കോലഞ്ചേരി ∙ ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി 7 ബിഷപ്പുമാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. ഫാ. ഏബ്രഹാം തോമസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വ, ഫാ. വിനോദ് ജോർജ്, ഫാ. സക്കറിയ നൈനാൻ ചിറത്തലാട്ട് എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടത്.
സഭയുടെ ചരിത്രത്തിലാദ്യമായി ഓൺലൈനിലൂടെ നടത്തിയ വോട്ടെടുപ്പിൽ വിജയികളായവരുടെ പേരുകൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രഖ്യാപിച്ചു. 11 സ്ഥാനാർഥികളാണു മത്സരത്തിനുണ്ടായിരുന്നത്. അൽമായരുടെയും വൈദികരുടെയും വിഭാഗങ്ങളിലെ ഭൂരിപക്ഷം പ്രത്യേകം കണക്കാക്കിയാണു വിജയികളെ നിശ്ചയിച്ചത്.
ആകെ റജിസ്റ്റർ ചെയ്ത 3917 പേരിൽ 3889 പേർ വോട്ടു ചെയ്തു– 98.53 %. മൊത്തം വോട്ടർമാരിൽ 98.59% റജിസ്റ്റർ ചെയ്തു. വോട്ടു ചെയ്ത വൈദികരുടെ എണ്ണം 1259. അൽമായരിൽ 2630 പേർ വോട്ടു ചെയ്തു. മെത്രാപ്പൊലീത്തമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ശുശ്രൂഷ സഭാ സിനഡ് പിന്നീടു തീരുമാനിക്കും.
മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രധാന വേദിയായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലെ ബസേലിയോസ് പൗലോസ് പ്രഥമൻ നഗറിൽ സമ്മേളിച്ചു. മറ്റ് അംഗങ്ങൾ ഓൺലൈനിലൂടെയാണു പങ്കെടുത്തത്. രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി സി.കെ. മാത്യുവായിരുന്നു മുഖ്യ വരണാധികാരി.
ബിഷപ് സ്ഥാനത്തേക്ക് ഇവർ
ഫാ. ഏബ്രഹാം തോമസ് (52): പത്തനംതിട്ട മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗം. കടയ്ക്കാമണ്ണിൽ പരേതനായ കെ.എ. തോമസിന്റെയും അന്നമ്മയുടെയും മകൻ. കോട്ടയം പഴയ സെമിനാരി അസി. പ്രഫസർ, എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറി. ഗണിതശാസ്ത്രത്തിൽ ബിരുദം. പുരാതന, ബൈസന്റൈൻ പഠനങ്ങളിൽ ബിരുദാനന്തര ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.
കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ (48): മണ്ണത്തൂർ സെന്റ് ജോർജ് പള്ളി. കൊച്ചുപറമ്പിൽ കെ.എം.ഏലിയാസിന്റെയും ഓമനയുടെയും മകൻ. വികാരി, കത്തിപ്പാറത്തടം പള്ളി, കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് പള്ളി. ചരിത്രത്തിലും നിയമത്തിലും ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.
∙ ഫാ. ഡോ. റെജി ഗീവർഗീസ് (48): മുട്ടം സെന്റ്് മേരീസ് പള്ളി. കാട്ടുപറമ്പിൽ പരേതനായ കൊച്ചുപാപ്പിയുടെയും അമ്മിണിയുടെയും മകൻ. കോട്ടയം പഴയ സെമിനാരി അസോഷ്യേറ്റ് പ്രഫസർ. ബികോം, ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും.
ഫാ. പി.സി.തോമസ് (52): ആലപ്പുഴ ചേന്നങ്കരി സെന്റ് തോമസ് പള്ളി. പുല്ലേപറമ്പിൽ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകൻ. അസി. പ്രഫസർ, പഴയ സെമിനാരി. മലയാളത്തിൽ ബിരുദം. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും
ഫാ. ഡോ. വർഗീസ് കെ.ജോഷ്വ (50): തുമ്പമൺ സെന്റ് മേരീസ് കാദീശ്താ പള്ളി. തുമ്പമൺ ചെന്നീർക്കര കിഴക്കേമണ്ണിൽ പി.സി.ജോഷ്വയുടെയും മേരിക്കുട്ടിയുടെയും മകൻ. മാർ ബസേലിയോസ് ദയറ ഞാലിയാകുഴി. ചരിത്രത്തിൽ ബിരുദം, സുറിയാനിയിൽ ബിരുദാനന്തര ബിരുദം, ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും.
ഫാ. വിനോദ് ജോർജ് (49): ആറാട്ടുപുഴ സെന്റ് മേരീസ് പള്ളി. ചെങ്ങന്നൂർ ആറാട്ടുപുഴ മാലേത്ത് എം.ജി.ജോർജിന്റെയും അക്കാമ്മയുടെയും മകൻ. പരുമല സെമിനാരി മാനേജർ. സാമ്പത്തികശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം.
ഫാ. സഖറിയ നൈനാൻ ചിറത്തിലാട്ട് (43): വാകത്താനം സെന്റ് മേരീസ് പള്ളി. വാകത്താനം പുത്തൻചന്ത ചിറത്തിലാട്ട് സി.ജോൺ കോറെപ്പിസ്കോപ്പയുടെയും ലിസി ജോണിന്റെയും മകൻ. മലങ്കര സഭാ മാസിക ചീഫ് എഡിറ്റർ. നിയമത്തിലും ദൈവശാസ്ത്രത്തിലും ബിരുദം, സുറിയാനിയിൽ ബിരുദാനന്തര ബിരുദം.
വോട്ട് ഇങ്ങനെ
ഓരോരുത്തർക്കും ലഭിച്ച വോട്ട് (വൈദികരുടെയും അൽമായരുടെയും വിഭാഗം എന്ന ക്രമത്തിൽ):
∙ ഫാ. ഏബ്രഹാം തോമസ് – 1001, 2040
∙ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ – 781, 1936
∙ ഫാ. ഡോ. റെജി ഗീവർഗീസ് – 700, 1490
∙ ഫാ. പി.സി.തോമസ് – 942, 1762
∙ ഫാ. ഡോ. വർഗീസ് കെ. ജോഷ്വ – 841, 1800
∙ ഫാ. വിനോദ് ജോർജ് – 964, 1976
∙ ഫാ. സഖറിയ നൈനാൻ ചിറത്തിലാട്ട് – 773, 1729
∙ ഫാ. അലക്സാണ്ടർ പി.ഡാനിയേൽ – 654, 1568
∙ ഫാ. എൽദോസ് ഏലിയാസ് – 434, 1004
∙ ഫാ. വർഗീസ് പി. ഇടിച്ചാണ്ടി – 400, 1043
∙ ഫാ. യാക്കോബ് തോമസ് – 590, 1241