കോട്ടയം: കെ റെയിൽ പദ്ധതിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മുളക്കുഴയിൽ ഫാ. മാത്യൂ വർഗീസിനെയും തദ്ദേശവാസികളെയും കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ എതിർപ്പില്ലെങ്കിലും പ്രതിഷേധിക്കുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പ്രദേശവാസികൾക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. നടപടി ക്രമങ്ങൾ പാലിക്കാതെ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ ക്രൂരമായി അക്രമിച്ചത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.