ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം വളരെ ചരിത്രപ്രാധാന്യമുള്ള സംഭവമായി ലോകമാധ്യമങ്ങള്‍ എടുത്തു കാണിക്കുന്നു. ഇതിന്‍റെ രാഷ്ട്രീയമായ പ്രധാന്യംപോലെ ധാര്‍മ്മികവും സാംസ്കാരികവുമായ വിവക്ഷകളാണ് ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്ക് നല്‍കുന്നത്. വളരെ സങ്കീര്‍ണവും അപകടകരവുമായ ഒരു രാഷ്ട്രീയ-മത പശ്ചാത്തലം നിലനില്‍ക്കെയാണ് 84-കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പാ ഈ വലിയ സാഹസത്തിന് ഒരുങ്ങിയത്. ഇതേ സംബന്ധിച്ച് ധാരാളം വിചിന്തനങ്ങള്‍ ഇനിയുണ്ടാകും. ഈ അപൂര്‍വ സന്ദര്‍ശനത്തിന്‍റെ അര്‍ത്ഥവും അനന്തരഫലവും തിരിച്ചറിയാന്‍ കുറെ നാളുകള്‍ എടുക്കും. ഇങ്ങനെയൊരു സന്ദര്‍ശനത്തിന് ധൈര്യം കാണിച്ച മാര്‍പാപ്പായെയും അദ്ദേഹത്തെ സ്വീകരിക്കാന്‍ തയ്യാറായ ഇറാക്കി മത-രാഷ്ട്രീയ നേതാക്കളെയും അഭിനന്ദിക്കുന്നതില്‍ നാം പിശുക്ക് കാണിക്കേണ്ടതില്ല. 800 വര്‍ഷങ്ങള്‍ക്കു മുമ്പ് അഞ്ചാം കുരിശ് യുദ്ധത്തിന്‍റെ അവസാനം, അസ്സീസിയിലെ വി. ഫ്രാന്‍സിസ് ഈജിപ്റ്റിലെ ഭരണാധികാരി ആയിരുന്ന അല്‍ കമീല്‍ സുല്‍ത്താനുമായി നടത്തിയ ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച, ബോധപൂര്‍വ്വം ആ പേരെടുത്ത ഫ്രാന്‍സിസ് മാര്‍പാപ്പാ നമ്മെ ഇത്തരുണത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ചില എളിയ നിരീക്ഷണങ്ങള്‍ കുറിക്കട്ടെ:
1) റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ ഏതാണ്ട് 109 ഏക്കറേ ഉള്ളുവെങ്കിലും അതൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്. മാര്‍പാപ്പാ അതിന്‍റെ രാഷ്ട്രതലവനുമാണ്. ഇറ്റലിയുമായി ഉണ്ടാക്കിയിരിക്കുന്ന ചില ഉടമ്പടികള്‍ ഉണ്ട് (അത് ഇറ്റാലിയന്‍ ഗവണ്മെന്‍റുകള്‍ ബഹുമാനിക്കുന്ന കാലത്തോളം വത്തിക്കാന്‍ സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കും). അതുകൊണ്ട് മാര്‍പാപ്പാ ഏതെങ്കിലും ലോകരാഷ്ട്രം സന്ദര്‍ശിച്ചാല്‍ ഒരു രാഷ്ട്രതലവന് അനുയോജ്യമായവിധത്തില്‍ അദ്ദേഹത്തെയും സ്വീകരിക്കേണ്ടി വരും. ഈ പദവി ഉപയോഗിച്ചാണ് മാര്‍പാപ്പാമാര്‍ അധികം കത്തോലിക്കാ വിശ്വാസികള്‍ ഇല്ലാത്ത രാഷ്ട്രങ്ങളിലും ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തുന്നത്. ഇതിനെ വിമര്‍ശിക്കുന്നവര്‍ ലോക രാഷ്ട്രീയതലങ്ങളില്‍ പലരുമുണ്ട്. എന്നാല്‍ ഇവിടെ ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം വെറും രാഷ്ട്രീയ താല്‍പര്യം മാത്രമാണ് എന്ന് പറയുവാന്‍ നമുക്ക് സാധിക്കുകയില്ല. കാരണം, അദ്ദേഹത്തിന്‍റെ കഴിഞ്ഞ 8 വര്‍ഷങ്ങളിലെ വാക്കുകളും പ്രവൃത്തിയും ക്രിസ്തുവിന്‍റെ സുവിശേഷത്തിലൂന്നിയ ക്ഷമ, അനുരഞ്ജനം, സ്നേഹം എന്നിവ പ്രകടിപ്പിക്കുന്നതായിരുന്നു. സമീപകാലത്ത് നമുക്ക് അറിയാവുന്ന മിക്ക മാര്‍പാപ്പാമാരില്‍ നിന്നും വളരെ വ്യത്യസ്തനാണ് ഫ്രാന്‍സിസ്. എങ്കിലും ഈ സന്ദര്‍ശനത്തിന്‍റെ രാഷ്ട്രീയ ധ്വനികള്‍ നാം അവഗണിക്കരുത്.
2) അമേരിക്കയും പശ്ചിമ യൂറോപ്യന്‍ ശക്തികളും ചേര്‍ന്നാണ് ഇറാക്കില്‍ യുദ്ധം അഴിച്ചുവിട്ടതും വളരെയേറെ ഇറാക്കികളുടെ വീരപുരുഷനായിരുന്ന സദ്ദാം ഹുസൈനെ പട്ടിയെപ്പോലെ വേട്ടയാടിയതും. അതോടൊപ്പമുള്ള ഐഎസ് ആര്‍മിയുടെ ഭീകര താണ്ഡവവും നമ്മുടെ മനസ്സിനെ ഇന്നും മഥിക്കുന്നു. പാശ്ചാത്യ ശക്തികളുടെ ആത്മിക പ്രതീകമായി കരുതപ്പെടുന്ന റോമിലെ പാപ്പായുടെ ഈ സന്ദര്‍ശനം ഒരു കുമ്പസാരം കൂടിയാണ്. സദ്ദാം ഹുസൈന്‍ ഏത് തരക്കാരനായിരുന്നു എങ്കിലും, ഇറാക്കിലെ ജനതയ്ക്കു മുഴുവന്‍ ഒരു കരാളമായ യുദ്ധപരമ്പരയിലൂടെ നരകവേദനകള്‍ സൃഷ്ടിച്ചു എന്ന തെറ്റ് പാശ്ചാത്യര്‍ ചെയ്തു. കഴിഞ്ഞതെല്ലാം മറക്കണം, പുതിയ യുഗം ആരംഭിക്കാം എന്ന് പറഞ്ഞ ഫ്രാന്‍സിസ് പാപ്പാ വാസ്തവത്തില്‍ പാശ്ചാത്യ ശക്തികളുടെ നയങ്ങളെയും നടപടികളെയും വിമര്‍ശിക്കുകയാണ്, അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യുകയാണ് എന്നും പറയാം. എന്തെല്ലാം സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടെങ്കിലും അവയെ തകര്‍ത്തുകളഞ്ഞ് ഏത് നിമിഷവും തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുള്ള ഒരു സാഹചര്യത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ദുര്‍ബലമായ കാലുകളുമായി ഇറാക്കിന്‍റെ മണ്ണില്‍ വേച്ചുവേച്ചു നടന്നത്. ഷിയാ മുസ്ലീങ്ങളുടെ ആത്മീയ ആചാര്യനായ അയത്തുള്ളാ അലി അല്‍ സിസ്താനിയുടെ മുറിയുടെ വാതില്‍ക്കല്‍ ചെരുപ്പൂരി വച്ച് വിനയപൂര്‍വ്വം അകത്തു കയറിയത് ഒരു വലിയ പശ്ചാത്താപവും പ്രായശ്ചിത്തവുമാണ് കാണിക്കുന്നത്. നമുക്കറിയാവുന്ന ചരിത്രത്തില്‍ ഒരു വിശുദ്ധ സ്ഥലത്തും ആരുടെ മുമ്പിലും ഒരു മാര്‍പാപ്പായും തന്‍റെ രാജകീയ പാദുകങ്ങള്‍ ഊരി വയ്ക്കാറില്ല. ഒന്നാം വത്തിക്കാന്‍ സുന്നഹദോസിനു ശേഷം അന്നത്തെ മാര്‍പാപ്പായുടെ കാല്‍മുത്തി യാത്ര ചോദിച്ച ഒരു ഓറിയന്‍റല്‍ റീത്ത് പാത്രിയര്‍ക്കീസിനെ ചെരുപ്പിട്ട കാലുയര്‍ത്തി തലയില്‍ ചവിട്ടിയ ചരിത്രമേ ഉള്ളൂ. റോമന്‍ അധികാരത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ചെരുപ്പൂരി വച്ച് ഒരു മുസ്ലീം മതാധിപനെ അഭിവാദനം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പായുടെ പ്രവൃത്തി ചരിത്രപരമായി എത്ര പ്രതീകശേഷി ഉള്ളതാണ് എന്ന് പറയാനാണ് ഇത് സൂചിപ്പിച്ചത്.
3) ഇറാക്ക് എന്നു പറയുന്നത് ഒരു കൊച്ചു രാജ്യമല്ല. അതിപുരാതനമായ സുമേറിയന്‍, ബാബിലോണിയന്‍, അസീറിയന്‍, കാല്‍ഡിയന്‍, പേര്‍ഷ്യന്‍ തുടങ്ങിയ സാമ്രാജ്യങ്ങളുടെ ശക്തിയും ഗാംഭീര്യവും ഉറഞ്ഞുകൂടിയ മണ്ണാണത്. യുഫ്രട്ടീസ്, തിഗ്രീസ് എന്നീ രണ്ടു ‘നദികള്‍ക്ക് ഇടയിലുള്ള സ്ഥലം’ (അതാണ് മെസപ്പത്തോമിയ എന്ന വാക്കിന്‍റെ അര്‍ത്ഥം). ഫലഭൂയിഷ്ടമായ പ്രദേശമാണത്. ഉല്പത്തി പുസ്തകത്തിലെ പറുദീസാ എന്ന് പുരാണ സങ്കല്പം. മനുഷ്യസംസ്കാരത്തിന്‍റെ പിള്ളത്തൊട്ടില്‍ എന്ന് നരവംശ ശാസ്ത്രം. വിശ്വാസികളുടെ പിതാവായ അബ്രഹാം പുറപ്പെട്ടത് ഇറാക്കിലെ ഊര്‍ പട്ടണത്തില്‍ നിന്നാണ് എന്ന് ബൈബിള്‍ പറയുന്നു. മാര്‍പാപ്പായുടെ ഒരു പ്രധാന സന്ദര്‍ശനം ഊറിലേക്കായിരുന്നു. ഇതും ഒരു വലിയ പ്രതീകമാണ്. യഹൂദ-ക്രൈസ്തവ-ഇസ്ലാമിക മതപാരമ്പര്യങ്ങളില്‍ ഒരുപോലെ ആദരിക്കപ്പെടുന്ന പൈതൃക സ്രോതസ്സാണ് അബ്രഹാം. അതുകൊണ്ട് പാശ്ചാത്യര്‍ ഈ മൂന്നു മതങ്ങളെയും അബ്രഹാമ്യ മതങ്ങള്‍ (അയൃമവമാശര ഞലഹശഴശീിെ) എന്ന് വിശേഷിപ്പിക്കുന്നു. ചരിത്രത്തില്‍ തമ്മിലടിച്ചുകൊണ്ടിരുന്ന ഈ മൂന്ന് മതങ്ങള്‍ക്കും വിശ്വാസത്തിന്‍റെ പൊതു ഉറവിടമുണ്ട് എന്നും അത് പുതിയ ഒരു അനുരഞ്ജന പ്രക്രിയയ്ക്കും സഹവര്‍ത്തിത്വത്തിനും സഹായകമാകും എന്നു കൂടി എടുത്തുപറയാനാണ് ഫ്രാന്‍സിസ് പാപ്പാ അബ്രഹാമിന്‍റെ പൈതൃക നഗരമായ ഊറിലേക്ക് ചെന്നത് (അബ്രഹാമ്യ മതങ്ങളെന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്നതില്‍ ക്രിസ്തീയ സഭയെ ഉള്‍ക്കൊള്ളിക്കുന്നതിനോട് ഈ ലേഖകന് കാര്യമായ വിയോജിപ്പുണ്ട്. അതിന്‍റെ വേദശാസ്ത്രപരവും സാംസ്കാരികവുമായ കാരണങ്ങള്‍ വേറൊരവസരത്തില്‍ വ്യക്തമാക്കിക്കൊള്ളാം).
4) പുരാതനമായ സുറിയാനി പാരമ്പര്യത്തിന്‍റെ ഈറ്റില്ലവും വിളഭൂമിയുമായിരുന്നു ഇറാക്ക് എന്ന പേര്‍ഷ്യ. അന്ത്യോഖ്യാ ഉള്‍പ്പെടെ റോമന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ക്രിസ്തീയ സഭകളില്‍നിന്നു വ്യത്യസ്തമായി സ്വന്തമായ ഭരണവും ആരാധനാ പാരമ്പര്യവും കരുപ്പിടിപ്പിച്ച സഭയായിരുന്നു പേര്‍ഷ്യന്‍ സഭ. ഏഷ്യയില്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഒരു വിശാല ഭൂമിയില്‍, പാശ്ചാത്യ ക്രിസ്തീയ സഭകളില്‍ നിന്നു വിഭിന്നമായി വാളും തോക്കും കൊളോണിയല്‍ അധികാരവുമില്ലാതെ സുവിശേഷം പ്രചരിപ്പിച്ച ഒരു സഭയാണ്. എങ്കിലും ഇന്ന് ആ സഭ വാസ്തവത്തില്‍ ഒന്നുമല്ല. ഇസ്ലാമിനു മുമ്പുണ്ടായ ആ പുരാതന സഭയോടും സഭാനേതാക്കളോടും സദ്ദാം ഹുസൈന് മമത ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മന്ത്രിമാരിലും ഉന്നത ഉദ്യോഗസ്ഥരിലും ചിലര്‍ സുറിയാനിക്കാര്‍ ആയിരുന്നു. നെസ്തോറിയന്‍ പാരമ്പര്യത്തെ എതിര്‍ത്തിരുന്ന അന്ത്യോഖ്യന്‍ സുറിയാനി സഭയ്ക്ക് പേര്‍ഷ്യയില്‍ പ്രബലമായ ഒരു പുരാതന പ്രവാസി സമൂഹം ഉണ്ടായിരുന്നു. തിഗ്രീസ് നദിയുടെ തീരം മലങ്കരസഭയുടെ ചരിത്രവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് അറിയാം. മൂസല്‍ എന്ന മോസൂള്‍ നഗരം അന്ത്യോഖ്യന്‍ സുറിയാനിക്കാര്‍ക്ക് ഒരു കാലത്ത് ശക്തികേന്ദ്രമായിരുന്നു. അന്തരിച്ച പാത്രിയര്‍ക്കീസ് പ. സാഖാ പ്രഥമന്‍ ബാവാ അവിടെ മെത്രാനായിരുന്നു. നെസ്തോറിയന്‍ എന്ന് പിന്നീട് വിളിക്കപ്പെട്ട പേര്‍ഷ്യന്‍ സുറിയാനി സഭയുടെയും പില്‍ക്കാലത്ത് 17-ാം നൂറ്റാണ്ടു മുതല്‍ നാം ബന്ധപ്പെട്ട അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെയും ആരാധനാ പാരമ്പര്യങ്ങളുമായി മലങ്കരയിലെ പുരാതനമായ അപ്പോസ്തോലിക സഭയ്ക്ക് ഉണ്ടായ ആത്മബന്ധം നമുക്ക് വിസ്മരിക്കാനാവില്ല. ആ തരളമായ ആത്മീയബന്ധത്തെ അധികാരത്തിന്‍റെയും അവകാശത്തിന്‍റെയും അട്ടഹാസങ്ങളാക്കി മാറ്റിയപ്പോഴാണല്ലോ മലങ്കരയില്‍ ദുരന്തകാണ്ഡം അരങ്ങേറി തുടങ്ങിയത്.
2004-ല്‍ തുടങ്ങിയ ഇറാക്ക് യുദ്ധത്തിനു മുമ്പ്, പ്രബലമായ റോമന്‍ കത്തോലിക്കാ സുറിയാനി റീത്തുകള്‍ ഉള്‍പ്പെടെ 25 ലക്ഷം ക്രിസ്ത്യാനികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ഇപ്പോള്‍ അവിടെ ചെന്നപ്പോള്‍ ക്രിസ്ത്യാനികളുടെ എണ്ണം രണ്ടര ലക്ഷം തികച്ചില്ല എന്നു നാം മറക്കരുത്. ഇത് മദ്ധ്യപൗരസ്ത്യ ദേശത്ത് എല്ലാ രാജ്യങ്ങളുടെയും കഥ കൂടിയാണ്. ഇറാക്ക് യുദ്ധത്തോടുകൂടി അവിടെ ഉണ്ടായിരുന്ന അന്ത്യോഖ്യന്‍ സുറിയാനിക്കാരുടെ ചെറിയ കൂട്ടം പലായനം ചെയ്തു. കുറെയേറെപ്പേര്‍ സിറിയയിലെ ഡമാസ്ക്കസില്‍ അഭയാര്‍ത്ഥികളായി വന്നു. ഡമാസ്ക്കസിലെ തന്‍റെ ആസ്ഥാനത്തിന്‍റെ ഗൗരവമായ പരിമിതികള്‍ കണക്കിലെടുത്ത് 20 കിലോമീറ്റര്‍ അകലെ മലഞ്ചെരുവില്‍ മഅറാത്ത് സെദ്നായ എന്ന സ്ഥലത്ത് പ. സാഖാ ബാവാ തനിക്ക് ഒരു ആസ്ഥാനം പണിതിരുന്നു. ഇറാക്കില്‍ നിന്നു ജോലിയും സ്വത്തുമില്ലാതെ അഭയാര്‍ത്ഥികളായി വന്ന സഭാമക്കള്‍ക്ക് ആരാധനയില്‍ സംബന്ധിക്കുവാന്‍ ആസ്ഥാനത്തോടു ചേര്‍ന്ന് സാമാന്യം വലിയ ഒരു ചാപ്പലും ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐഎസ് ആര്‍മിയുടെ ഭീകരതകള്‍ തുടരുന്ന ആ രാജ്യത്തെ അവസ്ഥ തുലോം പരിതാപകരമാണ്.
മാര്‍പാപ്പാ ഇറാക്കില്‍ ചെന്നത് തീര്‍ച്ചയായും അവിടെ അവശേഷിക്കുന്ന രണ്ടര ലക്ഷം ക്രിസ്ത്യാനികളെയും യരുശലേം ഉള്‍പ്പെടെ മദ്ധ്യപൗരസ്ത്യ കേന്ദ്രങ്ങളില്‍ അതിവേഗം ശുഷ്ക്കിച്ചുകൊണ്ടിരിക്കുന്ന എല്ലാ ക്രിസ്ത്യാനികളെയും പരിഗണിച്ചുകൊണ്ടാവണം എന്ന് നമുക്ക് കരുതാം. ഒരുപക്ഷേ ഇനി ഒരു മാര്‍പാപ്പാ അവിടെങ്ങാനും പോകാന്‍ ഇടയായാല്‍, ക്രിസ്ത്യാനികളുടെ എണ്ണം വിരലുകളില്‍ ഒതുക്കാവുന്നതായിക്കൂടെന്നില്ല.
5) എന്തിനാണ് ഈ ചരിത്രമൊക്കെ നാം വീണ്ടും ഓര്‍ക്കുന്നത് എന്ന് വായനക്കാര്‍ ശ്രദ്ധിക്കണം. കഴിഞ്ഞ ആയിരം വര്‍ഷങ്ങളായി ആദ്യം കുരിശു യുദ്ധങ്ങളിലൂടെയും, പിന്നെ പോര്‍ച്ചുഗീസ്-സ്പാനീഷ്-ഫ്രെഞ്ച് കൊളോണിയല്‍ അധിനിവേശങ്ങളിലൂടെ ലോകമാസകലം വ്യാപിക്കുകയും, എല്ലാ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളെയും ഭിന്നിപ്പിച്ച് ഓറിയന്‍റല്‍ റീത്തുകള്‍ എന്ന പേരില്‍ അവയെ കാര്‍ന്നെടുക്കുകയും ചെയ്ത റോമിലെ പ്രാദേശിക സഭയായിരുന്ന റോമന്‍ കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷനാണ് ഇറാക്കില്‍ നഗ്നപാദനും നമ്രശിരസ്ക്കനുമായി വലിയ മനോഭാരത്തോടെ സ്നേഹം, ക്ഷമ എന്നിവയെക്കുറിച്ച് സംസാരിച്ചത്. വത്തിക്കാനിലും കത്തോലിക്കാ സഭയുടെ ഭരണസംവിധാനങ്ങളിലുമൊക്കെ ഈ പാപ്പായ്ക്ക് വിമര്‍ശകരുണ്ട്. ആര്‍ദ്രതയുടെ സാത്വിക പ്രതീകമായി അറിയപ്പെടുമ്പോള്‍ തന്നെ കത്തോലിക്കാ സഭയിലെ പല അധികാര വ്യവസ്ഥകളെയും സുവിശേഷ വിധ്വംസകങ്ങളായ പല കാനോനാകളെയും തകിടം മറിക്കുകയും അഴിമതിക്കാരായ കര്‍ദിനാളന്മാരെയും ആര്‍ച്ച്ബിഷപ്പന്മാരെയും വരച്ച വരയില്‍ നിര്‍ത്തുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആത്മാര്‍ത്ഥതയെ നമുക്ക് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഇങ്ങനെയൊരു മാതൃകയും സുവിശേഷ വെളിച്ചവും അദ്ദേഹം കാണിച്ചില്ലായിരുന്നുവെങ്കില്‍ റോമന്‍ കത്തോലിക്കാ സഭയ്ക്കും മറ്റ് പല സഭകള്‍ക്കും 21-ാം നൂറ്റാണ്ടില്‍ വിശ്വാസ്യതയുടെ (രൃലറശയശഹശ്യേ) വെല്ലുവിളി നേരിടാനാവുമായിരുന്നോ എന്ന് നമുക്ക് ചോദിക്കാവുന്നതാണ്.
കൊറോണാ വൈറസോടുകൂടി ലോകം സമ്പൂര്‍ണ്ണമായും പുതിയ ഒരു യുഗത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഇക്കാര്യം ഏറ്റവും അവസാനം മനസ്സിലാക്കുന്നത് ഒരുപക്ഷേ മതനേതാക്കളായിരിക്കും. അവര്‍ക്ക് ചുറ്റും ആനയും അമ്പാരിയും കൊട്ടും കുരവയും വെണ്‍കൊറ്റക്കുടയും സ്തുതിപാഠകവൃന്ദവും അവരുടെ കാഴ്ച മറയ്ക്കുന്നതുകൊണ്ട് ചുറ്റുപാടും നടക്കുന്നതെന്താണെന്ന് കാണാന്‍ അവര്‍ക്ക് പലര്‍ക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍, മനുഷ്യരുടെ അഹങ്കാരവും അധികാരമോഹവും കൊണ്ട് കത്തിയെരിഞ്ഞ പുരാതനമായ ഇറാക്കിലെ മണ്ണില്‍ ഷിയാ മതാദ്ധ്യക്ഷന്‍റെ മുറിയില്‍ ഒരു മണിക്കൂര്‍ എങ്കിലും നഗ്നപാദനായി നിലകൊണ്ട വിനയാന്വിതനായ റോമന്‍ സഭാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പാ കാലത്തിന്‍റെ വലിയ ഒരു അടയാളമാണ്. നാം അത് നന്നായി ശ്രദ്ധിക്കണം.