സ്വീകരണയോഗങ്ങളില്‍ ആര്‍ഭാടം വേണ്ട: പ. കാതോലിക്കാ ബാവാ

നമ്പര്‍ 41/2021

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ ആരുഢനായിരിക്കുന്ന
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

(മുദ്ര)

കര്‍ത്താവില്‍ നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹപട്ടക്കാരും, ദേശത്തുപട്ടക്കാരും, പള്ളി കൈസ്ഥാനികളും, ശേഷം വിശ്വാസികളും കൂടിക്കണ്ടെന്നാല്‍ നിങ്ങള്‍ക്ക് വാഴ്വ്!

പ്രിയരെ,

പരിശുദ്ധ സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ നിങ്ങള്‍ ഓരോരുത്തരും നമുക്ക് നല്‍കുന്ന സ്നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നമുക്കുള്ള നന്ദി വാക്കുകള്‍ക്ക് അതീതമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും കൂടാതെ ദൈവം നമ്മെ ഭരമേല്‍പ്പിച്ചിരിക്കുന്ന മഹത്തായ ഈ നിയോഗവും ശുശ്രൂഷയും നിര്‍വഹിപ്പാന്‍ നമുക്ക് കഴിയുന്നതല്ല എന്ന് നാം ഉറച്ച് വിശ്വസിക്കുന്നു. ഇപ്പോള്‍ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതായ സ്വീകരണങ്ങള്‍ക്ക് നിങ്ങളേവരോടും നാം ഏറെ കടപ്പെട്ടിരിക്കുന്നു. നിരാലംബരെയും നിരാശ്രയരെയും ബന്ധിതരെയും പീഡിതരെയും അനാഥരെയും വിധവകളെയും ശുശ്രൂഷിപ്പാന്‍ നമുക്ക് ബാധ്യതയുണ്ട് എന്നുള്ള സത്യം നാം ഒരിക്കലും വിസ്മരിച്ചു കൂടാ. നാം അനാവശ്യമായി ചെലവഴിക്കുന്ന ധനം സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് എന്ന ബോധ്യം എപ്പോഴും നമ്മില്‍ ഉണ്ടാകണം.

വാത്സല്യമക്കളെ, നിങ്ങള്‍ നമുക്ക് നല്‍കുന്ന സ്വീകരണങ്ങളിലെ ധാരാളിത്തം അല്‍പം അധികമാകുന്നുവോ എന്ന് മറ്റ് പലരെയുംപോലെ നമ്മുടെ ഹൃദയത്തിലും ഒരു സന്ദേഹമുണ്ട്. നിങ്ങളുടെ ഹൃദയത്തില്‍ നമ്മോടുള്ള സ്നേഹം ഒരു റോസാപ്പൂവില്‍ ഒതുക്കുന്നു എങ്കില്‍ നമുക്ക് അത് ഏറെ സന്തോഷകരമാണ്. സ്വീകരണയോഗങ്ങളില്‍ മാലകള്‍, കുരിശുകള്‍ തുടങ്ങി വിലപിടിപ്പുള്ള എല്ലാ ഉപഹാരങ്ങളും ഒഴിവാക്കുവാന്‍ നാം നിങ്ങളോട് സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. ഇതുവരെ ക്രമീകരിക്കപ്പെട്ടിട്ടുള്ള സ്വീകരണ യോഗങ്ങള്‍ വളരെ ലളിതമായ രീതിയില്‍ നിര്‍വഹിക്കുന്നതിന് നാം അനുവദിച്ചിരിക്കുന്നു.

2021 ഡിസംബര്‍ മാസം ഒന്നാം തീയതി മുതല്‍ ഇടവകതലത്തിലുള്ള സ്വീകരണയോഗങ്ങള്‍ക്കായി ക്ഷണിക്കുന്നത് ഒഴിവാക്കുകയും ഭദ്രാസനതലത്തിലുള്ള സ്വീകരണങ്ങള്‍ വളരെ ലളിതമായി ചുരുങ്ങിയ രീതിയില്‍ മാത്രം ക്രമീകരിക്കുകയും ചെയ്യേണ്ടതാണ്. നമ്മുടെ ഇടയിലുള്ള ധൂര്‍ത്തും ധാരാളിത്തവും ഒഴിവാക്കി, നമുക്കു ചുറ്റും പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ആ തുക വിനിയോഗിക്കുവാന്‍ നാം നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം സ്വീകരണയോഗങ്ങളിലെ ആര്‍പ്പുവിളികള്‍ കഴിയുന്നിടത്തോളം നിയന്ത്രിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മേല്‍പറഞ്ഞ കാര്യങ്ങളില്‍ സഭാ മക്കളായ നിങ്ങളേവരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടാകണമെന്ന് നാം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത് ദൈവമാതാവായ പരിശുദ്ധ കന്യകമറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്മാരായ യല്‍ദോ മാര്‍ ബസേലിയോസിന്‍റെയും മാര്‍ ഗ്രീഗോറിയോസിന്‍റെയും മാര്‍ ദീവന്നാസിയോസിന്‍റെയും ശേഷം സകല ശുദ്ധിമാന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ….

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍

2021 നവംബര്‍ മാസം 19-ാം തീയതി
കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്നും.