പത്രോസ് പി. മത്തായി അന്തരിച്ചു


തിരുവനന്തപുരം ∙ പ്രമുഖ സ്പോർട്സ് സംഘാടകനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും സെക്രട്ടറിയും കേരള സർവകലാശാല കായിക വിഭാഗം മേധാവിയുമായിരുന്ന പത്രോസ് പി.മത്തായി (86) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11 ന് സ്വകാര്യ ആശുപത്ര‍ിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നു രാവിലെ 9.30 ന് നന്തൻകോട് വൈഎംആർ ജംക്‌ഷനു സമീപത്തെ വസതിയായ ടിസി 11/1797 മാഴവാഞ്ചേരി മഠത്തിൽ കൊണ്ടുവരും. 2 ന് ശുശ്രൂഷയ്ക്കു ശേഷം പാറ്റൂർ ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം.

1982 ലെ ഡൽഹി ഏഷ്യൻ ഗെയിംസിന്റെ ഡപ്യൂട്ടി സെക്രട്ടറി, കേരള സർവകലാശാല കായിക വിഭാഗം ഡീൻ ഫാക്കൽറ്റി, മദ്രാസ് വൈഎംസിഎ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ പ്രഫസറും പ്രിൻസിപ്പലും തുടങ്ങിയ പദവികൾ വഹിച്ചു. കായികക്ഷമതയ്ക്കുള്ള ദേശീയ പുരസ്കാരം 1965 ൽ നേടി.

പത്തനംതിട്ട മാഴവാഞ്ചേരി മഠത്തിൽ പത്രോസ് മത്തായിയുടെയും കുഞ്ഞന്നാമ്മയുടെയും മകനാണ്. ഭാര്യ: അച്ചാമ്മ മത്തായി. മക്കൾ: വിനു പത്രോസ് (സ്ഥാപക ഡയറക്ടർ, ഗോ കൺസൽറ്റിങ്, കൊച്ചി), പ്രിയ തോമസ്. മരുമക്കൾ: ഷീല മാത്യു (ഡയറക്ടർ, ഗ്രാജ്വേറ്റ് ഓവർസീസ്, കൊച്ചി), മോട്ടി ജോൺ തോമസ് (ഐബിഎം, ബെംഗളൂരു ).