കോട്ടയം വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് ഇടവകയില്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്‍റെയും മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12-ന് (1124 മകരം 28) ജനിച്ചു. വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം (1954-1959). വാഴൂര്‍ സെന്‍റ് പോള്‍സ് യു.പി. സ്കൂള്‍ (1959-1961), വാഴൂര്‍ എസ്.വി.ആര്‍.വി. ഹൈസ്കൂള്‍ (1961-1965) എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം.
വാഴൂര്‍ എന്‍.എസ്.എസ്. കോളജില്‍ നിന്നും പ്രീഡിഗ്രിയും (1966-1968) കോട്ടയം സി.എം.എസ്. കോളജില്‍ നിന്നും സ്പെഷ്യല്‍ കെമിസ്ട്രിയില്‍ ബി.എസ്.സി.യും പഠിച്ച് (1968-1971) കേരളാ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നിന്നും ജി.എസ്.റ്റി. (1973-1977), സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി.ഡി. (1977), റഷ്യയില്‍ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാഡമിയില്‍ രണ്ടു വര്‍ഷം വേദശാസ്ത്രത്തില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ (1977-1979) എന്നിവ നേടി. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എം.ടി.എച്ച്. ഉം (1979-1981) മാബൂഗിലെ മാര്‍ പീലക്സീനോസിന്‍റെ ക്രിസ്തുശാസ്ത്ര പഠനത്തില്‍ ഡോക്ടറേറ്റും (1981-1984) കരസ്ഥമാക്കി. റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2016-ല്‍ താമസിച്ച് ഡോക്ടറല്‍ ഗവേഷണത്തിന്‍റെ തുടര്‍ പഠനം നടത്തി വേദശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു. ന്യൂയോര്‍ക്കിലെ സെന്‍റ് വ്ളാഡിമേഴ്സ് ഓര്‍ത്തഡോക്സ് സെമിനാരി 2022 സെപ്റ്റംബര്‍ 23-ന് ഡോക്ടര്‍ ഓഫ് ഡിവിനിറ്റി ബിരുദം നല്‍കി ആദരിച്ചു.
കോട്ടയം പഴയസെമിനാരിയില്‍ വച്ച് പ. മാത്യൂസ് പ്രഥമന്‍ ബാവ 1976 ഏപ്രിലില്‍ 20-ന് യൗഫദ്യഖിനോ പട്ടവും ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് 1977 സെപ്തംബര്‍ 14-ന് ശെമ്മാശ്ശുപട്ടവും വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വച്ച് പ. മാത്യൂസ് പ്രഥമന്‍ ബാവ 1978 ജൂണ്‍ 30-ന് വൈദിക പട്ടവും നല്‍കി. കോട്ടയം കാരമൂട് സെന്‍റ് മേരീസ്, താഴത്തങ്ങാടി മാര്‍ ബസേലിയോസ് മാര്‍ ഗ്രീഗോറിയോസ്, കാരാപ്പുഴ മാര്‍ ഗ്രീഗോറിയോസ്, പാച്ചിറ സെന്‍റ് മേരീസ് എന്നിവിടങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു.
പത്തനംതിട്ടയില്‍ 1989 ഡിസംബര്‍ 28-ന് നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പരുമല സെമിനാരിയില്‍ വെച്ച് 1990 മാര്‍ച്ച് 30-ന് പ മാത്യൂസ് പ്രഥമന്‍ ബാവ റമ്പാന്‍ സ്ഥാനം നല്‍കി. പരുമല സെമിനാരിയില്‍ വെച്ച് പ. മാത്യൂസ് ദ്വിതീയന്‍ ബാവ 1991 ഏപ്രില്‍ 30-ന് എപ്പിസ്ക്കോപ്പായാക്കി. കോട്ടയം പഴയ സെമിനാരിയില്‍ വച്ച് 1993 സെപ്തംബര്‍ 22-ന് പ. മാത്യൂസ് ദ്വിതീയന്‍ ബാവ മെത്രാപ്പോലീത്തായായി ഉയര്‍ത്തി.
കോട്ടയം സെന്‍ട്രല്‍ ഭദ്രാസനം (1991 ജൂണ്‍-1993 സെപ്തംബര്‍), കണ്ടനാട് ഭദ്രാസനം (1991 ആഗസ്റ്റ് 19 മുതല്‍ 1993 സെപ്തംബര്‍), ഇടുക്കി ഭദ്രാസനം (1992 മാര്‍ച്ച്-1994 ഡിസംബര്‍) എന്നിവയുടെ സഹായ മെത്രാപ്പോലീത്താ ആയിരുന്നു. 1993 ആഗസ്റ്റ് 26 മുതല്‍ കണ്ടനാട് മെത്രാസന അദ്ധ്യക്ഷന്‍.
2002 മുതല്‍ പുതുതായി രൂപീകരിച്ച കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്‍റെ അദ്ധ്യക്ഷന്‍. 2019 ജൂലൈ മുതല്‍ മലബാര്‍ ഭദ്രാസനത്തിന്‍റെയും 2019 ഡിസംബര്‍ മുതല്‍ ഇടുക്കി ഭദ്രാസനത്തിന്‍റെയും സഹായ മെത്രാപ്പോലീത്ത ആയിരുന്നു (2019-2021). 1984 മുതല്‍ ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വേദശാസ്ത്ര വിഭാഗത്തില്‍ അദ്ധ്യാപകനായി (1984-2021) 37 വര്‍ഷം പഠിപ്പിച്ചു. നാഗപ്പൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരിയിലെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റ്, വര്‍ക്കിങ്ങ് കമ്മിറ്റി മെംബര്‍, പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി വൈസ് പ്രസിഡന്‍റ്, സുന്നഹദോസ് ലീഗല്‍ കമ്മീഷന്‍ പ്രസിഡന്‍റ്, പ്രൊ ഓറിയന്‍റെ കണ്‍സള്‍ട്ടേഷന്‍ അംഗം, റോമന്‍ കത്തോലിക്ക – ഓര്‍ത്തഡോക്സ് ഡയലോഗ് അംഗം (1984 -2012), ലീഗല്‍ സെല്‍ പ്രസിഡന്‍റ്, അഖില മലങ്കര വൈദികസംഘം പ്രസിഡന്‍റ് (1997-2006, 2018-2021), എം.ഒ.സി. പബ്ലിക്കേഷന്‍സ് പ്രസിഡന്‍റ്, സഭാ സാമ്പത്തിക സമിതി അദ്ധ്യക്ഷന്‍, സ്ലീബാദാസ സമൂഹാദ്ധ്യക്ഷന്‍, ആരാധനാ പരിഷ്ക്കരണ കമ്മിറ്റി അദ്ധ്യക്ഷന്‍, ലിറ്റര്‍ജിക്കല്‍ ട്രാന്‍സലേഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍, ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്‍റ്, ദിവ്യബോധനം പ്രസിഡന്‍റ്, ബസ്ക്യാമോ അസോസിയേഷന്‍ പ്രസിഡന്‍റ്, പുരോഹിതന്‍ മാസിക ചീഫ് എഡിറ്റര്‍, അഖില മലങ്കര വൈദിക സംഘം സെകട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 17-ല്‍പ്പരം സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ കാര്യദര്‍ശിത്വം വഹിക്കുന്നു. ഓര്‍ത്തഡോക്സ് വേദശാസ്ത്ര ദര്‍ശനങ്ങളും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ച് ഇടയ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.
ദൈവശാസ്ത്രജ്ഞനും ചിന്തകനും ധ്യാനഗുരുവുമാണ്. മെത്രാപ്പോലീത്താ സ്ഥാനം 42-ാമത്തെ വയസില്‍ ലഭ്യമായി. കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി 72-ാമത്തെ വയസില്‍ നിയോഗം ലഭിച്ചു. പരുമല സെമിനാരിയില്‍ 2021 ഒക്ടോബര്‍ 14-ന് നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം, മലങ്കര മെത്രാപ്പോലീത്തായായും പൗരസ്ത്യ കാതോലിക്കായായും തെരഞ്ഞെടുത്തു. 2021 ഒക്ടോബര്‍ 15-ന് വെള്ളിയാഴ്ച പരുമല പള്ളിയില്‍ വച്ച് പരിശുദ്ധ ഡോ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ കാതോലിക്കായായി സ്ഥാനാരോഹണം നടത്തി.
2022 ഫെബ്രുവരി 25-ന് കോലഞ്ചേരിയിലും 2022 ഓഗസ്റ്റ് 4-ന് പത്തനാപുരത്തും നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 2022 ജൂലൈ 28-ന് പഴഞ്ഞിയില്‍ വെച്ച് ഏഴ് മെത്രാപ്പോലീത്തന്മാരെ വാഴിച്ചു.
കൃതികള്‍: നിത്യജീവനില്‍, എഫേസ്യ, ഫിലിപ്പ്യ, കൊലോസ്യ ലേഖനങ്ങള്‍: ഒരു വ്യാഖ്യാനം, പൗരസ്ത്യ വേദശാസ്ത്ര ദര്‍ശനങ്ങള്‍, പൗരസ്ത്യ സഭാ ശാസ്ത്ര ദര്‍ശനങ്ങള്‍, മലങ്കരസഭയില്‍ സമാധാനത്തിന്‍റെ സുവര്‍ണ്ണരേഖ, Word Became Flesh: The Christology of Philoxenos of Mabbug, Didaskalia: Church, Worship and Unity, മലങ്കരസഭ: ചരിത്രസ്പന്ദനങ്ങള്‍.
Books about HH Mathews III: Begotten not made: Christology in Perspectives, പൗരസ്ത്യ ക്രൈസ്തവ ദര്‍ശന കര്‍മ്മയോഗി, മലങ്കരയുടെ ഒമ്പതാം കാതോലിക്ക, കാതോലിക്കേറ്റിന്‍റെ കാവല്‍ഭടന്‍, വചനത്തിന്‍റെ വിത്തുകള്‍, വചനത്തിന്‍റെ പുലര്‍വെട്ടം.
കാതോലിക്കേറ്റ് അരമന,
ദേവലോകം, കോട്ടയം
ദേവലോകം, കോട്ടയം