എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം


ന്യൂഡൽഹി: ∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി. ജോർജ് മുത്തൂറ്റ് (72) അന്തരിച്ചു. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം.ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ് എംഡിയും തുടർന്നു പിതാവിന്റെ മരണ ശേഷം ചെയർമാനുമായി. കമ്പനിയുടെ വളർച്ചയ്ക്കു കരുത്തായതു ജോർജിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും നയങ്ങളുമാണ്.

ഭാര്യ: സാറ ജോർജ് ( ന്യൂഡൽഹി സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ), മക്കൾ: ജോർജ് എം. ജോർജ് (എംഡി, മുത്തൂറ്റ് ഫിനാൻസ് ഹോസ്പിറ്റാലിറ്റി ഡിവിഷൻ), അലക്സാണ്ടർ എം. ജോർജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാൻസ്, ന്യൂഡൽഹി), പരേതനായ പോൾ എം.ജോർജ്, മരുമക്കൾ: തെരേസ, മെഹിക. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അനുശോചനം അറിയിച്ചു. മനോരമയുടെ ഉറ്റ സുഹൃത്തായിരുന്നു എം.ജി. ജോർജെന്ന് അദ്ദേഹം പറഞ്ഞു.

വിടവാങ്ങിയത് സാമ്പത്തികരംഗത്തെ ശക്തമായ സാന്നിധ്യം

ന്യൂഡൽഹി∙ ദക്ഷിണേന്ത്യയിൽ നിന്നു മുത്തൂറ്റ് ഗ്രൂപ്പ്, ഇന്ത്യയുടെ നാലതിരുകളിലേക്കു പടർന്നതും വളർന്നതും എം.ജി. ജോർജ് മുത്തൂറ്റ് എന്ന അതികായന്റെ തണലിലായിരുന്നു. ആദ്യം ഉത്തരേന്ത്യയിലും പിന്നീടു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും മുത്തൂറ്റിനു ശാഖകൾ സജ്ജമാക്കിയ അദ്ദേഹം യുഎസ്എ, യുഎഇ, സെൻട്രൽ അമേരിക്ക, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലേക്കും ബിസിനസ് വളർത്തി.

പത്തനംതിട്ട കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം.ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ‌ടെക്നോളജിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി.

ഹാർവഡ് ബിസിനസ് സ്കൂളിൽ നിന്ന് എക്സിക്യൂട്ടീവ് മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം, ചെറുപ്പത്തിൽ തന്നെ കുടുംബ ബിസിനസിൽ പങ്കാളിയായി. 1979 ൽ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയർമാനാകുന്നത്.

ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരിൽ 26-ാം സ്ഥാനം.

വ്യവസായ പ്രമുഖർക്കുള്ള ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ (എഐഎംഎ) അവാർഡ്, ബ്രിട്ടിഷ് പാർലമെന്റിന്റെ ഏഷ്യൻ ബിസിനസ്മാൻ ഓഫ് ദി ഇയർ തുടങ്ങിയവ നേടി.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ (ഫിക്കി) കേരള സംസ്ഥാന കൗൺസിൽ ചെയർമാനും ദേശീയ നിർവാഹക സമിതി അംഗവുമാണ്.

അഖില മലങ്കര വൈദിക സംഘം അനുശോചിച്ചു

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മുൻ അൽമായ ട്രസ്‌റ്റി ശ്രീ :എം ജി ജോർജ് മുത്തൂറ്റിന്റെ വേർപാടിൽ ,അഖില മലങ്കര വൈദിക സംഘം അനുശോചനം രേഖപെടുത്തി . അഖില മലങ്കര വൈദിക സംഘത്തിന്റെ പ്രവർത്തനങ്ങളിൽ നിർലോഭമായ സഹായസഹകരണങ്ങൾ നൽകിയിട്ടുള്ള മഹത് വ്യക്തിത്വമാണ് പരിശുദ്ധ സഭയുടെ മുൻ അൽമായ ട്രസ്റ്ററ്റി ശ്രീ എം ജി ജോർജ്ജ് മുത്തുറ്റ്റിന്റേത് .വൈദികരുടെ ചെറുതും വലുതുമായ എല്ലാ ആവശ്യങ്ങളും അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുകയും ചെയ്തത് കൃതജ്ഞതയോടെ ഓർക്കുന്നു. മൂന്നുവർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന വൈദിക സമ്മേളനം വിജയകരമാക്കാൻ അദ്ദേഹം നൽകിയ പിന്തുണ വാക്കുകൾക്ക് അതീതമാണ്. ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ജോയിച്ചായന് ആത്മാവിന് അഖില മലങ്കര വൈദിക സംഘം നിത്യശാന്തി നേരുന്നു.

ഫാ ഡോ സജി അമയിൽ (സെക്രട്ടറി ; അഖില മലങ്കര വൈദിക സംഘം)