രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

രോഗികള്‍ക്കുവേണ്ടി (എബ്രാ. 13:3)

1. യേശു എന്നടിസ്ഥാനം
ആശയവനിലത്രെ
ആശ്വാസത്തിന്‍ പൂര്‍ണ്ണത
യേശുവില്‍ കണ്ടെന്‍ ഞാനും (2)
2. രോഗമെന്നെ പിടിച്ചേന്‍
ദേഹം ക്ഷയിച്ചാലുമെന്‍ നാഥന്‍
വേഗം വരുമെന്‍ നാഥന്‍
ദേഹം പുതുതാക്കിടാന്‍ (2)

ഞങ്ങളുടെ ജീവിതത്തിലെ ഓരോ അനുഭവത്തിലും പങ്കുചേരുകയും; ഞങ്ങളുടെ സന്തോഷങ്ങളെയും; സന്താപങ്ങളെയും ഞങ്ങളുടെ പരമമായ നന്മയ്ക്കാക്കി തീര്‍ക്കുകയും ചെയ്യുന്ന കര്‍ത്താവേശുമ്ശിഹാ, രോഗത്തിലും അവശതയിലുമിരിക്കുന്ന ഈ നിന്‍റെ (മകനെ) തൃക്കണ്‍ പാര്‍ക്കണമെ. നിന്നില്‍ ആശ്രയിച്ചുകൊണ്ട് നിന്നില്‍ നിന്ന് സൗഖ്യം പ്രാപിക്കുവാനും, ഈ നിന്‍റെ (മകന്) സംഗതിയാക്കണമെ. ഞങ്ങളുടെ പാപം നിമിത്തവും അല്ലാതെയും രോഗം വരുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സ്വയം പരിശോധനയുടെയും സമര്‍പ്പണത്തിന്‍റെയും അവസരമായി ഈ കാലഘട്ടത്തെ ഉപയോഗിക്കാന്‍, നിന്‍റെ മകനെ സഹായിക്കണമെ. രോഗാവസ്ഥയില്‍ കൂടെ അവിടുന്ന് ഞങ്ങള്‍ക്ക് ആത്മശുദ്ധീകരണം നല്‍കുന്നുവെന്ന് മനസ്സിലാക്കി, വിനയത്തിലും പ്രത്യാശയിലും നിറയുന്നതിന് ഞങ്ങള്‍ക്ക് സംഗതിയാക്കണമെ.

സാക്ഷാല്‍ ഉത്തമ വൈദ്യനും ആത്മശരീരമനസ്സുകളുടെ എല്ലാ രോഗങ്ങളെയും നിഷ്പ്രയാസം മാറ്റുവാന്‍ പ്രാപ്തനായ കര്‍ത്താവേ, ബലഹീനതയില്‍ സ്ഥിതിചെയ്യുന്ന (വനും) രോഗത്തില്‍ വീണിരിക്കുന്ന (വനും), നിന്‍റെ കരുണയില്‍ അഭയം തേടുന്ന (വനു) മായ, ഈ നിന്‍റെ (മകന്) വേണ്ടിയുള്ള ഞങ്ങളുടെ അപേക്ഷ കേള്‍ക്കണമെ. വൈദ്യന്മാര്‍ക്ക് അറിവു കൊടുക്കുന്നവനും ഔഷധങ്ങള്‍ക്ക് ശക്തി കൊടുക്കുന്നവനും ചികിത്സയില്‍ക്കൂടി സൗഖ്യം നല്‍കുന്നവനും നീ ആകുന്നു. ചികിത്സ കൂടാതെ സൗഖ്യം നല്‍കുവാനും നിനക്കു സാധിക്കുന്നു. രോഗം ബാധിച്ച് നിന്നില്‍ നിന്ന് സൗഖ്യം വാഞ്ഛിക്കുന്ന ഈ നിന്‍റെ (മകനില്‍) കനിവു തോന്നണമേ. (ഇവനില്‍) നടത്തുന്ന എല്ലാ പരിശോധനകളിലും ചികിത്സകളിലും നിന്‍റെ നടത്തിപ്പും കാവലും ഉണ്ടായിരിക്കണമെ.

കനാന്യസ്ത്രീയുടെ വിശ്വാസപൂര്‍ണ്ണമായ അപേക്ഷയില്‍ നീ സന്തോഷിച്ച്, അവളുടെ മകള്‍ക്ക് സൗഖ്യം നല്‍കി. പക്ഷവാതക്കാരനെ കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ട്, അവന്‍ കട്ടിലെടുത്തുകൊണ്ടു പോകത്തക്കവണ്ണം നീ സൗഖ്യം നല്‍കി. അവിടുത്തെ വചനങ്ങള്‍കൊണ്ട് അനേകം രോഗികള്‍ സൗഖ്യം പ്രാപിച്ചു. വിശ്വാസത്തോടെ തിരുസന്നിധിയിലേക്ക് വന്ന ഒരുവനെയും നീ വെറുംകൈയായി വിട്ടില്ല. ഇപ്പോള്‍ കര്‍ത്താവേ, വിശ്വാസപൂര്‍വ്വം ഞങ്ങളുടെ ഈ രോഗിയെ തിരുസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട്, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നാഥാ നീ തന്നെ വൈദ്യനും, ഔഷധവുമാകുന്നു. സര്‍വ്വ ആശ്വാസവും നല്‍കുന്ന പരിപാലകനേ, തൃക്കൈവേലയാകുന്ന ഈ നിന്‍റെ (മകനില്‍) മനസ്സലിയേണമെ. ഇവനിലും ഞങ്ങളിലും വന്നുപോയ കുറ്റങ്ങളും പാപങ്ങളും ക്ഷമിക്കണമെ. ഞങ്ങളുടെ വിശ്വാസത്തെ പൂര്‍ത്തീകരിക്കണമെ. “എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ലെന്ന്” അരുളിയ നാഥാ, ഞങ്ങളുടെ എളിയ അപേക്ഷ കേട്ട് ഉത്തരമരുളണമെ. സൗഖ്യത്തോടെ (ഇവന്‍) എഴുന്നേറ്റ് നിന്‍റെ കൃപയെ മുടക്കം കൂടാതെ സ്തുതിക്കുമാറാകണമെ. നീ ദയാലുവും, കാരുണ്യവാനും സാക്ഷാല്‍ ഉത്തമ വൈദ്യനുമാകുന്നുവല്ലോ. നിന്‍റെ മാതാവിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും മദ്ധ്യസ്ഥത ഞങ്ങള്‍ക്കു കാവലായിരിക്കണമെ. അവരുടെ പ്രാര്‍ത്ഥന കേട്ട് ഞങ്ങളോട് ഉത്തരമരുളണമെ. ഞങ്ങള്‍ നിന്നെയും നിന്‍റെ പിതാവിനെയും നിന്‍റെ പരിശുദ്ധാത്മാവിനേയും എന്നാളും മഹത്വപ്പെടുത്തുവാന്‍ സംഗതിയാക്കുകയും ചെയ്യണമെ (ആമ്മീന്‍). ദൈവമാതാവേ, പരിശുദ്ധന്മാരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ (ആമ്മീന്‍).

സാംക്രമിക രോഗങ്ങളുടെ കാലത്ത് (പുറപ്പാട് 9:1-6)

മനുഷ്യരുടെ ജീവിതത്തിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചവനും സകലവും പരിപാലിക്കുന്നവനുമായ കര്‍ത്താവേ, നിന്നില്‍ത്തന്നെ ഞങ്ങള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൊടുങ്കാറ്റിനെ ശാസിച്ച് ശിഷ്യന്മാര്‍ കയറിയിരുന്ന വഞ്ചി ഗലീലാക്കടലില്‍ മുങ്ങിപ്പോകാതെ അവരെ രക്ഷിച്ച നാഥാ, നിന്‍റെ ആംഗ്യത്തില്‍ സകല പ്രകൃതിയും കീഴടങ്ങുന്നു. പകര്‍ച്ചവ്യാധികള്‍മേല്‍ മനസ്സലിയണമേ. അഗ്നി സര്‍പ്പത്തിന്‍റെ കടിയേറ്റവര്‍, നിന്‍റെ കല്പന പ്രകാരം പിച്ചള സര്‍പ്പത്തെ നോക്കി രക്ഷ പ്രാപിച്ചു. നിന്നെ വിളിച്ചപേക്ഷിക്കുന്ന ഞങ്ങളോടും ഉത്തരമരുളി ഞങ്ങളെ രക്ഷിക്കണമെ. അഹരോന്‍റെ ധൂപത്താല്‍ ഇസ്രായേല്‍ ജനത്തില്‍ നിന്ന് വസന്തയെ നിരോധിച്ചത് ഇവിടെ ഉണ്ടായിട്ടുള്ള വസന്തയെയും തടയണമെ. പ്രയാസങ്ങളുടെയും, കഷ്ടതകളുടെയും മദ്ധ്യത്തില്‍ ഞങ്ങള്‍ നിന്നെ അവിശ്വസിപ്പാന്‍ ഇടയാകരുതേ. ധനവാന്‍റെ പടിക്കല്‍ കിടന്ന ലാസര്‍ അബ്രഹാമിന്‍റെ മടിയില്‍ ആശ്വാസം കണ്ടെത്തിയതുപോലെ ഈ ലോകത്തില്‍ എന്തെല്ലാം കഷ്ടതകള്‍ വന്നാലും പരലോകത്തില്‍ നീ ആശ്വാസം നല്‍കുമെന്ന പ്രത്യാശയില്‍ ഞങ്ങളെ ഉറപ്പിക്കണമെ.
കര്‍ത്താവേ, നിന്‍റെ ഹിതത്തിന് പൂര്‍ണ്ണമനസ്സോടെ വിധേയരാകുവാനും, നിന്നെ മഹത്വപ്പടുത്തുവാനും ഞങ്ങള്‍ക്ക് സംഗതിയാക്കണമെ. “ജീവിക്കുന്നു എങ്കില്‍ നാം കര്‍ത്താവിനായി ജീവിക്കുന്നു. മരിക്കുന്നുവെങ്കില്‍ നാം കര്‍ത്താവിനായി മരിക്കുന്നു” (റോമ. 14:8) എന്ന്, വി. പൗലോസ് ശ്ലീഹായെപ്പോലെ പറയത്തക്കവണ്ണമുള്ള വിശ്വാസവും ധൈര്യവും ദിവ്യസ്നേഹവും കൊണ്ട് ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങള്‍ നിന്നേയും നിന്‍റെ പിതാവിനെയും നിന്‍റെ പരിശുദ്ധാത്മാവിനെയും എന്നാളും മഹത്വപ്പെടുത്തുമാറാകണമേ (ആമ്മീന്‍). ദൈവമാതാവേ, പരിശുദ്ധന്മാരെ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ (ആമ്മീന്‍).

ഭൂതബാധ (മാനസികരോഗം) മാറുന്നതിന് (വി. മര്‍ക്കോസ് 5:1-20, 9:14-29)

ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവും, നിയന്താവും, സര്‍വ്വശക്തനുമായ പിതാവായ ദൈവമേ, രോഗിയായിരിക്കുന്ന നിന്‍റെ (മകന്‍റെ) രോഗശാന്തിക്കുവേണ്ടി ഞങ്ങള്‍ അപേക്ഷിക്കുന്നു. നിന്‍റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട നിന്‍റെ (മകനോട്) മനസ്സലിവു തോന്നേണമേ. നിന്‍റെ കല്പനയാല്‍ ഭൂതങ്ങള്‍ പുറപ്പെട്ടു പോകുന്നു; രോഗങ്ങള്‍ വിട്ടുമാറുന്നു. സകല പ്രകൃതിയും നിന്‍റെ വാക്കിന് കീഴടങ്ങുന്നുവല്ലോ. ഈ നിന്‍റെ (മകനെ) ബാധിച്ചിരിക്കുന്ന രോഗങ്ങളും ബാധകളും നീക്കി പ്രത്യാശയും ധൈര്യവും ആരോഗ്യവും നല്‍കേണമേ.
ഗദ്രദേശത്തെ ഭൂതബാധിതരില്‍ നിന്നും നിന്‍റെ ഏകജാതന്‍ ഭൂതങ്ങളെ ഇറക്കി ഓടിച്ചു. അതുപോലെ ഇപ്പോള്‍ നിന്‍റെ (മകനില്‍ നിന്ന്) എല്ലാ എതിര്‍ശക്തികളെയും മാറ്റി (ഇവന്) പൂര്‍ണ്ണ സ്വസ്ഥത നല്‍കണമേ. നിന്‍റെ പരിശുദ്ധാത്മാവിന്‍റെ ആലയമാക്കി (ഇവനെ) വേര്‍തിരിക്കണമെ. ജയമുള്ള സ്ലീബാ (ഇവന്) കാവലും കോട്ടയും ആയിരിക്കണമെ. (ഇവനില്‍) നടത്തുന്ന എല്ലാ ചികിത്സകളും ഫലപ്രദമായി പൈശാചികമായ എല്ലാ ഉപദ്രവങ്ങളില്‍ നിന്ന് ഇവന്‍ വിടുതല്‍ പ്രാപിക്കണമെ.
ഞങ്ങളും ഈ നിന്‍റെ (മകനും) നിന്നെയും നിന്‍റെ ഏകപുത്രനെയും നിന്‍റെ വിശുദ്ധാത്മാവിനെയും ഇപ്പോഴും, എല്ലായ്പോഴും എന്നേക്കും, സ്തുതിക്കുമാറാകണമെ (ആമ്മീന്‍). ദൈവമാതാവേ, പരിശുദ്ധന്മാരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ (ആമ്മീന്‍).

ഭവനങ്ങളില്‍ നിന്നും ഭൂതബാധ മാറുന്നതിന് (പുറപ്പാട് 12:27-36)

ദൃശ്യവും അദൃശ്യവുമായ എല്ലാ ശക്തികളെയും നിയന്ത്രിക്കുന്ന മ്ശിഹാ കര്‍ത്താവേ, നിന്‍റെ കല്പനയാല്‍, ഗലീലാക്കടലിലെ കൊടുങ്കാറ്റിനെ നീ ശമിപ്പിച്ചു. ഭൂതബാധിതരില്‍ നിന്ന് ഭൂതങ്ങളെ നീ പുറത്താക്കി അവരെ സൗഖ്യമാക്കി. ഇപ്പോള്‍ കര്‍ത്താവേ, ഈ ഭവനം ഭൂതബാധകൊണ്ട് വിഷമിക്കുന്നു. നിന്‍റെ (മക്കളുടെ) ഈ ഭവനത്തില്‍ നീ എഴുന്നള്ളി ഇവരെ ബാധിച്ചിരിക്കുന്ന ഭൂതങ്ങളെ പുറത്താക്കണമെ. നിന്‍റെ ശക്തിയെ എതിര്‍പ്പാനും നിന്‍റെ കരുണയില്‍ ഇരിക്കുന്നവരെ ഉപദ്രവിപ്പാനും ഭൂതങ്ങള്‍ക്ക് അധികാരവും ശക്തിയും ഇല്ലെന്ന് നീ ലോകത്തിന് വെളിപ്പെടുത്തണമെ. ഈ ഭവനത്തില്‍ നിന്‍റെ കരുണയുടെ ചിറകു വിരിച്ച്, ഇതിനെ മറച്ചുകൊള്ളണമെ. ഭൂതങ്ങള്‍ ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞങ്ങളുടെ ഭവനങ്ങളില്‍ പ്രവേശിപ്പാന്‍ അനുവദിക്കരുതേ. ജയമുള്ള നിന്‍റെ സ്ലീബായാല്‍ ഭൂതങ്ങളെ ഇവിടെ നിന്നും ഓടിച്ച്, നിന്‍റെ ശക്തിയെ ഞങ്ങള്‍ക്കു കാണിച്ചുതരണമേ. ഞങ്ങള്‍ നിന്നെയും നിന്‍റെ പിതാവിനെയും നിന്‍റെ പരിശുദ്ധാത്മാവിനെയും എന്നാളും മഹത്വപ്പെടുത്തുമാറാകണമേ (ആമ്മീന്‍).

ഓപ്പറേഷനു മുമ്പ് രോഗിക്കു വേണ്ടി (സങ്കീ. 23:121)

സകല ചരാചരങ്ങളെയും തന്‍റെ ഉള്ളംകൈയില്‍ വഹിക്കുന്നവനും, ഓരോരുത്തരുടെയും ആവശ്യങ്ങളും കഷ്ടതകളും പ്രത്യേകം പ്രത്യേകമായി അറിഞ്ഞ്, എല്ലാവരെയും പരിപാലിക്കുന്നവനുമായ കര്‍ത്താവേ, ഇന്നുവരെ ഞങ്ങളെ കാത്ത് പരിപാലിച്ച അവിടുത്തെ കൃപകള്‍ക്കുവേണ്ടി, ഞങ്ങള്‍ നിന്നെ സ്തോത്രം ചെയ്യുന്നു. “ലോകാവസാനത്തോളം എല്ലാനാളും ഞാന്‍ നിങ്ങളോടു കൂടെയുണ്ട്” എന്നരുളിച്ചെയ്ത കര്‍ത്താവേ, ആത്മീയ കണ്ണുകള്‍കൊണ്ട് അവിടുത്തെ സാന്നിദ്ധ്യത്തേയും ശക്തിയേയും ദര്‍ശിക്കുവാന്‍, ഈ സമയത്ത് ഞങ്ങളെ യോഗ്യരാക്കണമെ. വൈദ്യന്മാര്‍ അവിടുത്തെ കൈയിലെ ആയുധങ്ങള്‍ മാത്രമാകുന്നുവല്ലോ. ശസ്ത്രക്രിയയുടെ വിജയം അവിടുത്തെ കരുണയെ ആശ്രയിച്ചിരിക്കുന്നു. നിന്‍റെ ഈ മകനു നടത്തുന്ന ശസ്ത്രക്രിയയില്‍ ഭാഗഭാക്കാകുന്ന എല്ലാവരിലും, അവിടുന്ന് പ്രവര്‍ത്തിക്കണമെ. ആവശ്യമായ ബുദ്ധിയും വിവേകവും, വിപദിധൈര്യവും, വൈദഗ്ദ്ധ്യവും എല്ലാവര്‍ക്കും നല്‍കേണമേ.

അവിടുന്ന് ഞങ്ങളുടെ സങ്കേതവും ബലവും കോട്ടയുമാകുന്നു. കഷ്ടതകളില്‍ അവിടുന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതിനാല്‍ കൂരിരുള്‍ താഴ്വരയിലും അവിടുത്തെ സാന്നിദ്ധ്യം ദര്‍ശിക്കുന്നതിനും, വിശ്വാസത്തോടും പ്രത്യാശയോടും കൂടെ തന്നെത്തന്നെ തൃക്കരങ്ങളില്‍ ഭരമേല്പിക്കുന്നതിനും ഈ മകനെ സഹായിക്കണമെ. ശാരീരികവും മാനസികവുമായ അനേക പ്രയാസങ്ങളില്‍ കൂടി കടന്നുപോകുകയും അവയെ ജയിക്കുകയും ചെയ്ത കര്‍ത്താവേ, അവിടുന്ന് എല്ലാ കഷ്ടതകളിലും ഞങ്ങളെ വഴിനടത്തുവാന്‍ പ്രാപ്തനാക്കുന്നു. “സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ലോകം തരുന്നതുപോലെയല്ല ഞാന്‍ നിങ്ങള്‍ക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്. ഭ്രമിക്കുകയുമരുത്.” എന്നരുളിച്ചെയ്ത ആര്‍ദ്രത നിറഞ്ഞ കര്‍ത്താവേ, തിരുമാര്‍വ്വില്‍ ഈ (മകനെ) അണച്ചുകൊള്ളണമേ. ശസ്ത്രക്രിയയില്‍ ചെയ്യപ്പെടുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഫലപ്രദമായിത്തീരണമെ. ഈ നിന്‍റെ (മകന്‍) സുഖം പ്രാപിച്ച്, ആരോഗ്യം വീണ്ടെടുത്ത്, അവിടുത്തെ എല്ലാ കൃപകളെക്കുറിച്ചും സ്തോത്രം ചെയ്വാനും, തിരുനാമമഹത്വത്തിനായി ശിഷ്ടായുസ് പ്രതിഷ്ഠിക്കുവാനും സംഗതിയാക്കണമെ. ഞങ്ങളും ഈ നിന്‍റെ മകനും നിന്നെയും നിന്‍റെ പിതാവിനെയും നിന്‍റെ പരിശുദ്ധാത്മാവിനെയും ഇന്നും എന്നും മഹത്വപ്പെടുത്തുകയും ചെയ്യുമാറാകണമെ (ആമ്മീന്‍). ദൈവമാതാവേ, പരിശുദ്ധന്മാരേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെ (ആമ്മീന്‍).

രോഗശാന്തിക്കു ശേഷമുള്ള സ്തോത്രപ്രാര്‍ത്ഥന (സങ്കീ. 103:1-13)

1. അന്‍പു നിറഞ്ഞ പൊന്നേശുവേ
നിന്‍പാദസേവ എന്നാശയേ
2. അര്‍ദ്ധപ്രാണനായ് കിടന്നോ
രെന്നെ നീ രക്ഷചെയ്തതാല്‍
എന്നിലുള്ള നന്ദിയുള്ളം
താങ്ങുവതെങ്ങനെ എന്‍പ്രിയ (2)
അന്‍പുനിറഞ്ഞ

എല്ലാ നന്മകളുടെയും അനുഗ്രഹങ്ങളുടെയും സൗഖ്യത്തിന്‍റെയും ഉറവിടമായ കര്‍ത്താവേ, ഈ നിന്‍റെ (മകന്) കൊടുത്തിരിക്കുന്ന ആശ്വാസത്തിനും സൗഖ്യത്തിനും വേണ്ടി, ഞങ്ങള്‍ നിന്നെ സ്തോത്രം ചെയ്യുന്നു. ഞങ്ങള്‍ അയോഗ്യരും പാപികളും ആകുന്നു. എങ്കിലും അവിടുന്ന് ഞങ്ങളുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാതെ, ഞങ്ങളെ അനുഗ്രഹിച്ചതിനായി ഞങ്ങള്‍ അവിടുത്തെ തിരുനാമം മഹത്വപ്പെടുത്തുന്നു. പൂര്‍ണ്ണമായ ആരോഗ്യവും ശക്തിയും വീണ്ടെടുക്കുന്നതുവരെ, അവിടുത്തെ പ്രത്യേക അനുഗ്രഹം (ഇവന്) ഉണ്ടായിരിക്കണമെ. ഈ നിന്‍റെ (മകന്‍റെ) അവയവങ്ങളെ ബലപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും ചെയ്യണമെ. ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ എല്ലാ അനുഗ്രഹങ്ങളും (ഇവന്) നല്‍കണമെ.

ലോകാവസാനത്തോളം കൂടെയുണ്ടായിരിക്കുമെന്ന് ശിഷ്യന്മാരോട് അരുളിച്ചെയ്യുകയും അവര്‍ പോയ എല്ലാ സ്ഥലങ്ങളിലും അവരോടു കൂടെയിരിക്കുകയും ചെയ്ത കര്‍ത്താവേ, ഈ നിന്‍റെ (മകന്‍) പോകുന്ന എല്ലാ സ്ഥലങ്ങളിലും അവിടുത്തെ തൃക്കരം ഇവന് കാവലായിരിക്കണമേ. നിന്നോടുള്ള നന്ദി നിറഞ്ഞ ഹൃദയത്തോടെ, കഷ്ടതയിലും രോഗത്തിലും ഇരിക്കുന്ന അനേകരെ ആശ്വസിപ്പിക്കുവാനും, കഴിയുന്ന സഹായം ചെയ്വാനും ഈ നിന്‍റെ (മകനെ) സഹായിക്കണമെ. അങ്ങനെ ഞങ്ങള്‍ നിന്നെയും നിന്‍റെ പിതാവിനെയും നിന്‍റെ പരിശുദ്ധാത്മാവിനെയും, ഇപ്പോഴും എല്ലായ്പോഴും എന്നേക്കും, മഹത്വപ്പെടുത്തുമാറാകണമെ (ആമ്മീന്‍). ദൈവമാതാവേ, പരിശുദ്ധന്മാരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ (ആമ്മീന്‍).

അത്യാസന്നനിലയിലുള്ള രോഗിക്കു വേണ്ടി (സങ്കീ. 23)

1 കൂടെ പാര്‍ക്ക, നേരം വൈകുന്നിതാ
കൂരിരുളേറുന്നു, പാര്‍ക്ക ദേവ
ആശ്രയം വേറില്ലാനേരം തന്നില്‍
ആശ്രിതവത്സലാ കൂടെ പാര്‍ക്ക
2 സദാ നിന്‍ സാന്നിദ്ധ്യം വേണം താതാ
പാതകന്മേല്‍ ജയം നിന്‍കൃപയാല്‍
തുണചെയ്വാന്‍ നീയല്ലാതാരുള്ളൂ
സന്തോഷസന്താപേ കൂടെ പാര്‍ക്ക.

ഞങ്ങളുടെ രക്ഷയുടെ ദൈവമായി, നാള്‍തോറും ഞങ്ങളുടെ ഭാരങ്ങളെ വഹിക്കുന്ന കര്‍ത്താവേ, പരലോകത്തെക്കുറിച്ചുള്ള നിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ച് ഓര്‍ക്കുവാന്‍ ഞങ്ങളെ സഹായിക്കണമെ. “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്. ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍. എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോട് പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് സ്ഥലം ഒരുക്കുവാന്‍ പോകുന്നു. ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന്, പിന്നെയും വന്ന് നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും” എന്ന് (യോഹ. 14:1-3) അരുളിച്ചെയ്ത കര്‍ത്താവേ, പിതാവിന്‍റെ ഭവനത്തിന്‍റെ മഹത്വം ദര്‍ശിക്കുവാന്‍ ഞങ്ങളെ യോഗ്യരാക്കണമേ. “ദൈവം, തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളതിനെ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല. ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല” (1 കൊരി. 2:9) എന്ന് വി. പൗലോസ് വര്‍ണിക്കുന്നു. ഭക്തന്മാര്‍ ദൈവത്തിന്‍റെ ആലയത്തില്‍ ദൈവിക സിംഹാസനത്തിന്‍മുമ്പില്‍ ഇരുന്ന് രാപകല്‍ ആരാധിക്കുമെന്നും “ഇനി അവര്‍ക്ക് വിശക്കുകയില്ല, ദാഹിക്കുകയുമില്ല, വെയിലും ചൂടും അവരുടെ മേല്‍ തട്ടുകയില്ല. സിംഹാസനത്തിന്‍റെ മദ്ധ്യേയുള്ള കുഞ്ഞാട് അവരെ മേയിച്ച് ജീവജലത്തിന്‍റെ ഉറവുകളിലേക്ക് നടത്തുകയും ദൈവം തന്നെ അവരുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ എല്ലാം തുടച്ചുകളയുകയും ചെയ്യും” (വെളി. 7:15-17) എന്ന് യോഹന്നാന്‍ ശ്ലീഹായും സാക്ഷിക്കുന്നു. ലോകസ്ഥാപനം മുതല്‍ ഞങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം (മത്താ. 25:34) അവകാശമാക്കുവാനായി, ഈ നിന്‍റെ (മകന്‍റെ) ആത്മാവ് നിന്‍റെ അടുക്കലേക്ക് വരാന്‍ ഒരുങ്ങുന്ന ഈ സമയത്ത്, പരലോകത്തിലെ മഹത്വങ്ങളെ ദര്‍ശിക്കുവാന്‍ ഇവനെ സഹായിക്കണമെ. ഈ നിന്‍റെ (മകന്) ആവശ്യമായ സമാധാനവും പ്രത്യാശയും ധൈര്യവും കൊടുക്കണമെ. ഇവന്‍റെ ബാല്യം മുതലുള്ള സകല പാപങ്ങളും ക്ഷമിക്കണമേ. മുടിയനായ പുത്രനെ അവന്‍റെ പിതാവു സ്വീകരിച്ചതുപോലെ, ഈ നിന്‍റെ (മകനെയും) സ്വീകരിക്കണമെ. പതിനൊന്നാം മണിനേരത്തെ വേലക്കാരനെപ്പോലെ, (ഇവനും) പ്രതിഫലം നല്‍കണമെ. പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കൈയില്‍ ഭരമേല്പിക്കുന്നു എന്നു പറഞ്ഞ്, തന്നെത്തന്നെ നിനക്ക് സമര്‍പ്പിക്കുവാന്‍, ഈ (മകനെ) ധൈര്യപ്പെടുത്തണമെ. എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളയുകയില്ലെന്ന് അരുളിച്ചെയ്ത കര്‍ത്താവേ, ഒരു വ്യവസ്ഥയും കൂടാതെ നീ ഏവരേയും കൈക്കൊള്ളുന്നുവല്ലോ. “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവീന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ. 11:28) എന്നരുളിച്ചെയ്ത കര്‍ത്താവേ, ഈ നിന്‍റെ (മകന്) പാപമോചനത്തിന്‍റെ ഉറപ്പും, സമാധാനവും സന്തോഷവും നല്‍കണമെ. ഞങ്ങളും, ഈ നിന്‍റെ മകനും, നിന്‍റെ മഹത്വപ്രത്യക്ഷതയില്‍ നിന്‍റെ വലത്തുഭാഗത്തു നിന്നുകൊണ്ട്, നിന്നെയും, നിന്‍റെ പിതാവിനെയും നിന്‍റെ പരിശുദ്ധാത്മാവിനെയും നിരന്തരം മഹത്വപ്പെടുത്തുമാറാകണമെ (ആമ്മീന്‍). ദൈവമാതാവേ, പരിശുദ്ധന്മാരേ ഈ (ദാസന്) വേണ്ടി പ്രാര്‍ത്ഥിക്കണമെ (ആമ്മീന്‍).