അശരണരെ ചേർത്തു പിടിക്കണം | പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ
കോലഞ്ചേരി: ജാതി മത ഭേദമന്യേ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള അശരണരായവരെ ചേർത്ത് പിടിക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സഭക്കുണ്ടെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണ ഉദ്ഘാടനം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവരാജ്യം പ്രാവർത്തികമാകുന്നത് സഹായത്തിന് ആവശ്യമുള്ളവരെ കരുതുമ്പോഴാണ് . അതിനുള്ള മനസ്സ് എല്ലാവർക്കുമുണ്ടാകണമെന്നും നമ്മുടെ ചുറ്റുപാടും പ്രയാസം അനുഭവിക്കുന്നവരെ സഹായിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സഭാമക്കൾ മുന്നിട്ടിറങ്ങണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ബോധിപ്പിച്ചു.
വിവാഹ സഹായ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് അദ്ധ്യക്ഷത വഹിച്ചു. അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ജോസ് തോമസ്, ഫാ.ജേക്കബ് കുര്യൻ, വിവാഹ സഹായ സമിതി കൺവീനർ എ.കെ.ജോസഫ്, ഫാ.സോളു കോശി, ഫാ ജോസഫ് സാമുവേൽ തറയിൽ, ഫാ.ബിജു ആൻഡ്രൂസ്, ജിജു.പി.വർഗീസ് സാമുവേൽ തോമസ്, ജോമോൻ കുന്നുംപുറം, ജോൺസൺ കല്ലട, പി.വി.ബഹനാൻ, ബിജു മാത്യു, സജി ചൊവ്വള്ളൂർ, കുര്യൻ ഏബ്രഹാം, അലക്സ് മണപ്പുറത്ത്, പ്രിൻസ് ഏലിയാസ്, അജു മാത്യു എന്നിവർ പ്രസംഗിച്ചു.