം സ്വീകരിക്കുന്നതിനും പിന്നീടുള്ള ചർച്ചകളിൽ തീരുമാനമായി .

ഇതോടൊപ്പം തന്നെ ബന്ധങ്ങൾ വ്യാപകവും മെച്ചവും ആക്കുന്നതിനുള്ള ശ്രമങ്ങൾ പാത്രിയർക്കീസ് കക്ഷിക്കാർ ആരംഭിച്ചിരുന്നു . ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് , കേരള കൗൺസിൽ ഓഫ് ചർച്ചസ് എന്നിവിടങ്ങളിൽ അവർ വളരെ സജീവമായി . വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മിഷൻ ആൻഡ് ഇവാഞ്ചലൈസേഷൻ കമ്മിറ്റിയിലേക്ക് ഞാൻ നോമിനേറ്റ് ചെയ്യപ്പെട്ടു . കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ അദ്ധ്യക്ഷനായി 1992 ൽ ചേർന്ന ട്രയനിയൻ അസംബ്ലിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടു . അതിൽ ഓർത്തഡോക്സ് പ്രതിനിധി സംഘത്തിന്റെ നിരുപാധികമായ പിന്തുണയും എനിക്കു ലഭിച്ചിരുന്നു . 1995ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ആ പിന്തുണ ഉണ്ടായിരുന്നു . ഈ കാലയളവിൽ കെ സി സിയും കെ സി ബി സിയും തമ്മിലുള്ള സഹകരണം ഹൃദ്യമായിരുന്നു . വിവിധ വിഷയങ്ങളെ സംബന്ധിച്ച് സംയുക്ത ചർച്ചകളും സെമിനാറുകളും നടന്നിരുന്നു . ഈ കാര്യത്തിൽ കെ സി ബി സി അദ്ധ്യക്ഷനായിരുന്ന പിതാവിന്റെ ഇടപെടലും സഹകരണവും നിർണ്ണായകമായിരുന്നു . ഇതും ഞങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ വളർച്ചയ്ക്ക് സഹായകമായി .

പവ്വത്തിൽ പിതാവിന് മാർത്തോമാ പാരമ്പര്യത്തോടും കേരളത്തിലെ സുറിയാനി സഭകളോടും ഉണ്ടായിരുന്ന സ്നേഹം എല്ലാവർക്കും അറിവുള്ള കാര്യമാണ് . അതുകൊണ്ടുതന്നെ മലങ്കരസഭയിലെ ഭിന്നത അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചിരുന്നു . സഭയിൽ ഐക്യം ഉണ്ടാകണം എന്നും സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾ കൂടുതലായി പരസ്പരം സഹകരിക്കണമെന്നും പിതാവ് അഭിലഷിച്ചിരുന്നു . മലങ്കര സഭാക്കേസ് സുപ്രീംകോടതിയിൽ വാദത്തിന് വരുന്നതിനുമുമ്പ് പിതാവ് മർത്തോമ വലിയ മെത്രാപ്പോലീത്ത അലക്സാണ്ടർ തിരുമേനിയെയും തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബെനഡിക്ട് തിരുമേനിയെയും കൂട്ടി മൂവാറ്റുപുഴ അരമനയിലെത്തി ശ്രേഷ്ഠ ബാവാ തിരുമേനിയെ സന്ദർശിച്ച് സഭാ സമാധാനം സംബന്ധിച്ച് തന്റെ ആഗ്രഹം അറിയിച്ചു . ബാവ ഈ വിഷയം പിന്നീട് വരുന്ന എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ ആലോചനാ വിഷയമായി അജണ്ടയിൽ ചേർക്കുമെന്ന് ഉറപ്പു നൽകി അവരെ യാത്രയാക്കി .

തുടർന്നുവന്ന സുന്നഹദോസിൽ സഭാഭരണഘടന അംഗീകരിച്ച് സഭയിൽ സമാധാനം ഉണ്ടാകുന്നതിന് അനുകൂല ധാരണ ഉണ്ടായി . ഈ വിവരം മദ്ധ്യസ്ഥരെ അറിയിക്കുന്നതിനും തുടർച്ചകൾക്കുമായി മിലിത്തിയോസ് തിരുമേനിയെയും ഡോ. ബാബു പോളിനെയും എന്നെയും ചുമതലപ്പെടുത്തി. അതിന്റെയടിസ്ഥാനത്തിൽ ഞങ്ങൾ ചങ്ങനാശ്ശേരിയിൽ പോയി പവ്വത്തിൽ പിതാവിനെ കണ്ടു വിവരങ്ങൾ അദ്ദേഹത്തോട് അറിയിച്ചു . പിതാവ് അപ്പോൾ തന്നെ പരി . മാത്യൂസ് ദ്വിതിയൻ ബാവായുമായി ഫോണിൽ വിഷയം സംസാരിച്ചു . ആലോചിച്ച് മറുപടി പറയാം എന്ന് പ്രത്യുത്തരം നൽകി . സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞതിനുശേഷമാകാം ചർച്ച എന്ന് പിന്നാലെ പിതാവിനെ ദേവലോകത്തു നിന്നും അറിയിച്ചു . അങ്ങനെ പാത്രിയർക്കീസ് വിഭാഗം ഒന്നാകെ ഭരണഘടന അംഗീകരിച്ചു സഭാ സമാധാനത്തിന് നടത്തിയ നീക്കം ആരംഭത്തിൽ വെച്ചു തന്നെ പൊളിഞ്ഞു . പിതാവിന്റെ മദ്ധ്യസ്ഥതയിലും താൽപര്യത്തിലും നടന്ന ഈ അനുരഞ്ജന നീക്കത്തെ അവഗണിച്ചതിൽ അദ്ദേഹത്തിന് ഏറെ നിരാശയുണ്ടായിരുന്നു . പിന്നീടൊരിക്കലും അദ്ദേഹം സമാധാന ചർച്ചയ്ക്ക് രംഗത്ത് വന്നില്ല . സഭാസമാധാനത്തിനു വേണ്ടിയുള്ള തൻ്റെ അഭ്യർത്ഥന മുഖവിലയ്ക്കെടുക്കാതെ തള്ളിയതിന്റെ വിഷമം അദ്ദേഹത്തിൽ നിലനിന്നു . അതുകൊണ്ട് 1995ലെ വിധിക്ക് ശേഷം അദ്ദേഹത്തിൻ്റെ ഇടപെടൽ ആഗ്രഹിച്ച് ഞാൻ അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം സ്വത : സിദ്ധമായ ആകർഷക മന്ദസ്മിതത്തോടെ എന്നെ തിരിച്ചയച്ചു. അന്ന് ആ ശ്രമം നടന്നു പോയിരുന്നെങ്കിൽ ഈ കഴിഞ്ഞ 30 വർഷത്തെ അലങ്കോലങ്ങളിൽ നിന്നും സഭയ്ക്ക് വിമുക്തയായി സാക്ഷ്യം നിലനിർത്താമായിരുന്നു .

പിതാവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം രാഷ്ട്രീയമായിരുന്നു . കേരള കോൺഗ്രസിന്റെ ഭിന്നത നീക്കുന്നതിനുള്ള മദ്ധ്യസ്ഥനായിട്ടാണ് വേറൊരു സമയത്ത് ഞാൻ പിതാവിനെ സമീപിച്ചത് . ഞാൻ കേരളാകോൺഗ്രസുകാരനല്ല . ആയിരുന്നിട്ടുമില്ല . എനിക്ക് പാർട്ടി രാഷ്ട്രീയം ഇല്ല താനും . പ്രശ്നം കേരള കോൺഗ്രസ് മാണി വിഭാഗവും ജേക്കബ് വിഭാഗവും തമ്മിലുള്ള ഐക്യസാദ്ധ്യതയാണ് . ടി. എം ജേക്കബ് കണ്ടനാട് ഭദ്രാസന അംഗമായതുകൊണ്ടും എനിക്ക് പിതാവുമായി അടുപ്പമുണ്ട് എന്ന് ജേക്കബിനറിയാമായിരുന്നതുകൊണ്ടുമാണ് വിഷയം എന്റെ പക്കൽ വന്നത് . ജേക്കബിന് മാണിയുമായി യോജിപ്പിന് താല്പര്യമുണ്ട് . പിതാവ് അതിൽ ഇടപെട്ട് മാണിയെ അതിനായി അനുനയിപ്പിക്കണം . ഇതാണാവശ്യം . വിഷയം ഞാൻ പിതാവിനോടവതരിപ്പിച്ചു . പിതാവ് സംസാരിക്കാമെന്നും സാദ്ധ്യത ആരായാമെന്നും എനിക്ക് ഉറപ്പു നൽകി . പിന്നീട് എന്നെ വിളിച്ചു പറഞ്ഞു : നമ്മൾ പിതാക്കന്മാർക്ക് വിവാഹം ആശീർവദിക്കാനല്ലേ അവകാശമുള്ളൂ. നിർബന്ധിച്ചു കെട്ടിക്കാനാവില്ലല്ലോ . മാണിക്ക് കല്യാണത്തിന് താല്പര്യമില്ലത്രേ . ഇവരെല്ലാം ഒന്നിച്ചു പോയാൽ സമുദായത്തിന് നന്നായിരുന്നു . ക്രൈസ്തവർ രാഷ്ട്രീയ കാര്യത്തിലും ഒന്നിച്ചു നിന്ന് നാടിന്റെ നന്മയ്ക്കു വേണ്ടിയും സമുദായോന്നതിക്കു വേണ്ടിയും പ്രവർത്തിക്കണമെന്ന താല്പര്യം പിതാവിന് ഏറെയുണ്ടായിരുന്നു . രാഷ്ട്രീയക്കാർക്ക് അവരുടേതായ കാര്യപരിപാടികളാണ് പ്രധാനം . അതുകൊണ്ട് ഇടയന്റെ ഉപദേശം അവർക്കാവശ്യമില്ല . ശബ്ദം കേൾക്കുകയും വേണ്ട . പിതാവിന്റെ വിശാല കാഴ്ചപ്പാടുകൾ അവരുടെ താൽപര്യത്തിൽ വരുന്നില്ല .

മുസ്ലിം തീവ്രവാദികൾ ന്യൂമാൻ കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ടി . ജെ ജോസഫ് സാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചില്ല . മാരകമായ തരത്തിൽ മുറിവേറ്റിരുന്നു . അതിനെതിരെ മൂവാറ്റുപുഴയിൽ വലിയ പ്രതിഷേധ പ്രകടനം നടന്നു . ഞാനും അതിൽ പങ്കെടുത്തിരുന്നു . എന്നാൽ കോതമംഗലം രൂപത എന്തുകൊണ്ടോ ഈ വിഷയത്തിൽ നിസ്സംഗത പുലർത്തി . പ്രൊഫസർ ജോസഫിന് യൂണിവേഴ്സിറ്റിയിൽ നിന്നു ലഭിക്കേണ്ട പരിഗണനകൾ കോളേജ് മാനേജ്മെന്റിന്റെ സഹകരണക്കുറവുകൊണ്ട് ലഭിക്കാതെ വന്നു . പവ്വത്തിൽ പിതാവ് ഇടപെട്ടാൽ കാര്യത്തിന് നീക്കുപോക്കുണ്ടാകും എന്ന ചിന്ത ഇവിടെയുണ്ടായി . അതുകൊണ്ട് ഞാൻ പോയി പിതാവിനെ കണ്ടു വിവരങ്ങൾ പറഞ്ഞു . പിതാവ് അപ്പോൾ തന്നെ കാര്യത്തിൽ ഇടപെട്ടു . എന്തെങ്കിലും ചെയ്യുമെന്ന് മറുപടി ഉണ്ടായിയെങ്കിലും ഒന്നും മാനേജ്മെന്റ് ചെയ്തില്ല . ന്യായമായ കാര്യങ്ങളിൽ പിതാവ് ഇടപെട്ടിരുന്നത് സഭാ നേതാക്കന്മാരുടെ വ്യക്തിപരമായ താല്പര്യങ്ങളുടെയടിസ്ഥാനത്തിലായിരുന്നില്ല . പിതാവ് നീതിക്കും ന്യായത്തിനും മനുഷ്യത്വത്തിനും എന്നും വില നൽകിയിരുന്നു .

പിതാവിന് എന്തുകൊണ്ടോ എന്നിൽ അമിതമായ വിശ്വാസം ഉണ്ടായിരുന്നു . 1993 കാലയളവിൽ സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞവർക്ക് പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സുറിയാനിസഭാപാരമ്പര്യങ്ങൾ സംബന്ധിച്ച് 15 ദിവസം ഒരു പഠന കളരി നടത്തണം എന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു . പിതാവിന് എന്നിൽ നല്ല മതിപ്പുണ്ടായിരുന്നെങ്കിലും എനിക്ക് എന്നിൽ ഈ കാര്യത്തിൽ വിശ്വാസം പോരായിരുന്നു . അതുകൊണ്ട് എനിക്ക് അതിന് പ്രാപ്തിയില്ല എന്ന് സവിനയം അദ്ദേഹത്തോട് പറഞ്ഞു പിന്മാറി . നിർബന്ധം പിതാവിൽ നിന്നുണ്ടായെങ്കിലും ഞാനതിന് വഴിപ്പെട്ടില്ല . അത് അനുസരണക്കേടായിരുന്നില്ല . എന്റെ പരിമിതികൾ എനിക്ക് നന്നായി അറിയാവുന്നതുകൊണ്ടു മാത്രമായിരുന്നു .

പിതാവിനോട് സൗഹൃദം പുലർത്തിയിരുന്നെങ്കിലും നിലയ്ക്കൽ പ്രശ്നം സംബന്ധിച്ച് വിമർശനാത്മകമായ രണ്ടു ലേഖനങ്ങൾ ഞാൻ ആ നാളുകളിൽ ഡയോസിഷൻ ബുള്ളറ്റിനിൽ എഴുതിയിരുന്നു . പിതാവിന് മാസികയുടെ കോപ്പി സ്ഥിരം അയയ്ക്കാറുണ്ടായിരുന്നു . ലേഖനം വായിച്ച് എന്നെ വിളിച്ച് അത്രയുമൊക്കെ വേണമായിരുന്നോ എന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു . ഞാൻ മറുപടിയൊന്നും പറഞ്ഞില്ല ചിരിക്കുക മാത്രം ചെയ്തു . പറയുവാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു . പിതാവിനോട് തർക്കുത്തരം പറയാൻ എനിക്കാവില്ലായിരുന്നു . കാരണം ഞാൻ അത്രമാത്രം അദ്ദേഹത്തെ ആദരിച്ചിരുന്നു . പൗലോസ് മാർ പൗലോസ് തിരുമേനി മാത്രം എന്നെ വിളിച്ച് സഭയുടെ മനസ്സാക്ഷി പ്രകടിപ്പിച്ചതിന് അഭിനന്ദിച്ചു . ഇവിടെയും പിതാവിനെ ഞാൻ കുറ്റം പറയില്ല . പിതാവും ഞാനും വിഷയത്തെ കണ്ടത് വ്യത്യസ്ത കോണുകളിൽ നിന്നായിരുന്നു . അത് ഞങ്ങൾക്കിരുവർക്കും അറിയാമായിരുന്നു .

ഞാൻ സഭാഭരണഘടന അംഗീകരിച്ച ശേഷം കത്തോലിക്ക – ഓർത്തഡോക്സ് ഉഭയ ചർച്ച ഡെലിഗേഷനിലേക്ക് എന്റെ പേരും എപ്പിസ്കോപ്പൽ സുന്നഹദോസ് നിർദ്ദേശിച്ചു . സഭകൾ തമ്മിൽ ധാരണ ഉണ്ടാക്കുന്ന പ്രക്രിയയിൽ പങ്കുചേരാൻ ഉള്ള അവസരമാണല്ലോ എന്നു കരുതി ഞാൻ അതിനു വഴങ്ങി .അപ്രാവശ്യവും സഭാന്തര വിവാഹ ഉടമ്പടി രേഖയായിരുന്നു സംയുക്ത കമ്മീഷന്റെ കാര്യപരിപാടിയിലെ ഒരു വിഷയം . സംയുക്ത മീറ്റിംഗിൽ എന്നെ കണ്ടതോടെ പിതാവ് പറഞ്ഞു : ഇനി എന്തെങ്കിലും സംഭവിച്ചേക്കും എന്ന് . ഉടമ്പടിയുടെ കരടു രേഖ സൃഷ്ടിച്ചു . വളരെ തൃപ്തികരവും സന്തുലിതവും ആയിരുന്നു അത് . അതിന് എപ്പിസ്കോപ്പൽ സുന്നഹദോസിൽ നിന്ന് പച്ചക്കൊടി കിട്ടുമെന്ന് ചിലരെങ്കിലും ചിന്തിച്ചു . അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല . എക്യുമെനിക്കൽ വിരുദ്ധർ അതിനെ പതിവുപോലെ കയറി വെട്ടി . ഈ ഉടമ്പടിയുടെ അപകടങ്ങൾ അവതരിപ്പിച്ചു . അദ്ധ്യക്ഷൻ നിശബ്ദത പുലർത്തി . കാരണം അദ്ദേഹത്തിന് അതേ കഴിയുമായിരുന്നുള്ളൂ . കരട് ഉഭയ ഉടമ്പടി രേഖ തള്ളി . ഈ കമ്മിറ്റിയിൽ ഇരുന്നിട്ട് കാര്യമില്ല എന്ന് എനിക്ക് ബോദ്ധ്യമായി . ഞാൻ പ്രതിനിധി സംഘത്തിൽ നിന്നും തുടർ ചർച്ചകളിൽ നിന്നും പിന്മാറുകയും ചെയ്തു .

കേരളത്തിലെ എല്ലാ എപ്പിസ്കോപ്പൽ സഭകളുടെയും പ്രതിനിധികളെ വർഷത്തിലൊരിക്കൽ പിതാവ് വിളിച്ചുകൂട്ടാറുണ്ടായിരുന്നു . സഭകൾ പൊതുവായി വിദ്യാഭ്യാസ – സാമൂഹ്യ – സാമ്പത്തിക രംഗങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ ആയിരുന്നു ചർച്ചാവിഷയങ്ങൾ . അതിൽ ഞാൻ സംബന്ധിക്കണമെന്ന് പിതാവാഗ്രഹിച്ചിരുന്നു . സമ്മേളനത്തിൽ പങ്കെടുക്കണമെന്നും എന്നാൽ അധികം വിപ്ലവം പറയേണ്ട എന്നും അദ്ദേഹം യോഗത്തിന്റെ തലേദിവസം എന്നെ വിളിച്ച് ഓർമ്മപ്പെടുത്തിയിരുന്നു . പിതൃ സഹജമായ ശാസന ഞാനെന്നും ആദരിച്ചിരുന്നു .അതുകൊണ്ട് സ്ഥിരം ഹാജർ വെച്ചിരുന്നെങ്കിലും തർക്ക വിഷയങ്ങളിൽ കൃത്യമായും മൗനം പാലിക്കാൻ ശ്രദ്ധിച്ചിരുന്നു . കഴിഞ്ഞ ഇരുപതു വർഷമായി ഈ യോഗങ്ങളിൽ ഞാൻ പങ്കെടുക്കാറില്ല . എങ്കിലും ഞാൻ പങ്കെടുത്ത സമ്മേളനങ്ങൾ സംബന്ധിച്ച ഓർമ്മ ഇപ്പോഴും എന്റെ മനസ്സിൽ നിലനിൽക്കുന്നു . പൊതു വിഷയങ്ങൾ സംബന്ധിച്ച് സഭകൾ കൂട്ടായി ചിന്തിക്കണം എന്നും പൊതുധാരണകൾ സൃഷ്ടിക്കണമെന്നും പിതാവിന്റെ ആഗ്രഹമായിരുന്നു . എന്നാൽ അവിടെ വന്ന് വിപ്ലവം വിളമ്പാതിരിക്കുവാൻ പിതാവ് ശ്രദ്ധാപൂർവ്വം തടയിട്ടിരുന്നു എന്നത് ഇപ്പോഴും എൻ്റെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു .

ഏതായാലും ഏറെ ഓർമ്മകൾ എന്നിൽ അവശേഷിപ്പിച്ച് പിതാവ് കടന്നുപോയി . നീതിമാന്മാർക്കുള്ള നിത്യകൂടാരങ്ങളിൽ പിതാവ് വസിച്ച് വിശുദ്ധരോടൊപ്പം സംഘഗാനങ്ങൾ പാടി ദൈവികസാന്നിദ്ധ്യം അനുഭവിക്കുവാൻ ദൈവം കനിയട്ടെ . പിതാവേ സമാധാനം .