നായകൻ വിട പറഞ്ഞു, പുസ്തകമിറങ്ങും മുൻപ്- “നിഷ്ക്കളങ്കതയുടെ സൗന്ദര്യം”

മാവേലിക്കര ∙ നിഷ്ക്കളങ്കതയുടെ സൗന്ദര്യം –കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ദർശനങ്ങൾ ഉൾക്കൊള്ളിച്ചു ഓഗസ്റ്റ് 30നു 75–ാം ജന്മവാർഷികത്തിൽ പുറത്തിറങ്ങേണ്ടിയിരുന്ന പുസ്തകത്തിന്റെ പേരാണത്.

എഡിറ്റിങ് ജോലികൾ പുരോഗമിക്കവേ പുസ്തകത്തിന്റെ നായകൻ കാലം ചെയ്തതിന്റെ വേദനയിലാണ് സമാഹരണം നടത്തിയ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ. മുതുകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയും കോട്ടയം വൈദിക സെമിനാരി കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകനുമായ ഫാ.ജോൺ തോമസ് കരിങ്ങാട്ടിൽ ആണ് പരിശുദ്ധ കാതോലിക്കാബാവയുടെ ജീവിതവും ദർശനവും ഉൾക്കൊള്ളുന്ന പുസ്തകം തയാറാക്കുന്നത്.

പന്തളം എൻഎസ്എസ് കോളജിൽ ബിരുദ വിദ്യാർഥി ആയിരിക്കെ 1985ൽ മാവേലിക്കരയിൽ നടന്ന എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിന്റെ വാർത്ത മലങ്കര സഭ മാസികയ്ക്കു വേണ്ടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത ഫാ.ജോൺ തോമസ് ഇതുവരെ പരിശുദ്ധ കാതോലിക്കബാവയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രസംഗങ്ങളെക്കുറിച്ചും 100 ലേഖനങ്ങൾ രചിച്ചിട്ടുണ്ട്.

മലങ്കര സഭയിൽ പ്രസിദ്ധീകരിക്കുന്ന മഹാപുരോഹിത സന്ദേശം എന്ന പംക്തിക്കായി 2013–19 കാലഘട്ടത്തിൽ പരിശുദ്ധ കാതോലിക്കാബാവയുടെ പ്രസംഗങ്ങൾ കേട്ട് ക്രോഡീകരിച്ചു 70 ലക്കങ്ങളിലേക്കു നൽകി. പരിശുദ്ധ കാതോലിക്കാബാവയെക്കുറിച്ചുള്ള 2 ഡോക്യുമെന്ററികൾക്കു സ്ക്രിപ്റ്റും എഴുതിയ ഫാ.ജോൺ തോമസ് കൂട്ടിച്ചേർക്കലുകൾ നടത്തി ഓഗസ്റ്റ് 30നു തന്നെ പുസ്തകം പ്രകാശനം ചെയ്യണമെന്ന ആഗ്രഹത്തിലാണ്.