പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു; വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ്

വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ്

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു
 
കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ കാതോലിക്കാബാവ (75) കാലം ചെയ്തു.
 
ശ്വാസകോശ അര്‍ബുദബാധയെ തുടര്‍ന്ന് 2020 ജനുവരി ഒന്നു മുതല്‍ പരുമല സെന്‍റ് ഗ്രിഗോറിയോസ് ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തന്നില്‍ നിക്ഷിപ്തമായിരുന്ന ചുമതലകള്‍ തുടര്‍ന്നും നിര്‍വഹിച്ചു വന്നിരുന്നു. 2021 ഫെബ്രുവരി 24-ന് കോവിഡ് ബാധയെ തുടര്‍ന്ന് വീണ്ടും പരുമല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധ ഉണ്ടാവുകയും അതിജീവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അര്‍ബുദരോഗവും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെ സാരമായി ബാധിച്ച് രോഗം വര്‍ദ്ധിച്ചതിനാല്‍ ഏതാനും ദിവസമായി അത്യാസന്ന നിലയിലായിരുന്നു.
 
1946 ഓഗസ്റ്റ് 30-ന് കുന്നംകുളം മങ്ങാട് ജനിച്ച കെ. ഐ. പോള്‍ 1973 ജൂണ്‍ 2-നാണ് വൈദികനായത്. മാവേലിക്കര പുതിയകാവ് പള്ളിയില്‍ വച്ച് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ 1985 മെയ് 15-നു എപ്പിസ്കോപ്പാ സ്ഥാനമേറ്റു. 1985 ഓഗസ്റ്റ് ഒന്നിന് കുന്നംകുളം ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 12-ന് പരുമല സെമിനാരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ നിയുക്ത കാതോലിക്കായായി തിരഞ്ഞെടുത്തു. 2010 ഒക്ടോബര്‍ 31-ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ മലങ്കര മെത്രാപ്പോലീത്താ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്തായായി ചുമതലയേറ്റെടുത്തു.
 
2010 നവംബര്‍ 1-നു പരുമല സെമിനാരിയില്‍ വച്ച് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനമേറ്റു.