കാനായിയുടെ യക്ഷിയും പൊന്നാടയും | ഉമ്മൻ കാപ്പിൽ

“കാനായി കുഞ്ഞിരാമന്റെ സുപ്രസിദ്ധ ശില്പമായ മലമ്പുഴയിലെ യക്ഷിയെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ  അതുപോലെയുള്ള ഒരു യുവതിയെ സഹചാരിയാക്കുവാൻ നിങ്ങൾ ആരെങ്കിലും തയ്യാറാണോ?”

നാലു ദശാബ്ദം മുമ്പ് എന്റെ ജന്മനാടായ പത്തനംതിട്ടയിലെ നന്നുവക്കാടെന്ന കൊച്ചുഗ്രാമത്തിലെ  വൈ. എം  സി  എ യിൽ നടന്ന ഒരു സംവാദത്തിൽ ഡോ. കെ ജി. ജയിംസ് ചോദിച്ച താണീ ചോദ്യം. ചർച്ചാവിഷയം: “സൗന്ദര്യം  കൂടുതൽ സ്‌ത്രീയ്‌ക്കോ പുരുഷനോ”!  അന്ന് ഞാൻ പ്രീഡിഗ്രിയ്ക്ക്  പഠിക്കുന്നു. ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ഞങ്ങൾ കൗമാര പ്രായക്കാരുടെ സ്നേഹാദരം പിടിച്ചു പറ്റിയിരുന്ന ജെയിംസ് അച്ചായൻ അന്ന് ഡിഗ്രിയ്ക്ക് പഠിക്കുന്നു. (അദ്ദേഹം മരിച്ചിട്ടു നവമ്പർ പതിനൊന്നിന് പന്ത്രണ്ടു വര്ഷം തികഞ്ഞു, എങ്കിലും ഒരിക്കലും മരിക്കാത്ത ഓർമകളുമായി ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു.)

 അമീബ മുതൽ അണ്വായുധ നിരോധനം വരെ എന്തിനെപ്പറ്റിയും ചർച്ച ചെയ്യാൻ വെമ്പൽ കൊള്ളുന്ന  യുവജനങ്ങളുടെ കൂട്ടായ്മ വേദിയായിരുന്നു അന്ന് ഞങ്ങളുടെ ഗ്രാമീണ വൈ. എം.  സി,  എ.   ചർച്ചകളിൽ പെൺകുട്ടികളുടെ അഭാവവും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന  പ്രയോഗം ഞങ്ങളുടെ നിഘണ്ടുവിൽ  ഇല്ലാതിരുന്നതിനാലും എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്ന കാലം.

ഇത് പൊന്നാടയുടെ കാലം!   പഞ്ചായത്തു മെമ്പർ ആയാൽ അനുമോദനം! പട്ടക്കാരൻ ആയാൽ അനുമോദനം! സാമൂഹ്യ സംഘടനകളും പള്ളിക്കാരും എല്ലാം വാർഡ്  തലം മുതൽ മുകളിലോട്ട് അനുമോദനാം തുടങ്ങിയാൽ  മാസങ്ങൾ  പിന്നിട്ടാലും തീരില്ല!  സ്ഥലത്തെ പ്രമുഖർക്കെല്ലാം അചീവമെന്റ് അവാർഡ് നൽകുന്നതാണ്  മറ്റൊരു ചടങ്ങു് ! പുറത്തു പറയാൻ കൊള്ളുന്ന  നേട്ടങ്ങൾ ഇല്ലെങ്കിലും അവാർഡിനർഹൻ!    സോഷ്യൽ മീഡിയയിൽ ചെലവില്ലാതെ ഫോട്ടോ കൊടുക്കാൻ പറ്റുന്നതിനാൽ പൊന്നാട കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും തുല്യസന്തോഷം!

പ്രചോദിപ്പിക്കുന്ന വ്യക്തിത്വമുള്ളവരും വിവിധ മേഖലകളിൽ പ്രാഗൽ ഭ്യം തെളിയിച്ചവരുമായ അർഹതയുള്ളവരെ ആദരിക്കുന്നത് നല്ല പ്രവൃത്തി തന്നെ. പക്ഷെ അമിതമായാൽ അമൃതും വിഷം!

യക്ഷിയിലേക്കു മടങ്ങിവരാം! യക്ഷിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരാകുന്നത് പോലെ വ്യക്തികളുടെ ചിലഗുണങ്ങളും നമ്മളെ ആകർഷിക്കുന്നത് സ്വാഭാവികമാണ്.  മതത്തിലും രാഷ്ട്രീയത്തിലും ആദരണീയമായ ചില ശൈലികളും  കാഴ്ചപ്പാടുകളും ഉള്ള വ്യക്തികളെ നമുക്ക് കാണാൻ കഴിയും . എന്നാൽ അവരുടെതന്നെ മറ്റുപല പ്രവൃത്തികളും പെരുമാറ്റ ശൈലികളും കണ്ടാൽ അവരുടെ ഏഴയലത്തു വരാൻ സുബോധമുള്ളവർ അറയ്ക്കും.

കേരളത്തിലും ഇവിടെ അമേരിക്കയിലും മത, രാഷ്ട്രീയ നേതൃത്വ സ്ഥാനങ്ങളിൽ നമ്മുടെ മനസാക്ഷിക്ക് അംഗീകരിക്കാൻ പറ്റാത്ത പെരുമാറ്റ ശൈലി യുടെ ഉടമകൾ ഉള്ളത്  രഹസ്യമല്ല. അവരെ അന്ധമായി  പിന്തുണയ്ക്കുന്നവർ പോലും അവരെപ്പോലെയാകാൻ ആഗ്രഹിക്കാത്തത് മാന്യതാബോധം ഇനിയും അന്യമായിട്ടില്ല എന്നതിന്റെ ഓര്മപ്പെടുത്തലും പ്രതീക്ഷയുമാണ്.  അവരുടെ ചില കഴിവുകളെ അംഗീകരിക്കുമ്പോഴും അവരെപ്പോലെ പെരുമാറാൻ നമ്മൾ തയ്യാറാവില്ല; നമ്മുടെ മക്കളും അവരെപ്പോലെയാവാൻ ഒരിക്കലും നമ്മൾ ആഗ്രഹിക്കില്ല! ഇത് ഒരാളുടെ വ്യക്തിത്വത്തെ മൊത്തമായി വിലയിരുത്തി മാത്രം സ്വീകരിക്കുകയോ തീരസ്കരിക്കുകയോ ചെയ്യുന്നതാണ് അഭികാമ്യം എന്നുള്ള തിരിച്ചറിവിൽ നിന്ന് ഉരുത്തിരിയുന്ന തീരുമാനമാണ്.

എന്നാൽ പലപ്പോഴും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വരെ പുകഴ്ത്തുന്നത് കണ്ടാൽ അവർ ഉടനെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടാൻ യോഗ്യതയുള്ളവരാണ് എന്ന് തോന്നിപ്പോകും. അന്ധൻ ആനയെ കണ്ടതുപോലെ ആകരുത് നമ്മുടെ അവലോകനം!

അർത്ഥസത്യങ്ങൾ  നിറഞ്ഞതോ  ആത്മാര്ഥതയില്ലാത്തതോ ആയ പ്രശംസ അത് ചൊരിയുന്നവരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. പ്രചോദിപ്പിക്കുന്ന മാതൃകകൾ  ആദരിക്കപ്പെടട്ടെ.  ധന്യ ജീവിതം നയിചു മൺമറഞ്ഞവരും അവർക്കു ജന്മം നൽകിയവരും ബഹുമാനിക്കപ്പെടട്ടെ.  യക്ഷിയുടെ സൃഷ്ടാവായ കാനായി കുഞ്ഞിരാമനും ചാരിതാർത്യമടയട്ടെ