കോവിഡ് മരണങ്ങളും നന്മയുള്ള ചെറുപ്പക്കാരും / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഈയിടെ ഒരു യുവവൈദികനെ പരിചയപ്പെട്ടു. സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍ പാലാ രൂപതയിലെ യുവജനപ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍ ചെറുപ്പക്കാരനായ ഫാ. സിറില്‍. കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡ് മരണങ്ങള്‍ ചുറ്റുപാടും സംഭവിച്ചു തുടങ്ങിയപ്പോള്‍ അങ്ങനെ മരിച്ചവരുടെ മൃതശരീരങ്ങള്‍ സംസ്കരിക്കുന്നത് വലിയ ചോദ്യമായി ഉയര്‍ന്നല്ലോ. ഉറ്റവരും ഉടയവരുമില്ലാതെ ഏതാണ്ട് അനാഥമായി നമ്മുടെ പ്രിയപ്പെട്ടവരുടെ ഭൗതിക ശരീരങ്ങള്‍ പുറന്തള്ളപ്പെടുന്നത് വേദനാജനകമായ സാഹചര്യത്തില്‍, അച്ചനും പ്രത്യേക പരിശീലനം ലഭിച്ച കുറെ യുവസന്നദ്ധസേവകരും ചേര്‍ന്ന് ഏറ്റവും മാന്യമായ രീതിയില്‍, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാതെയും സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചും മൃതശരീരങ്ങള്‍ സംസ്കരിക്കാനുള്ള ചുമതല ഏറ്റെടുത്തു. ഇതിനകം രണ്ടു വൈദികരുടേതടക്കം 34-ല്‍ അധികം ശവസംസ്കാരങ്ങള്‍ അവരുടെ പ്രത്യേകമായ കരുതലില്‍ നടത്തി. മതമോ ജാതിയോ ഇക്കാര്യത്തില്‍ നോക്കിയില്ല.

വീട്ടില്‍ ഏകപുത്രനായ സിറില്‍ അച്ചന്‍ കൂട്ടുകാരോടൊപ്പം നമ്മുടെ സമൂഹത്തിലെ ഏറ്റവും അടിയന്തിരമായ ആവശ്യത്തോടു പ്രതികരിക്കുന്ന കഥ കേട്ടപ്പോള്‍ വളരെ പ്രചോദനം തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്. ഭാഗ്യവശാല്‍ അച്ചന്‍റെ മേലധികാരികളും മറ്റും ഈ നല്ല യത്നത്തിന് ആവശ്യമായ പിന്തുണയും ആശീര്‍വാദവും നല്‍കുന്നുണ്ട്.
‘മരിച്ചവരെ മാന്യമായി സംസ്കരിക്കുക’ എന്നത് ക്രിസ്തീയ സഭയുടെ “മനോഗുണ” പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തി നാമൊക്കെ പഠിക്കാറുണ്ട്. എന്നാല്‍ കോവിഡ്-19 പോലെയുള്ള പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ നല്ല മനസ്സുണ്ടെന്ന് പറയുന്ന പലരും ഭയപ്പെട്ട് പിന്മാറുന്നുണ്ട്. അവിടെയാണ് ഈ യുവവൈദികന്‍റെയും കൂടെയുള്ള ചെറുപ്പക്കാരുടെയും സേവനസന്നദ്ധത മാതൃകാപരമായി തോന്നിയത്. ഇതുപോലെ, പുറത്തറിയപ്പെടാത്ത ധാരാളം മനുഷ്യസ്നേഹപരമായ നല്ല പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പല ഇടവകകളിലും പ്രസ്ഥാനങ്ങളിലും നടക്കുന്നുണ്ട് എന്നത് നമുക്ക് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കാം.

നമ്മുടെ ഇടവകകളില്‍ പ്രായംകൊണ്ടും രോഗംകൊണ്ടും ഒറ്റപ്പെട്ടും വളരെ ക്ലേശിച്ചും കഴിയുന്നവരുണ്ടല്ലോ. സാമ്പത്തികമായി പ്രയാസമില്ലാത്തവരാണെങ്കിലും, ഒറ്റപ്പെടല്‍ അസഹനീയമാണ്, പ്രത്യേകിച്ചും വൃദ്ധജനങ്ങള്‍ക്ക്. ഒരു എഴുത്ത് ഒന്ന് പോസ്റ്റ് ചെയ്യാനോ, ഒരു ബില്ലടയ്ക്കാനോ മൊബൈല്‍ ചാര്‍ജ് ചെയ്യാനോ സ്വയം സാധിക്കാത്ത വയോധികരുടെ ബുദ്ധിമുട്ടുകള്‍ നമുക്കറിയാം. ചെറുപ്പക്കാര്‍ക്ക് ഇതൊക്കെ സ്വന്തം ഫോണിലൂടെ കഴിയും. അതുകൊണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള അവരുടെ സെന്‍സിറ്റിവിറ്റി തീര്‍ത്തും ഇല്ലാതായിരിക്കുന്നു.

അതുകൊണ്ട് യുവവൈദികരുടെ നേതൃത്വത്തില്‍ ചെറുപ്പക്കാരായ യുവജനങ്ങളുടെ സന്നദ്ധസംഘങ്ങള്‍ രൂപീകരിച്ചാല്‍, ഇതുപോലെ ദുരന്തനിവാരണം, അടിയന്തിരസഹായം, വൃദ്ധജനങ്ങള്‍ക്ക് കൈത്താങ്ങല്‍ എന്നിവ നിഷ്പ്രയാസം ചെയ്തുകൊടുക്കാം. ഒരാള്‍ക്കു സൗകര്യപ്പെട്ടില്ലെങ്കില്‍ മറ്റൊരാള്‍ക്കു സാധിക്കുംവിധം ക്രമീകരിക്കാം. മാത്രമല്ല മനുഷ്യര്‍ക്കു എന്തെങ്കിലും സേവനം ചെയ്തുകൊടുക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ചെറുപ്പക്കാരുണ്ട്. അവര്‍ക്ക് അല്പം ഓറിയന്‍റേഷനും നേതൃത്വവും വൈദികരും ഇടവക ഭരണസമിതിയും കൊടുത്താല്‍ മാത്രം മതി. ഈ കലുഷമായ കോവിഡ് കാലത്തും അതിനുശേഷവും അവര്‍ക്ക് അത് ചെയ്യാന്‍ സന്തോഷം മാത്രമേ ഉണ്ടാവൂ. അവരുടെ ക്രിയാത്മകമായ ഊര്‍ജ്ജത്തെയും ആദര്‍ശപൂര്‍ണ്ണമായ സ്വപ്നങ്ങളെയും സാക്ഷാല്‍ക്കരിക്കാന്‍ ക്രിസ്തീയ സഭകള്‍ക്ക് ശേഷിയും ചുമതലയുമുണ്ട്. അതിനു പകരം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തീര്‍ത്തും നിര്‍ഭാഗ്യകരമായ വിദ്വേഷ വിഷം പടര്‍ത്താന്‍ അവര്‍ മുതിര്‍ന്നവരുടെ ആയുധമായി തീര്‍ന്നാല്‍ അത് വലിയ സാമൂഹ്യതിന്മയാണ്. വരുംതലമുറകളെയും അവരുടെ നല്ല സ്വപ്നങ്ങളെയും നന്മ ചെയ്യുവാനുള്ള ആഗ്രഹത്തെയും കോട്ടിക്കളയാന്‍ നമുക്ക് അവകാശമില്ലല്ലോ.

ഒരുദാഹരണം സൂചിപ്പിച്ചു എന്നേയുള്ളു. ഇതുപോലെ എത്രയോ മഹത്തായ കാര്യങ്ങളിലേക്ക് നമുക്ക് യുവജനങ്ങളെ നയിക്കാനാവും.