നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രം / ഡെറിന്‍ രാജു

പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ തനിക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനെ അറിയിക്കുകയും അതില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മലങ്കരയില്‍ നടന്നിട്ടുള്ള കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഈ ലേഖനത്തിലൂടെ.

മലങ്കരസഭാ ഭരണഘടനയുടെ 97, 114 വകുപ്പുകളാണ് കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. അതിന്‍പ്രകാരം കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുവാനുള്ള ചുമതല മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നിക്ഷിപ്തമാണ്. നിയുക്ത കാതോലിക്കാ എന്ന സ്ഥാനം ഭരണഘടനയില്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് ശരിയല്ല എന്ന മറുവിഭാഗത്തിലെ ചിലരുടെ വാദങ്ങള്‍ വസ്തുതാപരമായി നിലനില്ക്കുന്നതല്ല. കാരണം, തിരഞ്ഞെടുപ്പ് നടക്കുന്നത് കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കാണ്. എന്നാല്‍ അദ്ദേഹം സ്ഥാനം പ്രാപിക്കുന്നത് നിലവിലെ സ്ഥാനം ഒഴിവുവരുമ്പോള്‍ മാത്രമാണ്. സ്ഥാനം പ്രാപിക്കുന്നതുവരെ അദ്ദേഹം ‘ശ്രേഷ്ഠ നിയുക്ത കാതോലിക്കാ’ എന്നറിയപ്പെടുന്നു എന്നു മാത്രം. മലങ്കരയില്‍ ഇതഃപര്യന്തമുണ്ടായിട്ടുള്ള നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിലേക്ക്:

മലങ്കരയിലെ ആദ്യ രണ്ട് കാതോലിക്കാമാരും പിന്‍ഗാമിയെ തിരഞ്ഞെടുക്കാതെയാണ് കാലം ചെയ്തത്. എന്നാല്‍ മലങ്കരയിലെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ മാര്‍ത്തോമ്മാ മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലരും തങ്ങളുടെ ജീവിതകാലത്ത് തന്നെ പിന്‍ഗാമികളെ തിരഞ്ഞെടുത്തവരാണ്. സഭാതേജസ്സ് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ ജീവിതകാലത്ത് തന്നെ പിന്‍ഗാമിയായി വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിനെ തിരഞ്ഞെടുത്തത് മലങ്കര സഭയുടെ തന്നെ ഭാഗധേയത്തെ നിര്‍ണയിച്ച സംഭവമാണ്.

ആദ്യ കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമന്‍ 1913 മെയ് 3-ന് കാലം ചെയ്തു. എങ്കിലും രണ്ടാം കാതോലിക്കാ വാഴിക്കപ്പെടുന്നത് 1925-ല്‍ മാത്രമാണ്. അദ്ദേഹം ആകസ്മികമായി നെയ്യൂര്‍ ആശുപത്രിയില്‍ വച്ച് 1928 ഡിസംബര്‍ 17-ന് കാലം ചെയ്തപ്പോഴും ഒരു പിന്‍ഗാമിയെ സഭ തിരഞ്ഞെടുത്തിരുന്നില്ല. രണ്ടു മാസങ്ങള്‍ക്കു ശേഷം മൂന്നാം കാതോലിക്കാ 1929 ഫെബ്രുവരി 15-നു കാതോലിക്കാസ്ഥാനം പ്രാപിച്ചു. മലങ്കര മെത്രാപ്പോലീത്താസ്ഥാനം വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസില്‍ തന്നെ തുടര്‍ന്നു. അദ്ദേഹം 1934 ഫെബ്രുവരി 23-ന് കാലംചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 26-ാം തീയതി കൂടിയ അസോസിയേഷന്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. അങ്ങനെ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ ഒരാളില്‍ നിക്ഷിപ്തമായി.

തന്‍റെ സുദീര്‍ഘമായ ഭരണകാലത്തിന്‍റെ അവസാനമായപ്പോള്‍ ഒരു സഹായിയെ വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അക്കാര്യം 1951 മെയ് 17-നു കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ അസോസ്യേഷന്‍റെ അജണ്ടയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തുകയും ചെയ്തു. കാതോലിക്കാബാവായ്ക്ക് ഇഷ്ടമുള്ളവരെ സഹായിയായി നിയമിക്കുവാന്‍ അസോസ്യേഷന്‍ തീരുമാനം എടുത്തു. 1962-ല്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പലരും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ ബോധ്യപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന് അപ്രകാരമൊരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ്ണസമ്മതം പ്രാരംഭഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. എങ്കിലും സഭയുടെ പൊതുവായ താല്‍പര്യത്തെയും ഭാവിയെയും കരുതി അപ്രകാരമൊരു തിരഞ്ഞെടുപ്പിന് അദ്ദേഹം അനുമതി നല്‍കി. തുടര്‍ന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് കൂടി ഐകകണ്ഠ്യേന കണ്ടനാട് ഇടവകയുടെ ഔഗേന്‍ മാര്‍ തീമോത്തിയോസിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തു. 1962 മെയ് 17-ന് നിരണത്തു കൂടിയ അസോസ്യേഷന്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു.

ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ 1964 ജനുവരി 3-ന് കാലംചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. തുടര്‍ന്ന് 1964 മെയ് 22-ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അദ്ദേഹത്തെ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. സഹോദര സഭയായ അന്ത്യോഖ്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നാത്യോസ് യാക്കോബ് തൃതീയനായിരുന്നു മുഖ്യകാര്‍മ്മികന്‍. തുടര്‍ന്ന് വളരെ സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു കാലഘട്ടമായിരുന്നു ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഔഗേന്‍ പ്രഥമന്‍ ബാവായ്ക്ക് നേരിടേണ്ടി വന്നത്. പല തവണ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാവുകയും വീണ്ടും ആരോഗ്യം പ്രാപിക്കുകയും ചെയ്തു. പാത്രിയര്‍ക്കീസിന്‍റെ അനധികൃതമായ ഇടപെടലുകള്‍ കൂടി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിലേക്ക് സഭ കടന്നു. നേരത്തെ അവലംബിച്ച അതേ രീതിയില്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് കൂടുകയും സുന്നഹദോസില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബാഹ്യകേരള മെത്രാസനത്തിന്‍റെ മാത്യൂസ് മാര്‍ അത്താനാസിയോസിനെ സുന്നഹദോസ് ശുപാര്‍ശ ചെയ്യുകയും ചെയ്തു. 1970 ഡിസംബര്‍ 31-ന് കൂടിയ അസോസ്യേഷന്‍ അദ്ദേഹത്തെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ഔഗേന്‍ പ്രഥമന്‍ ബാവാ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് 1975 സെപ്തംബര്‍ 24-ന് മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. തുടര്‍ന്ന് 1975 ഒക്ടോബര്‍ 22-ന് അദ്ദേഹം കാതോലിക്കാസ്ഥാനം പ്രാപിച്ചു.

1975-ല്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയിലെ പിളര്‍പ്പ് പൂര്‍ണ്ണമാക്കി ഒരു ബദല്‍ കാതോലിക്കായെ വാഴിച്ചതോടുകൂടി സഭാതര്‍ക്കവും മറ്റൊരുതലത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നുചേര്‍ന്നു. 1980 മെയ് 1-ന് കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൊല്ലം ഇടവകയുടെ മാത്യൂസ് മാര്‍ കൂറിലോസിനെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. മാത്യൂസ് പ്രഥമന്‍ ബാവാ 1991 ഏപ്രില്‍ 27-ന് സ്ഥാനത്യാഗം ചെയ്തു; തുടര്‍ന്ന് മാത്യൂസ് മാര്‍ കൂറീലോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തു പ്രവേശിച്ചു. ഏപ്രില്‍ 29-ന് പരുമലയില്‍ വച്ച് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനവും പ്രാപിച്ചു.

1990-ലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സഭാ അന്തരീക്ഷം വീണ്ടും ചൂടുപിടിച്ചു. പിന്‍ഗാമിയെ ഉടനെതന്നെ തിരഞ്ഞെടുക്കുന്നത് ഉചിതമെന്ന ചിന്ത പല തലങ്ങളിലും ഉണ്ടായതിന്‍റെ വെളിച്ചത്തില്‍ 1992 സെപ്റ്റംബര്‍ 10-ന് അസോസിയേഷന്‍ കൂടി മലബാര്‍ ഇടവകയുടെ തോമസ് മാര്‍ തീമോത്തിയോസിനെ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ കാലം നിയുക്ത കാതോലിക്കാ എന്ന സ്ഥാനത്തിരുന്നത് തോമസ് മാര്‍ തീമോത്തിയോസ് ആണ്. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം സ്ഥാനം പ്രാപിച്ചത്. ഇതിനിടയില്‍ കോടതി നിര്‍ദ്ദേശപ്രകാരം 2002 മാര്‍ച്ച് 25-ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ വീണ്ടും മലങ്കര മെത്രാപ്പോലീത്തായായി തിരഞ്ഞെടുക്കപ്പെടുകയും കോടതി ആ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും ചെയ്തു.

2005 ഒക്ടോബര്‍ 29-ന് മാത്യൂസ് ദ്വിതീയന്‍ ബാവാ സ്ഥാനത്യാഗം ചെയ്തു. മാര്‍ തീമോത്തിയോസ് അന്നു തന്നെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റെടുത്തു. ഒക്ടോബര്‍ 31-ന് ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാസ്ഥാനവും പ്രാപിച്ചു. 85-ാം വയസ്സില്‍ കാതോലിക്കാസ്ഥാനത്തേക്കുയര്‍ത്തപ്പെട്ട ദിദിമോസ് പ്രഥമന്‍ ബാവായാണ് ഏറ്റവും പെട്ടെന്ന് തന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതും. താന്‍ സ്ഥാനം പ്രാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ 2006 ഒക്ടോബര്‍ 12-ന് പരുമലയില്‍ കൂടിയ അസോസിയേഷന്‍ കുന്നംകുളം മെത്രാസനത്തിന്‍റെ പൗലോസ് മാര്‍ മിലിത്തിയോസിനെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ദിദിമോസ് പ്രഥമന്‍ ബാവാ 2010 ഒക്ടോബര്‍ 31-ന് സ്ഥാനത്യാഗം ചെയ്തു. പൗലോസ് മാര്‍ മിലിത്തിയോസ് അന്നു തന്നെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹം 2010 നവംബര്‍ 1-ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനം പ്രാപിച്ചു.

വീണ്ടും ഒരിക്കല്‍കൂടി പ. സഭ പ്രാര്‍ത്ഥനാപൂര്‍വ്വം വലിയ ഇടയനെ തിരഞ്ഞെടുക്കുവാന്‍ ഒരുങ്ങുന്നു. ആറാമത് നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും പ. സഭയ്ക്ക് വഴികാട്ടിയാവും. പ. കാതോലിക്കായുടെ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിന്‍റെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഒരാളെ ഐകകണ്ഠ്യേനയോ അവരുടെ ഇടയിലെ തിരഞ്ഞെടുപ്പിലൂടെയോ കണ്ടെത്തുകയും ആ പേര് മാത്രം അസോസിയേഷന്‍റെ പരിഗണനയ്ക്കു വരികയും മറ്റ് നാമനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ അസോസിയേഷന്‍ അത് അംഗീകരിക്കുകയുമായിരുന്നു. സഭയുടെ ഇടയനെ ദൈവം തിരഞ്ഞെടുക്കുവാനായി നമ്മുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കാം. മാര്‍ത്തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥത അതിനായി നമ്മെ സഹായിക്കും. ൂ