കേരളത്തില്‍ ആധുനിക വിദ്യാഭ്യാസവും ഇഗ്ലീഷ് വിദ്യാഭ്യാസവും ആരംഭിച്ച പടിത്തവീട് എന്ന കോട്ടയം പഴയ സെമിനാരിയില്‍ അദ്ധ്യാപകനായിരിക്കെ സൈക്കില്‍ വാഹനമാക്കിയവര്‍ അത്യപൂര്‍വമാണ്. അത്തരക്കാരില്‍ നിന്നും മേല്പട്ട സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ട നാലാമനാണ് ഇന്ന് പഴഞ്ഞിയില്‍വെച്ച് ഏബ്രഹാം മാര്‍ മാര്‍ സേ്തഫാനോസ് എന്ന സ്ഥാനനാമത്തില്‍ മേല്പട്ട സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ട ഫാ. എബ്രഹാം തോമസ്.
ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളി വികാരിയായി എട്ടു വര്‍ഷത്തോളം സേവനമനുഷ്ടിച്ചശേഷം കിംഗ്‌സ് കോളേജില്‍നിന്നും ബിരുദാനന്ദര ബിരുദവും നേടി 2009-ല്‍ മടങ്ങി കേരളത്തിലെത്തി പഴയ സെമിനാരിയില്‍ അദ്ധ്യാപകവൃത്തിയില്‍ പ്രവേശിച്ചതുമുതല്‍ ഏതാണ്ട് ഒരു ദശാബ്ദത്തിലധികം മാര്‍ സേ്തഫാനോസിന്റെ പ്രാദേശിക യാത്രാ വാഹനം സൈക്കിളായിരുന്നു.
സെമിനാരിയില്‍നിന്നും സൈക്കിളേറി മെത്രാന്‍ സ്ഥാനത്തെത്തുന്ന നാലാമത്തെ വ്യക്തിയാണ് മാര്‍ സ്‌തേപ്പാനോസ് എന്ന ഫാ. ഏബ്രഹാം തോമസ്. പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ, മെത്രാപ്പോലീത്താമാരായ ഡോ. ഫിലിപ്പോസ് മാര്‍ തേയോഫീലോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നിവരാണ് ഏബ്രഹാം മാര്‍ മാര്‍ സേ്തഫാനോസിന്റെ മുന്‍ഗാമികളായ സൈക്കിള്‍ യാത്രക്കാര്‍.
കല്‍ക്കട്ടായില്‍ വേദശാസ്ത്ര പഠനം കഴിഞ്ഞെത്തിയ വട്ടക്കുന്നേല്‍ വി. കെ. മാത്യു സെമിനാരി അദ്ധ്യാപകനാകുന്നത് 1944-ലാണ്. അന്നു മുതല്‍ 1953-ല്‍ മാര്‍ അത്താനാസ്യോസ് എന്ന നാമത്തില്‍ മേല്പട്ടക്കാരനാകുന്നതുവരെ അദ്ദേഹത്തിന്റെ വാഹനം സൈക്കിള്‍ ആയിരുന്നു. കിലോമീറ്ററുകളോളം നീളുന്ന അദ്ദേഹത്തിന്റെ അക്കാലത്തെ പ്രാദേശിക യാത്രകള്‍ സൈക്കളില്‍ ആയിരുന്നു എന്ന് അദ്ദേഹംതന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. 1975-ല്‍ അദ്ദേഹം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്ന സ്ഥാനനാമത്തോടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായി സ്ഥാനമേറ്റു.
1944-ല്‍ ഇംഗ്ലണ്ടില്‍നിന്നും വേദശാസ്ത്രത്തില്‍ ഉപരിപഠനം കഴിഞ്ഞു മടങ്ങിയെത്തിയ കോട്ടയം കല്ലുപുരയ്ക്കല്‍ ഫാ. കെ ഫീലിപ്പോസ് അക്കൊല്ലം തന്നെ കോട്ടയം ചെറിയപള്ളി വികാരിയായി ചുമതലയേറ്റു. അതേവര്‍ഷം തന്നെ സെമിനാരിയില്‍ അദ്ധ്യാപനം ആരംഭിച്ച ഇദ്ദേഹത്തിന്റെയും അക്കാലത്തെ വാഹനം സൈക്കിള്‍ ആയിരുന്നു. ദേവലോകം കാതോലിക്കേറ്റ് ഓഫീസിന്റെ അഡ്മിനിസ്റ്റേറ്റര്‍ കൂടിയായിരുന്ന ഇദ്ദേഹത്തെ ഫീലിപ്പോസ് 1966-ല്‍ മാര്‍ തേയോഫീലോസ് എന്ന നാമത്തോടെ മേല്പട്ട സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. ഇദ്ദേഹം അങ്കമാലിയുടേയും തുടര്‍ന്ന് ബോംബയുടേയും മെത്രാപ്പോലീത്താ ആയിരുന്നു.
ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയില്‍നിന്നും റാങ്കോടെ ബോട്ടണിയില്‍ ബിരുദാനന്തബിരുദം നേടിയശേഷം സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും വേദശാസ്ത്ര ബിരുദവും നേടിയ ഫാ. കെ. കെ. മാത്യൂസ് 1967-72 കാലത്ത് കോട്ടയം പഴയ സെമിനാരി അദ്ധ്യാപകനായിരുന്നു. രോഗീ സാന്ത്വന ശുശ്രൂഷയില്‍ മരണപര്യന്തം അതീവ തല്‍പ്പരനായിരുന്ന ഫാ. കെ. കെ. മാത്യൂസ് അക്കാലത്ത് സൈക്കിള്‍ വാഹനമാക്കി കോട്ടയം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിത്യ സന്ദര്‍ശനം നടത്തിയിരുന്നു. ഫാ. കെ. കെ. മാത്യൂസ് 1972-ല്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി ചാപ്ലൈന്‍ ആയി നിയമിക്കപ്പെട്ടു. 1978-ല്‍ മാത്യൂസ് മാര്‍ ബര്‍ണബാസ് എന്ന പേരില്‍ മേല്പട്ടക്കാരനായി അഭിഷേകം ചെയ്യപ്പെട്ടു. ആദ്യം ഇടുക്കിയുടേയും പിന്നീട് അമേരിക്കയുടേയും മെത്രാനായി.
1978 മെയ് 15-ന് പഴഞ്ഞിയില്‍ വെച്ചാണ് മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. അന്ന് മുഖ്യ കാര്‍മ്മികന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കായും മുഖ്യ ഉപകാര്‍മ്മികരിലൊരാള്‍ ഡോ. ഫിലിപ്പോസ് മാര്‍ തേയോഫീലോസ് മെത്രാപ്പോലീത്തായും ആയിരുന്നു. 2022-ല്‍ അടുത്ത സൈക്കിള്‍ യാത്രികനായ ഏബ്രഹാം മാര്‍ മാര്‍ സേ്തഫാനോസ് പഴഞ്ഞിയില്‍ വെച്ചുതന്നെ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നതിനെ ഒരു നിയോഗം എന്നുതന്നെ വിശേഷിപ്പിക്കാം.