തോമസ് പ്രഥമനോ ചതുര്‍ത്ഥനോ? / ഡോ. എം. കുര്യന്‍ തോമസ്


ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അദ്ദേഹത്തിന്‍റെ പേരിലെ പ്രഥമനിലൂടെ തന്‍റേത് പുത്തന്‍ സഭയാണെന്നും, താന്‍ അതിന്‍റെ ആദ്യത്തെ കാതോലിക്കായാണെന്നും തെളിയിച്ചിരിക്കുകയാണ്. ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ (1975-1996) പേരില്‍ ദ്വിതീയന്‍ ചേര്‍ത്തത് തിഗ്രീസിലെ പൗലോസ് മഫ്രിയാനാ (728-757) പൗലോസ് പ്രഥമനെന്നുള്ള അടിസ്ഥാനത്തിലാണെന്ന് അന്നത്തെ പാത്രിയര്‍ക്കീസ് കക്ഷിയിലെ സഭാചരിത്രകാരന്മാര്‍ വിശേഷിപ്പിച്ചിരുന്നു. 1912-ലെ കാതോലിക്കേറ്റ് സ്ഥാപനത്തെയും പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാബാവായെയും അംഗീകരിക്കുന്നില്ലെന്ന് അന്ന് ആ വിഭാഗം പ്രഖ്യാപിച്ചിരുന്നു. 1860-ല്‍ നിര്‍ത്തലാക്കിയതായി പറയപ്പെടുന്ന തിഗ്രീസിലെ മഫ്രിയാനേറ്റ് 1964-ല്‍ പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവായുടെ സ്ഥാനാരോഹണത്തോടെ മാത്രമാണ് മലങ്കരയില്‍ സ്ഥാപിച്ചതെന്നായിരുന്നു 1975-ല്‍ പാത്രിയര്‍ക്കീസ് കക്ഷിയുടെ ഔദ്യോഗിക നിലപാട്.

1912-ല്‍ മലങ്കരയില്‍ സ്ഥാപിച്ച കാതോലിക്കേറ്റ് തിഗ്രീസിലെ മഫ്രിയാനേറ്റിന്‍റെ പിന്‍തുടര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കില്‍ പ. മാത്യൂസ് പ്രഥമന്‍ ബാവാ, മാത്യൂസ് ദ്വിതീയന്‍ ആകുമായിരുന്നെന്ന് ബാര്‍ ഈത്തോ ബ്രീറോ ഡോ. ഡി. ബാബു പോള്‍ തന്‍റെ ദ സെയ്ന്‍റ് ഫ്രം കൂദേദ്چഎന്ന ചെറു ഗ്രന്ഥത്തില്‍ (പേജ് 30) സമര്‍ത്ഥിച്ചിട്ടുണ്ട്. അഹൂദമ്മേ (559-577) മുതല്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ വരെയുള്ള 73 മഫ്രിയാനാമാരുടെ പട്ടികയും അദ്ദേഹം നല്‍കുന്നുണ്ട്.

തിഗ്രീസിലെ മഫ്രിയാനാമാരുടെ പട്ടികയില്‍ തോമ്മാ (തോമസ്) എന്ന പേരുള്ള രണ്ടു പേരുണ്ട്. തിഗ്രീഷ്യന്‍ തോമ്മായും (848-856) തോമ്മാ എസ്തൂനൂറോയും (912-913). ഇവരെ മുന്‍ഗാമികളായി അംഗീകരിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ തോമസ് പ്രഥമന്‍, ബസേലിയോസ് തോമസ് തൃതീയന്‍ ആകുമായിരുന്നു. വി. പത്രോസ് ശ്ലീഹായെ കൂടി ഉള്‍പ്പെടുത്തിയാല്‍ പ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ പത്രോസ് നാലാമനാകുന്നതുപോലെ, പ. മാര്‍തോമ്മാ ശ്ലീഹായെ കൂടി ഉള്‍പ്പെടുത്തിയാല്‍ തോമസ് പ്രഥമന് നാലാമന്‍ (ചതുര്‍ത്ഥന്‍) ആകാമായിരുന്നു.

സഭാഭരണഘടനയും സുപ്രീംകോടതിവിധിയും മറികടന്ന് ശ്രേഷ്ഠനും പ്രഥമനും (ഒന്നാമന്‍) ആകാന്‍ തിരക്കു കൂട്ടിയപ്പോള്‍ അദ്ദേഹം സഭാചരിത്രം മറന്നുപോയതായിരിക്കാം. തന്‍റെ പേരിലൂടെ ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ ബാവായെപോലും മുന്‍ഗാമിയായി അംഗീകരിക്കാത്തപ്പോള്‍, സ്ഥാനാരോഹണവേളയില്‍ കാലംചെയ്ത ഏതോ ഒരു കാതോലിക്കാബാവായുടെ അംശവടിയിലൊരെണ്ണം പാരമ്പര്യവഴിക്ക് ലഭിച്ചതായ പത്രവാര്‍ത്ത അത്ഭുതകരമാണ്.

ദീവന്നാസിയോസ് എന്ന പേരു കൂടി നിലനിര്‍ത്തി ശ്രേഷ്ഠ ബാവായ്ക്ക് തന്‍റെ പേര് പരിഷ്കരിക്കാമായിരുന്നു. അങ്ങനെ മലങ്കര മെത്രാപ്പോലീത്താമാരുടെ പൈതൃകമായ മാര്‍തോമ്മാ നാമം തങ്ങളുടെ പേരിനോടൊപ്പം ചേര്‍ത്ത പ. മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പ. മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാബാവാമാരുടെ മാതൃക സ്വീകരിക്കാമായിരുന്നു. മാര്‍തോമ്മായെന്ന സ്ഥാനനാമം അന്ത്യോഖ്യര്‍ക്ക് ചതുര്‍ത്ഥിയായതിനാലാണ് മലങ്കരയുടെ ആറാം മാര്‍തോമ്മാ എപ്പിസ്കോപ്പായെ 1770-ല്‍ മാര്‍ ദീവന്നാസിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി ഉയര്‍ത്തിയത്. അതുകൊണ്ട് അന്ത്യോഖ്യായില്‍ നിന്നു ലഭിച്ച ദീവന്നാസിയോസ് എന്ന മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനനാമം, സ്വന്തം കക്ഷിയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി എന്ന നിലയില്‍ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരിക്കാമായിരുന്നു. കോട്ടയത്ത് – കഴിയുമെങ്കില്‍ ദേവലോകത്തു (കോട്ടയം-38) തന്നെ – പുതിയ സഭയുടെ ആസ്ഥാനം പണിയാനുദ്ദേശിക്കുന്ന നിലയ്ക്ക് അതിനൊരു പ്രസക്തിയുമുണ്ടായിരുന്നു. പേരിലെങ്കിലും നിയമാനുസൃത പൗരസ്ത്യ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്തായുമായി സമനാകാമായിരുന്നു.

(മലങ്കരസഭാദീപം, ജൂലൈ 2002)