കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും | ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും

ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കുരിശിന് മഹത്തരമായ പ്രാധാന്യം ക്രൈസ്തവ സഭകള്‍ നല്‍കുന്നു. വേദ പുസ്തകാധിഷ്ഠിതവും, വേദ ശാസ്ത്രപരവുമായി അഗാധ അര്‍ത്ഥം വെളിവാക്കുന്ന കുരിശ് മത ചിഹ്നമോ സാംസ്കാരിക അടയാളമോ മാത്രമല്ല ഉള്‍ക്കൊള്ളുന്നത്. ക്രിസ്തുവിന്‍റെ കഷ്ടാനുഭവം, ക്രൂശുമരണം, ഉയിര്‍ത്തെഴുന്നേല്പ് എന്നിവയുടെ സമഗ്രവും ഏകവുമായ പ്രതീകമാണ് കുരിശ്.

1. കുരിശിന്‍റെ പ്രാധാന്യം എന്ത്?

ലാറ്റിന്‍ ഭാഷയിലെ ക്രസില്‍ (Crux) നിന്നുമാണ് ക്രോസ് (Cross) ക്രോസ് എന്ന വാക്ക് ഉത്ഭവിച്ചത്. സര്‍വ്വ പ്രധാനം, അത്യന്താപേഷിതം, അടിസ്ഥാനപരം എന്നെല്ലാം അര്‍ത്ഥമുണ്ട്. അതിനാല്‍ കുരിശ്, യേശുവിന്‍റെ കഷ്ടാനുഭവം, ക്രൂശാരോഹണം, ഉയിര്‍പ്പ് എന്നിവയുടെ പ്രാധാന്യം വെളിപ്പെടുത്തുന്നു. ക്രിസ്തുവിശ്വാസത്തിന്‍റെ മറ്റ് പ്രമാണങ്ങള്‍ എല്ലാം പണിതുയര്‍ത്തിയിരിക്കുന്നത്. നശിച്ചുപോകാത്ത കുരിശിന്‍റെ അടിത്തറയിലാണെന്ന് യറുശലേമിലെ വിശുദ്ധ കൂറിലോസ് (C. 348 – 87) പഠിപ്പിക്കുന്നു. പഴയ നിയമത്തിലെ പല സംഭവങ്ങളും പ്രവചനങ്ങളും കുരിശിന്‍റെ രക്ഷാകരമായ പദ്ധതിയെ മുന്‍കൂട്ടി വെളിപ്പെടുത്തുന്നതായി പിതാക്കന്മാര്‍ വ്യാഖ്യാനിക്കുന്നു.

സംഹാര ദൂതനെ തടയുന്നതിന് കറുമ്പടി മേലും കട്ടളക്കാല്‍ മേലുള്ള രക്തം തേക്കല്‍ (പുറ. 12 .23), മോശ കയ്യില്‍ ധരിച്ച അടയാളവും കണ്ണുകളുടെ നടുവിലെ നെറ്റിപ്പട്ടയും (പുറ. 14.6), ശത്രുക്കളുടെ പരാജയത്തിനായി മോശയുടെ കൈ ഉയര്‍ത്തലും (പുറ. 17: 8 – 15), മരുഭൂമിയില്‍ മോശ നാട്ടിയ പിത്തള സര്‍പ്പവും (സംഖ്യ 21. 6 – 9), കുരിശിന്‍റെ മുന്‍കുറികളായി കണക്കാക്കപ്പെടുന്നു. മരത്തില്‍ തൂങ്ങി മരിച്ചവര്‍ ശാപഗ്രസ്തന്‍ (പുറ. 21 . 22), മിശിഹായുടെ കഷ്ടാനുഭവ ദര്‍ശനം (സങ്കി.22), നെറ്റിയിലെ രക്ഷകരമായ അടയാളം (യെഹസ്കി 9:3 -6) എന്നിവ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നുമുള്ള രക്ഷയുടെ അടയാളമായും വ്യാഖ്യാനിക്കുന്നു.

കുരിശിന്‍റെ മഹത്തായ ദര്‍ശനം വെളിപ്പെടുത്തുന്നത് ക്രൂശ് എടുത്ത് എന്നെ അനുഗമിക്കുക എന്ന പ്രഖ്യാപനത്തിലാണ് (മത്ത 101 : 38 – 39, 16 : 24 – 25, മരണ 8: 34 -35 ലൂക്കോ 9 : 23 – 24, 14 :27), ڇക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്കുള്ള സന്ദേശം വരിക, ക്രൂശിക്കപ്പെടുക എന്നതാണെന്ന് ശിഷ്യത്വത്തിന്‍റെ വില നിര്‍ണ്ണയപ്പെടുത്തിڈ സിട്രിച്ച് ബോണ്‍ ഹോഫര്‍ (1906 – 1945) വ്യാഖ്യാനിക്കുന്നു. യേശുവിന്‍റെ ശിഷ്യത്വത്തിലേക്കുള്ള വിളി വരിക ക്രൂശിക്കപ്പെടുക എന്ന ആഹ്വാനമാണ്. യേശുവിനെ അനുഗമിക്കുന്നവര്‍ കുരിശിന്‍റെ വഴി തിരഞ്ഞെടുക്കണം. നിന്ദയും തിരസ്കാരവും മുള്‍ക്കിരീടവും കുരിശിന്‍റെ വഴിയാണ്. യേശുവിന്‍റെ ഗിരിപ്രഭാഷണത്തിന്‍റെ അന്തസത്ത കുരിശിന്‍റെ ജീവിതമാണ്. പരസ്യ ശുശ്രൂഷയില്‍ മൂന്നു പ്രാവശ്യം യേശു പീഡാനുഭവത്തേയും, ക്രൂശു മരണത്തേയും സൂചിപ്പിക്കുന്നു. (മത്താ 16 : 21, 17 : 22, 22-23, 20 : 18 – 19). യേശുവിനെ പിന്‍പറ്റിയവര്‍ ക്രൂശിനെ സ്വീകരിക്കുവാന്‍ വിമുഖത പ്രകടിപ്പിച്ചപ്പോള്‍ ശിഷ്യത്വം കുരിശ് എടുക്കുന്നതിന്‍റേതാകണമെന്ന് ആഹ്വാനം ചെയ്യുന്നു (ലൂക്കാ 9: 22 – 24).

ശിഷ്യത്വത്തിന്‍റെ അടയാളം കുരിശാണ,് അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നവര്‍ കുരിശു വഹിക്കണമെന്നത് നിര്‍ബന്ധമാണ്. കുരിശില്‍ നിറയുന്നത് സ്നേഹവും, സഹനവുമാണ്. രക്ഷയ്ക്കുള്ള വഴിയാണ് . ക്രിസ്തു ഇല്ലാത്ത കുരിശും കുരിശില്ലാത്ത ക്രിസ്തീയതയും ക്രിസ്തുശിഷ്യത്വത്തിന്‍റെ വിളിയെ തിരസ്കരിക്കുന്നു. കുരിശിന്‍റെ അടയാളം ക്രിസ്തുവിന്‍റെ മഹത്തരമായ രണ്ടാം വരവിന്‍റെ പ്രതീകമായും (യെശ.11.10-12, മത്തായി 24: 30) ആശീര്‍വാദത്തിന്‍റെ ചിഹ്നമായും, അനുഗ്രഹങ്ങള്‍ പ്രാപിപ്പിക്കുന്നതിന്‍റെ ഭാവമായും കണക്കാക്കുന്നു. കൈകള്‍ അല്പം ഉയര്‍ത്തി പിടിക്കുമ്പോള്‍ ലഭ്യമാകുന്നതും കുരിശിന്‍റെ അടയാളമാണ്.

വിശ്വാസത്തിന്‍റെ പരിചയായ കുരിശ് (എഫേ 6,16) വിശുദ്ധ മാമോദീസായില്‍ കൂടി ആദ്യം ലഭ്യമാകുന്നു. കുരിശിന്‍റെ അടയാളം ദൈവജനത്തന്‍റെ അടയാളമായി (ഗല 5:11, 6 : 14) പഠിപ്പിക്കുന്നു. വിശുദ്ധീകരിക്കപ്പെട്ട് സഭയെ ശുശ്രൂഷിക്കുവാനും സഭയുടെ കൂദാശാനുഭവത്തില്‍ പങ്കു ചേരുവാനും വിശ്വാസികളെ കുരിശിന്‍റെ അടയാളത്തിലൂടെ സജ്ജമാക്കുന്നു.

ഓര്‍ത്തഡോക്സ് ആരാധന ക്രമത്തില്‍ കുരിശ് നിത്യ ജീവന്‍ അവകാശമാക്കുന്നതിന്‍റെ വാഗ്ദാനമാണ്. കുരിശിനെ ഏദന്‍ തോട്ടത്തിലെ ജീവ വൃക്ഷമായി താരതമ്യം ചെയ്തിട്ടുണ്ട്. ( ഉല്‍്പ്പത്തി 2:9 3 :22 – 24). വലിയ മാര്‍ ബസേലിയോസ് (330 – 379) ക്രിസ്ത്യാനികള്‍ ജീവവൃക്ഷമായി തീരണമെന്ന് (സങ്കീ. 1 : 1 -3). പ്രബോധിപ്പിക്കുന്നു. കുരിശ് ഭൂമിയില്‍ നിന്നും സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഗോവണിയാണ് ( 2:5, എബ്ര 8 : 6 ; 9 :15, 12 : 24), ക്രൂശിതനായ യേശുവിന്‍റെ ജീവിതം യാക്കോബ് കണ്ട ഗോവണിയുടെ പ്രതീകമാണ് – മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന മഹത്തായ കുരിശ് യേശുവിന്‍റെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംവേദിപ്പിക്കുന്നതിന് മാത്രമുള്ളതല്ല. കുരിശ് മനുഷ്യ വര്‍ഗ്ഗത്തെ രൂപാന്തരപ്പെടുത്തുവാനുള്ളതാണ് (The cross not only informs us, but also transforms us). ക്രൂശിന്‍റെ അനുഭവത്തില്‍ എത്തിച്ചേരുമ്പോഴാണ് യഥാര്‍ത്ഥ രൂപാന്തരമുണ്ടാകുന്നത്.

ഭൗതീക മോഹങ്ങളെ പരിത്യജിക്കുക, ക്രിസ്തു വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുക (എബ്ര 12 : 2 – 13), ക്രിസ്തുസ്നേഹം വെളിപ്പെടുത്തുക എന്നിവയില്‍ അടിസ്ഥാനമിട്ടെങ്കില്‍ മാത്രമേ, കുരിശിന്‍റെ സ്നേഹവും ശിഷ്യത്വവും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ കഴിയൂ. ക്രിസ്തുവിന്‍റെ കുരിശ് ബലിയര്‍പ്പണത്തിന്‍റെ ശുശ്രൂഷയിലാണ്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധന ക്രമത്തില്‍ മാറാനായ പെരുന്നാളും ദൈവമാതാവിന്‍റെ പെരുന്നാളും കഴിഞ്ഞാല്‍ ഏറ്റവും അധികം സ്ഥാനം സ്ലീബായ്ക്കാണ്. ഏതു ആരാധനയിലും കുരിശിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയില്‍ ത്രോണോസില്‍ ഒരു മര കുരിശ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. മറ്റ് കൂദാശകളിലും ശുശ്രൂഷകളിലും ഒരു കുരിശും ഇരുവശങ്ങളില്‍ തിരികളും വെച്ചിരിക്കും. പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ എല്ലാം കുരിശിന്‍റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് സഭ പ്രബോധിപ്പിക്കുന്നു.

വലിയ നോമ്പിലെ പാതി നോമ്പില്‍ പള്ളി മദ്ധ്യത്തില്‍ ഗോഗുല്‍ത്താ സ്ഥാപിച്ച് മുകളില്‍ കുരിശ് വെച്ചിരിക്കുന്നു. പാതി നോമ്പിന്‍റെ വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് , സ്ലീബാ ആഘോഷം നടത്തി ചുവന്ന ഊറാറ ചുറ്റി കുരിശ് ഭംഗിയായി പ്രതിഷ്ഠിക്കുന്നു. പാതി നോമ്പിലെ സ്ലീബാ ആഘോഷം, ദു:ഖവെള്ളിയാഴ്ചയിലെ സ്ലീബാ തോളില്‍ താങ്ങിയുള്ള പ്രദക്ഷിണം, കുരിശ് കുമ്പിടീല്‍, സ്ലീബാ ആഘോഷം, കബറടക്കം, ഉയിര്‍പ്പ് പെരുന്നാളിലെ ഉയിര്‍പ്പിന്‍റെ രഹസ്യ ശുശ്രൂഷ, സ്ലീബാ ആഘോഷം, സ്വര്‍ഗ്ഗാരോഹണ പെരുന്നാളിലെ സ്ലീബാ ആഘോഷം എന്നിവയില്‍ സ്ലീബായുടെ മഹത്ത്വവും പ്രാധാന്യവും വര്‍ണ്ണിക്കുന്ന പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ഉള്‍ക്കൊള്ളുന്നു. സെപ്തംബര്‍ 14 സ്ലീബാ പെരുന്നാളായി സഭ ആഘോഷിക്കുന്നു.

ആഴ്ചവട്ടത്തിന്‍റെ ആരാധനാ ക്രമീകരണങ്ങളില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനകള്‍ സ്ലീബായുടെതാണ്. കൂദോശ് ഇത്തോ മുതല്‍ കഷ്ടാനുഭവ ആഴ്ചവരെ, ഞായറാഴ്ച യാമ പ്രാര്‍ത്ഥനകളും സ്ലീബായുടേതാണ്. ആരാധനയില്‍ പിതാവും പുത്രനും പരിശുദ്ധ റൂഹായും തുടങ്ങിയ ത്രിത്വ സ്തുതിയിലും കുരിശു വരയ്ക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. വാങ്ങിപ്പോയവരുടെ കബറിടത്തില്‍ കുരിശു വയ്ക്കുന്ന പാരമ്പര്യവും ഉണ്ട്. ഇത് ക്രിസ്ത്യാനി എന്ന് ധ്വനിപ്പിക്കുന്നതിന് മാത്രമല്ല പ്രത്യാശയോടെ പുതു ജീവിതത്തിലേക്ക് കടന്ന് പോകുന്നതിനെ (ുമൈ ീ്ലൃ) അനുസ്മരിപ്പിക്കുന്നു. പ്രത്യാശയുടെയും ജീവന്‍റെയും അടയാളമാണിത്. കുരിശ് ക്രിസ്തീയ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമാണ്.

2. കുരിശു വരയ്ക്കുന്നത് എപ്പോള്‍, എങ്ങനെ; അതിന്‍റെ അര്‍ത്ഥം എന്ത്?

സഭാ പാരമ്പര്യത്തില്‍ കുരിശു വരയ്ക്ക് വളരെ പ്രാധാന്യം ഉണ്ട്. നെറ്റിയില്‍ എല്ലായ്പ്പോഴും കുരിശടയാളം വരയ്ക്കണമെന്ന് (Sign of the cross) സഭാ പിതാവായ തെര്‍ത്തുല്യന്‍ (A.D 160 – 220) പ്രബോധിപ്പിച്ചു. ആദ്യകാലത്ത് നെറ്റിയില്‍ ചെറിയ കുരിശടയാളങ്ങള്‍ വരയ്ക്കുമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടോടെയാണ് വലതു കൈയുടെ മൂന്നു വിരലുകള്‍ കൂട്ടിപിടിച്ച് നെറ്റിയില്‍ നിന്നും നെഞ്ചിലേക്കും ഇടത്തേതോളില്‍ നിന്നും വലത്തേ തോളിലേക്കും കുരിശു വരയ്ക്കുന്ന പാരമ്പര്യം വളര്‍ന്നത്.

വിശ്വാസികളുടെ കാവലിനും രക്ഷയ്ക്കും വേണ്ടി മിശിഹായുടെ ക്രൂശു മരണത്തില്‍ സങ്കേതപ്പെട്ട് കഷ്ടാനുഭവങ്ങളില്‍ പങ്കു ചേരുന്നതിന്‍റെ അടയാളമായി കുരിശു വരയ്ക്കണമെന്ന് പരി. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ പഠിപ്പിക്കുന്നു. അദ്ദേഹം പറയുന്നു. “മനുഷ്യകുലം മുഴുവനും രക്ഷപ്പെട്ടതു ദൈവപുത്രന്‍റെ കുരിശു മൂലം ആകയാല്‍ നാം അതിനെ വന്ദിക്കേണ്ടതാകുന്നു….മഹാ ദൈവത്തെ നമ്മുടെ ഹൃദയത്തില്‍ രൂപപ്പെടുത്തിക്കൊണ്ട് ആത്മകണ്ണാല്‍ നോക്കി വന്ദിക്കുന്ന പ്രകാരം ദൈവപുത്രന്‍റെ കുരിശിനെ ഹൃദയത്തിന്‍റെ പലകമേല്‍ രൂപപ്പെടുത്തികൊണ്ട് ആത്മകണ്ണാല്‍ നോക്കി വന്ദിക്കേണ്ടതാകുന്നു. കുരിശിന്‍റെ മുമ്പാകെ വന്ദിക്കുന്നത് കുരിശില്‍ തറയ്ക്കപ്പെട്ട കര്‍ത്താവിനെയും തന്‍റെ കുരിശു മരണത്തേയും വന്ദിക്കുകയത്രേ” (മതോപദേശസാരങ്ങള്‍ 2014 : 50 – 51). യറുശലേമിലെ വി. കൂറിലോസിന്‍റെ (313 – 386) പ്രഭാഷണങ്ങളില്‍ (xiii : 36) കുരിശു വരയുടെ പ്രാധാന്യം വിവരിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോഴും, കുടിക്കുമ്പോഴും, വരുമ്പോഴും, പോകുമ്പോഴും, ഉറങ്ങുമ്പോഴും, ഉണരുമ്പോഴും, യാത്രചെയ്യുമ്പോഴും, വിശ്രമിക്കുമ്പോഴും എല്ലാം കുരിശു വരയ്ക്കണം. ഓരോ കുരിശുവരയിലൂടെയും ക്രൂശിക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ് സാക്ഷിക്കുന്നത്.

അനുദിന ജീവിതത്തില്‍ ഉണരുമ്പോള്‍ കുരിശുവരച്ച് എഴുന്നേല്‍ക്കുന്ന പാരമ്പര്യമാണുള്ളത്. പിന്നീടാണ് പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നത്. ക്രിസ്തുവിന്‍റെ രക്ഷാ പ്രവര്‍ത്തനങ്ങളുടെ അനുസ്മരണവും ക്രിസ്തു സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതിനുമുള്ള ബോധ്യവുമാണ് കുരിശു വരയിലൂടെ ലഭ്യമാകുന്നത്. നിര്‍ദ്ദിഷ്ഠ ആരാധനാ സമയങ്ങളില്‍ മാത്രമല്ല എല്ലാ ഘട്ടങ്ങളിലും ആവശ്യാനുസരണം കുരിശു വരയ്ക്കാം. എപ്പോഴും കുരിശ് വരയ്ക്കണം, കുരിശു വഹിക്കണംഎന്ന് ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ഉപദേശിച്ചിരുന്നു. കുരിശു വരയ്ക്കുന്നത് കുരിശു വഹിക്കുവാനും, ക്രൂശിക്കപ്പെടുവാനുമാണ്. അനുദിന ജീവിതത്തിലുണ്ടാകുന്ന തിന്മകളെയും പ്രലോഭനങ്ങളേയും സ്വാര്‍ത്ഥതകളെയും ക്രൂശിക്കുവാന്‍ കഴിയണം. കാല്‍വറിയില്‍ വെളിപ്പെട്ട ക്രിസ്തുസ്നേഹത്തോടുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് കുരിശു വരയിലൂടെ സാദ്യമാകുന്നത്. ഇത് പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാര്‍ത്ഥയോടും പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണ ശക്തിയോടും നിര്‍വഹിക്കണം. ബോധ വിചാര മനസുകളുടെ സമ്പൂര്‍ണ്ണമായ ഇടപെടല്‍ കുരിശുവരയില്‍ സജ്ജീവമാകണം.

3. ആരാധനയ്ക്ക് കുരിശോ, ക്രൂശിത രൂപമോ ഉപയോഗിക്കുന്നത്.

മലങ്കര ഓര്‍ത്തഡോക്സ് ആരാധനയില്‍ ക്രൂശിത രൂപങ്ങള്‍ ഇല്ല. ഉയിര്‍പ്പിന്‍റെയും ജീവന്‍റെയും പ്രത്യാശയുടെയും ചിഹ്നമായ കുരിശാണ് ഉപയോഗിക്കുന്നത്. വിശുദ്ധ കുര്‍ബാനയില്‍ ഒരു തടി കുരിശ് അനിവാര്യമാണ്. മറ്റ് എല്ലാ ആരാധനകളിലും ശുശ്രൂഷകളിലും കുരിശിന്‍റെ സാന്നിധ്യം നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

Holy Cross.