പീഡാനുഭവം: തിന്മയ്ക്കെതിരെയുള്ള പോരാട്ടം / തോമസ്‌ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത

യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ക്രൂശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയുംപരമ്പരാഗത വാര്‍ഷികാനുസ്മരണദിനങ്ങള്‍ മുമ്പിലെത്തിയിരിക്കുകയാണ്‌. ഇവ തിന്മയുടെയും മരണത്തിന്റെയും മേലുള്ള വിജയമായിട്ടാണ്‌ നാം മനസ്സിലാക്കുന്നതുംആചരിക്കുന്നതും. മതഭ്രാന്തന്മാരുംനീതിരഹിതമായ ഘടനകളും മൂലംക്രിസ്തു അനുഭവിച്ച യാതന ദുരന്തമോ ദൗര്‍ഭാഗ്യമോ ആയിട്ടല്ല നാം വിലയിരുത്തുന്നത്‌. സ്നാപകയോഹന്നാനും അപ്പോസ്തോലന്മാരും മുതല്‍ ഗാന്ധിജിയും ലൂഥര്‍കിംഗും ബോണ്‍ഹൊഫറും ആര്‍ച്ച്‌ബിഷപ്പ്‌ റൊമേറോയും വരെയുള്ളവര്‍ കൊല്ലപ്പെട്ടപ്പോള്‍ സത്യവുംനീതിയും ധര്‍മ്മവും മരിച്ചിട്ടില്ലഎന്ന സത്യമാണ്‌ വെളിപ്പെട്ടത്‌.അനീതിക്കെതിരെ നിലപാടെടുക്കുന്നവരും സത്യത്തിന്‌ സാക്ഷികളാകുന്നവരും എല്ലാക്കാലത്തുംഉണ്ടായിട്ടുണ്ട്‌ എന്നതാണിതിന്റെസൂചന. നീതിക്കു വേണ്ടിയുള്ളപോരാട്ടം യാതനയുടെതാണ്‌.അത്‌ പലപ്പോഴും ഭീകരമായകൊലപാതകത്തില്‍ വരെ ചെന്നെത്തുന്നു.ഇക്കാര്യം നാം വിസ്മരിക്കുകയാണ്‌ പതിവ്‌. യേശുവിന്റെപീഡാനുഭവം മനുഷ്യനന്മയ്ക്കുവേണ്ടിയുള്ള ദൈവീകപദ്ധതിയാണെന്നും അതുകൊണ്ട്‌ നാം യാതനയില്‍ നിന്നും ഒഴിവായി എന്നുമാണ്‌ നാമൊക്കെ ധരിച്ചുവച്ചിരിക്കുന്നത്‌. യാതനയും പീഡയും ശിക്ഷയായിട്ട്‌ കരുതുന്ന ചിന്താധാര ക്രിസ്തീയജീവിതത്തിലും വേദശാസ്ത്രത്തിലും പോലുണ്ട്‌. അതുകൊണ്ട്‌ സമ്പത്തും അധികാരവുമെല്ലാം ഈശ്വരാനുഗ്രഹമായി നാം കാണുന്നു. അല്ലലും അലച്ചിലുമില്ലാത്ത ജീവിതം വരദാനമെന്നാണ്‌ നമ്മുടെ വിചാരം. സത്യത്തില ഈ ധാരണയ്ക്ക്‌ ഒരു തിരുത്താണ്‌ ക്രിസ്തുവിന്റെ ജീവിതവും മരണവും. അതുകൊണ്ട്‌ ജീവിതത്തെസംബന്ധിച്ച്‌ അടിസ്ഥാനപരമായിനിലനിന്നുവരുന്ന സങ്കല്പം മാറ്റിയെടുക്കുന്നതാണ്‌ യേശുവിന്റെപീഡാനുഭവം.യേശുവിന്റെ കാലത്ത്‌ നിലവിലിരുന്ന മത-സാമൂഹിക നിയമങ്ങളോട്‌ അദ്ദേഹം ശക്തിയായി പ്രതികരിച്ചിരുന്നു. അദ്ദേഹം സമൂഹത്തിലെ സാമുദായികവുംധാര്‍മ്മികവും മതപരവുമായ മേഖലകളില്‍ നിലവിലിരിക്കുന്ന പാരമ്പര്യ സമവാക്യങ്ങളെ ചോദ്യം ചെയ്തത്‌ യാഥസ്ഥിതിക യഹൂദസമൂഹത്തില്‍ അസഹിഷ്ണുതസൃഷ്ടിച്ചു എന്നത്‌ തികച്ചും സ്വാഭാവികവുമായിരുന്നു. ഈ വിമര്‍ശനാത്മക സമീപനമാണ്‌ അദ്ദേഹത്തിന്‌ ശത്രുക്കളെ വര്‍ദ്ധിപ്പിച്ചതുംപീഡാനുഭവത്തിന്‌ കാരണമായതും. ക്രിസ്തു തന്റെ നിലപാട്‌വ്യക്തമാക്കുന്നത്‌ ഇങ്ങനെയാണ്‌.ലോകത്തിന്റെ ഇഷ്ടമല്ല താന്‍പ്രവര്‍ത്തിക്കുന്നത്‌, അതുകൊണ്ടാണ്‌ ലോകം തന്നെ പകയ്ക്കുന്നത്‌.“ലോകം” എന്നതുകൊണ്ട്‌യേശു അര്‍ത്ഥമാക്കുന്നത്‌ ദൈവരാജ്യമുല്യങ്ങളെയും ദൈവീകവെളിപാടുകളെയും ചെറുക്കുന്നമത-സാമൂഹൃഘടനകളെയാണ്‌.ഇവ മനുഷ്യനെ അടിമത്തത്തിലേക്ക്‌ നയിക്കുന്ന, പരിവര്‍ത്തനവിധേയമാകാത്ത പ്രസ്ഥാനങ്ങളാണ്‌ അവ. ഇവയുടെ താത്പര്യം മനുഷ്യന്റെ വിമോചനമല്ല. ഇവ നിഷ്‌കര്‍ഷിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ നിര്‍ബാധമായ നിര്‍വഹണവും നിക്ഷിപ്ത താത്പര്യങ്ങളുടെ നിറവേറ്റലുമാണ്‌. ഈ പ്രവണതയോടുള്ള യേശുവിന്റെ കരക്കശമായ നിലപാടാണ്‌ അന്നത്തെമതനേതൃത്വത്തെ പ്രകോപിപ്പിച്ചത്‌.അതുകൊണ്ട്‌ ലോകത്തോടുള്ളഅദ്ദേഹത്തിന്റെ പോരാട്ടം തന്റെജീവിതം സഹനത്തിന്റേതാക്കിമാറ്റി. ഇത്‌ തന്റെ മാത്രം വിധിയായിയേശു കാണുന്നില്ല. ഈ പോരാട്ടംതന്റെ കാലഘട്ടത്തിനുശേഷവുംതുടരുമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു.തന്റെ ശിഷ്യന്മാരുടെ ഭാവിയെക്കുറിച്ച്‌ യേശു മുന്നറിയിപ്പ്‌ നല്‍കുന്നു. “അവര്‍ എന്നെ പീഡിപ്പിച്ചെങ്കില നിങ്ങളെയും പീഡിപ്പിക്കും. കാരണം, നിങ്ങള്‍ ലോകത്തിനുള്ളവരല്ല. നിങ്ങളെ ഞാന്‍ തിരഞ്ഞെടുത്തവരാണ്‌”. അതായത്‌ ലോകവുമായുള്ള ഏറ്റുമുട്ടല്‍ യുഗാന്ത്യത്തോളം തുടരേണ്ട പ്രതിഭാസമാണ്‌. ഇതിന്റെ അനന്തരഫലം യാതനയാണ്‌. അതുകൊണ്ട്‌ ക്രിസ്തീയ ശിഷ്യത്വത്തിന്റെ അനിവാര്യമായ ബാധ്യതയാണ്‌ പീഡാനുഭവംഎന്നത്‌. യേശു വ്യക്തമായി പറയുന്നു: “ഒരുവന്‍ എന്നെ അനുഗമിക്കുന്നെങ്കില്‍ തന്റെ കുരിശെടുത്തുകൊണ്ട്‌ എന്റെ പിന്നാലെ വരട്ടെ”. മനുഷ്യത്വരഹിതമായ മത – രാഷ്ട്രീയ സാമൂഹിക ഘടനകള്‍എന്നെന്നും നിലനില്‍ക്കുമെന്നുംഅതിനെതിരെയുള്ള തികഞ്ഞജാഗ്രതയും നിരന്തര പോരാട്ടവുംക്രിസ്ത്വാനുകരണത്തിന്റെ അമ്ലപരിശോധനയും മാനദണ്ഡവുമാണെന്നും നാം മനസ്സിലാക്കണം. ഈ പോരാട്ടമാകട്ടെ സഹനവും കുരിശുമാണ്‌. ഇത്‌ ഒരുക്കുന്നസംഘര്‍ഷമാണ്‌ ക്രിസ്തീയ ജീവിതമര്‍മ്മം. യേശുവിന്റെ ജീവിതത്തിന്റെ ഉള്ളടക്കം ഇതായിരുന്നെങ്കില്‍ ഇതിന്റെ സാക്ഷികള്‍ ആകാനാണ്‌ യേശു തന്റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പായി ശിഷ്യഗണത്തോട്‌ കല്‍പിച്ചത്‌. അതുകൊണ്ട്‌ മതപ്രചരണവും മതഘടനയുടെ പരിപാലനവും അല്ല ക്രിസ്തീയ സാക്ഷ്യമെന്ന്‌ ഇനിയെങ്കിലും നാംതിരിച്ചറിഞ്ഞെങ്കില്‍ നന്നായിരുന്നു!യേശുവിനെ യഹൂദമതനേതാക്കള്‍ പീഡിപ്പിച്ചത്‌ അദ്ദേഹംഎന്തെങ്കിലും കുറ്റം ചെയ്തിട്ടല്ല.അന്ന്‌ നിലനിന്നിരുന്ന മതജീവിതത്തിന്റെ പൊള്ളത്തരവും അനുഷ്ഠാനങ്ങളുടെ കാപട്യവും തുറന്നുകാട്ടി മതഘടനയുടെ മനുഷ്യത്വപരവും വിമോചനോന്മുഖവുമാക്കാന്‍ ശ്രമിച്ചതിനാലാണ്‌. യേശുവിനെ തങ്ങളുടെ മതത്തിന്‌ ഭീഷണിയായി മതനേതാക്കള്‍ കണ്ടു. ശാബതില്‍ രോഗികളെ സൗഖ്യമാക്കിയതും കൈകഴുകാതെ ഭക്ഷണം കഴിച്ചതും യാത്രയ്ക്കിടയില വയലില്‍ നിന്ന്‌ കതിരുകള്‍ പറിച്ച്‌ ഭക്ഷിച്ചതും ദേവാലയത്തിലെ ബലിമൃഗങ്ങളെ അഴിച്ചുവിട്ട്‌ മൃഗബലിയെ ചോദ്യം ചെയ്തതുമെല്ലാം തങ്ങളുടെ മതനിയമങ്ങളോടുള്ള യേശുവിന്റെ അനാദരവായിട്ടാണ്‌ അവര്‍ കണ്ടത്‌. മതത്തിന്റെ വിമോചനസ്വഭാവം നഷ്ടപ്പെട്ട്‌ അനുഷ്ഠാനമേഖലയാകുന്നത്‌ ഒരുസ്ഥിരസാധ്യതയായതുകൊണ്ട്‌ദൈവരാജ്യത്തിന്റെ കെട്ടുപണിക്കുള്ള പ്രതിബദ്ധത മതഘടനയോടുള്ള സ്ഥിര എതിര്‍പ്പായിട്ട്‌ എന്നും വീക്ഷിക്കപ്പെടുന്ന കാര്യമാണ്‌.മതത്തിന്റെ വിശ്വാസം കഷായക്കുറിപ്പടപ്പോലെ ഒരിക്കലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന കാര്യമല്ല. വിശ്വാസത്തിന്‌ ചരിത്രത്തില്‍അതിന്റെ ചലനാത്മകത വെളിപ്പെടുത്തേണ്ടതുണ്ട്‌. അങ്ങനെയാണ്‌അത്‌ വിമോചനാത്മകമാകുന്നത്‌.നേരെമറിച്ച്‌ മതത്തിന്റെ ഈ സവിശേഷത നഷ്ടപ്പെട്ട്‌ സംഘടിത പ്രസ്ഥാനമായി മാറുമ്പോള്‍ അത്‌ പലപ്പോഴും മനുഷ്യനെ മതതീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും അതുവഴി അടിമത്തത്തിലേക്കും നയിക്കുന്ന സംഘടനയായി മാറുന്നു. കെട്ടുറപ്പും സ്ഥാപനസമ്പത്തുക്കളുമല്ല സഭയുടെസവിശേഷത. പീഡനവും കുരിശും വിമോചന ദൗത്യനിർവഹണവുമാണ് . കാരണം, അവ നിമിത്തമാണ്‌ ക്രിസ്തുസാന്നിധ്യം ലോകത്തില്‍ കാലികമാകുന്നത്‌. അവയാണ്‌ ക്രിസ്തീയ നിലനില്‍പ്പിന്റെയും ശിഷ്യത്വത്തിന്റെയും അനിവാര്യസംഭവങ്ങളായി പരിഗണണിക്കപ്പെടേണ്ട വസ്തുതകള്‍.തിന്മയുടെ ഘടനകള്‍ ശക്തിപ്പെടുന്ന സാഹചര്യങ്ങള്‍ എവിടെയുമുണ്ട്‌. ധാര്‍മ്മിക ബോധവും സുവിശേഷത്തോട്‌ പ്രതിബദ്ധതയുമുള്ളവര്‍ക്ക്‌ ഈ ഘടനകളുമായി നിരന്തരപോരാട്ടം ആവശ്യമായി വരുന്നു എന്നതും നിസ്തര്‍ക്കമാണ്‌. ഇവിടെ നിഷ്ക്രിയം ആകുന്നതും തിന്മയുമായി സന്ധിയുണ്ടാക്കുന്നതും സുവിശേഷത്തെ ഒറ്റിക്കൊടുക്കുന്നതിന്‌ തുല്യമാണ്‌. ഇടവകകളിലും സഭയിലും തിന്മയുടെവളർച്ചയും തേര്‍വാഴ്ചയും നടക്കുമ്പോള്‍ നിസംഗരാകുവാനും പിന്തുണയ്ക്കുവാനും അതിനോട്‌ പൊരുത്തപ്പെടാനുമുള്ള പ്രേരണയ്ക്ക്‌ അധികം പേരും വശംവദരാകുന്നതായിട്ടാണ്‌ കാണുന്നത്‌.ഇവര്‍ ക്രിസ്തീയസാക്ഷ്യത്തിന്റെഅടിസ്ഥാന കാഴ്ചപ്പാടാണ്‌ നിഷേധിക്കുന്നത്‌. തിന്മയോട്‌ ചെറുത്തു നില്‍ക്കാനും അതുവഴി പീഡനം സഹിക്കാനും സാധിക്കുന്നില്ലെങ്കില്‍ കഷ്ടാനുഭവ ആഴ്ചയുടെആചാരണത്തിന്‌ പ്രസക്തിയുംഅര്‍ത്ഥവും നഷ്ടപ്പെടും. ക്രിസ്തുവിന്റെ പീഡാനുഭവം ആഘോഷമാക്കി മാറ്റുന്ന ഇപ്പോഴുള്ള പതിവിന്‌ തിരുത്ത്‌ ആവശ്യമായി വന്നിരിക്കുന്നു.ലോകത്ത്‌ തിന്മയുടെ സാന്നിധ്യം ദൈവം തന്നെ അനുവദിച്ചിരിക്കുന്നതാണ്‌. ഗോതമ്പിന്റെയും കളകളുടെയും ഉപമയില്‍ കളകള്‍ നീക്കം ചെയ്യാന്‍ കൃഷിക്കാരന്‍ ശ്രമിക്കുന്നില്ല. “കളയെടുത്ത്‌,വളം നല്‍കിയാലേ വിള നന്നാവൂ”എന്ന വസ്തുത അദ്ദേഹം അംഗീകരിക്കുന്നില്ല. കള നില്‍ക്കുന്നത്‌ഗോതമ്പിന്‌ ഗുണം ചെയ്യും എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.ഗോതമ്പിന്റെ നന്മയെ പ്രതി കളകള്‍ നിലനില്‍ക്കട്ടെ എന്ന്‌ പറയുന്നതുവഴി ഒരു വിചിത്രന്യായമാണ്‌ അദ്ദേഹം ഉന്നയിക്കുന്നത്‌. നന്മയുടെ വളര്‍ച്ചയ്ക്ക്‌ തിന്മയുടെ സാന്നിധ്യം അനുപേക്ഷണീയമാണെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. തിന്മയുടെ സാന്നിധ്യത്തിലും അതിനോടുള്ള പോരാട്ടവും വഴി നന്മ വളരട്ടെ എന്നത്‌ ദൈവഹിതവുംദൈവീകപദ്ധതിയുടെ ഭാഗവുംതന്നെ. കളുകള്‍ നിലനില്‍ക്കുന്നത്‌ഗോതമ്പിന്റെ വളര്‍ച്ചയെ പ്രതിയാണത്രേ! അവ നശിക്കുന്നത്‌ ഗോതമ്പുചെടിക്ക്‌ ഹാനികരമാണ്‌. തിന്മയുടെ നാശം യുഗാന്ത്യത്തില്‍ നന്മയുടെ വീണ്ടെടുപ്പിനുശേഷം മാത്രമാണ്‌ ഉദ്ദേശിക്കുന്നത്‌. തിന്മയുമായുള്ള നിരന്തരസംഘട്ടനത്തിലാണ്‌ നന്മയ്ക്ക്‌ യഥാര്‍ത്ഥ തിരിച്ചറിവും വളര്‍ച്ചയും ഉണ്ടാകുന്നത്‌. തിന്മയെ മനസ്സിലാക്കി ചെറുത്ത്‌ കീഴടക്കി മുന്നേറണം എന്നതാണ്‌സൂചന.തിന്മയുമായുള്ള ഏറ്റുമുട്ടല്‍വിശ്വാസിയുടെ അനുഭവജ്ഞാനവും ആത്മബലവും ഉള്‍ക്കരുത്തും വര്‍ദ്ധിപ്പിക്കുന്നു. തിന്മ എന്തെന്നറിയാതെ നന്മയെ ഗ്രഹിക്കുവാന്‍ സാധിക്കുകയില്ല. തിന്മയെ ചെറുക്കുന്ന നിരന്തര ശ്രമങ്ങളിലൂടെയാണ്‌ നന്മയുടെ വികാസവും ശാക്തീകരണവും സാധിക്കുന്നത്‌. ചുറ്റുപാടുകളുമായുള്ള പ്രതി-പ്രതികരണത്തിലൂടെ വേണംമനുഷ്യന്‍ ബൗദ്ധിക-മാനസിക-ശാരീരിക തലങ്ങളില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നത്‌. അതുപോലെ തന്നെഅനീതിയോടും തിന്മയോടുമുള്ളപോരാട്ടത്തിലൂടെയാണ്‌ നന്മയുടെസൌന്ദര്യവും ആര്‍ജ്ജവവും തിളക്കമാര്‍ജ്ജിക്കുന്നത്‌.തിന്മയോടു പൊരുതുന്നത്‌തിന്മകൊണ്ടായിരിക്കരുത്‌. തിന്മമൂലമുണ്ടാകുന്ന വേദനകള്‍ക്ക്‌ പിറുപിറുപ്പുകൂടാതെ വിധേയപ്പെടുകയാണ്‌ അതുവഴി തെളിയിക്കാനുള്ള മാര്‍ഗ്ഗം. തിന്മയെ നിരാകരിക്കുന്ന സക്രിയമായ ചെറുത്തുനില്‍പ്പാണ്‌ സഹനത്തില്‍ പ്രകടമാകുന്നത്‌. ഇത്‌ പിന്മാറ്റമല്ല, നിസ്സംഗതയുമല്ല. ഇതാണ്‌ കുരിശിലെ മരണത്തില്‍ യേശു പ്രകടമാക്കിയത്‌.തിന്മയോടുള്ള ഈ പ്രതികരണംബോധപൂര്‍വ്വമായിരുന്നു; മനഃ പൂര്‍വ്വവും. തിന്മയുമായി സന്ധിക്ക്‌തുനിയുകയല്ല പീഡനങ്ങള്‍ക്ക്‌നിര്‍ഭയമായി വിധേയപ്പെട്ട്‌ അതിനെ അംഗീകരികരിക്കാതിരിക്കുകയാണ്‌ ചെയ്തത്‌. അതുകൊണ്ട്‌ക്രിസ്തുവിനെ ഓരോ കാലഘട്ടത്തിലും ലോകത്തിന്‌ വെളിപ്പെടുത്തുന്നതും, മനുഷ്യാവതാര മര്‍മ്മംവ്യാഖ്യാനിക്കുന്നതും രക്ഷ കാലികവത്കരിക്കുന്നതും ഈ സഹനമാതൃകയിലൂടെ വീണ്ടെടുപ്പ്‌പ്രകിയ യാഥാര്‍ത്ഥ്യമാക്കിയാണ്‌.എവിടെ നന്മയ്ക്കുവേണ്ടി പീഡസഹിക്കുന്നോ അവിടെയാണ്‌ക്രിസ്തുസാന്നിധ്യം വെളിപ്പെടുന്നത്‌. ഇന്ന്‌ മനുഷ്യന്‍ മതത്തിന്റെയുംമതവിശ്വാസത്തിന്റെയും പേരില്‍പോലും ഭീഷണിയും ഭീകരവാദവും ഉയര്‍ത്തുന്നു. കൊലയ്ക്കുംകൊള്ളിവയ്പ്പിനും എടുത്തുചാടുന്നു. സഭാനേതൃത്വം പോലുംചാവേര്‍പ്പട സംഘടിപ്പിക്കുകയുംരക്തപ്പുഴ ഒഴുക്കുമെന്ന്‌ നിര്‍ലജ്ജമായി പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്നു. ഇവര്‍ സ്വാര്‍ത്ഥസ്ഥാപിത താത്പര്യങ്ങള്‍ക്കായിസഭയെയും മതത്തെയും ദുരുപയോഗപ്പെടുത്തുകയാണെന്ന്‌ വിശ്വാസികള്‍ തിരിച്ചറിയുന്നില്ല. സഭഎന്തെന്നും ആത്മീയത എന്തെന്നും അറിയാത്ത ക്രിമിനലുകള്‍മതരംഗം അടക്കിവാഴു മ്പോള്‍പീഡാനുഭവദിനങ്ങളുടെ പ്രസക്തിവര്‍ദ്ധിക്കുകയാണ്‌.മതത്തിലെ അധര്‍മ്മത്തോട്‌സക്രിയമായി പ്രതികരിക്കാതിരിക്കുന്നത്‌ തിന്മയോട്‌ സമരസപ്പെടലാണ്‌; സുവിശേഷത്തെ ഒറ്റിക്കൊടുക്കലാണ്‌ ദുഷ്ടതയുടെ നിലനില്‍പ്‌. രക്ഷയുടെ കാര്യവിചാരക നടത്തിപ്പി (economy of salvation) ന്റെ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. എന്തെന്നാല്‍ തിന്മയുമായുള്ള ഏറ്റുമുട്ടലിലാണ്‌ രക്ഷസാധ്യമാകുന്നത്‌ എന്നുള്ള തിരിച്ചറിവാണ്‌ മനുഷ്യനെ പീഡാനുഭവത്തിന്‌ സന്നദ്ധനാക്കുന്നത്‌.നാം ദുഷ്ടത നിറഞ്ഞ സാമൂഹ്യ-മത-രാഷ്ട്രീയ പശ്ചാത്തലത്തിലാണ്‌ ജീവിക്കുന്നത്‌. ഇവയോടൊന്നും പ്രതികരിക്കാതെ സ്വന്തംകാര്യം നോക്കി ആചാരാനുഷ്ഠാനങ്ങള്‍ നടത്തി ഒതുങ്ങിക്കഴിഞ്ഞുകൂടാനാണ്‌ മിക്കവര്‍ക്കും താത്പര്യം. സഭയെ സംബന്ധിച്ച്‌ തിന്മയ്ക്കെതിരെയുള്ള പോരാട്ടംഅതിന്റെ പ്രവര്‍ത്തന കാര്യപരിപാടിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്‌. പലരും സംഘര്‍ഷങ്ങളില്‍ നിന്നൊഴിഞ്ഞുമാറി ജീവിക്കാനായി സ്വകാര്യതയുടെ ആത്മീകത പ്രചരിപ്പിച്ചുവരികയാണ്‌. ഇതിന്റെ ഫലമായി മതം ദൈവവും വ്യക്തിയും തമ്മിലുള്ളൂ സ്വകാര്യ വിഷയമായിത്തീരുന്നു.അപ്പോള്‍ അന്യനെ പ്രതിയുള്ളബാധ്യതയും കരുതലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടവുംഒന്നും ആവശ്യമില്ല എന്ന്‌ വരും.ഇത്തരത്തിലുള്ള സ്വകാര്യമതഅനുഭവത്തിന്റെയും അനുഷ്ഠാനആത്മീകതയുടെയും സംഘടനയല്ല ക്രിസ്തീയ കൂട്ടായ്മ. ബഹുമുഖ വിമോചനത്തിനായി നിരന്തര സംഘര്‍ഷത്തിലേര്‍പ്പെട്ട്‌ നന്മ തെളിയിക്കുന്ന രക്ഷാപ്രസ്ഥാനമാണത്‌. അതിന്റെ വഴിയാകട്ടെ ത്യാഗത്തിന്റെയും സഹനത്തിന്റെയുമാണ്‌. കുരിശിന്റേതാണ്‌. സഭാജീവിതത്തിന്റെ ഈ അടിസ്ഥാനപാഠംഉള്‍ക്കൊള്ളാന്‍ നമുക്ക്‌ സാധിക്കട്ടെ.എല്ലാവര്‍ക്കും ഉയിര്‍പ്പു പെരുന്നാളിന്റെ ആശംസകള്‍ നേരുന്നു.