സൃഷ്ടിയിലെ നന്മ
അനാദിയില്‍ ദൈവം മാത്രമാണല്ലൊ ഉണ്ടായിരുന്നത്. പ്രപഞ്ചം മുഴുവനും ദൈവത്തിന്‍റെ കൈവേലയാണെന്ന് വേദവചനം പഠിപ്പിക്കുന്നു. ദൈവം എല്ലാ നന്മയുടെ സ്രോതസ്സും, അധാരവും, നിധികേന്ദ്രവുമായി മനസ്സിലാക്കപ്പെടുന്നു. സ്രുഷ്ടിച്ചതെല്ലാം നല്ലതെന്നു ദൈവം കണ്ടു എന്നാണ് ഉല്‍പത്തി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഈ ഭൌതികപ്രപഞ്ചമുൾപ്പടെ സ്രഷ്ടമായതെല്ലാം അവനില്‍നിന്നും ഉളവായതിനാല്‍ നന്മയാകാനെ തരമുള്ളൂ. . ആദിയിൽ വചനം മുഖാന്തരം ദൈവിക ഇച്ഛയില്‍നിന്നും വിവേകത്തില്‍ നിന്നും ഉളവായ സ്രുഷ്ടി നന്മയാണെന്ന് പൌരസ്ത്യ ക്രിസ്തീയ വിശ്വാസം വേദപുസ്തകാധിഷ്ഠിതമാണ്. അക്കാരണത്താൽ മുഴുവന്‍ സ്രുഷ്ടിയും ആദ്യ നന്മയുടെ സംസര്‍ഗ്ഗത്തിലൂടെ, നന്മയിലൂടെ നയിക്കപ്പെടാന്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ദൈവത്തിനു മാത്രമെ അതില്‍ത്തന്നെ നന്മയും ഉണ്മയും ഉള്ളൂ. സ്രുഷ്ടിക്ക് ആ നന്മയും ഉണ്മയും കൈവരുന്നത് അതിന്‍റെ സ്രോതസ്സായ ദൈവത്തിലുള്ള പങ്കാളിത്തത്തിലൂടെയാണ്. അതിന്‍റെ അര്‍ത്ഥം സ്രുഷ്ടിക്ക് അതില്‍ത്തന്നെ നന്മയും ഉണ്മയും ഇല്ല എന്നുതന്നെയാണ്. ദൈവിക ഉണ്മയുടെ പങ്കാളിത്തത്തിലും സംസര്‍ഗ്ഗത്തിലും സ്രുഷ്ടിയിൽ ഉണ്മയും നന്മയും നിറഞ്ഞ് പരിപാലിക്കപ്പെട്ടിരിക്കുന്നു.
മനുഷ്യ ഇച്ഛയുടെ ദുരുപയോഗം
അപ്പോള്‍ തിന്മയെക്ക്റിച്ച് നമുക്ക് എന്താണ് പറയാനുള്ളത്? തിന്മ എന്നാൽ എന്താണ്? അത് എങ്ങനെ വന്നു ചേർന്നു? എന്താണ് അതിന്റെ ഭാവി?
എല്ലാ സ്രഷ്ട വസ്തുക്കളും ആന്തരികമായി നന്മയായതിനാല്‍, തിന്മയോ പാപമോ ഒരു വസ്തുവല്ല; അതിന് അസ്തിത്വവുമില്ല, സാരാംശവുമില്ല. അത് നന്മയുടെ അഭാവം ആണ് എന്നും പറയാം. ഇരുട്ട് പ്രകാശത്തിന്‍റെ അഭാവമെന്നപോലെ.
തിന്മ ലോകത്ത് പ്രവേശിച്ചത് സ്വതന്ത്ര മനുഷ്യന്റെ ഇച്ഛയിലൂടെ(will) ആണ് എന്ന് പൌരസ്ത്യ പിതാക്കന്മാർ പഠിപ്പിക്കുന്നു. തിന്മ ഒരു സ്വഭാവം(nature) അല്ല; മറിച്ച് ഒരു അവസ്ഥയാണ്. നമ്മുടെ ഗുരുക്കന്മാർ പഠിപ്പിക്കുന്നത് നന്മയുടെ സ്വഭാവത്തിനാണ് തിന്മയുടെ ശീലത്തേക്കാൾ കരുത്തുള്ളത്. കാരണം നന്മയ്ക്ക് അസ്ഥിത്വമുണ്ട്; തിന്മയ്ക്ക് അസ്ഥിത്വമില്ലെന്ന് മാത്രമല്ല അതിന് പ്രവൃത്തിയുടെ നൈമിഷികതയിലുള്ള അസ്ഥിത്വം മാത്രമാണുള്ളത്. നിസ്സായിലെ ഗ്രിഗറിയുടെ അഭിപ്രായത്തിൽ പാപം വഞ്ചിക്കപ്പെട്ട ഇച്ഛയുടെ ഒരു രോഗം ആകുന്നു. കബളിപ്പിക്കപ്പെടുന്ന മനൂഷ്യേച്ഛ വ്യാമോഹത്തിൽ പെടുന്നു. തെറ്റിദ്ധരിക്കപ്പെട്ട്, അത് നന്മയ്ക്ക് പകരം, നന്മയുടെ വെറും നിഴലിനെ പിന്തുടരുന്നു. രോഗാതുരമായ ഇച്ഛ തിന്മയെ നന്മയായി തെറ്റിദ്ധരിക്കാൻ പ്രേരിപ്പിക്കുന്നു. നന്മ വഴിപിഴക്കുന്നതാണ് അത്.
നന്മ-തിന്മകളെക്കുറിച്ചുള്ള അറിവിന്റെ ഫലം ഭക്ഷിക്കാനിടയായത് അങ്ങനെയാണ്. തിന്മ ഒരു യാഥാർത്ഥ്യമാകുന്നത് ഇച്ഛയാൽ മാത്രമാകുന്നു; അതിനാൽ മാത്രമാണ് അത് നിലനില്ക്കുന്നതും. ഇച്ഛയാണ് തിന്മയ്ക്ക് ഒരുതരം ഉണ്മ ഉണ്ടാക്കി കൊടുക്കുന്നത്. അപ്പോള്‍ അത് ആത്യന്തികമായി മിഥ്യയും അയഥാര്‍ത്ഥവുമാകണം. അതിനാല്‍ത്തന്നെ, തിന്മക്ക് അതില്‍ത്തന്നെ ഉണ്മയില്ല. തിന്മ അല്ലെങ്കില്‍ പാപം ഇല്ലായ്മ ആണ് എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. തിന്മക്ക് പരമനന്മയായ (supreme good) ദൈവത്തോടൊപ്പം നിത്യത ഇല്ല.
തിന്മയെ നാം തിരിച്ചറിയുന്നത് അത് ഉണ്ടാക്കുന്ന വേദനയിലൂടെയും ദുരിതങ്ങളിലൂടെയും ആണ്. നിസ്സായിലെ വിശുദ്ധനായ ഗ്രീഗോറിയോസ് പറയുന്നത് സ്വതന്ത്ര ഇച്ഛയില്‍ നിന്ന് വേറിട്ട്, സ്വഭാവത്തില്‍, പാപത്തിന് നിലനില്‍പ്പില്ല; അതില്‍ത്തന്നെ അവകാശപ്പെടാവുന്ന ഒരു സാരാംശം അതിനില്ല. വിശുദ്ധനായ മാക്സിമസ് കണ്ഫസ്സറിന്‍റെ അഭിപ്രായത്തില്‍ ചെകുത്താന്‍ പോലും പ്രക്രുതത്തില്‍ തിന്മയല്ല; അവരുടെ സ്വാഭാവിക ശക്തികളെ ദുരുപയോഗം ചെയ്താണ് അവര്‍ അങ്ങനെ ആകുന്നത്. തിന്മക്ക് എല്ലായ്പ്പോഴും പരോപജീവി പ്രക്രുതമാണ് (parasitical nature). തിന്മയുടെ വാസം വസ്തുവിലല്ല; വസ്തുവിനോടുള്ള നമ്മുടെ സമീപനത്തിലാണ് – എന്നു പറഞ്ഞാല്‍ നമ്മുടെ ഇച്ഛയില്‍.
തിന്മയെ ഇല്ലായ്മ എന്നു വിളിച്ച് അതിന്‍റെ ശക്തിയും ചലനാത്മകതയും കുറച്ചു കാണേണ്ടതില്ല. കാരണം, സ്വയാ-അവബോധവും, അത്മീക ബുദ്ധിയും, വിവേചനശക്തിയുമുള്ള മനുഷ്യജാതിയുടെ സ്വതന്ത്ര ഇച്ഛയുടെ പ്രയോഗത്തലുളവാകുന്ന ശക്തിയേക്കാള്‍ വലിയത് ഈ സ്രഷ്ടിയിലില്ല. അതേ സ്വതന്ത്ര ഇച്ഛയുടെ ദുരൂപയോഗത്തിൽ നിന്നും മുളക്കുന്ന അയഥാർത്ഥമായ തിന്മ മനുഷ്യമനസ്സിൽ സ്രഷ്ടിക്കുന്ന വിഭ്രാന്തി അവനെ നശ്ശിപ്പിക്കാൻ പര്യാപ്തമാണ്. ശരിയും തെറ്റും തിരിച്ചറിയനാവാത്തവിധം മായാമോഹത്തിന്റെ ഭ്രാന്ത ലോകം സ്രഷ്ടിക്കാൻ അത്തരം സാമൂഹ്യ വിഭ്രാന്തിക്ക് ശീഘ്രം കഴിയുന്നു എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. അതുകൊണ്ട് സ്വതന്ത്ര ഇച്ഛയുടെ ദുരുപയോഗം പ്രപഞ്ചത്തില്‍ ഭയാനകമായ പരിണിതഫലം ഉണ്ടാക്കാന്‍ പോന്നതാണ്
തിന്മയുടെ തുടക്കം എവിടെനിന്ന്? എങ്ങനെ?
തിന്മ അതിന്റെ എല്ലാ ഭീകരതയോടും കൂടി നിലനിൽക്കുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുത ആണ്. ഇതാണ് നമ്മെ കൂഴക്കുന്നത്. ദൈവം നന്മ മാത്രമാണെങ്കിൽ തിന്മ എങ്ങനെ നിലനിൽക്കുന്നു? ദൈവം സർവ്വശക്തനാണെങ്കിൽ എന്തുകൊണ്ട് തിന്മ അവസാനിപ്പിക്കുന്നില്ല? സർവ്വനന്മയും സർവ്വശക്തനുമായ ദൈവത്തിന്റെ സൃഷ്ടിയിൽ തിന്മ സംഹാരതാണ്ഡവമാടുന്നത് എങ്ങനെ ന്യായീകരിക്കാനാവും?
ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണുന്നതിന് മുൻപ് ചില ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതുണ്ട്. മനുഷ്യൻ സ്വഭാവത്തിൽ ജ്ഞാനത്തിലും ദൈവസ്നേഹത്തിലും ആഭിമുഖ്യം ഉള്ളവനാണ്. അങ്ങനെയുള്ള മനുഷ്യൻ അവന്റെ ഇച്ഛയിൽ വ്യാമോഹങ്ങൾക്ക് വിധേയനായി അസ്ഥിത്വമില്ലാത്ത തിൻമയോട് താല്പ്പര്യം കാണിക്കുന്നത് എന്തുകൊണ്ടാണ്? അവനിൽ നിന്നും അന്യമായ ഏതോ ബാഹ്യ ഇച്ഛയുടെ സ്വാധീനത്തിലാകാം എന്നു ന്യായമായും വിശദീകരിക്കാവുന്നതാണ്. എന്നു പറയുമ്പോൾ ആദമിന്റെ ഇച്ഛയിലൂടെ തിന്മ ലോകത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് തന്നെ ആത്മീക ലോകത്ത് അതിന് തുടക്കമിട്ടിരുന്നു എന്ന് വേദപഠനം സൂചിപ്പിക്കുന്നു.
ദൈവവുമായി ശാശ്വത ശതൃത പുലർത്തുന്ന മാലാഖ വൃന്ദങ്ങളുടെ ഇച്ഛയിലാണ് തിന്മയ്ക്ക് ബീജാവാപം നടന്നത്. സ്വതന്ത്ര ഈച്ഛയോടെ അശരീരവ്യക്തികളായി അനാദിയായി സ്രഷ്ടിക്കപ്പെട്ടവരാണ് ദൈവദൂതന്മാർ അഥവാ മാലാഖമാർ. ഇല്ലായ്മയിൽ നിന്നാണ് അവരും സ്രഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ അവരും സ്രഷ്ടിയുടെ ഗണത്തിൽ പെടുന്നവരും ദൈവത്തിൽ നിന്നും വ്യത്യസ്തമായ പ്രകൃതമുള്ളവരുമാകുന്നു. മനസ്സും, വികാരവും, ഇച്ഛയും ഉളള അരൂപികളാണ് ഇവർ എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. എണ്ണമറ്റ ഈ ദൂത സംഘത്തിന് അധികാരശ്രേണിയുമുണ്ട്. (അപ്പോ.12:7-10, 1പത്രോസ്1:12, ലൂക്കോസ്15:10, യൂദാ 6, എബ്രായർ12:22 ഇവ കാണുക) യെഹെസ്കേൽ പുസ്തകത്തിൽ (28:14-17) ഇവരെക്കുറിച്ച് ആലങ്കാരികമായി വർണ്ണിക്കുന്നത് ശ്രദ്ധിക്കുക: “നീ ചിറകു വിടർത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധ ദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചു പോകുന്നു. നിന്നെ സ്രഷ്ടിച്ചനാൾ മുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു. നിന്റെ വ്യാപാരത്തിന്റെ പെരുപ്പം നിമിത്തം നിന്റെ അന്തർഭാഗം സാഹസംകൊണ്ടു നിറഞ്ഞു. നീ പാപം ചെയ്തു; അതുകൊണ്ട് ഞാൻ നിന്നെ അശുദ്ധൻ എന്ന് എണ്ണി ദേവപർവ്വതത്തിൽ നിന്ന് തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാൻ നിന്നെ അഗ്നിമയരഥങ്ങളുടെ മധ്യേ നിന്നു മൂടിച്ചുകളഞ്ഞു. നിന്റെ സൌന്ദര്യം നിമിത്തം നിന്റെ ഹൃദയം ഗർവിച്ചു, നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി;ഞാൻ നിന്നെ നിലത്തു തള്ളിയിട്ടു. രാജാക്കന്മാർ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുൻപിൽ ഇട്ടുകളഞ്ഞു”. “പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ട് നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏൽപ്പിച്ചു” (2 പത്രോസ് 2:4 ).
മലാഖവൃന്ദം സാത്താനായി വീണുപോയത് അവരുടെ ഗർവിന്റെ ഫലമാണെന്ന് കണ്ടു. ഗർവ്, അല്ലങ്കിൽ അഹങ്കാരം ദൈവവിധേയത്തെ നിരാകാരിച്ച് ദൈവത്തിൽ നിന്ന് സ്വതന്ത്രരാകാൻ അവരിൽ ആഗ്രഹമുളവാക്കി. സൃഷ്ടി എന്ന പദവിയുടെ പരിമിതിക്കപ്പുറത്തേക്ക് സ്വയം ഉയരാൻ അവർ ആഗ്രഹിച്ചു. തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നെങ്കിൽ മാലാഖമാരുടെ സാത്താനിലേക്കുള്ള വീഴ്ച്ച സംഭവിക്കുകയില്ലായിരുന്നു. രണ്ടു സാദ്ധ്യതകളാണ് ഈ സ്വാതന്ത്ര്യം അവർക്ക് നല്കിയത്. ഒന്ന്, അവരുടെ ഉൺമയുടെ അടിസ്ഥാനവും സ്രോതസ്സും എന്ന നിലയിൽ ദൈവത്തിന് വിധേയരായി ദൈവത്തെ അംഗീകരിക്കുക. രണ്ടാമത്തേത്, സ്വാർത്ഥതയുടെ മാർഗ്ഗം പിൻപറ്റി ദൈവത്തിൽ നിന്ന് പൂർണ സ്വതന്ത്രരാകാൻ ആ സ്വാതന്ത്ര്യം വിനിയോഗിക്കുക. രണ്ടാമത്തെ വഴി തെരെഞ്ഞെടുത്തതാണ് ഈ പ്രപഞ്ചത്തിൽ തിന്മയുടെ ഉത്ഭവത്തിന് കാരണമായത്.
ദൈവസൃഷ്ടി അല്ലാത്ത തിന്മ
അതുകൊണ്ട് തിന്മ ദൈവസൃഷ്ടി അല്ലെന്ന് വ്യക്തമാണ്. എന്തുദ്ദേശത്താലാണോ സ്രഷ്ടിക്കപ്പെട്ടത് ആ ഉദ്ദേശത്തിന് ഘടകവിരുദ്ധമായി, വഴിപിഴച്ച മാർഗത്തിൽ , സൃഷ്ടി അതിന്റെ സ്വതന്ത്ര ഇച്ഛ ദുരൂപയോഗിച്ചതിനാൽ തിന്മ സ്രഷ്ടിയിൽ ഇടം കണ്ടു. ദൈവത്തിന് വിധേയനായി, സ്നേഹത്തിലധിഷ്ഠിതമായ സംസർഗ്ഗ ബന്ധത്തിനായിരുന്നു സൃഷ്ടി അതിന്റെ സ്വതന്ത്ര ഇച്ഛ വിനിയോഗിക്കേണ്ടിയിരുന്നത്.
പരിമിതിയില്ലാത്ത സ്വാതന്ത്ര്യം ഒരു ദിവാസ്വപ്നമാണ്. ദൈവത്തിൽ നിന്ന് സ്വതന്ത്രനാകനുള്ള ആഗ്രഹം നമ്മെ വിരുദ്ധ ശക്തികളുടെ അടിമത്വത്തിലേക്കും ബന്ധനത്തിലേക്കും നയിക്കുന്നു. അത് ഇല്ലായ്മയിലേക്കും മൃത്യുവിലേക്കും വഴി നടത്തുന്നു. ദൈവവിധേയത്തിലാണ് സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നതും പ്രകാശിക്കുന്നതും. പൂർണ്ണ സ്വതന്ത്ര്യത്തോടെ തെരെഞ്ഞെടുക്കാനുള്ള സാദ്ധ്യതയിൽനിന്നാണ് ഒരു വ്യക്തിയുടെ ദൈവവുമായുള്ള സംസർഗ്ഗം പൂർണ്ണതയിലെത്തുന്നത്. ആ സ്വാതന്ത്ര്യം മനുഷ്യ ജാതിക്ക് നൽകിയിരിക്കുന്ന അവസരമാണ്. സ്രഷ്ടിയിലെ മറ്റൊന്നിനും ഈ അവസരമില്ല. അതുകൊണ്ടാണ് പട്ടിണിയും,രോഗവും,യുദ്ധവും, കൊലപാതകവും മറ്റ് തിന്മകളും ലോകത്തിൽ നിലനിൽക്കാൻ ദൈവം അനുവദിച്ചിരിക്കുന്നത്. നാം സദാ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ സ്വതന്ത്ര ഇച്ഛയുടെ പരിപാലനത്തിന്റെ വിലയാണിവയൊക്കെ. അല്ലെങ്കിൽ ദൈവം അനുവദിച്ചിരിക്കുന്ന സ്വതന്ത്ര ഇച്ഛയുടെ ദുരുപയോഗത്തിന്റെ പരിണിതഫലം. ഇവയൊക്കത്തന്നെയാണ് നിരീശ്വരവാദത്തിന് കാരണമാകുന്നതും. നമ്മുടെ പ്രവൃത്തിയുടെ പരിണിതഫലങ്ങളുടെ ഉത്തരവാദിത്വം ദൈവത്തിലാരോപിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. തിന്മ ദൈവീക പദ്ധതിയുടെ ഭാഗമേ അല്ല. അതിന് ദൈവീക ഉൺമയുമായോ സ്രഷ്ടിയുടെ ഉൺമായുമായോ ഒരു ബന്ധവുമില്ല.
ഒരിക്കലും തിരിച്ചുപോകാനാവാത്തവിധം ദൈവത്തിൽ നിന്ന് വേർപെട്ടതിനാൽ ആത്മീക മരണമാണ് വീണുപോയ ദൂതന്മാരുടെ വിധി. ദൈവത്തിൽ സാക്ഷാത്കാരം കണ്ടെത്തേണ്ടിയിരുന്ന അവർ നരകത്തിൽ സ്വയം വാസമുറപ്പിച്ചതിനാൽ അവർക്കും നിലനിൽക്കാനുള്ള സ്വാതന്ത്ര്യം നല്കിയിരിക്കുന്നു. ദൈവത്തിന്റെ സ്രഷ്ടിയെ സ്വാധീനിക്കത്തക്കവിധം പരിമിതമായ ഐഹിക അധികാരം നല്കപ്പെട്ടിരിക്കുന്നെങ്കിലും ആത്യന്തികമായി അവർ നശിച്ചുപോകേണ്ടവരാണ്.
അസ്ഥിത്വമില്ലാത്ത തിന്മ
ആത്യന്തികമായി തിന്മക്ക് അതിൽത്തന്നെ നിലനിൽപ്പ് ഇല്ല എന്ന് നാം കണ്ടു. ആ അർത്ഥത്തിലാണ് സഭാപിതാക്കന്മാർ തിന്മ യാഥാർത്ഥ്യമല്ലെന്നും അതിന് സാരാംശമോ, അസ്ഥിത്വമോ ഇല്ലെന്നും പഠിപ്പിക്കുന്നത്. വിശുദ്ധ അത്താനാസിയോസിന്റെ അഭിപ്രായത്തിൽ ദൈവം മാത്രമാണ് നിലനിൽക്കൂന്നത്; തിന്മ ഇല്ലായ്മയാണ് (non-being). ഇതിന്റെ അർത്ഥം തിന്മ വെറും മിഥ്യ ആണെന്നു പറഞ്ഞവെക്കുകയല്ല; മറിച്ച് സത്താപരമായി, ആത്യന്തികമായി ദൈവ സംസർഗ്ഗം നഷ്ടപ്പെട്ടവർ ഇല്ലായ്മയിലാണ് എന്നാണുദ്ദേശിച്ചത്. ഉൺമയുടെ വിരുദ്ധമാണ് ഇല്ലായ്മ. അതുപോലെ തന്നെ നിസ്സായിലെ ഗ്രീഗോറിയോസും പഠിപ്പിക്കുന്നത് “there is no evil other than wickedness” എന്നാണ്. ഇതിന് മുൻപ് പറഞ്ഞതുപോലെ തിന്മ വസ്തുവല്ല; ഇച്ഛയിൽ നിന്ന് സ്വതന്ത്രമായി അതിന് നിലനിൽപ്പും ഇല്ല.
വ്യക്തിത്വമുള്ള സാത്താൻ
നാം മുൻപ് കണ്ടതുപോലെ വീണുപോയ ദൂതസംഘമാണ് സാത്താനായത്. അവരിലൂടെ തിന്മ ലോകത്ത് പ്രവേശിച്ചു. ക്രിസ്തീയ വിശ്വാസമനുസരിച്ച് സാത്താന് ഒരു വ്യക്തിത്വ സവിശേഷത ഉണ്ട്. അത് നാം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. യേശുക്രിസ്തുവിനെ പ്രലോഭനത്തിൽ വീഴ്ത്താൻ എത്തിയ സാത്താനോട് അദ്ദേഹം നേരിട്ട് സംസാരിക്കുന്നതും ഭൂതത്തെ (demons) പുറത്താക്കുന്നതും നാം സുവിശേഷത്തിൽ കാണുന്നു (മത്തായി 4:1-11,മർകോസ് 1:21-28). അപ്പോസ്തോലന്മാരും അശുദ്ധാത്മാക്കളെ പുറത്താക്കുന്നതായി നാം കാണുന്നു. അതുകൊണ്ട് സാത്താൻ എന്നത് ഒരു മായയോ മിഥ്യയോ അല്ല. പത്രോസ് ശ്ലീഹാ സാത്താനെ മനുഷ്യന്റെ പ്രതിയോഗിയായി കാണുന്നു. അലറുന്ന സിംഹംപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്ന പ്രതിയോഗി. (1 പത്രോസ് 5:8). സാത്താൻ വെളിച്ചദൂതന്റ (angel of light) വേഷം ധരിച്ച് മനുഷ്യരെ തെറ്റിക്കുന്നതായി പൌലോശ്ലീഹ രേഖപ്പെടുത്തിയിരിക്കുന്നു (2 കൊരിന്ത്യർ 11:14). നിത്യ ജീവിതത്തിലെ ഇത്തരം പൈശാചിക പ്രവർത്തനങ്ങളെ യുക്തിയുടെ പേരിൽ കെട്ടുകഥകളായി അവഗണിക്കുന്നത് അപകടകരമാണ്.
തിന്മയുടെ ഉത്തരവാദികൾ
സാത്താനാണ് തിന്മയുടെ തുടക്കക്കാരനെങ്കിലും നമ്മുടെ ലോകത്ത് അത് വ്യാപിപ്പിച്ചതിന്റെ ഉത്തരവാദിത്വം മനുഷ്യർക്കാണ്. അതുകൊണ്ട് നാമെല്ലാം തിന്മയുടെ നിഷ്കളങ്ക ബലിയാട് ആണ് എന്ന് നടിക്കുന്നതിൽ അർത്ഥമില്ല. ദൈവം തന്ന തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദുരൂപയോഗിച്ച് നമ്മിൽ ചിലർ ഈ ലോകത്ത് തിന്മയുടെ അനുഷ്ഠാക്കൾ ആയി മാറിയിരിക്കുന്നു. തിന്മയെ നിരാകരിക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കാതെ നാം തിന്മയുടെ പ്രചാരകരായിരിക്കുന്നു.
ദൈവം ഒറ്റ നിമിഷംകൊണ്ട് തിന്മയെ നിർമാർജ്ജനം ചെയ്യാതെ ഈ ലോകത്തെ അങ്ങനെ നിലനിർത്തിയിരിക്കുന്നതിന് കാരണം മറ്റൊന്നുംഅല്ല. അങ്ങനെ ചെയ്താൽ പാപികളുടെ സമ്പൂർണ്ണ നാശം ആയിരിക്കും ഫലം. പാപികൾക്ക് അനുതപിക്കാനും ദൈവത്തോട് രമ്യതയിലാകാനും ഉള്ള അവസരം അപ്പോൾ ഇല്ലാതാകുന്നു. ദൈവം പാപികളുടെ നാശത്തിൽ ആഹ്ളാദം കണ്ടെത്തുന്നവൻ അല്ല. മറിച്ച് അവർ അവരുടെ തെറ്റായ മാർഗ്ഗം വിട്ട് യഥാർത്ഥ ജീവന്റെ മാർഗ്ഗത്തിലാകാൻ ക്ഷമയോടെ കാത്തുനിൽക്കുന്നവനാണ്. ദൈവം സ്നേഹമാണ് എന്നതിന്റെ തെളിവാണിത്. പാപികളുടെ സമ്പൂർണ്ണ നാശം അവന്റെ സ്നേഹത്തിന് കടകവിരുദ്ധമാണ്. പാപികളുടെ നാശം അല്ല; മറിച്ച് പാപത്തിന്റെ നാശമാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവം തന്റെ സ്നേഹം കണക്കിടാതെ പാപികളെ നശിപ്പിക്കാനൊരുമ്പെട്ടാൽ നമ്മളിൽ എത്ര പേർ അവന്റെ വിശുദ്ധിയുടെ ശോധനയിൽ വിജയികളയാകും എന്ന് ആലോചിക്കേണ്ടതാണ്.
വിതക്കാരന്റെ ഉപമ ഇത് നമുക്ക് വ്യക്തമാക്കി തരുന്നുണ്ട് (മത്തായി 13:24-43). ദൈവം നമുക്ക് അനുകൂല അവസരങ്ങൾ സദാ നൽകുന്നുണ്ട്. അവസരങ്ങൾക്കും അറുതി ഉണ്ട് എന്ന തിരിച്ചറിവാണ് പ്രധാനം. കളയെ ദൈവം വളരാൻ അനുവദിക്കുന്നത് മാനുഷ്യജാതിയോടുള്ള സ്നേഹത്തെപ്രതിയാണ്. എന്നെങ്കിലും കള ഗോതമ്പ് വിളയുന്ന ചെടിയാകും എന്ന പ്രതീക്ഷയാണ് അതിന് ആധാരം. ദൈവത്തിന്റെ കരുണയും കൃപയും ഒന്നുമാത്രമാണ് തിന്മ ചെയ്യുന്നവരേയും നില നിർത്തുന്നത്. അത് ദൈവത്തിന്റെ നീതികേടും ബലഹീനതയുമായി നാം തെറ്റിദ്ധരിക്കരുത്. തിന്മ ചെയ്യുന്നവരും അവന്റെ സന്നിധിയിലേക്ക് അനുതപിച്ച് മടങ്ങി വന്ന് അവനുമായുള്ള വ്യക്തിപരമായ ബന്ധം നിലനിർത്തണമെന്ന ഒരു പിതാവിന്റെ ഹൃദയാഭിലാഷമാണത്. തീയിലിടുന്ന കളയുടെ അനുഭവം ഒഴിവാക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
മുകളിൽ പറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നത് തിന്മയെ സംബന്ധിച്ച് ദൈവീക തീരുമാനത്തിൽ ഒരു വൈരുദ്ധ്യവും ഇല്ല എന്നു തന്നെ. ദൈവം സർവ്വശക്തനായിരിക്കുമ്പോൾ തന്നെ സമ്പൂർണ്ണ നന്മയും ആകുന്നു. തിന്മ എന്നും നിലനിൽക്കില്ല. യഥാസമയത്ത് ദൈവം അതവസാനിപ്പിക്കും എന്നു തന്നെയാണ് വെളിപ്പാട് പുസ്തകം പഠിപ്പിക്കുന്നത് (വെളിപ്പാട് 20:10). എന്നാൽ തിന്മ എന്താണെന്ന് ശരിയായി മനസ്സിലാക്കുന്നതിനും അത് നമുക്ക് ചുറ്റും വ്യാപിക്കുന്നത് അവസാനിപ്പിക്കാൻ, പാപം നമുക്ക് തടസ്സമാകുന്നു എന്നതാണ് വസ്തുത.
അപ്പോൾ തിന്മ എന്നുപറയുന്നത് ഇല്ലായ്മയിലേക്കുള്ള ഇച്ഛയുടെ ഒരു ആകർഷണീയത അല്ലാതെ മറ്റൊന്നും അല്ല. അത് ഉൺമയുടെയും സ്രഷ്ടിയുടെയും നിരാകാരണമാണ്. എല്ലാത്തിലുമുപരി അനുസരണയില്ലാത്ത ഇച്ഛ ദൈവകൃപയോടു കാണിക്കുന്ന വിദ്വേഷത്തോടുകൂടിയ വിരോധം മാത്രമാണ്. വീണുപോയ മാലാഖമാർ ഇരുട്ടിന്റെ ആത്മാക്കളാണെങ്കിലും, അവർ ദൈവത്തിന്റെ സ്രഷ്ടിയാകുന്നു. ദൈവ ഇച്ഛയോടുള്ള അവരുടെ നിഷേധം അവർ ഒരിക്കലും കണ്ടെത്താത്ത ഇല്ലായ്മയുമായുള്ള അവരുടെ പരിതാപകരമായ ബാന്ധവത്തെ സൂചിപ്പിക്കുന്നു. ഇല്ലായ്മയിലേക്കുള്ള അവരുടെ ശാശ്വത പതനത്തിന് ഒരവസാനവുമില്ല. അഗ്നിക്കിരയാകുന്ന കളയുടെ ഗതിയാകും ആത്യന്തികമായി തിന്മക്ക് സംഭവിക്കുക.
സന്മാർഗ്ഗ ജീവിതത്തിന്റെ മാനദണ്ഡങ്ങൾ
നന്മയിലേക്കുള്ള തിരിച്ചുപോക്ക്
ഇച്ഛയുടെ ദുരൂപയോഗത്തിലൂടെ മനുഷ്യൻ ചെയ്ത പാപം മൂലം വീഴ്ച സംഭവിച്ചെങ്കിലും ദൈവത്തിന്റെ പ്രതിഛായയുടെ ഘടകങ്ങളായ നന്മ ഭാഗികമായി അവന്റെ സ്വഭാവത്തിലുണ്ട്. അതിന്റെ ഫലമായി ദൈവത്തെക്കുറിച്ചുള്ള അറിവും നന്മയെക്കുറിച്ചുള്ള ധാർമ്മിക ബോധവും പൂർണ്ണമായല്ലെങ്കിലും മനുഷ്യനിലുണ്ട്. ഈ ധാർമ്മിക മനോബലം സന്മാർഗ്ഗ ശക്തിയായി വർത്തിച്ചുകൊണ്ട് ദൈവകൃപയിലൂടെ സ്വയം നിർണ്ണയിക്കുന്നതിന് അവനെ പ്രാപ്തനാക്കുന്നു. സാർവത്രികമായി മനുഷ്യനിൽ കാണുന്ന ഈ നൈതിക ബോധം ചുറ്റുമുള്ള വസ്തുതകളെയും സംഭവങ്ങളെയും ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനും അവനെ കഴിവുഉള്ളവനാക്കുന്നു. ഈ നൈതിക ബോധവും ധാർമ്മിക ശക്തിയുമാണ് മാനവവംശത്തിന്റെ മനുഷ്യത്വത്തെ നിർവചിക്കുന്നത്. മനുഷ്യന്റെ ഈ നൈതിക കാഴ്ചപ്പാടാണ് (ethical perspective) ധർമ്മാധർമ്മവിവേചനത്തിലൂടെ തെരെഞ്ഞെടുക്കാനുള്ള കഴിവ് അവന് നല്കുന്നത്. സാന്മാർഗ്ഗികമായി ദൈവസംസർഗ്ഗത്തിലൂടെ സ്വയം നിർണ്ണയിക്കാനുള്ള കഴിവാണ് മനുഷ്യന്റെ ധാർമ്മിക കരുത്തിന്റെ സുപ്രധാന വശം. അവിടെയാണ് നന്മയുടെ വിജയവും തിന്മയുടെ അസ്തമനവും.
പൌരസ്ത്യ പിതാക്കന്മാർ ‘സ്വയം നിർണ്ണയം’ (Self -determination) ‘സ്വാതന്ത്ര്യം’ (freedom) എന്നീ വാക്കുകൾ വ്യത്യസ്ത അർത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. വീഴ്ച പറ്റിയ മനുഷ്യന്റെ ‘സ്വയം നിർണയം’ ‘സ്വതന്ത്ര്യമായി’ വിശുദ്ധ പിതാക്കന്മാർ കരുതുന്നില്ല. പൂർണ്ണ സ്വാതന്ത്ര്യത്തിനായി നാം ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദൈവീകരിക്കപ്പെട്ട (divinized) മനുഷ്യൻ അവന്റെ പൂർണ പ്രതിച്ഛായ വീണ്ടെടുത്ത് ദൈവവുമായി രമ്യതയിലാവുന്ന അവസ്ഥയാണ് യഥാര്ത്ഥ സ്വാതന്ത്ര്യം. അതാണ് സൃഷ്ടിയുടെ വീണ്ടെടുക്കലും.
———————–00000———————–
Varghese Daniel Thiruvananthapuram
Moob: 9446533293