‘സ്മൃതി പഥങ്ങളിൽ’ ബേബിച്ചായൻ

ഇന്നലെ അന്തരിച്ച ജോൺ ജേക്കബ് വള്ളക്കാലിലിനെ
ഓർക്കുമ്പോൾ

തിരുവല്ല ∙ വള്ളം ചിഹ്നത്തിൽ മത്സരിച്ച സുഹൃത്തിനെ തോൽപിച്ച് ജനപ്രതിനിധിയായ ചരിത്രമാണ് വള്ളക്കാലിയുടേത്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോൺ ജേക്കബ് വള്ളക്കാലിൽ 1961 മുതൽ 79 വരെ പഞ്ചായത്ത് അംഗമായിരുന്നു. കോൺഗ്രസിന്റെ നുകംവച്ച കാളയുടെ ചിഹ്നത്തിൽ മത്സരിച്ച ഇദ്ദേഹം തോൽപിച്ചത് സുഹൃത്തായ വള്ളപ്പുരയ്ക്കൽ തോമസിനെയും. കടപ്ര പഞ്ചായത്തിലെ പരുമല വാർഡിൽ നിന്നായിരുന്നു ജയം. ഭൂരിപക്ഷം അഞ്ഞൂറിലേറെ. 10 വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 92–ാം വയസ്സിലും ജോൺ ജേക്കബ് വള്ളക്കാലിൽ എന്ന ബേബിച്ചായൻ തളരാത്ത മനസ്സുമായി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യുഡിഎഫിനായി സജീവമായിരുന്നു.
1977ൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോൾ എതിരാളി വലിയമ്മാവനും മുൻ മന്ത്രിയുമായിരുന്ന ഇ.ജോൺ ജേക്കബായിരുന്നു.
മുൻ തിരഞ്ഞെടുപ്പിൽ ഇ.ജോൺ ജേക്കബിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്നതു ജോൺ ജേക്കബ് വള്ളക്കാലിൽ ആയിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും നീ തയാറെടുക്കണമെന്നും അമ്മാവൻ പലതവണ ഓർമിപ്പിച്ചു. ഇതിനിടെ കേരള കോൺഗ്രസ് പിളർന്നു. അമ്മാവൻ ഇ. ജോൺ ജേക്കബ് മാണി ഗ്രൂപ്പിലും ജോൺ ജേക്കബ് വള്ളക്കാലിൽ പിള്ള ഗ്രൂപ്പിലുമായി. യുഡിഎഫ് മാണി വിഭാഗത്തിനും എൽഡിഎഫ് പിള്ള വിഭാഗത്തിനും തിരുവല്ല സീറ്റ് നൽകി. ഇതോടെ ഇരുവർക്കും ഏറ്റുമുട്ടേണ്ടിവന്നു. 79ൽ ഇ.ജോൺ ജേക്കബ് മരിച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഇടതുപിന്തുണയുള്ള സ്വതന്ത്രൻ പി.സി.തോമസിനോടു പരാജയപ്പെട്ടു.
2003 സെപ്റ്റംബറിൽ കടപ്രയിൽ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ചൈതന്യയാത്രയിൽ പങ്കെടുത്താണു കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വെളിപ്പെടുത്തിയത്. കേരള കോൺഗ്രസ് (ജേക്കബ്) ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന ഒരുവിഭാഗം വള്ളക്കാലിക്കൊപ്പം കോൺഗ്രസിൽ ചേർന്നു.
ഒരുവർഷം മുൻപ് തയാറാക്കിയ ജീവചരിത്രം പ്രകാശനം ചെയ്യാൻ കഴിയാത്തതിന്റെ പ്രയാസത്തിലായിരുന്നു വള്ളക്കാലിൽ. പ്രകാശനത്തിനായി വിശിഷ്ടാതിഥികളെ ക്ഷണിച്ച് ഹാളും ബുക്ക് ചെയ്തപ്പോഴാണ് കോവിഡ് എത്തിയത്. ഇതിനാൽ ചടങ്ങു നടന്നില്ല. ‘സമൃതി പഥങ്ങളിൽ’ എന്നാണ് ജീവ ചരിത്രത്തിന്റെ പേര്.
ആന്റോ ആന്റണി എംപി, കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി, കെപിസിസി സെക്രട്ടറിമാരായ സതീഷ് കൊച്ചുപറമ്പിൽ, എൻ.ഷൈലാജ്, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവർ വസതിയിലെത്തി അദരാഞ്ജലി അർപ്പിച്ചു. ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അനുശോചിച്ചു.

ജോൺ ജേക്കബ് വള്ളക്കാലിൽ

പരുമല: കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും കെപിസിസി മുൻ അംഗവുമായ ജോൺ ജേക്കബ് വള്ളക്കാലിൽ (ബേബിച്ചൻ–92) അന്തരിച്ചു. സംസ്കാരം നാളെ 1ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 2ന് പരുമല സെമിനാരി പള്ളിയിൽ. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസിന്റെ രൂപീകരണത്തിനും പ്രചാരണത്തിനും വലിയ പങ്കു വഹിച്ചു. പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് ചെയർമാൻ, ഓവർസീസ് ഡവലപ്മെന്റ് കോർപറേഷൻ, കരകൗശല വികസന കോർപറേഷൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് എന്നിവയുടെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവല്ല നിയമസഭാമണ്ഡലത്തിൽനിന്ന് 1977ലും 79ലെ ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 20 വർഷം മുൻപ് കോൺഗ്രസിലെത്തിയ വള്ളക്കാലിൽ ഒന്നരപതിറ്റാണ്ട് കെപിസിസി അംഗമായിരുന്നു. ഭാര്യ: കുറിയന്നൂർ കട്ടയിൽ കാലായിൽ സാറാമ്മ ജോൺ. മക്കൾ: അഡ്വ. ജോർജ് വള്ളക്കാലിൽ, സഖറിയ ജോൺ, പരേതരായ മോഹൻ ജോൺ, തോമസ് ജോൺ. മരുമക്കൾ: കല്ലട മാട്ടയിൽ സാറാമ്മ, നിരണം വെങ്ങാഴിൽ ഷീല, എറണാകുളം തേവർകാട്ടിൽ വൈനി, പുത്തൻകാവ് കരുപ്പാച്ചേരിൽ ഷീജ.