കൂട്ടുകാരിക്കൊരു വീട്: താക്കോല്‍ദാനം നടത്തി

പങ്കുവെയ്ക്കൽ – ദൈവീകതയുടെ ആദ്യ പാഠം: കാതോലിക്കാ ബാവ

കൈപ്പട്ടൂർ: സ്വാർത്ഥതയോടെ സ്വത്ത് ആർജ്ജിക്കുന്നതല്ല പങ്കുവെയ്ക്കുന്നതാണ് ദൈവീകതയുടെ ആദ്യ പാഠമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോവിഡാനന്തര കാലത്ത് ദരിദ്രൻ കൂടുതൽ ദരിദ്രനും സമ്പന്നൻ കൂടുതൽ സമ്പന്നനുമാകുന്ന ഒരു പ്രതിഭാസമാണ് കാണുന്നത്. സ്വിസ് ബാങ്ക് പോലെയുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ സമ്പത്ത് സൂക്ഷിക്കാൻ ചെറിയ വിഭാഗം പരിശ്രമിക്കുമ്പോൾ ഒരു വലിയ വിഭാഗം ആളുകൾ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി വലയുകയാണ്. ഭൂമിയിൽ ജനിക്കുന്ന ഓരോരുത്തരുടേയും ഉപജീവനത്തിനുള്ളത് ദൈവം കരുതി വെയ്ക്കുന്നുണ്ട്. എന്നാൽ ചിലർ മനുഷ്യർ കൂടുതൽ കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. കൂട്ടുകാരിയുടെ മുഖത്ത് പുഞ്ചിരി കാണാനുള്ള കുട്ടികളുടെയും സ്കൂളിൻ്റെയും ശ്രമം അഭിനന്ദനാർഹമാണ്.
കൈപ്പട്ടൂർ സെൻ്റ്.ജോർജ്ജസ് മൗണ്ട് ഹൈസ്ക്കൂളും ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയും ചേർന്ന് ലക്ഷ്മി കൃഷ്ണ എന്ന അഞ്ചാം വിദ്യർത്ഥിനിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
സ്കൂൾ മാനേജർ ജോൺസൺ കീപ്പള്ളിൽ അധ്യക്ഷത വഹിച്ചു. രാജ്യസഭ മുൻ ഡപ്യൂട്ടി സ്പീക്കർ പ്രൊഫ.പി.ജെ. കുര്യൻ മുഖ്യ അതിഥിയായിരുന്നു. ജി.എസ്.ടി. കേരള ലക്ഷദീപ് കമ്മീഷണർ ഡോ. ടിജു തോമസ് മുഖ്യ പ്രഭാഷണം നടത്തി.ആർദ്ര വൈസ് – പ്രസിഡൻ്റ് ഫാ.കെ.വൈ. വിൽസൺ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്. മോഹനൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, വെരി. റവ.നഥാനിയേൽ റമ്പാൻ,കൊടുമൺ ഗ്രാമപഞ്ചായത്ത് അംഗം എ.ജി.ശ്രീകുമാർ, ആർദ്ര സെക്രട്ടറി ഡോ. ഐസക്ക് പാമ്പാടി, ഹെഡ്മിസ്ട്രസ് കവിത വി.കുറുപ്പ് , അലക്സ് മാത്യു, ഫ്രെഡി ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
കൊടുമൺ തെങ്ങും തോപ്പിൽ വീട്ടിൽ ഗോപാലകൃഷ്ണൻ്റെ മകളാണ് ലക്ഷ്മി കൃഷ്ണ.ലക്ഷ്മിയുടെ രണ്ട് സഹോദരങ്ങളും ഇതേ സ്കൂളിൽ തന്നെയാണ് പഠിച്ചത്. അടച്ചുറപ്പുള്ള നല്ല വീട്ടിൽ കഴിയുക എന്ന ലക്ഷ്മിയുടെ സ്വപ്നമാണ് കൂട്ടുകാരുടെയും അധ്യാപകരുടെയും മാനേജ്മെൻ്റിൻ്റെയും ആർദ്ര സൊസൈറ്റിയുടെയും സഹകരണത്തോടെ പൂവണിഞ്ഞത്.