എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ രൂപപ്പെട്ട വിഘടിതവിഭാഗത്തിന് നേതൃത്വം നല്‍കിയ മൂന്ന് മെത്രാന്മാരെയും അവര്‍ വാഴിച്ച 25 മെത്രാന്മാരെയും മുടക്കി. ആര്‍ച്ച്ബിഷപ്പുമാരായ സേവിറോസ്, എവുസ്താത്തിയോസ്, സേനാ മര്‍ക്കോസ് എന്നിവരെയും സിനഡിന്‍റെ അറിവോ സമ്മതമോ കൂടാതെ ജനുവരി 22-ന് അവര്‍ ബിഷപ്പുമാരായി വാഴിച്ച 25 സന്യാസിമാരെയുമാണ് മുടക്കിയത്. തലേന്ന് കൂടിയ അടിയന്തിര സിനഡിന്‍റെ നിശ്ചയപ്രകാരം ജനുവരി 26-നാണ് മുടക്ക് പ്രഖ്യാപിച്ചത്. 26 പേര്‍ വാഴിക്കപ്പെട്ടെങ്കിലും ഒരാള്‍ നിലപാട് മാറ്റി ക്ഷമാപണക്കത്ത് കൊടുത്തതുകൊണ്ടാണ് നടപടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഒസിപി ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ടു ചെയ്തു. മറ്റൊരു സന്യാസി കൂടി നിലപാട് മാറ്റിയതായി അറിയുന്നു.
ഒറോമിയാ വംശീയ-ഭാഷാ-സംസ്കാരിക പ്രശ്നങ്ങളാണ് ഭിന്നതയുടെ അടിസ്ഥാന കാരണം. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ വിഘടിതവിഭാഗത്തെ അംഗീകരിക്കുകയില്ലെന്നും കാനോനിക പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസിനെ പിന്തുണയ്ക്കുന്നതായും അറിയിച്ചു.