മൂന്നു രൂപ ഇല്ലാതെ കോളജ് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവം പൗലോസ് മാര്‍ ഗ്രീഗോറിയോസ് വിവരിക്കുന്നു മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടന പ്രസംഗം.
1995, മഹാരാജാസ് കോളജ്, എറണാകുളം സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്.
Paulus Mar Gregorios narrates the incident where he had to drop out of college without four rupees.
MG University Union Inauguration Speech by Dr Paulos Mar Gregorios. Maharaja’s College, Ernakullam, 1995.
_______________________________________________________________________________________
യൂണിവേഴ്സിറ്റി യൂണിയന്‍റെ ചെയര്‍പേഴ്സനായ മഞ്ജു മേനോന്‍, പ്രിന്‍സിപ്പല്‍ ഡോ. എം. ശ്രീകുമാരിയമ്മ, കൊച്ചി മേയര്‍ സോമസുന്ദരപണിക്കര്‍, ജോര്‍ജ് ഈഡന്‍ എം.എല്‍.എ., വേദിയില്‍ ഉപവിഷ്ടരായിരിക്കുന്ന എല്ലാ ബഹുമാനപ്പെട്ട സുഹൃത്തുക്കളുമേ, വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളേ, സഹോദരങ്ങളേ,
ഇന്ന് ഈ കത്തിച്ച നിലവിളക്കിന്‍റെയും നിറപറയുടെയും മുകളില്‍കൂടി നിങ്ങളുടെ സുസ്മേര വദനങ്ങള്‍ കാണുന്ന സമയത്ത് എനിക്ക് നമ്മുടെ രാജ്യത്തിന്‍റെ ഭാവിയെപ്പറ്റി അത്യധികം ശുഭമായ ഒരു പ്രതീക്ഷയാണ് ഹൃദയത്തില്‍ ഉയര്‍ന്നു വരുന്നത്. നിങ്ങള്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയുംപറ്റി ശരിയായി മനസ്സിലാക്കി സമൂഹത്തിന് നേതൃത്വം കൊടുക്കുവാന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാണെന്നാണ് എന്‍റെ വിചാരം.
പ്രത്യേകിച്ച് ഈ മഹാരാജാസ് കോളജില്‍ ഇന്ന് കടന്നുവരാന്‍ സാധിച്ചതില്‍ എനിക്കൊരു പ്രത്യേക ചാരിതാര്‍ത്ഥ്യമുണ്ട്. 1937-ല്‍ ഈ കോളജിലെ ഒരു വിദ്യാര്‍ത്ഥിയായി ഞാന്‍ പ്രവേശിപ്പിക്കപ്പെട്ടു. അന്ന് എനിക്ക് കൊച്ചി സംസ്ഥാനത്ത് റാങ്ക് കിട്ടിയതുകൊണ്ട് നാലര രൂപ പ്രതിമാസം സ്കോളര്‍ഷിപ്പും കിട്ടിയായിരുന്നു. പക്ഷേ എന്‍റെ വീട് തൃപ്പൂണിത്തുറയാണ്. അവിടുന്ന് ഇവിടം വരെ വരാനുള്ള ബസ്കൂലി ഒരു മാസം മൂന്നു രൂപായില്‍ കൂടുതലാണ്. അത് കൊടുക്കാന്‍ ആരും ഇല്ലായിരുന്നു എന്നതുകൊണ്ട് ഞാന്‍ കോളജില്‍ ചേര്‍ന്നില്ല. എന്‍റെ സ്കോളര്‍ഷിപ്പ് അപ്രൂവ് ചെയ്തുമില്ല. 13 വര്‍ഷം കോളജില്‍ ചേരാതെ പല വിദ്യകള്‍ അഭ്യസിച്ചുകൊണ്ട് ജീവിച്ച്, പിന്നീട് കോളജില്‍ പോവുകയും മറ്റ് പല പഠനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അന്ന് മഹാരാജാസ് കോളജില്‍ ചേരണമെന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും മൂന്നു രൂപ പ്രതിമാസം തരാന്‍ എനിക്ക് ആളുണ്ടായില്ല എന്നുള്ളതാണ് അന്നത്തെ പരമാര്‍ത്ഥം.
ഇന്ന് ഈ കോളജില്‍ കടന്നുവന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഈ യൂണിവേഴ്സിറ്റി യൂണിയന്‍ ഉദ്ഘാടനം ചെയ്യുന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു. ഒരു കാര്യം മാത്രം പ്രത്യേകമായി ഞാന്‍ പറയട്ടെ. മഞ്ജു മേനോന്‍ സാമൂഹ്യ പ്രതിബദ്ധതയെപ്പറ്റി പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് രണ്ടു വശങ്ങള്‍ ഉണ്ട്. ഒന്നാമത്, നമ്മുടെ ഭാരതത്തിലെ സര്‍ക്കാരിന്‍റെ സാമൂഹ്യ പ്രതിബദ്ധത. മറ്റൊന്ന്, നമ്മുടെ ജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത. ഇത് രണ്ടും പ്രധാന വശങ്ങളാണ്. സര്‍ക്കാരിന്‍റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് കാര്യമായ ന്യൂനത കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ സംഭവിച്ചിരിക്കുന്നു എന്നതാണ് ഉള്ള പരമാര്‍ത്ഥം. നിങ്ങള്‍ എന്നേക്കാള്‍ അക്കാര്യം മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് എന്‍റെ വിചാരം. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കാലത്ത് വളരെ വിശാലമായ ഒരു വീക്ഷണത്തോടുകൂടി അന്ത്യോദയം അടിസ്ഥാനമാക്കി നാം ആവിഷ്ക്കരിച്ച സാമൂഹ്യ പ്രതിബദ്ധതയില്‍ അധിഷ്ഠിതമായ ഒരു ഗവണ്മെന്‍റ് ഇന്ന് നിലവില്‍ ഇല്ല. ഈ രാജ്യത്ത് വലിയ ഒരു വ്യാവസായിക, പ്രൊഫഷണല്‍ സിസ്റ്റം നിലവില്‍ ഉണ്ട്. ആ സിസ്റ്റത്തിലേക്ക് ആവശ്യമുള്ള കുറെ ആളുകളെ പരിശീലിപ്പിച്ചു വിടുക എന്നുള്ളതില്‍ കവിഞ്ഞ് ഒരു വലിയ സാമൂഹ്യ പ്രതിബദ്ധതയൊന്നും ഇന്നത്തെ സര്‍ക്കാരിന്‍റെ പോളിസികളില്‍ കാണുന്നില്ല എന്നുള്ളത് ഒരു വശമായിരിക്കുമ്പോള്‍, മറുവശത്ത് സാധാരണജനങ്ങളിലുള്ള സാമൂഹ്യ പ്രതിബദ്ധതയ്ക്കും വലിയ ഹാനി സംഭവിച്ചിരിക്കുന്നു. സര്‍ക്കാരിനെ മാത്രം കുറ്റം പറഞ്ഞാല്‍ പറ്റുകയില്ല. സാധാരണജനങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് നിങ്ങള്‍ മനസ്സിലാക്കണം എന്നുള്ളതാണ് എന്‍റെ ആഗ്രഹം.
പ്രധാനമായ കാരണം, നാം അറിയാതെ തന്നെ കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായിട്ട് ആഗോള കമ്പോള വ്യവസ്ഥിതി എന്നൊരു വ്യവസ്ഥിതിയിലേക്ക് നമ്മുടെ രാജ്യം നീങ്ങി നീങ്ങി നീങ്ങി അതിലിപ്പോള്‍ പൂര്‍ണമായി അടിപ്പെട്ടു കിടക്കുകയാണ് എന്നുള്ളതാണ് പരമാര്‍ത്ഥം. ജോലി എടുക്കുന്നവരുടെ അദ്ധ്വാനത്തിന്‍റെ പ്രധാനപ്പെട്ട ഫലം തലപ്പത്തിരിക്കുന്ന ഇരുപത് ശതമാനം പേരുടെ പോക്കറ്റിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയാണ് ആഗോള കമ്പോള വ്യവസ്ഥിതി എന്നു പറയുന്നത്. അതിന്‍റെ അംഗങ്ങളായി അതില്‍ മനസ്സോടുകൂടെ ഗവണ്മെന്‍റും നമ്മുടെ ജനങ്ങളും വലിയ പ്രതിഷേധമൊന്നും കൂടാതെ ചേര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. വേള്‍ഡ് ട്രേഡ് എഗ്രിമെന്‍റിന് മറാക്കേഷില്‍ വച്ച് 1993-ല്‍ നാം ഒപ്പിട്ടു കൊടുത്തു കഴിഞ്ഞു. ഒപ്പിട്ടു കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രണബ് മുഖര്‍ജി ആണ്. ഒപ്പിട്ട സമയത്ത് അദ്ദേഹം കൊമേഴ്സ് മിനിസ്റ്ററാണ്. ഒപ്പിട്ട കാലത്ത് അദ്ദേഹം ചെയ്ത ഒരു പ്രസ്താവനയില്‍, ഈ ഉടമ്പടിയുടെ എല്ലാ വ്യവസ്ഥകളും തെറ്റാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും അദ്ദേഹം ഇന്ത്യാ ഗവണ്മെന്‍റിനുവേണ്ടി ഒപ്പിട്ടു കൊടുത്തു. കാരണമെന്താണ്? മറ്റ് മാര്‍ഗ്ഗം ഇല്ലായിരുന്നു. ഇന്ത്യാ ഗവണ്മെന്‍റിന് ഞങ്ങള്‍ ഒപ്പിടില്ല എന്ന് പറയാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അത്രമാത്രം ആഗോള കമ്പോള വ്യവസ്ഥിതിക്ക് അടിമകളായി നാം അന്നേ തീര്‍ന്നു കഴിഞ്ഞിരുന്നു. നമുക്ക് അന്ന് ലോക ബാങ്ക് ലോണോ അതുപോലെയുള്ള മറ്റ് കാര്യങ്ങളോ ഒക്കെ ആവശ്യമുണ്ടായിരുന്നു. അത് കിട്ടണമെങ്കില്‍ ഇതിന് നമ്മള്‍ സമ്മതിക്കാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. അങ്ങനെ ആഗോള കമ്പോള വ്യവസ്ഥിതിയുടെ അടിമകളായി തീര്‍ന്നിരിക്കുകയാണ് നാം. ഈ ആഗോള കമ്പോള വ്യവസ്ഥിതിയില്‍ ഏറ്റവും പ്രധാനമായുള്ള ഉദ്ദേശ്യം കഴിവുള്ളവര്‍ക്ക് തലപ്പത്തു കയറാം. തലപ്പത്ത് കയറുവാന്‍ കഴിവുള്ളവര്‍ക്ക് തലപ്പത്ത് കയറാം. മറ്റുള്ളവര്‍ അടിയില്‍ കിടക്കണം എന്നു മാത്രം. ഇന്നത്തെ നമ്മുടെ വ്യവസ്ഥിതി അങ്ങനെയുള്ളതാണ്. നാമൊരു സ്വതന്ത്ര രാഷ്ട്രമായിരുന്നു; കുറച്ചുനാളൊക്കെ. പക്ഷേ. ഇപ്പോളത് പോയി. നമുക്ക് സാമ്പത്തികമായി ഒരു സ്വാതന്ത്ര്യവുമില്ല. അതുകൊണ്ട് വിദേശനയത്തിലും ആഭ്യന്തരനയത്തിലും വലിയ സ്വാതന്ത്ര്യമൊന്നുമില്ലാത്ത ഒരു രാജ്യമായിട്ട് തീര്‍ന്നിരിക്കുകയാണ്.
ഒരു കാര്യം കൂടെ പറയാം. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്നോട് യോജിക്കാന്‍ സാധിക്കുമോ എന്നറിയില്ല. എങ്കിലും എന്‍റെ അഭിപ്രായം ഒരു വാക്കില്‍ കൂടെ ചുരുക്കമായിട്ട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വാശ്രയ കോളജുകള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ കോളജുകളിലെ സ്വാശ്രയ പരിപാടികള്‍ ഇവയെക്കുറിച്ച് ഒരു വാക്ക് പറയേണ്ട ചുമതല എനിക്കുണ്ട് എന്ന് ഞാന്‍ വിചാരിക്കുകയാണ്. ഈ പരിപാടികളെ നാം സ്വാഗതം ചെയ്യണമോ എതിര്‍ക്കണമോ എന്നൊരു ചോദ്യമാണ് എല്ലാ മനുഷ്യരുടെയും മനസ്സിലുള്ളത്. എനിക്ക് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല, അതിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. അതിന്‍റെ കാരണം കൂടെ ഏതാനും വാക്കുകളില്‍ വ്യക്തമാക്കിയിട്ട് ഞാനെന്‍റെ പ്രസംഗം അവസാനിപ്പിക്കാം.
ഒന്നാമത്തെ കാര്യം, ഈ പദ്ധതികൊണ്ട് പ്രയോജനം ഉണ്ടാകുന്നത് അത്രയും പണം കൈയില്‍നിന്നു കൊടുക്കാന്‍ സാധ്യതയുള്ള കുടുംബങ്ങള്‍ക്കു മാത്രമേയുള്ളു എന്നതാണ്. അതിന്‍റെ അര്‍ത്ഥം, നമ്മുടെ നാട്ടിലെ തലപ്പത്തിരിക്കുന്ന കുറച്ചു കുടുംബങ്ങള്‍ക്കു മാത്രം പ്രയോജനം ഉണ്ടാകത്തക്കവിധമുള്ള ഒരു പരിപാടിയാണിത്. ഇത് സാമൂഹിക വിവേചനമാണ്. നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കു വിരോധമാണിത് എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
രണ്ടാമതായി, അമ്പതിനായിരവും ഒരു ലക്ഷവും ഒക്കെ കൊടുത്ത് നമ്മള്‍ പഠിക്കുന്ന ആ ഒരു രീതിക്ക് എന്താണ് ദോഷമെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ഒന്നാമത്, കേരളത്തിന്‍റെ സാമ്പത്തിക വ്യവസ്ഥിതി, വ്യവസായംകൊണ്ടും കൃഷി കൊണ്ടുമല്ല നടക്കുന്നത്. ഉദ്യോഗം കിട്ടാന്‍വേണ്ടി ഇന്ത്യയ്ക്കു പുറത്തുപോയി പണിയെടുത്ത് രൂപാ ഇങ്ങോട്ട് അയയ്ക്കുന്ന ഗള്‍ഫിലും അമേരിക്കയിലുമൊക്കെയുള്ള ആളുകളുടെ സംഭാവന കൊണ്ടാണ് ഇവിടുത്തെ സമ്പദ്വ്യവസ്ഥ ഇതുവരെ പിടിച്ചുനില്‍ക്കുന്നത്. അത് കുറച്ചുകൂടി ഒന്നു ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ചിലരുടെ ഒരു വാദം. എന്‍റെ അഭിപ്രായത്തില്‍, അങ്ങനെ ഒരു വ്യവസ്ഥിതി കേരളത്തില്‍ നടപ്പില്‍ വരുന്നതു നല്ലതല്ല. പുറത്തുപോയിട്ടുള്ള കുറെ ആളുകളുടെ ശമ്പളംകൊണ്ട് അല്ലെങ്കില്‍ അവര്‍ അയയ്ക്കുന്ന പണംകൊണ്ടു മാത്രം നടക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതി ഇവിടെ ഉണ്ടാകേണ്ട ആവശ്യമില്ല. ഇവിടെയുള്ള പണംകൊണ്ട് ഇവിടുത്തെ ആവശ്യങ്ങള്‍ ശരിയായിട്ടു നടത്താന്‍ സാധിക്കുമെങ്കില്‍ ഈ ആവശ്യം വരികയില്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ സമ്പത്തിനെ മുഴുവന്‍ നമ്മള്‍ അഴിമതിയില്‍ കൂടി ദുരുപയോഗപ്പെടുത്തുന്നതുകൊണ്ടാണ് നമുക്ക് വിദ്യാഭ്യാസത്തിന് ആവശ്യത്തിന് പണമില്ലാതെ വരുന്നത്. ഒരു കാര്യം കൂടി ചോദിക്കട്ടെ. ഇങ്ങനെ ഒന്നോ രണ്ടോ ലക്ഷം രൂപ കയ്യില്‍നിന്നു ചിലവാക്കി പഠിക്കുന്ന വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സമയത്ത് അവരുടെ മനോഭാവം എന്തായിരിക്കാം? നിങ്ങളുടെ ആരുടെയും സഹായവും സൗകുമാര്യവും കൊണ്ടല്ല ഞാനിവിടെ പഠിക്കാന്‍ വന്നിരിക്കുന്നത്; പണം എടുത്തുകൊടുത്തിട്ടാണ് എന്ന ഒരു മനോഭാവം ആ കുട്ടികളുടെ മനസ്സില്‍ ആദ്യം മുതലേ ഉണ്ടാകും. അതിന്‍റെ ഫലമായിട്ട് ചുമതലയായിട്ട് വിദ്യാഭ്യാസം നിര്‍വ്വഹിക്കുകയില്ല എന്നു മാത്രമല്ല, പിന്നീട് അച്ചടക്കം തീരെ ഇല്ലാതാകത്തക്കരീതിയില്‍ പഠിക്കാതെ ഡിഗ്രി വാങ്ങിക്കത്തക്ക വിധത്തിലുള്ള ക്രമീകരണത്തിലേക്കാണ് അത് വഴി നയിക്കുവാന്‍ ഇടയാകുക. സാമൂഹിക പ്രതിബദ്ധതയെ പരിപൂര്‍ണ്ണമായിട്ട് നിഷേധിക്കുന്ന ഒരു മനോഭാവം കുറച്ചുപേരില്‍ വളര്‍ത്തിയെടുക്കാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂ എന്നുള്ളതാണ് എന്‍റെ വിശ്വാസം. അതുകൊണ്ട് സാമൂഹിക പ്രതിബദ്ധതയോടുള്ള എന്‍റെ പ്രതിബദ്ധതകൊണ്ട് ഇതിനെ ഞാന്‍ എതിര്‍ക്കുകയാണ്. ഇങ്ങനെ വിദ്യാഭ്യാസചിലവ് സ്വകാര്യ വ്യക്തികളില്‍ നിക്ഷിപ്തമാകുന്നു എന്നുള്ളത് നമ്മുടെ രാജ്യത്തിന് നല്ലതല്ല.
രാഷ്ട്രത്തിന്‍റെ ശക്തികള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നമ്മള്‍ ഒപ്പിട്ട സമയത്ത് എന്‍റെ മനസ്സില്‍ കൂടെ പോയതാണ്, ഇതാ ഇന്ന് രാഷ്ട്രങ്ങള്‍ എന്നു പറയുന്നതിന്‍റെ ശവക്കുഴി തോണ്ടി തുടങ്ങിയിരിക്കുന്നു എന്നത്. ഇന്നത്തെ അന്താരാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഏറ്റവും കൂടുതല്‍ ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നത് ട്രാന്‍സ്നാഷണല്‍ കോര്‍പ്പറേഷന്‍സ് ആണ്; രാജ്യങ്ങളല്ല. അവരുടെ ഒരു ആധിപത്യമുള്ള ലോകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ആ ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. അതുകൊണ്ട് എനിക്ക് എന്‍റെ വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടുള്ള എളിയ ഒരു അഭ്യര്‍ത്ഥന, ഈ കമ്പനികളെ (കേരളത്തില്‍ കുറച്ചേ ഉള്ളൂ; എങ്കിലും ഭാരതത്തില്‍ ഒരുപാടുണ്ട്) സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കിത്തീര്‍ക്കുക എന്നുള്ളത് നമ്മുടെ ഒരു പ്രധാന ചുമതലയാണ് എന്നാണ്. സര്‍ക്കാരിന് സാമൂഹിക പ്രതിബദ്ധത ഇല്ലെങ്കില്‍ ഈ കമ്പനികള്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കിയിട്ട് അവര്‍ക്ക് കിട്ടുന്ന വലിയ ആദായം സമൂഹത്തിനുവേണ്ടി ഉപയോഗിക്കാനുള്ള മറ്റ് മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. അല്ലാതെ ഈ വിധത്തിലുള്ള വിദ്യാഭ്യാസ സ്വകാര്യവത്ക്കരണംകൊണ്ട് വലിയ കാര്യമൊന്നുമുണ്ടാവുകയില്ല എന്നാണ് എന്‍റെ ആത്മാര്‍ത്ഥമായ വിശ്വാസം.
മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആരംഭം മുതല്‍ അതിന്‍റെ ഒരു സുഹൃത്തായി വിദൂരത്തു നില്‍ക്കുന്ന എനിക്ക് ഈ യൂണിവേഴ്സിറ്റി യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വ ഭാവുകങ്ങളും ആശംസിക്കുവാന്‍ വളരെയധികം സന്തോഷമുണ്ട്. ആ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഈ സമ്മേളനം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.
(മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടന പ്രസംഗം. 1995, മഹാരാജാസ് കോളജ്, എറണാകുളം. സമ്പാദകന്‍: ജോയ്സ് തോട്ടയ്ക്കാട്)