കാഴ്ചയുള്ള അന്ധയായ വിശുദ്ധ: മോസ്കോയിലെ വിശുദ്ധ മട്രോണ

ജനനം, ബാല്യം

റഷ്യയിലെ തുള പ്രദേശത്തുള്ള സെബെനോ ഗ്രാമത്തിലെ (മോസ്കോയിൽ നിന്ന് 300 കിലോമീറ്റർ തെക്കായി) ദരിദ്ര കുടുംബത്തിലെ  നാലാമത്തെ കുട്ടിയായി  ആണ് മാട്രോണ 1881/85 ൽ ജനിക്കുന്നത്. കഠിന ദാരിദ്ര്യത്താൽ, അടുത്തുള്ള ഗ്രാമമായ ബുച്ചാൽക്കിയിലെ ഒരു അനാഥാലയത്തിലേക്ക് മാട്രോണയെ അയയ്ക്കാൻ അവൾ ജനിക്കുന്നതിനു മുമ്പ് അമ്മ തീരുമാനിച്ചിരുന്നു.   എന്നാൽ  കുട്ടിയെ സ്വീകരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ദൈവത്തിൽ നിന്നുള്ള ഒരു അടയാളം അവൾക്ക് ഒരു സ്വപ്നത്തിൽ  ഉണ്ടായി.

 മട്രോണയുടെ കുടുംബം താമസിച്ചിരുന്നത് ഗ്രാമത്തിലെ ദേവാലയത്തിന്റെ നേരെതിർവശത്തായിരുന്നു.   സ്ഥിരമായി ആരാധനയിൽ പങ്കെടുക്കുന്ന ഒരു ഭക്ത കുടുംബമായിരുന്നു അത്. ആരാധനയിൽ പങ്കെടുക്കുന്നത്  മാട്രോണക്ക് വലിയ ഇഷ്ടമായിരുന്നു. അവൾ കൂടുതൽ സമയം ദേവാലയ ശുശ്രൂഷയിൽ സംബന്ധിച്ച്, എല്ലാ അർത്ഥത്തിലും  , ആത്മീയമായി വളരുകയായിരുന്നു. ഗീതങ്ങളും പ്രാർത്ഥനകളും കാണാപ്പാഠമായി വശത്താക്കിയിരുന്ന അവൾ ദേവാലയത്തിന്റെ ഒരു സ്ഥലത്ത് ഉറച്ചുപോയതുപോലെ നിന്ന് ആരാധനയിൽ നിമഗ്നയായി. സംസാരിക്കാൻ പഠിക്കുന്നതിന് മുൻപ്  വളരെ ചെറിയ പ്രായത്തിൽതന്നെ  കുടുംബത്തിലെ ഐക്കൺ ശേഖരത്തിലെ വിശുദ്ധരുമായി പാതിരാത്രിയിൽ ശിശുസഹജഭാഷയിൽ അവൾ സംസാരിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നു. 

അസാധാരണ ബാലിക

ജനനം മുതൽ അന്ധയായിരുന്ന അവൾ തന്റെ കുറവുകളെ അസാധാരണ വിനയത്തോടും സഹനത്തോടും  ക്ഷമയോടും നേരിട്ടു. അതിന്റെ ഫലമായി അവൾ ദൈവ കൃപയുടെ പാത്രമാകാൻ ഇടയായി. അവളുടെ മാമോദീസ സമയത്ത് കാർമ്മികനായ  വൈദികൻ ദൈവിക അനുഗ്രഹങ്ങളുടെ ചില അടയാളങ്ങൾ ദർശിക്കാനിടയായി. ആറോ ഏഴോ വയസ്സുമുതൽ അവൾ അസാധാരണമായ ഉൾക്കാഴ്ച പ്രകടിപ്പിക്കുന്ന  ഒരു ബാലികായായി ഗ്രാമവാസികൾ കണ്ടു.

 അവളെ സന്ദർശിച്ച  ആളുകളുടെ ചിന്തകൾ  പോലും അന്ധയായ അവൾക്ക് വ്യക്തമായി കാണാൻ കഴിവുണ്ടായിരുന്നു. രഹസ്യ പാപങ്ങളിലൂടെ ആത്മാവും ശരീരവും രോഗാതുരമായിരുന്നവരുടെ പ്രശ്നങ്ങൾ അവർക്ക് വെളിപ്പെടുത്തികൊണ്ട്, പ്രാർത്ഥനയിലൂടെയും പരിജ്ഞാനം നിറഞ്ഞ ഉപദേശങ്ങളിലൂടെയും അവൾ തന്നെ തേടിയെത്തിയവരെ സുഖപ്പെടുത്തി. കേട്ടറിഞ്ഞ് ഗ്രാമത്തിൽനിന്നും അടുത്ത പ്രാന്തപ്രദേശങ്ങളിൽ നിന്നും അനേകർ അവരുടെ എണ്ണമറ്റ ജീവിത പ്രശ്നങ്ങളുമായി എത്തി.  അവളെ കാണാനെത്തിയ വിവിധ രോഗങ്ങൾ ബാധിച്ചവർ  സൌഖ്യം പ്രാപിച്ച് മടങ്ങി പോയി. അശുദ്ധാത്മാക്കൾ ബാധിച്ചെന്ന് കരുതിയവരെ കൈവച്ചനുഗ്രഹിച്ച് സുഖപ്പെടുത്തി.  അനേകർ ആവൾക്ക്  കൃതജ്ഞതാപൂർവം കൂടുoബത്തിനാവശ്യമുള്ള ഭക്ഷണസാധനങ്ങളും മറ്റും സമ്മാനമായി നല്കി.   കുടുംബത്തിന് ഭാരമാകുമെന്ന് കരുതിയ അംഗവൈകല്യമുള്ള കുട്ടി അങ്ങനെ കൂടുബത്തിലെയും ഗ്രാമത്തിലെയും  ദാരിദ്ര്യം അകറ്റുവാൻ കഴിവുള്ള ദൈവത്തിന്റെ ദാനമായി മാറി..

റഷ്യയുടെ എട്ടാമത്തെ സ്തംഭം

പതിനാലാം വയസ്സിൽ അവളുടെ അഭ്യുദയകാംക്ഷിയായ ഒരു വിശ്വസ്ത സഖിയുമൊത്ത് ഒരു തീർത്ഥാടന സംഘത്തോടൊപ്പം റഷ്യയിലെ പ്രശസ്തമായ വിശുദ്ധ സ്ഥലങ്ങളിലേക്ക് തീർത്ഥാടനം നടത്തി. ക്രോൺസ്റ്റാഡ് നഗരത്തിലെത്തിയ അവർ പ്രശസ്ത റഷ്യൻ പുരോഹിതനും അത്ഭുതങ്ങളും അടയാളങ്ങളും  പ്രവർത്തിക്കുന്ന ക്രോൺസ്റ്റാഡിലെ  ജോൺ പിതാവിനെ കാണാനെത്തി. മട്രോണയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ  ദീർഘദർശിയായ ക്രോൺസ്റ്റാഡിലെ വിശുദ്ധ ജോൺ പിതാവ് കൌമാരക്കാരിയെ കാണാൻ ആൾക്കൂട്ടം വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ടു. മട്രോണയെ  അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്റെ പിൻഗാമിയായ റഷ്യയുടെ എട്ടാമത്തെ സ്തംഭം ഇതാ!” എന്നാൽ ആ പ്രവചനത്തിന്റെ അർത്ഥം അന്ന്  ആർക്കും മനസ്സിലായില്ല.

പതിനേഴാം വയസ്സിൽ പക്ഷവാതം പിടിച്ച് അവൾക്ക് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടു. എന്നിട്ടും ഒരു മുറുമുറുപ്പും കൂടാതെ നിശ്ശബ്ദയായി മട്രോണ അത് നേരിട്ടു.  പക്ഷാഘാതത്തിന്റെ കാരണം ഒരിക്കലും കണ്ടെത്തിയില്ല. അവളുടെ പുതിയ വൈകല്യത്തെക്കുറിച്ച് അവൾ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല, മറിച്ച് അത് ദൈവഹിതമായി കണക്കാക്കി ദൈവത്തിന് നന്ദി പറഞ്ഞു. അതിനു ശേഷമുള്ള ശിഷ്ടകാലം,  ഏതാണ്ട്  അന്പതു വർഷത്തിലധികം, ഐക്കണുകൾ നിറഞ്ഞ തന്റെ മുറിയിൽ   സ്വന്തം കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന്, തിളങ്ങുന്ന മുഖത്തോടെ, പതിഞ്ഞ ശബ്ദത്തിൽ അവളുടെ ദിവ്യ  സാന്നിദ്ധ്യം തേടിയെത്തിയ എല്ലാവരേയും സ്വീകരിച്ചു.

അവൾ എപ്പോഴും ഉച്ചത്തിൽ പ്രാർഥിച്ചു.  തന്റെ അടുത്തെത്തിയ ആളുകൾ ദൈവത്തിൽ വിശ്വസിക്കുകയും അവരുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും ചെയ്യണമെന്ന് അവൾ നിർബന്ധിച്ചു. എല്ലാവരും ജീവിതത്തിലുടനീളം ഒരു കുരിശ് ധരിക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. പറഞ്ഞതെല്ലാം അവൾ തന്റെ ജീവിതത്തിൽ  കർശനമായ പിന്തുടർന്നു.  അവളുടെ രാത്രികൾ പ്രാർത്ഥനയ്കായി മാറ്റിവെച്ചിട്ട്  പകൽ സന്ദർശകരെ സ്വീകരിക്കുന്നതിനുമായി ചെലെവഴിച്ചു.  ചിലപ്പോൾ ഒരു ദിവസം നാൽപത് സന്ദർശകരെ വരെ സ്വീകരിച്ചു.

            എല്ലാം ദൈവത്തിന്റെ ശക്തിയാണെന്നും ആരെയും സുഖപ്പെടുത്തുന്നത് അവളല്ലെന്നും വാഴ്ത്തപ്പെട്ട മട്രോണ എല്ലായ്പ്പോഴും ഊന്നിപ്പറഞ്ഞു.  അവൾ ഇങ്ങനെ ചോദിച്ചു: “എന്ത്, മട്രോണ ദൈവമാണെന്നോ? അങ്ങനെയാണോ ? ദൈവമാണ് സഹായിക്കുന്നത്!”

മട്രോണാ എന്ന ആ ചെറിയ സ്ത്രീ, സാധാരണയായി കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നാണ് സന്ദർശകരെ അനുഗ്രഹിച്ചത്.  സന്ദർശകർ അവളുടെ കട്ടിലിന് മുന്നിൽ മുട്ടുകുത്തി. മാട്രോണ കൈകൾ നീട്ടി വിരൽത്തുമ്പിൽ സന്ദർശകരുടെ തലയിൽ സ്പർശിക്കുകയും അവരുടെ മേൽ കുരിശു വരച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  ആവശ്യാനുസരണം അവരെ ആശ്വസിപ്പിക്കുകയോ ഉപദേശിക്കുകയോ  ചെയ്തിരുന്നു. നിരാശയിലും സങ്കടത്തിലുമായിരുന്നവരെ വളരെ സ്നേഹത്തോടും കരുണയോടും ചേർത്ത് പിടിച്ച് പ്രാർത്ഥിക്കുമായിരുന്നു. നിരന്തരം കുരിശ് വരച്ചിരുന്നതിനാൽ അവളുടെ നെറ്റിയിൽ താഴ്ന്ന  ഒരു പാട് രൂപം കൊണ്ടിരുന്നു.

പ്രവാചകിയായ വിശുദ്ധ

മട്രോണ തന്റെ ആത്മീയ ദീർഘദൃഷ്ടിയാൽ റഷ്യൻ വിപ്ലവത്തിന്റെ വരവ് പ്രവചിച്ചിരുന്നു.   പള്ളികൾ അശുദ്ധമാക്കുമെന്നും പൂട്ടപ്പെടുമെന്നും,  വിശ്വാസികൾ  പീഡിപ്പിക്കപ്പെടുമെന്നും  കൊല്ലപ്പെടുകയും  ചെയ്യുമെന്ന് വിശദീകരിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാൻ പോയ ആൺമക്കളുടെയും ഭർത്താക്കന്മാരുടെയും സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ  നല്കുന്ന ഏക സ്രോതസ്സ് അവൾ മാത്രമായിരുന്നു. ഒരു കുടുംബത്തോട്: “ജീവിച്ചിരിക്കുന്നു; അവനുവേണ്ടി കാത്തിരിക്കുക …” എന്നും  മറ്റൊരു കുടുംബത്തോട് : “അവർ മരിച്ചു, അടക്ക ശുശ്രൂഷയ്ക്കായി ഒരുക്കുക” എന്നൊക്കെ വിവരം നല്കാൻ അവൾക്ക് കഴിവുണ്ടായിരുന്നു.

റഷ്യയിൽ കമ്മ്യൂണിസ്റ്റുകാർ  അധികാരം പിടിച്ചതോടെ മട്രോണയുടെ ജീവിതം അപകടത്തിലായിരുന്നു. 1925-ൽ നാൽപ്പതാം വയസ്സിൽ മോസ്കോയിലെ ഒരു സുഹൃത്തിന്റെ അജ്ഞാതവീട്ടിലേക്ക് പലായനം ചെയ്യാൻ അവൾ നിർബന്ധിതയായി. അവളുടെ രണ്ട് സഹോദരന്മാരായ മിഖായേലും ഇവാനും കടുത്ത കമ്മ്യൂണിസ്റ്റുകളായിത്തീർന്നിരുന്നു, രോഗികളും കഷ്ടപ്പെടുന്നവരുമായ അനേകർ  കുടുംബവീട്ടിൽ നിരന്തരമായി  സഹോദരിയെ കാണാൻ വരുന്നതിൽ ഈ സഹോദരർ  പ്രകോപിതരായി. അതേസമയം, അവളുടെ ഗ്രാമീണ  ഭവനം ഒരു മത തീർത്ഥാടന കേന്ദ്രമായി മാറിയതിനാൽ കമ്മ്യൂണിസ്റ്റ് അധികാരികളിൽ നിന്ന് തങ്ങളും കുടുംബവും നേരിടുന്ന അപകടത്തെക്കുറിച്ച്  സഹോദരങ്ങൾ ഉൽക്കണ്ഠാകുലരായിരുന്നു.   മോസ്കോയിൽ മട്രോണ രോഗികൾക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാർത്ഥനാശുശ്രൂഷ തുടർന്നുകൊണ്ടിരുന്നിരുന്നു.  എന്നാൽ അവളുടെ പ്രശസ്തി അവസാനിപ്പിക്കാൻ കമ്മ്യൂണിസ്റ്റ്  അധികാരികകൾ  ശ്രമിച്ചുകൊണ്ടിരുന്നതിനാൽ,  അവരെത്തുന്നതിന് മുൻപുതന്നെ , അപ്പാർട്ട്മെന്റിൽ നിന്ന് അപ്പാർട്ട്മെന്റിലേക്ക്  തുടർച്ചയായി മാറാൻ അവൾ നിർബന്ധിതയായി.

1945 ൽ അമ്മയുടെ മരണശേഷം,  മറ്റുള്ളവരെ ആശ്രയിച്ചുകൊണ്ട്, സ്വന്തമായി വീടോ വസ്തുവകകളോ ഭക്ഷണമോ സമ്പാദിക്കാതെ  അലഞ്ഞുനടക്കുന്നവളായി അവൾ ജീവിച്ചു, വേദന നിറഞ്ഞ അവളുടെ കിടക്കയിൽ വിശുദ്ധ മട്രോണ ഒരു താപസ ജീവിതമാണ് നയിച്ചത്. നിരന്തര ഉപവാസത്തിലും പ്രാർത്ഥനയിലും തുടരെ തുടരെയുള്ള കൂരിശുവരക്കലിലും അവൾ സന്തോഷം കണ്ടെത്തി.

ഒരിക്കൽ ഒരു കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥൻ മട്രോണയെ അറസ്റ്റ് ചെയ്യാൻ വന്നു, അവളുടെ വസതിയിൽ നിന്ന് പുറത്തുപോകാതെ ശാന്തയായി അവന്റെ വരവിനായി കാത്തിരുന്നു. അവൾ അവനെ ഒരു മുന്നറിയിപ്പോടെ അഭിവാദ്യം ചെയ്തു: “പോകൂ,പോകുക, വേഗം പോകുക, നിന്റെ വീട്ടിൽ നിനക്ക് പ്രശ്‌നമുണ്ട്! അന്ധയായ സ്ത്രീക്ക് ഒളിക്കാൻ സ്ഥലമില്ല. ഞാൻ ഇവിടെ കട്ടിലിൽ ഇരിക്കും, ഞാൻ എവിടെയും പോകില്ല.” പേടിച്ചരണ്ട പൊലീസുകാരൻ  തന്റെ വീട്ടിലെത്തിയപ്പോൾ ഭാര്യ സ്റ്റൌവിൽനിന്ന്  തീപിടിച്ച് വല്ലാതെ പൊള്ളലേറ്റതായി കണ്ടു.  അയാൾ അവളെ ആശുപത്രിയിൽ എത്തിച്ച് അവളുടെ ജീവൻ രക്ഷിച്ചു. അടുത്ത ദിവസം അദ്ദേഹം ഓഫീസിലേക്ക് മടങ്ങിയെത്തിയപ്പോൾ, തലവൻ അദ്ദേഹത്തോട് ചോദിച്ചു: “ശരി, നിങ്ങൾക്ക് അന്ധയായ സ്ത്രീയെ ലഭിച്ചോ?” അദ്ദേഹം മറുപടി പറഞ്ഞു: “ഞാൻ അവളെ എവിടെയും കൊണ്ടുപോകുന്നില്ല. ആ അന്ധയായ സ്ത്രീ എന്നോട് പറഞ്ഞിരുന്നില്ലെങ്കിൽ എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെടുമായിരുന്നു, പക്ഷേ അതുകൊണ്ട്, കൃത്യസമയത്ത് അവളെ ആശുപത്രിയിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞു.”

റഷ്യയിലെ സഭ അതിതീവ്രമായ പീഡനത്തിന് വിധേയമാകാൻ കാരണം ക്രിസ്ത്യാനികളുടെ പാപവും, വിശ്വാസരാഹിത്യവുമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി വിശുദ്ധ മട്രോണ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു.

അന്ത്യനാളുകൾ

            മട്രോണ തന്റെ അന്ത്യദിനത്തെക്കുറിച്ച് പ്രവചിക്കുകയും അതനുസരിച്ച് ശവസംസ്കാര കർമ്മങ്ങള്ക്ക്  വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. അന്ത്യദിനം വരെ അവൾ കുമ്പസാരിക്കുകയും വിശുദ്ധ കുർബ്ബാന അനുഭവിക്കുകയും ചെയ്തു. വിനയാന്വിതയായ ആ എളിയ വനിത മറ്റെല്ലാവരെയുംപോലെ മരണത്തെ ഭയപ്പെട്ടിരുന്നു. 1952 ഏപ്രിൽ 19/മെയ് 2 ന് അവൾ ഈ ലോകത്തുനിന്ന് യാത്ര പറഞ്ഞു. അതിന് മുൻപ് ചുറ്റുമുള്ളവരോട് ഇങ്ങനെ നിർദ്ദേശിച്ചു:

“എല്ലാവരുമേ എന്റെ അടുത്തേക്ക് വരിക; ഞാൻ ജീവിച്ചിരിക്കുന്നു എന്ന പോലെ നിങ്ങളുടെ വ്യസനങ്ങൾ എന്നോട് പറയുക; ഞാൻ നിങ്ങളെ കാണും; നിങ്ങളെ കേൾക്കും; നിങ്ങളെ സഹായിക്കും. എന്റെ മരണശേഷം, എന്റെ വളരെ അടുത്ത സുഹൃത്തുക്കളൊഴിച്ച്, ആരും എന്റെ ശവകുടീരം സന്ദര്ശിക്കുകയില്ല. അവരുടെ മരണശേഷം എന്റെ ശവകുടീരം ഉപേക്ഷിക്കപ്പെടും. എന്നാൽ വളരെ വര്ഷങ്ങൾക്കുശേഷം ആളുകൾ എന്നെക്കുറിച്ച് കേട്ട്, കൂട്ടമായി അവരുടെ വ്യഥയിൽ എന്റെ സഹായം തേടും. ദൈവത്തോട് അവർക്കുവേണ്ടി പ്രാർത്ഥിക്കാനായി  എന്നോട് അപേക്ഷിക്കും. ഞാൻ എല്ലാവരേയും കേട്ട്, എല്ലാവരേയും സഹായിക്കും”.

മോസ്കോയുടെ സംരക്ഷകയായ  വിശുദ്ധ

 1999 മെയ് 2 ന്   മട്രോണയെ വിശുദ്ധയായി റഷ്യൻ ഓര്ത്തഡോക്സ് സഭ പ്രഖ്യാപിച്ചു. . മോസ്കോയിലെ പ്രൊട്ടക്ഷൻ മൊണാസ്ട്രിയിൽ അവളുടെ തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിരിക്കുന്നു, അവിടെ ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ നിരനിരയായി വന്ന് അവരുടെ പ്രശ്‌നങ്ങൾ, അസുഖങ്ങൾ, ആവശ്യങ്ങൾ എന്നിവ അവളുടെ മുന്പിൽവെച്ച്,  ദൈവതിരുസന്നിധിയിൽ പ്രാർത്ഥിക്കാനായി അവളുടെ മദ്ധ്യസ്ഥത യാചിക്കുന്നു.

വിശുദ്ധ ജീവിതത്തിലേക്ക് നമ്മളെല്ലാവരും വിളിക്കപ്പെടുന്നുവെന്നും ഇത് നമുക്കെല്ലാവർക്കും സാധ്യമാണെന്നും വിശുദ്ധ മാട്രോണയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. അവൾ ഒരു കന്യാസ്ത്രീയായിരുന്നില്ല; ഒരിക്കലും ഒരു സെമിനാരിവിദ്യാഭ്യാസം നേടിയിരുന്നില്ല. വാസ്തവത്തിൽ, നിരക്ഷരയായ വെറുമൊരു കർഷക സ്ത്രീയായിരുന്ന അവൾ  പരിശുദ്ധാത്മാവിന്റെ കൃപയാൽ ജനങ്ങളുടെ വിഷമങ്ങളും, ആവശ്യങ്ങളും, പാപങ്ങളും കാണാനും ഭാവി പ്രവചിക്കാനും മറ്റും കഴിവ് നേടിയെടുത്തു. മരണശേഷം  എണ്ണമറ്റ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവൾക്ക് കഴിഞ്ഞുകൊണ്ടിരിക്കുന്നു. നിർമ്മലചിത്തമുള്ള ഏതു സാധാരണ വ്യക്തിക്കും ദൈവാശ്രയത്തിലൂടെ പരിശുദ്ധാത്മ കൃപയാൽ ലഭിക്കുന്ന ദൈവിക വരങ്ങൾ നേടാനാകും എന്ന് ഈ വിശുദ്ധ നമ്മെ പഠിപ്പിക്കുന്നു. അങ്ങനെയുള്ളവരെ മറ്റുള്ളവരുടെ വേദനയും രോഗവും കഷ്ടപ്പാടുകളും അകറ്റാൻ കഴിവുള്ള അത്ഭുത വ്യക്തികളായി  ദൈവം നിത്യമായി രൂപാന്തരപ്പെടുത്തൂമെന്ന് മോസ്കോയുടെ സംരക്ഷകയായ  ഈ വിശുദ്ധ മട്രോണ സാക്ഷിക്കുന്നു.

Varghese Daniel, Thiruvananthapuram