ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് (1911-1997)

കോട്ടയം കൊച്ചുപുരയ്ക്കല്‍ പുത്തന്‍പുരയില്‍ കോരയുടെയും മറിയാമ്മയുടെയും ആറാമത്തെ പുത്രനായി 1911 മെയ് 9-ന് ജനിച്ചു. കോട്ടയം എം.ഡി. ഹൈസ്കൂളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സി.എം.എസ്. കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് ബി.എ. യും പാസ്സായി. 1936-ല്‍ ഇംഗ്ലണ്ടിലെത്തി കാന്‍റര്‍ബറി സെന്‍റ് അഗസ്റ്റിന്‍ കോളേജിലും കാര്‍ഡീലും നാലു വര്‍ഷം പഠനം നടത്തി. കാര്‍ഡിഫ് ചിക്കാഗോ യൂണിവേഴ്സിറ്റി, ഏഷന്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് എം.എ., എം.ടി.എച്ച്., എം.സി.സി. എന്നീ ബിരുദങ്ങളും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയില്‍ നിന്നും 1929-ല്‍ കോറൂയോ പട്ടവും പാമ്പാടി മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് 1944-ല്‍ പൂര്‍ണ്ണശെമ്മാശ്ശപട്ടവും, അതേവര്‍ഷം തന്നെ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായില്‍ നിന്ന് വൈദികപട്ടവും സ്വീകരിച്ചു. കോട്ടയം ചെറിയപള്ളിയുടെ വികാരിയായി 12 വര്‍ഷം സേവനം അനുഷ്ഠിച്ചു. 1965 ഫെബ്രുവരി 26-ന് റമ്പാന്‍ സ്ഥാനം ലഭിച്ചു. 1966 ആഗസ്റ്റ് 24-നു കോലഞ്ചേരിയില്‍ വച്ച് ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി. അങ്കമാലി ഭദ്രാസനത്തിന്‍റെ അധിപനായി 1967 ജനുവരി 26-ന് അധികാരമേറ്റു. 1979 ഫെബ്രുവരി ഒന്നു മുതല്‍ ബോംബെ ഭദ്രാസനത്തിന്‍റെയും ഭരണസാരഥ്യം വഹിച്ചു.

1937-ല്‍ എഡിന്‍ബറോ സമ്മേളനത്തിലും 1939-ല്‍ ആംസ്റ്റര്‍ഡാമില്‍ കൂടിയ പ്രഥമ ആഗോള യുവജനപ്രസ്ഥാന സമ്മേളനത്തിലും 1948-ല്‍ ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന ലോക സഭാകൗണ്‍സിലിലും മലങ്കരസഭയെ പ്രതിനിധീകരിച്ചു. 1952-ല്‍ ണ.ഇ.ഇ. യുടെ ഫെയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ സമ്മേളനത്തില്‍ ഒരു പ്രധാന വിഭാഗത്തിന്‍റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

1954-ല്‍ ഇവാന്‍സ്റ്റണ്‍, 1961-ല്‍ ന്യൂഡെല്‍ഹി, 1975-ല്‍ നൈറോബി, 1968-ല്‍ ഉപ്സാല എന്നിവിടങ്ങളില്‍വച്ചു നടന്ന അഖിലലോക ക്രൈസ്തവ സഭാസമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1962-ല്‍ ടോറന്‍റോ സഭാ കേന്ദ്ര കമ്മിറ്റി, 1965-ല്‍ ആഡിസ് അബാബയിലെ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭാ മേലദ്ധ്യക്ഷന്മാരുടെ സമ്മേളനം, 1965-ലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍, 1965-ല്‍ ബുഡാപ്പെസ്റ്റ് ക്രിസ്ത്യന്‍ പീസ് കോണ്‍ഫറന്‍സ് തുടങ്ങി ഒട്ടനവധി ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ മലങ്കരസഭയെ പ്രതിനിധീകരിച്ച ഇദ്ദേഹത്തെ ‘മലങ്കരസഭയുടെ അംബാസഡര്‍’ എന്നു വിശേഷിപ്പിക്കുന്നു.

ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ ആധുനികചരിത്രത്തില്‍ അവിസ്മരണീയമായ സംഭാവനകള്‍ ഇദ്ദേഹം നല്‍കിയിട്ടുണ്ട്. സെമിനാരി പ്രിന്‍സിപ്പല്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനം ജനറല്‍ സെക്രട്ടറി, ണ.ഇ.ഇ. സെന്‍ട്രല്‍ കമ്മിറ്റിയംഗം, വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രസിഡണ്ട്, ആലുവാ അന്ധവിദ്യാലയം ചെയര്‍മാന്‍, എസ്. പി. എഫ്. പ്രസിഡണ്ട്, തടാകം ആശ്രമം, കിഴക്കമ്പലം കോണ്‍വെന്‍റ് എന്നിവയുടെ വിസിറ്റിംഗ് ബിഷപ്പ്, വളയഞ്ചിറങ്ങര ബാലഗ്രാം പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ധാരാളം സ്ഥാപനങ്ങളും, വിദ്യാലയങ്ങളും, ആശുപത്രികളും സ്ഥാപിക്കുന്നതിന് ഇദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

1997 സെപ്റ്റംബര്‍ 28-ന് കാലംചെയ്തു. ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ കബറടക്കി.