25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്‌

ന്യൂഡല്‍ഹി: പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം ബന്യാമിന്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന പുസ്തതകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.  യുഎസ്സില്‍ ജീവിക്കുന്ന കവി കൂടിയായ ഷഹനാസ് ഹബീബാണ് ബെന്യാമിന്റെ മുല്ലപ്പൂ നിറമുളള പകലുകള്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുളളത്.

ചലച്ചിത്ര സംവിധായികയായ ദീപ മേത്ത അധ്യക്ഷയും റോഹന്‍ മൂര്‍ത്തി, പ്രിയംവദ നടരാജന്‍, ആര്‍ഷിയാ സറ്റര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ തുക സമ്മാനമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നാണ് ജെസിബി സാഹിത്യ പുരസ്‌കാരം. സമകാലിക ഇന്ത്യനെഴുത്തുകാര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഓരോ ലക്ഷം രൂപ വീതം ചുരുക്കപ്പട്ടികയിലെത്തുന്ന അഞ്ച് കൃതികള്‍ക്ക് നല്‍കും. പ്രാദേശിക ഭാഷയില്‍ നിന്നുളള പരിഭാഷയ്ക്കാണ് അവാര്‍ഡ് ലഭിക്കുന്നതെങ്കില്‍ മൊഴിമാറ്റം നടത്തിയയാളിന് അഞ്ച് ലക്ഷം രൂപ സമ്മാനം ലഭിക്കും.

ബന്യാമിന്‍ ഇരുപത് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആട്ജീവിതത്തിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. യുവ റേഡിയോ ജോക്കിയുടെ കഥയാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിലെ ഇതിവൃത്തം. 2014ലാണ് പുസ്തകം മലയാളത്തില്‍ പ്രസിദ്ധികരിച്ചത്.