പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവായോടൊപ്പം ഏതാണ്ട് ഒരേ കാലത്ത് കോട്ടയം പഴയ സെമിനാരിയിൽ പഠിച്ചിരുന്നതിന്റെ നല്ല ഓർമകൾ ധാരാളമുണ്ട്. ഒന്നും മനസ്സിൽ ഒളിപ്പിക്കാതെ ഉള്ളതു പറയുന്ന ലളിതമനസ്കനും സ്നേഹസമ്പന്നനുമായ, നല്ല മുഖശ്രീയുള്ള ഒരു യുവാവിന്റെ ചിത്രമാണ് സതീർഥ്യരുടെ മനസ്സിൽ. പഠനത്തിലും മറ്റു രംഗങ്ങളിലും മികവ് പുലർത്തുന്ന സഹപാഠികളെ കലവറയില്ലാതെ ഉയർത്തിപ്പറയുന്നതിനുള്ള വിനയം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
കുന്നംകുളത്തെ പുരാതനമായ നസ്രാണി പൈതൃകത്തിന്റെ സ്വാധീനം തന്റെ ജീവിതത്തിൽ ഉടനീളം സ്വീകരിച്ച ബാവാ തിരുമേനി വിശ്വാസകാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കർശനമായ നിഷ്ഠ പുലർത്തിയിരുന്നു.
2013–ൽ ഫ്രാൻസിസ് മാർപാപ്പാ സ്ഥാനമേറ്റ് ആറു മാസങ്ങൾക്കകം ബാവായെ വത്തിക്കാനിൽ സ്വീകരിച്ചു.
കർശനമായ വത്തിക്കാൻ പ്രോട്ടോക്കോൾ പലതും മാറ്റി വച്ച് മഹാശയനായ മാർപാപ്പാ വളരെയേറെ സമയം അതിഥിയായ ബാവായോടൊപ്പം സംഭാഷണത്തിനു ചെലവഴിച്ചു. ഭക്ഷണമേശയിൽ വച്ച് സകല ജീവജാലങ്ങളോടുമുള്ള സഹാനുഭൂതിയുടെ ഭാഗമായി ഇന്ത്യയിൽ സർപ്പങ്ങൾക്കും എലികൾക്കുമൊക്കെ ആദരപൂർവം ഭക്ഷണം നൽകുന്ന സ്ഥലങ്ങളുണ്ടെന്ന് കേട്ടപ്പോൾ ഒരു കൊച്ചു കുട്ടിയെപ്പോലെ കൗതുകത്തോടെയാണ് അസ്സീസ്സിയിലെ വിശുദ്ധന്റെ പേര് സ്വീകരിച്ച ഫ്രാൻസിസ് പാപ്പാ അത് ശ്രദ്ധിച്ചത്. ‘വിഷമുള്ള പാമ്പിനും അവിടെ ഭക്ഷണം കൊടുക്കുമോ?’ എന്നു നിഷ്ക്കളങ്കമായി അദ്ദേഹം ചോദിച്ചത് ബാവായെ നന്നായി രസിപ്പിച്ചെന്ന് തോന്നുന്നു.
വത്തിക്കാൻ കൊട്ടാരത്തിലെ ഔദ്യോഗിക സ്വീകരണ ഹാളിൽ മലങ്കര ഓർത്തഡോക്സ് സഭാ ഡലിഗേഷനെ മാർപാപ്പാ കാണുകയും സംസാരിക്കുകയും ചെയ്തു. അതിനു ശേഷം, അദ്ദേഹവും ബാവായും മാത്രമായി സ്വകാര്യ സംഭാഷണത്തിന് തൊട്ടടുത്തുള്ള ചേംബറിലേക്ക് പ്രവേശിച്ചു. രണ്ടു പേർക്കും ഓരോ തർജ്ജമക്കാരനുമുണ്ട്. കാതോലിക്കാ ബാവായുടെ മൊഴിമാറ്റക്കാരനായി എനിക്കാണ് നിയോഗം ലഭിച്ചത്. സാധാരണഗതിയിൽ സഭാധ്യക്ഷന്മാർ തമ്മിലുള്ള ഇത്തരം സ്വകാര്യ സംഭാഷണം പുറത്താരും അറിയാനോ അറിയിക്കാനോ പാടില്ലെന്നാണ് നിയമം. രണ്ടു പേരും ഇംഗ്ലിഷിൽ കുശലം പറഞ്ഞു തുടങ്ങിയെങ്കിലും പെട്ടെന്ന് ഇരുവരും മാതൃഭാഷയിലേക്ക് തിരിഞ്ഞു. ലാറ്റിൻ അമേരിക്കയിലെ അർജന്റീനിയൻ ചുവയുള്ള സ്പാനീഷിൽ മാർപാപ്പായും കുന്നംകുളം രുചിയുള്ള മലയാളത്തിൽ ബാവായും സംസാരിച്ചത് വളരെ ഹൃദ്യമായിരുന്നു.
പത്തു മിനിറ്റെന്നു പറഞ്ഞെങ്കിലും അര മണിക്കൂറിൽ കൂടുതലെടുത്തു ഈ കൂടിക്കാഴ്ചയ്ക്ക്. പിന്നീട്, പൊന്തിഫിക്കൽ ഐക്യ കൗൺസിലിന്റെ സെക്രട്ടറിയും ദീർഘകാല സ്നേഹിതനുമായ ആർച്ച് ബിഷപ് ബ്രയാൻ ഫാരൽ ഒരു കുസൃതിച്ചിരിയോടെ എന്നോടു ചോദിച്ചു: ‘ എന്തായിരുന്നു അവിടെ ഇത്ര സമയടമെടുക്കാൻ?’ ‘രണ്ടു പേരും തമ്മിൽ അത്ര ഇഷ്ടമായെന്ന് തോന്നുന്നു’, ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു. ‘‘എല്ലാം തുറന്നു പറയുന്ന രണ്ടു പേർ തമ്മിൽ കൂടിയാൽ സമയത്തിനെന്തു വില?’’
ഔദ്യോഗിക ചടങ്ങുകളും യാത്രപറച്ചിലും കഴിഞ്ഞ് പുലർച്ചെ അഞ്ചിന് ലണ്ടനിലേക്ക് പോകാൻ ബാവായും സംഘവും സെന്റ് മാർത്താസ് അതിഥി മന്ദിരത്തിന്റെ താഴത്തെ നിലയിലെത്തി. അപ്പോഴതാ സകലരെയും അമ്പരപ്പിച്ച്, സ്വയം ലിഫ്റ്റിറങ്ങി, സാക്ഷാൽ ഫ്രാൻസിസ് മാർപാപ്പാ. അദ്ദേഹം കൊട്ടാരമുപേക്ഷിച്ച് താമസം സത്രത്തിലാണല്ലോ. കാവൽ നിന്നിരുന്ന സ്വിസ് ഗാർഡുകളും വത്തിക്കാൻ ഉദ്യോഗസ്ഥരും അന്ധാളിച്ചു. തന്റെ ആത്മീയ സഹോദരന് യാത്രാവന്ദനം നൽകാനാണ് മഹാനായ ആ വലിയ പിതാവ് വത്തിക്കാൻ നിയമങ്ങൾ തെറ്റിച്ച് താഴേക്കിറങ്ങി വന്നത് എന്നു തോന്നുന്നു.
അർമീനിയ, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഓറിയൻറ്റൽ ഓർത്തഡോക്സ് സഭകളുടെ അധ്യക്ഷന്മാരോടൊപ്പം പരിശുദ്ധ കാതോലിക്കാ ബാവായുടെ സാന്നിധ്യം ശ്രദ്ധേയമായി. അർമീനിയയിലെ ക്രൈസ്തവ കേന്ദ്രമായ എച്ച്മിയാറ്റ്സിനിൽ വച്ച് അന്ത്യോഖ്യാ പാത്രിയാർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുമായുള്ള അത്യൂഷ്മളയായ കൂടിക്കാഴ്ചകളും ഒരുമിച്ചുള്ള പ്രാർഥനയും ഭക്ഷണവുമെല്ലാം മറ്റു സഭാ തലവന്മാരെയും സഭയുടെ ഐക്യവും സമാധാനവും ആഗ്രഹിക്കുന്ന എല്ലാ നല്ല മനുഷ്യരെയും പ്രത്യാശാ നിരഭരരാക്കി.
സമുന്നത അധികാര കേന്ദ്രങ്ങളെ ചുറ്റുന്ന സങ്കീർണ വലയങ്ങളിൽ നിന്ന് സത്യാസത്യങ്ങൾ വേർതിരിച്ചറിയാനുള്ള ധാർമിക പ്രതിസന്ധിയുടെ വേദനയിലൂടെ മറ്റു പല നേതാക്കളെയും പോലെ ബാവാ തിരുമേനിയും കടന്നു പോയി. ഉള്ളിന്റെ ഉള്ളിൽ, മനുഷ്യർ തമ്മിൽ അനുരഞ്ജനവും ഐക്യവും ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന, വളരെ സാത്വിക സാധ്യതകൾ ഉണ്ടായിരുന്ന ഒരു വ്യക്തിത്വത്തെ അരനൂറ്റാണ്ടിലേറെ അടുത്തറിയാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്. ധന്യമായ ഓർമകൾക്കു മുൻപിൽ പ്രണമിക്കുന്നു.