യഹോവയുടെ നാമങ്ങള്‍

യഹോവ എന്നുള്ള ശ്രേഷ്ഠനാമം പഴയ നിയമത്തില്‍ ദൈവത്തിന് ഉപയോഗിച്ചിട്ടുള്ളതാണ്. ആ നാമം വൃഥാ എടുക്കരുത് എന്നുള്ളത് പത്തു കല്പനകളില്‍ ഒന്നാണ് (പുറ. 20:7). ആ നാമത്തിന്‍റെ അര്‍ത്ഥം, ڇഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.; മാറ്റമില്ലാത്തവനും, ശാശ്വതനുമാകുന്നുڈ.

പല സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍, ആ ശ്രേഷ്ഠനാമത്തോടു ചേര്‍ത്ത് വേറെ ചില പേരുകള്‍കൂടി വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഏഴു നാമങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നു.

(1) ‘യഹോവ യിരേ’: യഹോവ കരുതിക്കൊള്ളും എന്നര്‍ത്ഥം (ഉല്പ. 22:14). ദൈവകല്പന യിസ്ഹാക്കിനെ ബലി കഴിക്കുവാന്‍ കൊണ്ടുപോകുമ്പോള്‍ യിസ്ഹാക്കു ചോദിക്കുന്നു, ‘ബലിക്കുള്ള ആടെവിടെ?’ എന്ന്. അപ്പോള്‍ അബ്രഹാം പറഞ്ഞതാണ് ‘യഹോവ കരുതിക്കൊള്ളും, മകനേ’ എന്ന്.

(2) ‘യഹോവാ റാഫാ’: ڇഞാന്‍ സൗഖ്യമാക്കുന്ന യഹോവڈ എന്നര്‍ത്ഥം (പുറ. 15:26). ഈ നാമം വെളിപ്പെടുത്തിയത് യിസ്രായേല്‍ ജനം മാറായില്‍ എത്തിയ ഘട്ടത്തിലാണ്. കുടിക്കുവാന്‍ പാടില്ലാത്തവണ്ണം കൈയ്പുള്ള ജലമായിരുന്നു അവിടെ ലഭിച്ചത്. മോശ ഒരു വൃക്ഷം വെള്ളത്തിലിട്ടപ്പോള്‍ വെള്ളം സ്വച്ഛമായിത്തീര്‍ന്നു. അനന്തരം യഹോവാ ജനത്തോട് ഉടമ്പടി ചെയ്തു പറഞ്ഞതാണ് ‘യഹോവ റാഫാ’ എന്ന്.

(3) ‘യഹോവ നിസ്സി’: ڇയഹോവ എന്‍റെ കൊടിڈ എന്നര്‍ത്ഥം (പുറ. 17:15). അമാലേക്യരുമായുള്ള യുദ്ധത്തില്‍ യിസ്രായേല്‍ വിജയിച്ചപ്പോള്‍ മോശ ഒരു യാഗപീഠം പണിതുകൊണ്ട് വിജയം ആഘോഷിച്ചു. ആ യാഗപീഠത്തിനു ‘യഹോവ നിസ്സി’ എന്നു പേരിട്ടു. ആത്മികപോരാട്ടത്തില്‍ നമുക്കുണ്ടാകുന്ന വിജയത്തെ സൂചിപ്പിക്കുന്നതാണ് ആ പേര്.

(4) ‘യഹോവ മെക്കദ്ദിഷ്കിം’: ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു (പുറ. 31:12) എന്നര്‍ത്ഥം. ശാബത് വിശുദ്ധമായി ആചരിക്കുന്നതിനെപ്പറ്റി അനുശാസിക്കുമ്പോള്‍ വെളിപ്പെടുത്തിയ നാമമാണിത്. യഹോവ വിശുദ്ധനാകയാല്‍ അവിടുത്തെ ജനങ്ങളും വിശുദ്ധരായിരിക്കണമെന്നു വിവക്ഷ.

(5) ‘യഹോവ ഷാലോം’: യഹോവാ സമാധാനമാകുന്നു (ന്യായാ. 6:24) എന്നര്‍ത്ഥം. മിദാന്യരുടെ കൈയ്യില്‍നിന്നു വിടുവിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തപ്പോള്‍ ഗിദയോന്‍ അവിടെ ഒരു യാഗപീഠം പണിത് അതിനു ‘യഹോവ ഷാലോം’ എന്നു പേരിട്ടു. ദൈവം നമുക്കു സമാധാനം നല്‍കുക മാത്രമല്ല, അവിടുന്നു തന്നെ നമ്മുടെ സമാധാനമാണ് (എഫേ. 2:14).

(6) ‘യഹോവ സിദ്ക്കേനു’: യഹോവ നമ്മുടെ നീതിയാകുന്നു (യിരെ. 23:6) എന്നര്‍ത്ഥം. വരുവാനിരിക്കുന്ന അത്ഭുതകരമായ വിമോചനത്തെ മുന്‍കൂട്ടി കണ്ടുകൊണ്ട് യിരമ്യാവു പറഞ്ഞതാണ് ഈ വസ്തുത.

യിരമ്യാവ് പ്രവചിച്ച ആ ദിവസം യേശുക്രിസ്തുവില്‍ സമാഗതമായി. അവന്‍ നമുക്കു ദൈവത്തില്‍ നിന്നു ജ്ഞാനവും നീതിയും, വീണ്ടെടുപ്പും ശുദ്ധീകരണവുമായിത്തീര്‍ന്നു (1 കൊരി. 1:30).

(7) ‘യഹോവ ഷമ്മാ’. യഹോവ അവിടെയാകുന്നു എന്നര്‍ത്ഥം (യെഹ. 48:35). ചിതറിപ്പോയ ജനത്തിന്‍റെ വീണ്ടെടുപ്പും കൂട്ടിച്ചേര്‍ക്കലും യെഹസ്ക്കേല്‍ ദര്‍ശനം കാണുന്നു. ദേവാലയം പുനര്‍നിര്‍മ്മാണം ചെയ്ത്, മുടങ്ങിപ്പോയ ആരാധന പുനരാരംഭിച്ചു. യെരുശലേം നഗരവും ഉദ്ധരിക്കപ്പെട്ടു. ‘അന്നു മുതല്‍ നഗരത്തിനു യഹോവാ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും’.

ക്രിസ്തീയ വിശ്വാസികള്‍ക്കു മഹത്തായ മറ്റൊരു നഗരമുണ്ട്. ‘ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗ്ഗീയ യെരുശലേമാകുന്നു’ അത് (എബ്രാ. 12:22).

യഹോവയുടെ നാമത്തോടു ചേര്‍ത്തു പറഞ്ഞിട്ടുള്ള ഓരോ വിശേഷണവും, ദൈവത്തിന്‍റെ സ്വഭാവത്തേയും പ്രവര്‍ത്തനത്തെയും സൂചിപ്പിക്കുന്നതാണ്.

യഹോവയുടെ നാമത്തിന്‍റെ മറ്റൊരു വിശേഷണമാണ് യേശു എന്നുള്ളത്. ‘യഹോവാ രക്ഷിക്കുന്നു’ എന്നുള്ള രണ്ട് എബ്രായ പദങ്ങള്‍ ചേര്‍ന്നാണ് യേശു എന്ന പേരുണ്ടായത്.

യഹോവാ സാക്ഷികള്‍

മൗലികങ്ങളായ പല ക്രിസ്തീയ വിശ്വാസങ്ങളെയും നിഷേധിക്കുന്ന ഒരു ആധുനിക സെക്ടാണ് യഹോവാ സാക്ഷികള്‍. യെശയ്യാവ് 43:12 ആധാരമാക്കിയാണ് ഈ പേര് അവര്‍ സ്വീകരിച്ചിട്ടുള്ളത്. 1852-ല്‍ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗില്‍ ജനിച്ച ചാള്‍സ് ടെയ്സ് റസ്സല്‍ എന്ന ആളാണ് ഇതിന്‍റെ സ്ഥാപകന്‍ (അതുകൊണ്ട് റസ്സല്‍മതം എന്ന് ഇവരെപ്പറ്റി പറയാറുണ്ട്). 1872-ല്‍ ഇദ്ദേഹം ആരംഭിച്ച ബൈബിള്‍ സ്കൂള്‍ പിന്നീട് വാച്ച് ടവര്‍ സൊസൈറ്റി ആയി സംഘടിപ്പിച്ചു. 1916-ല്‍ റസ്സല്‍ മരിച്ചപ്പോള്‍ നേതൃത്വം റൂതര്‍ഫോര്‍ഡ് ഏറ്റെടുക്കുകയും 1942-ല്‍ അദ്ദേഹം മരിക്കുന്നതുവരെ ആ സ്ഥാനത്തു തുടരുകയും ചെയ്തു.
മറ്റേതു സംഘടനയെക്കാളും പ്രചാരണ പരിപാടികളില്‍ യഹോവാ സാക്ഷികള്‍ മുന്‍പന്തിയിലാണ്. ഒരു അന്താരാഷ്ട്രീയ വ്യാപാരസംഘടന പോലെ ആധുനിക സമ്പ്രദായത്തില്‍ സംഘടിപ്പിച്ചിട്ടുള്ളതാണ് ഈ പ്രസ്ഥാനം. ഇതിന്‍റെ സൂത്രധാരത്വം വഹിക്കുന്നത് സര്‍വ്വാധികാരസമിതിയായ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആണ്. കൂടിവരുന്നവരോടു പ്രസംഗിക്കുകയല്ല ഇവര്‍ ചെയ്യുന്നത്. ഭവനങ്ങള്‍ തോറും സന്ദര്‍ശനം നടത്തി ഇവരുടെ ഉപദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ്. സന്ദര്‍ശനാവസരത്തില്‍ ഉപദേശം മാത്രമല്ല, അവരുടെ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും കാസറ്റുകളും വില്പന നടത്തുകയും ചെയ്യുന്നു. എല്ലാ അംഗങ്ങളും അവരുടെ രീതിയിലുള്ള സുവിശേഷവേല ചെയ്യുവാന്‍ ബാധ്യസ്ഥരാണ്.

ഇവരുടെ ദുരുപദേശങ്ങള്‍

1. ത്രിത്വവിശ്വാസം സാത്താന്‍റെ ഉപദേശമെന്നു പഠിപ്പിക്കുന്നു.
2. യേശുക്രിസ്തു ദൈവമായിരുന്നില്ല; ഒരു സൃഷ്ടിമാത്രമായിരുന്നു. ആദ്യം സൃഷ്ടിക്കപ്പെട്ടവന്‍; മനുഷ്യാവതാരത്തിനു മുമ്പ് മീഖായേല്‍ എന്ന മാലാഖ ആയിരുന്നു.
3. യേശുക്രിസ്തു ഭൂമിയില്‍ ആയിരുന്നപ്പോള്‍ ദൈവമായിരുന്നില്ല; വെറും മനുഷ്യന്‍ മാത്രം.
4. യേശുക്രിസ്തു മരിച്ചപ്പോള്‍ തന്‍റെ ആസ്തിക്യം ഇല്ലാതായി. ഒന്നുമില്ലായ്മയില്‍ നിന്നെന്നപോലെ ദൈവം അവനെ ഉയിര്‍പ്പിച്ചു.
5. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതു ശരീരത്തോടു കൂടിയല്ല. കല്ലറയില്‍ സംസ്ക്കരിക്കപ്പെട്ട ശരീരത്തിന് എന്തു സംഭവിച്ചു എന്നു നിശ്ചയമില്ല.
6. പരിശുദ്ധാത്മാവിനു ദൈവത്വമോ ആളത്വമോ ഇല്ല.
7. മനുഷ്യന്‍ മരിച്ചാല്‍ അവന്‍റെ ആത്മാവ് അവശേഷിക്കുന്നില്ല. മനുഷ്യനും മൃഗവും മരണത്തില്‍ ഒന്നുപോലെ തന്നെ.
8. യുഗാന്ത്യപരമായ ഉപദേശങ്ങള്‍: 1914-ല്‍ ജാതികളുടെ കാലം തികഞ്ഞു. 1918-ല്‍ ക്രിസ്തു തന്‍റെ രാജത്വം സ്ഥാപിച്ചു. സിംഹാസനത്തിന്മേല്‍ അവരോധിതനായി. 1935-നു മുമ്പു വിശ്വസിച്ച റസ്സല്‍ മതക്കാര്‍ക്കു സ്വര്‍ഗ്ഗം; അത് 144000 പേര്‍ക്കു മാത്രമാണ്. അവര്‍ സ്വര്‍ഗ്ഗത്തില്‍ വാഴുന്നു. അര്‍മ്മഗദോന്‍ യുദ്ധം ആസന്ന ഭാവിയില്‍ നടക്കും. അതില്‍ യഹോവസാക്ഷികള്‍ അല്ലാത്തവര്‍ എല്ലാം നശിച്ചുപോകും. ഭൂമിയില്‍ പറുദീസാ സ്ഥാപിക്കപ്പെടും. പക്ഷേ അത് ആയിരം വര്‍ഷത്തേക്കു മാത്രം.
9. മറ്റെല്ലാ ക്രൈസ്തവസമൂഹങ്ങളും സാത്താന്‍റെ സഖ്യത്തില്‍പ്പെട്ടവയും അര്‍മ്മഗദോന്‍ യുദ്ധത്തില്‍ നശിക്കപ്പെടാനുള്ളവരുമാണ്.

ഏറ്റവും വിവാദപരമായ ചില ഉപദേശങ്ങള്‍ മാത്രമാണ് മേല്‍പറയപ്പെട്ടവ. വേദപുസ്തകം മാത്രമാണ് പ്രമാണഗ്രന്ഥമെങ്കിലും, ഇവര്‍ക്ക് ഇവരുടെ സ്വതന്ത്രമായ പരിഭാഷയാണ് സ്വീകാര്യം. അതില്‍ പല കൃത്രിമങ്ങളും കാണിച്ചിട്ടുണ്ട്.