മലങ്കരസഭയിൽ ജനാധിപത്യം പുലരട്ടെ / പ്രൊഫ. ജോസ് പാറക്കടവിൽ

ഹാർവാർഡ് യൂണിവേഴ്സിറ്റി യിലെ പ്രൊഫസർമാരായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയൽ സിബ്ലാട്ടും രചിച്ച് 2018 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് “How Democracies Die?” (എങ്ങനെയാണ് ജനാധിപത്യങ്ങൾ മരണപ്പെടുന്നത്? ) –

നേതാക്കളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന് എങ്ങനെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ സാധിക്കും എന്നതാണ് ഇതിലെ പ്രധാന വിശദീകരണ വിഷയം.

അധികാരത്തിന്റെ ദുരുപയോഗവും പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യലും വഴിയാണ് അത് സാധിക്കുന്നത് എന്ന് പുസ്തക രചയിതാക്കൾ സമർത്ഥിക്കുന്നു.

എപ്പിസ്കോപ്പസിയുടേയും ജനാധിപത്യത്തിന്റേയും സമഞ്ജസമായ സമ്മേളനമാണ് മലങ്കര സഭയിൽ ഉള്ളത് എന്നാണ് മുഴങ്ങി കേൾക്കുന്ന ശബ്ദം.

മലങ്കര സഭയുടെ പ്രധാന ഇടയൻ മലങ്കര മെത്രാപ്പോലീത്തായാണ് . മലങ്കര മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുവാൻ അധികാരമുള്ളത് മലങ്കര അസ്സോസിയേഷനു മാത്രമാണ്. ( ഭരണഘടന 4 /D/97)

മലങ്കര അസ്സോസിയേഷനിൽ അംഗങ്ങൾ ആരെല്ലാമാണ് , അസ്സോസിയേഷന്റെ അധികാരങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ സുവ്യക്തമായി ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. ( 4 A)
അതനുസരിച്ച് ( 4/A/71/ a-d വരെ) 4000-ൽ പരം ആളുകൾ ചേരുന്ന മഹായോഗമാണിത്. ഈ യോഗമെന്ന് പറയുന്നത് മലങ്കര സഭയിലെ a,എപ്പിസ്കോപ്പൽ സിനഡ്
+
b, വർക്കിംഗ് കമ്മറ്റി
+
c, മാനേജിംഗ് കമ്മറ്റി
+
d, ദേവാലയങ്ങളുടെ ചുമതലയുള്ള വികാരിമാർ
+
e, ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
ഇത്രയും ചേരുന്നതാണ്. എന്ന് വച്ചാൽ സഭയിലെ മുകൾത്തട്ടു മുതൽ ഇങ്ങു താഴേത്തട്ടിലെ വിശ്വാസിയുടെ പ്രാതിനിധ്യം വരെ ഉൾക്കൊള്ളുന്ന അംഗം വരെയുണ്ട് എന്ന് സാരം.
ഈ മഹായോഗമാണ് സുപ്രധാനമായ 4 സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്.
A, മലങ്കര മെത്രാപ്പോലീത്ത
B,മെത്രാപ്പോലീത്താമാർ (എപ്പിസ്കോപ്പാമാർ)
C, വൈദിക ട്രസ്റ്റി
D, അത്മായ ട്രസ്റ്റി

ഭരണഘടന എഴുതിയവർക്കും അത് പിന്നീട് ഭേദഗതി ചെയ്തവർക്കും ഇത് അൽപ്പം സങ്കീർണ്ണമായ പ്രകിയയാണെന്നുപറഞ്ഞ് ലഘൂകരിക്കാമായിരുന്നു. എന്നാൽ, ഇക്കാര്യത്തിലെ ഗൗരവ സ്വഭാവം മുന്നിൽ കണ്ടുതന്നെയാണ് ഭരണഘടന അനുശാസിക്കുന്ന പ്രകാരം തന്നെ ഇത് നിർവ്വഹിക്കപ്പെടണമെന്ന് നിർബന്ധം പിടിച്ചത്.
യിസ്രായേൽ ജനം രാജാവിന് വേണ്ടി അപേക്ഷിക്കുമ്പോൾ ശമുവേൽ പ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാടും ജനങ്ങളുടെ ശബ്ദം കേൾക്ക എന്ന് തന്നെയാണ്. ( 1ശമുവേൽ 8:7,9.)

ഇപ്പോൾ ഉയർന്നു കേൾക്കുന്ന ശബ്ദം പക്ഷേ സുന്നഹദോസ് തിരഞ്ഞെടുക്കട്ടെ എന്നതാണ്. ഈ ശബ്ദം സുന്നഹദോസ് അംഗങ്ങളുടേതാണെന്നു മാത്രം. പരിശുദ്ധ സുന്നഹദോസ് പ്രാർത്ഥനയോടെ കൃത്യമായ മാനദണ്ഡത്തിൽ, ഐക്യത്തോടെ, സുതാര്യതയോടെ ഒരാളെ കണ്ടെത്തി, ഭരണഘടനാനുസൃതം ഒരാളെ അസോസിയേഷന്റെ തെരഞ്ഞെടുപ്പിന് സമർപ്പിക്കുവാൻ സാധിച്ചാൽ ഏറ്റവും നല്ലത്.
അതിന് പല മാനദണ്ഡങ്ങൾ എടുക്കാം.

1. നല്ല സാക്ഷ്യം,
2.സീനിയോറിറ്റി, (അതുപറയുമ്പോൾ തന്നെ സുതാര്യത നഷ്ടം വന്നു എന്ന് ഏവർക്കും ഇതിനോടകം മനസ്സിലായതാണ്. ലോകം മുഴുവൻ സേവനം ചെയ്യുന്ന കാലമാണ് സീനിയേറിറ്റി നിശ്ചയിക്കുന്ന ഘടകം. വേതനം പോലും സേവന കാലം നോക്കിയാണ് എന്ന് ഓർക്കുക.)
3. ഭദ്രാസന ഭരണ മികവ്,
4. മികച്ച വൈദിക – വിശ്വാസി ബന്ധം,
5. പൊതു സമൂഹവുമായുള്ള ബന്ധം.

ഇത് തന്നെയോ മറ്റെന്തെങ്കിലും കൂടുതലോ, മാനദണ്ഡമായി എടുക്കണം.
(There should be some benchmark.)

ഇപ്രകാരം മാനദണ്ഡം മുൻ നിർത്തി ഒരു പിതാവിനെ ഏക മനസ്സോടെ ഐക്യത്തിൽ തിരഞ്ഞെടുക്കാൻ പരി. സുന്നഹദോസിന് കഴിയട്ടേയെന്ന് ആശംസിക്കുന്നു,
പ്രാർത്ഥിക്കുന്നു.

നമ്മുടെ ഭരണഘടനാ ശിൽപ്പികൾ അതീവ ബുദ്ധിമാന്മാരും ദർശനമുള്ളവരും, ദൈവീകസാന്നിധ്യബോധവുമുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ആവശ്യം എന്ന് തോന്നുന്നപക്ഷം വേണ്ട ഭേദഗതി ഭരണഘടനയിൽ വരുത്തുവാൻ സ്വാതന്ത്ര്യം നൽകിയിട്ടുമുണ്ട്.
1951, 1967,1997, 2006, 2011എന്നീ വർഷങ്ങളിൽ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്.

ഭരണഘടനാ ഭേദഗതി അതുകൊണ്ട് തന്നെ ബാലികേറാമലയൊന്നുമല്ല.

അതേസമയം തന്നെ മലങ്കര മെത്രാപ്പോലീത്താ ഇല്ലാതെ വന്നാൽ എന്ത് ചെയ്യണം എന്നത് ഭരണഘടനയിൽ ഇനിയും ചേർത്താൽ മതിയാകും. അങ്ങനെ ആയാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഭരണ പ്രതിസന്ധി നിയമപരമായി തന്നെ പരിഹരിക്കുവാൻ സാധിക്കും. മറ്റൊരു ഓർത്തഡോക്സ് സഭയിലും ഇപ്രകാരമുള്ള “നിയുക്ത” തിരെഞ്ഞടുപ്പ് ഉള്ളതായി കാണുന്നില്ല. ആ സഭയുടെ തലവന്റെ മരണശേഷമോ, സ്ഥാനത്യാഗത്തിന് ശേഷമോ – അതിനായി പ്രത്യേകം ഭരണഘടനാനുസരണമായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
“Locum Tenens” – അടുത്ത സഭാതലവന്റെ സ്ഥാനാരോഹണം വരെ ഭരണകാര്യങ്ങൾ നടത്തുന്നു.

റഷ്യൻ, എത്യോപ്യൻ, അന്ത്യോക്യൻ (കൈമാഖാം), ഗ്രീക്ക് (Topotirites), കോപ്റ്റിക്ക്, അലക്സാണ്ട്രിയൻ – എന്നീ ഓർത്തഡോക്സ് സഭകൾ ഇപ്പോഴും ഈ രീതിയാണ് പിന്തുടരുന്നത്.

സഭാ തലവൻ ജീവിച്ചിരിക്കുമ്പോൾ ഇപ്രകാരം തിരഞ്ഞെടുപ്പ് നടത്തിയാൽ സഭാ തലവന്റെ അനാവശ്യമായ ഇടപ്പെടലോ , ഇഷ്ടക്കാരെ പിൻഗാമിയാക്കാനായി ഉള്ള ബോധപൂർവ്വമായ ശ്രമമോ ഉണ്ടാകുമെന്നതിനാലാണ് അദ്ദേഹത്തിന്റെ കാലശേഷം ഇപ്രകാരം ക്രമീകരിക്കുന്നത്. അതേ സമയം തന്നെ നടപടിക്രമത്തിന്റെ ഭേദഗതിയിലൂടെ സുന്നഹദോസിന്റെ പുറത്ത് നിന്ന് ഒരു സ്ഥാനാർത്ഥി കടന്നുവരാനുള്ള സാധ്യത അടക്കുകയും ചെയ്യും.

അല്ലെങ്കിലും … ഒരു വ്യക്തിയുടെ താത്പര്യമോ, താത്പര്യമില്ലായ്മയോ അല്ലല്ലോ സഭാ തലവന്റെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം.

വോട്ടിംഗ് നടത്തി സുന്നഹദോസിൽ തിരഞ്ഞെടുപ്പ്

സുന്നഹദോസ് ഐക്യത്തോടെ വേണം തിരഞ്ഞെടുക്കുവാൻ. 1912 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇക്കഴിഞ്ഞ തവണ മാത്രമാണ് ഒരു വോട്ടെടുപ്പ് സുന്നഹദോസിൽ നടന്നത്. അതീവ രഹസ്യമായി നടത്തിയ വോട്ടിംഗ്, പക്ഷേ ആര് ആർക്കൊക്കെ ചെയ്തു എന്നും, എത്ര വോട്ട് ആർക്കൊക്കെ കിട്ടി എന്നും കൃത്യമായി ഇന്നും പുറം ലോകം പറയുന്നുണ്ട്. ഇന്നയാൾക്ക് 14 മറ്റേയാൾക്ക് 4 മൂന്നാമത്തെയാർക്ക് അദ്ദേഹത്തിന്റേതുൾപ്പടെ 1, എന്നിങ്ങനെ അത്യധികം ലജ്ജാകരമായ രീതിയിൽ ആയിപ്പോയി. ഇത് യാതൊരു കാരണവശാലും ആവർത്തിച്ചു കൂടാ.

എന്ത് കൊണ്ടാണ് സുന്നഹദോസിൽ വോട്ടെടുപ്പ് അപകടകരമാവുന്നത് ?

1. നിയമപരമല്ല.

ഇങ്ങനൊരു തിരഞ്ഞെടുപ്പ് നടത്താൻ സുന്നഹദോസിന് അധികാരമില്ല. വോട്ടെടുപ്പ് ആവശ്യമുണ്ടെങ്കിൽ അത് നടത്തേണ്ടത് അസ്സോസിയേഷനിലാണ്. കോടതിയിൽ ആരെങ്കിലും ഒരു ഹർജി നൽകിയാൽ കഥ അവിടെ തീരും.

2 ഈ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി സുന്നഹദോസ് ചേരാൻ കഴിയില്ല.
ഇപ്രകാരം ഒരു വിഷയം ആലോചനാവിഷയമായി പോലും ഉന്നയിക്കാൻ കഴിയില്ല. ആലോചനാവിഷയം ഇല്ലാതെ തീരുമാനം എടുക്കാൻ ആവില്ലല്ലോ.

3 സുന്നഹദോസിൽ എല്ലാ വിഭാഗത്തിന്റേയും പ്രാതിനിധ്യമില്ല.
തങ്ങളുടെ പ്രധാന ഇടയനെ തിരഞ്ഞെടുക്കാൻ മെത്രാപ്പോലീത്താ – വൈദിക – അത്മായരുടെ കൂട്ടായ പ്രാതിനിധ്യമാണ് വേണ്ടത്. ഇക്കാര്യം മെത്രാൻമാർ മാത്രമായി ചെയ്യുന്നത് ധാർമ്മികതയല്ല. ധാർമ്മികമായി ശരിയല്ല.

4 സുതാര്യമല്ല.

ഇതൊരു വളരെ വലിയ പ്രശ്നമാണ്. 12-13 പിതാക്കൻമാർ ഒന്നിച്ച് നിന്നാൽ ഒരു നേതാവിനെ തിരഞ്ഞെടുക്കാം എന്ന സ്ഥിതിവരും. ഇത്തരത്തിൽ ആരാധകരെ ഉപയോഗിച്ച് – ചിലരെ സ്ഥാനമാനങ്ങൾ കാണിച്ചും , ചിലരെ ധനം കൊണ്ടും, ചിലരെ ഭീഷണി കൊണ്ടും ചേർത്ത് നിർത്തി ( ഇത്തരം തരം താണ പണികൾ ആരംഭിച്ചു കഴിഞ്ഞു താനുമെന്ന് കേൾക്കുന്നു.) സുന്നഹദോസിനെ Hijack ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാധിക്കും. ഇത് കണ്ട് നിൽക്കാൻ കഴിയില്ല.

5 ഈ രീതി അസ്സോസിയേഷൻ തിരഞ്ഞെടുപ്പിന് പകരമാവില്ല.

ഭാവിയിൽ ഇത് പല ദോഷകരമായ പ്രവണതകൾക്കും വഴി വെക്കും. പലതിനും ഇതാവും പൂർവ്വ ചരിത്രം . ആളുകളെ അഭിമുഖീകരിക്കാൻ ഭയമുള്ളവരും നടപടി ദോഷമുള്ളവരും അവരുടെ പിണിയാളുകളും ഇത് നഖശിഖാന്തം എതിർക്കും എന്നറിയാൻ വയ്യാഞ്ഞിട്ടല്ല. മിനിമം ഈ സഭയുടെ പ്രതിനിധി സഭയുടെ 50% ആളുകളെ എങ്കിലും അഭിമുഖീകരിച്ച് അവരുടെ അനുഗ്രഹാശിസ്സുകളോടെ അവരാൽ തിരഞ്ഞെടുക്കപ്പെടുന്നപിതാവാകട്ടെ അവരെ പച്ച പുൽപ്പുറങ്ങളിലും സ്വച്ഛതയുള്ള ജലത്തിങ്കലും മേയിക്കുന്നത്.

വാൽക്കഷണം. :

കർത്താവിന്റെ തിരുരക്തം എടുക്കാനുള്ള പാത്രമാണ് കാസ. അത് പരിഷ്കരിച്ച് ബാലറ്റ് പെട്ടിയാക്കരുത്. അല്ലേലും അവര് കാണിക്കുന്ന പരിപാടി ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകൾ ഉള്ള കാലത്തോളം ചെയ്യില്ല എന്ന് ജാത്യാഭിമാനമുള്ള നസ്രാണി 1653 ജനുവരി 3-ാം തീയതി മട്ടാഞ്ചേരിയിൽ വച്ച് പ്രതിജ്ഞ ചെയ്തതാണ് . അതും കൂടി ഉൾപ്പെടുന്നതിന് പറയുന്ന പേരാണ് കൂനൻ കുരിശ് സത്യം.