ഉപവാസം (Fasting) ഭക്ഷണം വെടിയുക എന്ന അനുഷ്ഠാനമാണ്. നോമ്പ് (Abstinence) മത്സ്യമാംസാദിയായ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ വെടിയുന്ന ശിക്ഷണമാണ്. യഹൂദപാരമ്പര്യത്തില്‍ നിന്നാണ് ക്രിസ്തീയസഭയില്‍ നോമ്പും ഉപവാസവും ഉയര്‍ന്നുവന്നത്. ദുരന്തങ്ങളുടെയും വിലാപത്തിന്‍റെയും കാലത്ത് നോമ്പും ഉപവാസവും യഹൂദന്മാര്‍ ആചരിച്ചുപോന്നു (1 ശമു. 7:6; ന്യായാ. 20:26; 2 ദിന. 20:3). മോശയുടെ അനുശാസനത്തില്‍ മഹാദിനമായ പാപപരിഹാരദിവസം ഉപവാസത്തിന്‍റെ ദിനമായിരുന്നു.
പ്രവാസത്തില്‍ നിന്നു തിരിച്ചെത്തിയ ശേഷം യഹൂദന്മാര്‍ കൂടുതല്‍ ഉപവാസദിനങ്ങള്‍ ആചരിക്കുവാന്‍ തുടങ്ങി. പരീശവിഭാഗം ആഴ്ചയില്‍ രണ്ടു ദിവസം (തിങ്കള്‍, വ്യാഴം) ഉപവസിക്കുമായിരുന്നു. യേശുക്രിസ്തു ഉപവാസത്തെ വിമര്‍ശിച്ചു എന്നത് ശരിയാണ് (മത്താ. 6:16; ലൂക്കോ. 18:12). ഉപവാസത്തിന്‍റെ തെറ്റായ അനുഷ്ഠാനത്തെ അവിടുന്നു ചൂണ്ടിക്കാണിക്കുകയായിരുന്നു. അല്ലാതെ, ഉപവാസത്തെ എതിര്‍ക്കുകയായിരുന്നില്ല. അവിടുന്നുതന്നെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനുമുമ്പ് 40 ദിവസം മരുഭൂമിയില്‍ ഉപവസിച്ചതായി കാണാം (മത്താ. 4:2; ലൂക്കോ. 4:2).
അപ്പോസ്തോലന്മാരും ഉപവാസം അനുഷ്ഠിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട് (അപ്പോ. പ്ര. 13:2, 14:23). അപ്പോസ്തോലകാലം മുതല്‍ തന്നെ സഭ നോമ്പും ഉപവാസവും അനുഷ്ഠിച്ചുപോന്നു. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രചിക്കപ്പെട്ട ‘ഡിഡാക്കെ’ എന്ന ഗ്രന്ഥത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസം – ബുധന്‍, വെള്ളി – ഉപവസിക്കുന്നതിനെപ്പറ്റിയും മാമോദീസാ എല്‍ക്കുന്നതിനു മുമ്പ് സ്നാനാര്‍ത്ഥി ഉപവാസം അനുഷ്ഠിക്കുന്നതിനെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്.
യഹൂദപാരമ്പര്യമനുസരിച്ച് സന്ധ്യവരെ ഭക്ഷണം വെടിഞ്ഞ് ഉപവസിക്കുന്ന രീതിയാണ് ക്രിസ്തീയസഭയും സ്വീകരിച്ചത്. പിന്നീട് ലാഘവപ്പെടുത്തി മൂന്നുമണി വരെയോ മദ്ധ്യഹ്നം വരെയോ എന്നാക്കി.
നാല്പതു നോമ്പാണ് (Lent) സഭയില്‍ ആദ്യം നിലവില്‍ വന്നത്. അത് രണ്ടാം നൂറ്റാണ്ടു മുതല്‍ ആരംഭിച്ചിരിക്കണം. ഏതായാലും നാലാം നൂറ്റാണ്ടിനു ശേഷം അതിനെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ട്. കര്‍ത്താവിന്‍റെ ഉയിര്‍പ്പു പെരുന്നാളിനുള്ള ഒരുക്കമായിട്ടാണ് അതിന്‍റെ ആവിര്‍ഭാവം. അക്കാലം വിശ്വാസപഠിതാക്കള്‍ക്ക് പ്രബോധനം നല്‍കുന്ന അവസരവുമായിരുന്നു.
മറ്റു മൂന്നു നോമ്പുകളും പൗരസ്ത്യസഭയില്‍ അംഗീകൃതങ്ങളായി. അപ്പോസ്തോലന്മാരെ അനുസ്മരിച്ചുകൊണ്ട് ശ്ലീഹാ നോമ്പും (ജൂണ്‍ 16-29) ദൈവമാതാവിന്‍റെ വാങ്ങിപ്പിനെ ആഘോഷിക്കുന്നതിനു മുമ്പായി ശൂനോയോ നോമ്പും (ആഗ. 1-15) കര്‍ത്താവിന്‍റെ ജനനപ്പെരുന്നാളിനു മുമ്പായി ഇരുപത്തഞ്ചു നോമ്പും (ഡിസ. 1-25) ആചരിക്കപ്പെട്ടു. ഈ നോമ്പുകളെല്ലാം ആശ്രമങ്ങളില്‍ നിന്നാണ് വിശ്വാസികളിലേക്കു വ്യാപിച്ചത്. സുറിയാനിസഭയില്‍ (പേര്‍ഷ്യയില്‍) മാത്രമായി രൂപം പ്രാപിച്ചതാണ് മൂന്നു നോമ്പ് അഥവാ നിനുവ നോമ്പ്. സുറിയാനി പാരമ്പര്യമുള്ള എല്ലാ സഭകളും അതാചരിക്കുന്നുണ്ട്.
നോമ്പിന്‍റെ വേദശാസ്ത്രം: ഭക്ഷണം തിന്മയായതുകൊണ്ട് വര്‍ജ്ജിക്കുകയല്ല. ഭക്ഷണത്തെ സംബന്ധിച്ച് ശുദ്ധമെന്നും അശുദ്ധമെന്നുമുള്ള വിവേചനം ക്രിസ്തീയസഭയ്ക്കില്ല. എല്ലാം ശുദ്ധമാണ്. ജഡത്തിന്‍റെ അഭിലാഷങ്ങളെ നിയന്ത്രിച്ച് ആത്മാവില്‍ ശക്തി പ്രാപിക്കുക എന്നതാണ് നോമ്പിന്‍റെ തത്ത്വം. പൗലോസ് ശ്ലീഹാ പറയുന്നു: ‘ഞാന്‍ മറ്റുള്ളവരോടു സുവിശേഷം പ്രസംഗിച്ചിട്ട് കൊള്ളരുതാത്തവനായി തീരാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുന്നു’ (1 കൊരി. 9:27). പ്രാര്‍ത്ഥനയ്ക്കും ജാഗരണത്തിനും കൂടുതല്‍ സമയം കണ്ടെത്തുവാനും അവ സുശക്തമാക്കുവാനും ഉപവാസവും നോമ്പും സഹായിക്കുമെന്നതിനു തര്‍ക്കമില്ല.
(മലങ്കര ഓര്‍ത്തഡോക്സ് സഭാവിജ്ഞാനകോശത്തില്‍ നിന്നും)