കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ കൂടിയായ പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ ഓർക്കുന്നു.
ജീവിതത്തിൽ പല ആത്മീയ ആചാര്യന്മാരെയും കാണാനും പരിചയപ്പെടാനും കഴിഞ്ഞിട്ടുണ്ടെങ്കിലും പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായെപ്പോലെ ഒരാളുമായും എനിക്ക് അത്രയടുത്ത ആത്മബന്ധം ഉണ്ടായിട്ടില്ല. വലിയ സ്നേഹവാത്സല്യമാണ് അദ്ദേഹം എന്നും എന്നോടു കാണിച്ചിട്ടുള്ളത്. പ്രിയപ്പെട്ട സ്നേഹിതൻ എന്നായിരുന്നു പൊതുവേദികളിൽ അദ്ദേഹം എന്നെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. അതിനു കാരണമായത് അദ്ദേഹത്തിന്റെ സുദീർഘമായ ഒരു അഭിമുഖം തയാറാക്കി ‘ജീവിതക്കാഴ്ചകൾ‘ എന്നൊരു പുസ്തകം പുറത്തിറക്കാൻ അവസരം ലഭിച്ചതും.
അങ്ങനെ ഒരു പുസ്തകം ചെയ്യാൻ താത്പര്യമുണ്ടോ എന്ന് സഭയിലെ ചുമതലക്കാർ വിളിച്ചു ചോദിക്കുമ്പോൾ തിരുമേനി അതിനു സമ്മതിക്കുമോ എന്നായിരുന്നു എന്റെ സംശയം. എന്നാൽ അദ്ദേഹം സന്തോഷത്തോടെ അത് സ്വീകരിച്ചു. അങ്ങനെ വാകത്താനം, ഞാലിയാകുഴിയിൽ സ്ഥിതി ചെയ്യുന്ന മാർ ബസേലിയോസ് ദയറയിൽ വച്ച് ഞങ്ങൾ ഒരു ദിവസം മുഴുവൻ സംസാരിച്ചു. എല്ലാ മാസവും മൂന്നു ദിവസം തിരുമേനി അവിടെ മൗനപ്രാർഥനയ്ക്കു വേണ്ടി എത്തുമായിരുന്നു. ആ ദിവസങ്ങളിൽ ബാഹ്യസംസർഗ്ഗങ്ങൾ ഉണ്ടാവുകയില്ല. അതിൽ ഒന്നിന്റെ അവസാനം ആയിരുന്നു ആ കൂട്ടിക്കാഴ്ച നടന്നത്.
ഒരു ആത്മീയ പുരോഹിതനോട് എന്തു തരം ചോദ്യങ്ങൾ ചോദിക്കാം ചോദിക്കരുത് എന്നൊന്നും എനിക്ക് വലിയ നിശ്ചയം ഉണ്ടായിരുന്നില്ല. പിന്നീട് ആ പുസ്തകത്തിന്റെ പ്രകാശന വേളയിൽ ഞാൻ തന്നെ ഓർമിച്ചതുപോലെ ‘മർമം അറിയാവുന്നവനല്ലേ അടിക്കാൻ പേടിക്കേണ്ടൂ..’ എന്ന മട്ടിൽ ഞാൻ എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ അത്രയും കുടഞ്ഞിട്ടു. ബാല്യം മുതൽ അന്നോളമുള്ള ജീവിതത്തിന്റെ സർവ ഇടങ്ങളെയും അത് തൊട്ടുപോയി. എല്ലാത്തിനും വളരെ സൗമ്യനായി സുദീർഘങ്ങളായ ഉത്തരങ്ങൾ തന്ന് അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി. അതിൽ ചിലതൊക്കെ അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. അദ്ദേഹത്തിന്റെ ചില നിലപാടുകളെ ചോദ്യം ചെയ്യുന്നവ ആയിരുന്നു. എന്നാൽ അതിനൊക്കെ തന്റെ ഉറച്ച നിലപാടുകളും ബോധ്യങ്ങളൂം സൗമ്യമായി വെളിപ്പെടുത്തിത്തന്നു. അത്രയും ധന്യമായ ദിവസങ്ങൾ അധികമൊന്നും ജീവിതത്തിൽ ഓർത്തിരിക്കാൻ ഉണ്ടാവുകയില്ല. ആ പുസ്തകം പ്രകാശനം ചെയ്തത് മലയാളത്തിന്റെ പ്രിയപ്പെട്ട നിരൂപകൻ എം.കെ. സാനുവും ഇന്ന് പത്തനംതിട്ട ജില്ല കലക്ടർ ആയി ചുമതല ഏറ്റെടുക്കുന്ന ദിവ്യ എസ്. അയ്യരും ചേർന്നായിരുന്നു എന്നുകൂടി ഇവിടെ ഓർക്കുന്നു. ദിവ്യയ്ക്ക് വളരെ പ്രിയപ്പെട്ട ആചാര്യനായിരുന്നു തിരുമേനി. അദ്ദേഹം വിട വാങ്ങിയ ദിവസം തന്നെ ചുമതല ഏറ്റെടുക്കുന്നു എന്നത് മറ്റൊരു യാദൃച്ഛികതയാവാം.
പിന്നെ എത്രയോ പ്രാവശ്യം കാതോലിക്കേറ്റ് അരമനയിൽ വച്ചും മറ്റു പലയിടങ്ങളിലും ഞങ്ങൾ സംസാരിച്ചിരിക്കുന്നു. തലേന്നും കണ്ടുപിരിഞ്ഞ ഒരു സ്നേഹിതനോടെന്നപോലെ അത്രയും തുറന്നാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. സഭയുടെ പരിപാടികളിലൊക്കെ എന്നെ പ്രസംഗിക്കാൻ വിളിക്കണം എന്ന് അദ്ദേഹം ചട്ടം കെട്ടുമായിരുന്നു. അത് യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ആണെങ്കിലും പുരോഹിതന്മാരുടെ ആത്മീയ സമ്മേളനം ആണെങ്കിലും അദ്ദേഹം സൗജന്യപൂർവം എന്നെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ സ്വന്തം ദേശമായ കുന്നംകുളത്ത് എത്തിയപ്പോൾ അവിടുത്തെ അരമനയിൽത്തന്നെ താമസം ഒരുക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയും രാത്രി വൈകി എത്തിയപ്പോഴും എന്റെ ക്ഷേമം അന്വേഷിക്കാൻ മുറിയിലേക്കെത്തുകയും ചെയ്തത് ഞാൻ ഓർക്കുന്നു.
പച്ചയായ മനുഷ്യൻ എന്ന് നമ്മൾ പലരെക്കുറിച്ചും പറയാറുണ്ട്. എന്നാൽ അക്ഷരാർഥത്തിൽ അങ്ങനെ ഒരാൾ എന്നായിരുന്നു അദ്ദേഹത്തെ കണ്ട നിമിഷങ്ങളിൽ, സംസാരിച്ചിട്ടുള്ള നിമിഷങ്ങളിൽ എല്ലാം എനിക്കു തോന്നിയിട്ടുള്ളത്. തന്നിൽ നിക്ഷിപ്‌തമായിരിക്കുന്ന ദൗത്യം എന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് അതിനു വേണ്ടി അടിയുറച്ചു നിലകൊണ്ട ഒരു പച്ചമനുഷ്യൻ. അതിൽ നിൽക്കാൻ അദ്ദേഹം ആരെയും കൂസിയില്ല, ആരെയും വക വച്ചു കൊടുത്തതുമില്ല. എല്ലാവരെയും സന്തോഷിപ്പിക്കാൻ അദ്ദേഹം ഒന്നും ചെയ്‌തില്ല. അദ്ദേഹത്തിന്റെ അന്ത്യത്തോളം അത് നിലനിർത്തി എന്നാണ് എന്റെ ബോധ്യം. അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയായിരുന്നു പരുമലയിലെ കാൻസർ സെന്റർ. പിന്നീട് അദ്ദേഹത്തിനു രോഗം വന്നപ്പോൾ അവിടെയല്ലാതെ വേറെ എവിടെയും ചികിത്സിക്കാൻ പോകാൻ അദ്ദേഹം തയാറായില്ല. വിദേശരാജ്യങ്ങളിൽ കൊണ്ടുപോകാം എന്ന് പലരും വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അതെല്ലാം നിഷേധിച്ചു. താൻ നേതൃത്വം കൊടുക്കുന്ന ആശുപത്രിയിലെ ഡോക്‌ടർമാരെ അദ്ദേഹം അത്രയും ആദരിച്ചു എന്നർഥം. അതായിരുന്നു പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. അദ്ദേഹം വിട വാങ്ങുമ്പോൾ സ്നേഹത്തിന്റെ ഒരു വലിയ തണൽ വൃക്ഷം കടപുഴകിയതുപോലെ ശൂന്യത അനുഭവപ്പെടുന്നു. കണ്ണീർ പ്രണാമം.