ജോര്‍ജ് മത്തായി നൂറനാലും ജോണ്‍സണ്‍ കീപ്പള്ളിലും റോണി വര്‍ഗീസും അല്‍മായ ട്രസ്റ്റി സ്ഥാനാര്‍ത്ഥികള്‍

സ്നേഹിതരേ,

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2022 ഓഗസ്റ്റ് മാസം നാലാം തീയതി മൗണ്ട് താബോർ ദയറാ അങ്കണത്തിൽ വച്ചു കൂടുവാൻ പരിശുദ്ധ സഭ തീരുമാനിച്ചിരിക്കുകയാണല്ലോ. ദൈവം അനുവദിക്കുന്ന പക്ഷം പരിശുദ്ധ സഭയുടെ ഒരു എളിയ ശുശ്രൂഷകനായി അൽമായ ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ ഞാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ സഭയുടെ സൺഡേ സ്കൂൾ യുവജന പ്രസ്ഥാനം ഇടവകതലത്തിലെ ആധ്യാത്മിക സംഘടനകൾ എന്നിവകൾ വഴിയായി ആരംഭിച്ചു വന്ന സഭാ ജീവിതത്തിൽ നാളിതുവരെയും ദൈവകൃപയുടെ തണൽ അനുഭവിക്കുവാനും നിങ്ങൾ ഓരോരുത്തരുടെയും വർദ്ധിതമായ സ്നേഹവും കലർപ്പു കൂടാതെയുള്ള പിന്തുണയും പ്രോത്സാഹനവും ഉപദേശവും സ്വീകരിക്കുവാനും എനിക്ക് ഇടയായിട്ടുണ്ട്. മലങ്കര സഭയുടെ സ്വത്വബോധവും സ്വാതന്ത്ര്യവും എൻ്റെ ജീവനേക്കാൾ വിലപ്പെട്ടതായി കാണുകയും ദൈവസന്നിധിയിൽ നീതിയോടും സത്യസന്ധതയോടും സമർപ്പണത്തോടും ഏൽപ്പിക്കപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിലും നാളിതുവരെയും വ്യാപരിക്കുകയും ചെയ്തു എന്ന് തന്നെയാണ് എൻ്റെ പരിപൂർണ്ണ ബോധ്യം. നിങ്ങളോടൊപ്പം ചേർന്നുകൊണ്ട് നിങ്ങളിൽ ഒരാളായി പരിശുദ്ധ സഭയിൽ തുടർന്നും പ്രവർത്തിക്കുവാൻ അങ്ങയുടെ പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടും പ്രാർത്ഥനയോടും.

റോണി എബ്രഹാം വർഗീസ് കരിപ്പുഴ