സര്‍വ്വസൃഷ്ടിയും ബേത് ലഹേമിലേക്ക് | ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്


“അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം;
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം”

നമ്മുടെ കര്‍ത്താവിന്‍റെ രക്ഷാകരമായ ജനനപെരുന്നാള്‍ ആഘോഷിച്ച് സ്രഷ്ടാവിനെ സ്തുതിപ്പാനും അവന്‍റെ മാതാവിന്‍റെ പുകഴ്ചപെരുന്നാളില്‍ സംബന്ധിച്ച് തലമുറകളോടൊപ്പം അവളെ ഭാഗ്യവതി എന്ന് പുകഴ്ത്തുവാനും തന്‍റെ ജനനത്തില്‍ തന്നെ അവനെ സാക്ഷിക്കുവാന്‍ ഭാഗ്യം ലഭിച്ച ശിശു സഹദേന്മാരുടെ മദ്ധ്യസ്ഥതയില്‍ അവനെ ഏക രക്ഷകന്‍ എന്ന് സാക്ഷിക്കുവാനും ഭാഗ്യം ലഭിച്ച പ. സഭ ഇനിയും അവനോടൊപ്പം വളരുന്ന അനുഭവത്തിന്‍റെ ധ്യാനദിനങ്ങളിലേയ്ക്ക് പ്രവേശിക്കുകയാണ്.

സര്‍പ്പത്തിന്‍റെ തല ചതയ്ക്കുവാനുള്ള സ്ത്രീയുടെ സന്തതി ജനിച്ചു കഴിഞ്ഞിരിക്കുന്നു. യഹോവയുടെ നിയമപെട്ടകം പാളയമദ്ധ്യത്തില്‍ എത്തിയിരിക്കുന്നു. ഇതാ മനുഷ്യരുടെ ഇടയില്‍ ദൈവത്തിന്‍റെ കൂടാരം. അവനില്‍ നിന്നും കൃപയുടെ പ്രളയം ഉണ്ടാകും! ‘മുള്‍മരമെരിയാതെരുതീ തന്‍ നടുവില്‍’ മോശയ്ക്ക് ദൃഷ്ടാന്തമായത് പ. മാതാവിന്‍റെ മടിയില്‍ പ. സഭ ദര്‍ശിക്കുന്നു. ‘ചിന്മയന്‍ അവളില്‍ വസിച്ച് ശരീരം ധരിച്ചിരിക്കുന്നു!’ ‘നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലകളും ഭാഗ്യമുള്ളവ” എന്ന് പാടിക്കൊണ്ട് പ. ദൈവമാതാവിന്‍റെ മടിയില്‍ താലോലിക്കപ്പെടുന്ന ഈ അദ്ഭുത ശിശുവിനെ കണ്ട് വണങ്ങുവാന്‍ ഓടിവരുന്നു.

പിറവി പോലും നിഷേധിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് അവന്‍ പിറന്നു വീഴുന്നത് എന്ന് അന്ന് നടന്ന ശിശുഹത്യയുടെ പശ്ചാത്തലത്തില്‍ നമുക്ക് മനസ്സിലാക്കാം. അതീവ ശ്രദ്ധയോടെ ദൈവഹിതം ശ്രവിച്ചുകൊണ്ടു മാത്രമായിരുന്നു യൗസേഫ്-മറിയ കുടുംബത്തിന്‍റെ ഓരോ ചുവടുകളും. യിരമ്യാ പ്രവാചകന്‍ അത് മുന്‍കണ്ടിരുന്നു. റാമയിലെ വിലാപത്തിന് പ്രതിഫലം ഉണ്ടാകും; നിന്‍റെ ഭാവിയെക്കുറിച്ച് എനിക്ക് പ്രത്യാശയുണ്ട്. പന പോലെ തഴച്ചു നില്ക്കുന്ന ദുഷ്ടതയുടെ മുന്നില്‍ അതീവ ദുര്‍ഘടമായ സാഹചര്യങ്ങളിലാണ് നന്മ വളരുന്നത്. അവിടെ ശിശുക്കള്‍ കൂട്ടമായി കൊല ചെയ്യപ്പെടുന്നതുപോലെയുള്ള വേദനാജനകങ്ങളായ സംഭവങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പിറവി നിഷേധിക്കപ്പെട്ട എല്ലാവരും ക്രിസ്തുവില്‍ ഓര്‍ക്കപ്പെടുന്ന അനുഭവമാണ് പ. സഭ ഈ ദിനങ്ങളില്‍ ധ്യാനിക്കുന്നത്. മേഘം പോലെയും പ്രാവുകളെ പോലെയും പൊന്നും വെള്ളിയുമായി നിന്‍റെ മക്കള്‍ നിന്‍റെ അടുക്കലേയ്ക്ക് പറന്നു വന്ന് സീയോനില്‍ പ്രത്യക്ഷനായ ഇസ്രയേലിന്‍റെ പരിശുദ്ധനെ സാക്ഷിക്കുമെന്ന് യെശയ്യാവ് അതിമനോഹരമായി പ്രവചിക്കുന്നു (60:8-14).

സത്യപിതാവിന്‍റെ സത്യപുത്രനായ കര്‍ത്താവിന്‍റെ മനുഷ്യാവതാരം എന്ന യാഥാര്‍ത്ഥ്യം വിശ്വാസികളുടെ ഹൃദയത്തില്‍ ഉറപ്പിക്കണമേ എന്ന പ്രാര്‍ത്ഥനയാണ് വി. യല്‍ദോ പെരുന്നാളിന് ശേഷം വരുന്ന ഞായറാഴ്ചയിലെ പ്രമുഖ ചിന്ത. “സത്യവാനായ പിതാവിനാല്‍ അയക്കപ്പെട്ടവനും സത്യദൂത് മൂലം സത്യകന്യകയില്‍, സത്യ ദൂതന്‍റെ സത്യസമാധാനത്തോടെ യഥാര്‍ത്ഥമായി വസിക്കുകയും, അവളില്‍ നിന്നും സത്യമായി ജഡം ധരിക്കുകയും, അവളുടെ സത്യവ്രതത്തിന് ഭംഗം വരാതെ അവളില്‍ നിന്നും ജനിക്കുകയും ചെയ്ത കര്‍ത്താവേ! നിന്‍റെ മനുഷ്യാവതാരത്തിന്‍റെ സുസ്ഥിരതയില്‍ ഞങ്ങളെ ഉറപ്പിക്കണമേ” എന്നാണ് പ്രാരംഭ പ്രാര്‍ത്ഥന. ജനിച്ചത് ദൈവമാണ് എന്ന് വിശ്വസിക്കാത്തവന് അവനില്‍ വളരുന്നതിന് സാധിക്കുകയില്ല; അടിസ്ഥാന വിശ്വാസത്തില്‍ അല്ലാതെ വളരുന്നവന്‍ വേദവിപരീതമെന്ന വലിയ ആപത്തില്‍ പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ പഴയനിയമ പ്രവാചകന്മാരെ മുഴുവന്‍ ആവര്‍ത്തിച്ച് ഉദ്ധരിച്ചുകൊണ്ട് ദൈവത്തിന്‍റെ മനുഷ്യാവതാരം ഘോഷിക്കപ്പെടുന്ന പ്രസംഗമാണ് സെദറാകളില്‍ ധ്യാനിക്കുന്നത്. കര്‍ത്താവ് കന്യകയ്ക്ക് മകനായി തീര്‍ന്നതിലൂടെ നീ മനുഷ്യകുലത്തെ മുഴുവന്‍ നിന്‍റെ മക്കളാക്കിത്തീര്‍ത്തു എന്നും കല്പന ലംഘനം മൂലം മനുഷ്യകുലം ധരിച്ചിരുന്ന ആക്ഷേപവസ്ത്രം ഉരിഞ്ഞ്, ദൈവത്തിന്‍റെ അനാദ്യന്ത കരുണ ഞങ്ങളില്‍ ഉദിച്ചുകൊണ്ട് ഞങ്ങളെ മഹത്വ വസ്ത്രത്തിലേയ്ക്ക് ക്ഷണിച്ചുവെന്നും പ്രാര്‍ത്ഥിക്കുന്നു. തന്‍റെ രൂപത്തിലും സാദൃശ്യത്തിലും സ്വന്ത കൈയാല്‍ ആദാമിനെ മെനഞ്ഞവന്‍ സ്വയംഭൂവായി സൃഷ്ടിതമായ ഗര്‍ഭപാത്രത്തില്‍ ഉരുവാകുകയും തന്‍റെ രൂപവും സാദൃശ്യവും ലോകത്തിന് വെളിപ്പെടുത്തുകയും ചെയ്തു; അരൂപിയും അനശ്വരനും അദൃശ്യനുമായവന്‍ നരനായി രൂപമെടുത്ത് ദൃശ്യാവസ്ഥയില്‍ അവതരിച്ചു; അവന് സ്തുതി.

ജനുവരി മാസം ഒന്നാം തീയതി എന്നാല്‍ യല്‍ദോ പെരുന്നാളിന് ശേഷം എട്ടാം നാളാണ്. തിരുവചനപ്രകാരം പ. സഭ അന്ന് കര്‍ത്താവിന്‍റെ ചേലാകര്‍മ്മപെരുന്നാള്‍ (വി. ലൂക്കോസ് 2:21) ആഘോഷിക്കുന്നു. ഒപ്പം വി. കപ്പദോക്യന്‍ പിതാക്കന്മാരുടെയും വി. സഭയെ സത്യവിശ്വാസത്തില്‍ നിലനിര്‍ത്തിയുറപ്പിച്ച് വളര്‍ത്തിയ എല്ലാ മല്പാന്മാരുടെയും ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നു. ഇന്ന് ഉപയോഗത്തിലിരിക്കുന്ന കലണ്ടര്‍ പ്രകാരമുള്ള വര്‍ഷാരംഭവും അതേ ദിവസം വരുന്നു.
യഹോവയായ ദൈവം അബ്രഹാമില്‍ ആരംഭിച്ച ഉടമ്പടിയാണ് പരിച്ഛേദന (ഉല്പത്തി 17:9-27). 99-ാം വയസ്സിലാണ് അബ്രഹാം പരിച്ഛേദന ഏല്ക്കുന്നത്. മകന്‍ ഇസ്മായേലും അവന്‍റെ ഭവനത്തിലെ ദാസന്മാരുള്‍പ്പെടെ ആണ്‍പ്രജ മുഴുവനും പരിച്ഛേദനയേറ്റ് യഹോവയുമായി ഒരു രക്ത ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്ന് ഇസഹാക്കിന്‍റെ ജനനത്തിന്‍റെ എട്ടാം നാളില്‍ അബ്രഹാം അവനെ പരിച്ഛേദന ചെയ്തതു മുതല്‍ എട്ടാം നാള്‍ പരിച്ഛേദന എന്ന നിയമം പ്രാബല്യത്തില്‍ വരുന്നു (അപ്പോ. പ്ര. 7:2-10). ഒരു വ്യക്തിയുടെ ജനനം മുതല്‍ എട്ടാം നാള്‍ പരിച്ഛേദന നടത്തി ആ വ്യക്തിക്ക് പേരിടണം. ഭാരതീയ രീതിയില്‍ കുഞ്ഞിനെ പേര്‍ ചൊല്ലി വിളിക്കുന്ന നാമകരണ സംസ്ക്കാരമാണ് ഇത്. വി. മാമോദീസായുടെ ക്രമത്തില്‍ തൈലം കൂടാതെയുള്ള ആദ്യത്തെ മുദ്രണ സമയത്താണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ ഒരു വ്യക്തിയ്ക്ക് പേര് നല്‍കി വിളിക്കുന്നത് എന്ന് ഓര്‍മ്മിക്കാം.

നമ്മുടെ കര്‍ത്താവിനടുത്ത പെരുന്നാളുകളില്‍ ചേലാകര്‍മ്മ പെരുന്നാളിന്‍റെ പ്രാധാന്യം ഒരു പക്ഷേ കുറഞ്ഞ് ആ ദിവസത്തിന് വര്‍ഷാരംഭം എന്ന അമിത പ്രാധാന്യം പലപ്പോഴും കൊടുക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ന്യൂ ഇയറില്‍ (ജനുവരി 1) നന്നാകാനിരിക്കുന്ന ആത്മീയവേരില്ലാത്ത ചിലരുടെ കണ്ടുപിടുത്തമാണ് ഡിസം. 31-ന് രാത്രിയില്‍ 12 മണിക്ക് വി. കുര്‍ബ്ബാന അര്‍പ്പിച്ച് ലൈറ്റ് അണയ്ക്കുകയും വീണ്ടും കത്തിക്കുകയും ഒക്കെ ചെയ്യുന്ന പ്രതിഭാസം. അത്തരത്തിലുള്ള നാടകങ്ങള്‍ പ. സഭയുടെ ആരാധനാ പാരമ്പര്യത്തില്‍ ഇല്ല എന്ന് പ്രത്യേകം ഓര്‍ക്കണം. പ. സഭയുടെ ആരാധനാ വര്‍ഷം ആരംഭിക്കുന്നത് കൂദോസ് ഈത്തോ പെരുന്നാളിലാണെന്ന് നാം കണ്ടുവല്ലോ.

അബ്രഹാമില്‍ ആരംഭിച്ച ജഡിക പരിച്ഛേദന ക്രിസ്തുവില്‍ പുതുക്കപ്പെടുമ്പോള്‍ നാം ആത്മിക പരിച്ഛേദന ഏറ്റവരായി ക്രിസ്തുവില്‍ പുതിയ ഒരു ജനതയായി തീരുന്നുയെന്ന സത്യം വിശ്വാസികളെ ധ്യാനപൂര്‍വ്വം പഠിപ്പിക്കേണ്ട ദിവസമാണിത്. അവ്വണ്ണം നമ്മെ വളര്‍ത്തിയ പിതാക്കന്മാരെയെല്ലാം ആ ദിവസത്തില്‍ ഓര്‍ത്ത് പ. സഭയുടെ ഏറ്റവും വലിയ ഓര്‍മ്മപെരുന്നാളായി ആ ദിവസം ആഘോഷിക്കുവാനാണ് പ. സഭ ആഹ്വാനം ചെയ്യുന്നത്. മറ്റ് പെരുന്നാള്‍ ദിനങ്ങള്‍ പോലെ പിതാക്കന്മാരുടെ പെരുന്നാള്‍ ക്രമത്തില്‍ സന്ധ്യ മുതല്‍ നമസ്ക്കാരങ്ങള്‍ ആരംഭിച്ച് ഉച്ച വരെയുള്ള ക്രമം പൂര്‍ത്തീകരിച്ച് പെരുന്നാള്‍ ക്രമത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച് സെക്കുലര്‍ പുതു വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്നതായിരിക്കും ഏറെ അഭികാമ്യം. ചുരുക്കത്തില്‍ കര്‍ത്താവിന്‍റെ ചേലാകര്‍മ്മപെരുന്നാളും പിതാക്കന്മാരുടെ ഓര്‍മ്മപെരുന്നാളും കഴിഞ്ഞുള്ള പ്രാധാന്യം മാത്രമേ റോമന്‍ കലണ്ടര്‍ പ്രകാരമുള്ള പുതുവത്സരത്തിന് കൊടുക്കേണ്ടതുള്ളു എന്ന് സാരം.

ജനുവരി മാസം മൂന്നാം തീയതി മലങ്കരസഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ഒരു പെരുന്നാള്‍ (വലിയ നാള്‍) ആണ്. വിദേശ മത മേല്‍കോയ്മകള്‍ക്കെതിരെ മലങ്കര നസ്രാണികള്‍ മട്ടാഞ്ചേരിയില്‍ സംഘടിച്ച് പ്രതിജ്ഞയെടുത്തതിന്‍റെ – കൂനന്‍കുരിശ് സത്യം – 367-ാം ഓര്‍മ്മ നാം ആഘോഷിക്കുന്നു. ഒപ്പം മലങ്കരസഭയെ ഏറെ ചൈതന്യത്തോടെ അര നൂറ്റാണ്ടിലേറെ പരിപാലിച്ച പ. ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ വച്ച് നാം ആഘോഷിക്കുന്നു.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.