മെത്രാപ്പോലിത്തയുടെ കത്ത്
പാത്രിയർക്കീസ് കക്ഷിയിലെ ഏറ്റവും പ്രമുഖനായ വൈദികനാണ് ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ. അടുത്ത കാലത്ത് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘യാക്കോബായ സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രം’. കോർഎപ്പിസ്കോപ്പ തന്റെ സ്വന്തം വിശ്വാസസമൂഹത്തിന്റെ വർത്തമാന കാല ദുരവസ്ഥയെപ്പറ്റി നടത്തുന്ന നിരീക്ഷണങ്ങളാണ് ഈ രചനയുടെ പ്രമേയം. എന്നാൽ ഇതിന്റെ കാരണം എന്ത് എന്നതിനെപ്പറ്റി അദ്ദേഹം അന്വേഷണം നടത്തുന്നില്ല . ഇതിന് എങ്ങനെ ഒരു മാറ്റം ഉണ്ടാകണം എന്ന വ്യക്തമായ നിർദ്ദേശങ്ങളും ആ ഗ്രന്ഥത്തിൽ കാണുന്നില്ല. എന്താണ് ആ സമൂഹത്തെ ഇന്നത്തെ നിലയിൽ എത്തിച്ചു എന്നതും, ഏതു തരത്തിൽ ഒരു പരിണാമം ഉണ്ടാകണം എന്നും ഈ പുസ്തകം വായിക്കുന്നവർക്ക് ചിന്ത ഉണ്ടാകേണ്ടതാണ്. അത് സംഭവിക്കുമ്പോഴാണ് സഭാ ഐക്യത്തെപ്പറ്റി ഗൗരവമായ അന്വേഷണം ആരംഭിക്കുന്നത്. ഗ്രന്ഥകാരൻ തന്റെ സഭാ വിഭാഗത്തെപ്പറ്റി പ്രകടിപ്പിക്കുന്ന നിരീക്ഷണങ്ങളുടെ ആധികാരികതയെപ്പറ്റി ആർക്കും സംശയിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ ദൃഷ്ടിയിലും അന്വേഷണത്തിലും അറിവിലും അപഗ്രഥനത്തിലും പെട്ട കാര്യങ്ങൾ മാത്രമെ അദ്ദേഹം അവതരിപ്പിക്കുന്നുള്ളൂ. ഇവയെല്ലാം അറിയുവാനും മനസ്സിലാക്കുവാനും അവസരം നല്കുന്ന സ്ഥാനങ്ങളിൽ ഇരുന്ന് സഭാ സേവനം നടത്തിയിട്ടുള്ള വ്യക്തിയാണ് ഗ്രന്ഥകാരൻ. മാത്രമല്ല, കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുവാനുളള കഴിവും അറിവുള്ള കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുവാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ട്. തന്റെ ആത്മരോഷം ആരെയൊക്കെ പിണക്കും എന്ന് ചിന്തിക്കുന്ന വ്യക്തിയുമല്ല അദ്ദേഹം. ആയതിനാൽ കോർ എപ്പിസ്കോപ്പയുടെ സഭാ വിഭാഗത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ സത്യസന്ധവും ആധികാരികവും ആയ രേഖയായി ഗ്രന്ഥത്തെ ഞാൻ വിലയിരുത്തുന്നു. അതാണ് അതിനെ ആസ്പദമായി ഈ കത്ത് എഴുതുവാനും തുടർ ചിന്തകൾക്കും എന്നെ പ്രേരിപ്പിച്ചത്. 1985 ൽ തന്റെ വേദശാസ്ത്ര പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയതു മുതൽ അദ്ദേഹം പാത്രിയർക്കീസ് വിഭാഗത്തിന്റെ വൈദിക സെമിനാരിയുടെ പ്രധാന ചുമതലക്കാരനാണ്. അതുപോലെ ആ കക്ഷിയുടെ ആലോചന – ഭരണ- സമിതികളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. വ്യവഹാര കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി അദ്ദേഹം തന്നെ സാക്ഷിക്കുന്നു. പ്രത്യേക സാഹചര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണ്ണായകവുമായിരുന്നു. അതുകൊണ്ട് ഈ ഗ്രന്ഥത്തിലെ പ്രമേയങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആയിട്ടല്ല പ്രത്യുത തന്റെ അനുഭവ സാക്ഷ്യമായി വിലയിരുത്തേണ്ടതാണ്. ഒരു സാധാരണ സഭാംഗത്തിന്റെ അവതരണമായിരുന്നെങ്കിൽ അത് അവഗണിക്കാമായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു പ്രധാനപ്പെട്ട സഭാപ്രവർത്തകന്റെ നിരീക്ഷണങ്ങളും വിലയിരുത്തലും ആയതുകൊണ്ട് ഇത് പഠനത്തിനും ചിന്തയ്ക്കുമായി വിധേയമാക്കേണ്ടതുണ്ട്. ഈ ഗ്രന്ഥത്തോടുള്ള പ്രതികരണം എന്ന നിലയിൽ പാത്രിയർക്കീസ് കക്ഷിയിലെ ചിലർ ചേർന്ന് ‘വെളിപ്പെടാത്ത നിഗൂഢമായത് ഒന്നുമില്ല’ എന്ന പേരിൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ എഴുത്തുകാർ അത്ര ശ്രദ്ധിക്കപ്പെടുന്നവരോ അറിയപ്പെടുന്ന സഭാ പ്രവർത്തകരോ അല്ല. അത് പ്രധാനമായും ബ. കോർഎപ്പിസ്കോപ്പയെ ആക്ഷേപിക്കുന്നതിനായി എഴുതിയതാണ് എന്ന് ആർക്കും മനസ്സിലാകും. എങ്കിലും പാത്രിയർക്കീസ് കക്ഷിയിൽ ഇന്ന് നടക്കുന്ന അന്ത:ച്ഛിദ്രത്തെയും അച്ചടക്കമില്ലായ്മയെയും തന്നെയാണ് അതിലും പ്രതിപാദിക്കുന്നത്. വ്യത്യാസം, കോർ എപ്പിസ്കോപ്പ ചൂണ്ടിക്കാണിക്കുന്നവരല്ല ഇവയ്ക്ക് ഉത്തരവാദികൾ എന്നത് മാത്രം. കോർ എപ്പിസ്കോപ്പയും അദ്ദേഹം ന്യായീകരിക്കുന്ന വരുമാണത്രെ ജീർണ്ണതയ്ക്ക് കാരണം എന്നാണ് അതിലെ നിഗമനം. കാരണക്കാരായ വ്യക്തികൾ ആരായിരുന്നാലും ഇന്നത്തെ പാത്രിയർക്കീസ് കക്ഷിയുടെ അവസ്ഥയെപ്പറ്റി രണ്ട് അവതരണങ്ങളിലും സ്ഥായിയായ വ്യത്യാസം കാണുന്നില്ല. കോർ എപ്പിസ്കോപ്പയുടെ ഗ്രന്ഥത്തിൽ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. അതിൽ, ഒന്നാമത്തെ ഭാഗത്ത് മലങ്കര ഓർത്തഡോക്സ് സഭയെപ്പറ്റിയുള്ള ആക്ഷേപങ്ങളും വിമർശനങ്ങളുമാണ് പ്രമേയം. പാത്രിയർക്കീസ് പക്ഷം സാധാരണയായി ഉയർത്തുന്ന ആരോപണങ്ങൾ മാത്രമാണവ. അതിന് ഉത്തരം കോടതി വിധികളിലും ഓർത്തഡോക്സ് സഭയുടെ പ്രതികരണങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്ങളുടെ ശത്രുക്കൾ എന്ന് ഗണിക്കുന്ന ഓർത്തഡോക്സ് സഭയെപ്പറ്റി പാത്രിയർക്കീസ് വിഭാഗം നടത്തുന്ന പരാമർശങ്ങളുടെ അടിസ്ഥാനമില്ലായ്മ അറിയാത്ത വ്യക്തിയല്ല കോർഎപ്പിസ്കോപ്പ . വന്ദ്യ കോർഎപ്പിസ്കോപ്പ എഴുതിയിരിക്കുന്നത് യാക്കോബായ സഭയുടെ സമകാലിക ചരിത്രമാണ് എന്നത് ഗ്രന്ഥത്തിന്റെ ശീർഷകം തന്നെ സൂചിപ്പിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഓർത്തഡോക്സ് സഭയെപ്പറ്റി എഴുതുക എന്നതായിരുന്നില്ല. പിന്നെ എന്തിന് അദ്ദേഹം അത് എഴുതിച്ചേർത്തു എന്ന ചോദ്യം അവശേഷിക്കുന്നു. തീർച്ചയായും യാദ്യച്‌ഛികമായി അതിൽ വന്നു ചേർന്നതല്ല ; മറിച്ച് പ്രത്യേക ലക്ഷ്യത്തോടെ അത് അതിൽ എഴുതിച്ചേർത്തതാണ്. യാക്കോബായ സഭയുടെ ചരിത്രം മാത്രം അദ്ദേഹം അവതരിപ്പിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ വിഭാഗത്തിൽ നിന്ന് അദ്ദേഹത്തിനെതിരെ ശിക്ഷാ നടപടി ഉണ്ടാകും എന്ന് അദ്ദേഹം മുമ്പ് കൂട്ടി മനസ്സിലാക്കി. എന്നാൽ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ഓർത്തഡോക്സ് സഭയെ ഭള്ള് പറയാൻ ഉപയോഗപ്പെടുത്തിയാൽ ഗ്രന്ഥത്തിന് ഒരു നിഷ്പക്ഷ പ്രതിച്‌ഛായ കിട്ടും എന്ന് അദ്ദേഹം ചിന്തിച്ചു. അതുകൊണ്ട് തന്റെ സഭാവിഭാഗത്തിന്റെ ഇന്നത്തെ അവസ്ഥയെ പറ്റിയുള്ള തന്റെ വ്യഥ സഭാംഗങ്ങളുമായി അദ്ദേഹത്തിന് അതിന്റെ തീവ്രതയിൽ പങ്കിടണമായിരുന്നു. ഒപ്പം തന്നെ സഭാ ശിക്ഷയിൽ നിന്ന് രക്ഷപെടുകയും വേണം. അതുകൊണ്ട് വളരെ വിദഗ്ദമായി അദ്ദേഹം പുസ്തകത്തിന്റെ ഘടന ആസൂത്രണം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു. തനിക്ക് അപകടം പറ്റാതെ സത്യം പുറത്ത് പറയുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായി ഓർത്തഡോക്സ്കാരെ വിമർശിച്ചുവെന്ന് മാത്രം ! വന്ദ്യ കോർ എപ്പിസ്കോപ്പ അവതരിപ്പിച്ച കാര്യങ്ങൾ കേരളത്തിലെ പൊതു സമൂഹത്തിന് തീർത്തും അജ്ഞാതമല്ല. എല്ലായിടത്തും കേൾക്കുന്ന കാര്യങ്ങൾ തന്നെ. എങ്കിലും ആ കാര്യങ്ങൾ ആ വിഭാഗത്തിലെ തന്നെ ഏറ്റവും അംഗീകൃതനും കാര്യങ്ങൾ വസ്തുനിഷ്ഠമായും വ്യക്തിപരമായും മനസ്സിലാക്കുകയും ചെയ്തിട്ടുള്ള ആൾ എന്നനിലയിൽ കോർ എപ്പിസ്കോപ്പ വളച്ച് കെട്ടില്ലാതെ അവതരിപ്പിച്ചപ്പോൾ അത് ചരിത്ര രേഖയായി തീർന്നു. സത്യസന്ധമായ അദ്ദേഹത്തിന്റെ അവതരണത്തിന് ചരിത്ര വിദ്യാർത്ഥികൾ എന്നും കടപ്പെട്ടിരിക്കുന്നു. യാക്കോബായ സഭാ വിഭാഗത്തെക്കുറിച്ച് വന്ദ്യ കോർ എപ്പിസ്കോപ്പയുടെ നിരീക്ഷണങ്ങൾ സംക്ഷിപ്തമായി താഴെ കൊടുക്കുന്നു.1. ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത യാക്കോബായ സഭയിലെ സ്ഥിരമായ ആഭ്യന്തര കലഹവും അരാജകത്വവുമാണ്. അച്ചന്റെ തന്നെ വാക്കുകൾ ശ്രദ്ധിക്കുക:എപ്പോഴെല്ലാം യാക്കോബായ സഭയ്ക്ക് വിജയവും സ്വാതന്ത്ര്യവും കിട്ടിയോ അന്നെല്ലാം ആഭ്യന്തര കലഹവും തൊഴുത്തിൽ കുത്തും പാരവയ്പുമാണ് നടന്നിട്ടുള്ളത്(പേജ്. 44 ). ഈ വസ്തുത സ്ഥാപിക്കുന്നതിനായുള്ള അച്ചന്റെ ചരിത്ര നിരീക്ഷണവും തീക്ഷ്ണമായ യാഥാർത്‌ഥ്യ ബോധവും തുടർ ഭാഗങ്ങളിൽ വ്യക്തമാകുന്നുണ്ട്.2: യാക്കോബായ വിഭാഗ നേതൃത്വത്തിന് നിയമത്തോടും നിയമ വ്യവസ്ഥിതിയോടുമുള്ള നിഷേധാത്മക നിലപാടാണ് മറ്റൊരു പരാമർശ വിഷയം. ഗ്രന്ഥകാരന്റെ വാക്കുകൾ :ഭരണഘടന ഉണ്ടാക്കുവാനുള്ള ഓരോ ശ്രമവും തകർക്കപ്പെടുകയായിരുന്നു. മുകളിൽ പറഞ്ഞ മെത്രാപ്പോലീത്ത (മാർ ദിവന്നാസിയോസ് ) യും അദ്ദേഹത്തിന്റെ ഗുണ്ടാ സംഘവും ചേർന്ന് ഉണ്ടായ സകല ഭരണഘടന (നക്കലുകളും) കളും തള്ളി. സഭയ്ക്ക് ഒരു ഭരണഘടന എന്ന സ്വപ്നം എന്നേയ്ക്കുമായി അവസാനിപ്പിച്ചു (പേജ് 45). ഇത് എന്തുകൊണ്ടാണ് എന്നതിന് അദ്ദേഹം മറുപടി പറയുന്നു: ‘ നാം ഒരു നിയമവും അനുസരിക്കുകയില്ല. ഒരച്ചടക്കവും പാലിക്കില്ല.. ഇത് യാക്കോബായ സഭയുടെ മുഖമുദ്രയാണ്. നേതൃത്വത്തിൽ ഇരിക്കുന്നവരാണ് ഏറ്റവും അധികം നിയമം ലംഘിക്കുന്നത്’ ( പേജ് 42) . യാക്കോബായ സഭ നിയമ വാഴ്ച പ്രതിരോധിക്കുന്ന വിധ്വംസക സമൂഹമെന്നാണ് ഗ്രന്ഥകാരൻ വിലയിരുത്തുന്നത്. 3 . റൗഡിസത്തിന് നേതൃത്വം നൽകുന്നവരും റൗഡികളുമായ സഭാ പ്രവർത്തകരാണ് സഭാ ഭരണം നടത്തുന്നത്. റൗഡികളെക്കൊണ്ട് വ്യത്യസ്ത അഭിപ്രായങ്ങളെയും വിയോജിപ്പുള്ള സഭാ പ്രവർത്തകരെയും നേതാക്കന്മാർ നിശബ്ദരാക്കുന്നു. ഗ്രന്ഥകാരന്റെ വാക്കുകൾ: ‘( കാലം ചെയ്ത ) ശ്രേഷ്ഠ ബാവായെ തറ പറ്റിച്ച് ഇല്ലായ്മ ചെയ്യുന്നതിനായി ആ മെത്രാച്ചന്റെ നേതൃത്വത്തിൽ ഗുണ്ടാ സംഘം രൂപപ്പെട്ടു. അദ്ദേഹത്തെ പീഡിപ്പിക്കുകയും നിഷ്ക്രിയനാക്കുകയും ചെയ്തു'(പേജ് 44 ).ഇവിടെ ഗുണ്ടാസംഘത്തെ ഉപയോഗപ്പെടുത്തുക മാത്രമല്ല , അത് രൂപീകരിച്ച് നേത്യത്വം നൽകുക കൂടിയാണ് ഒരു പ്രമുഖ മെത്രാപ്പോലീത്ത ചെയ്തു വന്നിരുന്നത്. ആരാണിത് ? മാർ ദിവന്നാസിയോസ് അഥവാ ഇന്നത്തെ യാക്കോബായ സഭയുടെ അദ്ധ്യക്ഷൻ ശ്രേഷ്ഠ ബാവ തന്നെ ! തന്റെ സഭാ തലവനെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ സാക്ഷ്യപത്രം. ഭരണഘടനാ സൃഷ്ടി തടയുന്നതും വിയോജിപ്പുള്ളവരെ കായികമായി കൈകാര്യം ചെയ്യുന്നതും സഭാ നേതാക്കന്മാരെ പാത്രിയർക്കീസ് ബാവയെ സ്വാധീനിച്ച് മുടക്കിക്കുന്നതും എല്ലാം ഇവർ തന്നെ. ഗ്രന്ഥകാരന്റെ വാക്കുകളിൽ : ‘ പാത്രിയർക്കീസ് ബാവായെക്കൊണ്ട് കാലം ചെയ്ത ശ്രേഷ്ഠ ബാവാക്കെതിരെ വജ്രായുധമായ മുടക്ക് കല്പന വരെ എഴുതിക്കുവാൻ മെത്രാച്ചനും ഗുണ്ടാസംഘത്തിനും കഴിഞ്ഞു'(പേജ് 45).4 . അടുത്ത വിഷയം ആ വിഭാഗത്തിൽ നടക്കുന്ന അഴിമതിയുടെ വ്യാപനമാണ്.പെന്തക്കൊസ്ത് പാരമ്പര്യമുള്ള ബിലീവേഴ്സ് സഭാദ്ധ്യക്ഷനിൽ നിന്ന് 5 കോടി രൂപ വാങ്ങി വി.തൈലം(മൂറോൻ ) വില്പനച്ചരക്കാക്കി . 2002 – 2017 കാലഘട്ടത്തിൽ മെത്രാന്മാരായി വാഴിക്കപ്പെട്ടവരിൽ നിന്ന് 50 ലക്ഷം മുതൽ 1.25 കോടി രൂപ വരെ കോഴവാങ്ങി മേല്പട്ട സ്ഥാനം ക്രയ വസ്തുവാക്കി. മാർക്കറ്റ് മൂല്യം അനുസരിച്ച് 2 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലയ്ക്ക് സഭാ ബഹുമതികൾ വിതരണം ചെയ്തു വന്നിരുന്നു. സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും വാർഷിക കണക്കുകൾ 18 വർഷമായിട്ട് അവതരിപ്പിക്കപ്പെടുന്നില്ല ( അനുബന്ധം ) . ഇവയൊക്കെ പറഞ്ഞു കേട്ടിരുന്നുവെങ്കിലും ബ. അച്ചനാണ് ഇവ ആധികാരിക വസ്തുതകളെന്ന് സാക്ഷ്യപ്പെടുത്തിയത്.5. സഭയുടെ എപ്പിസ്കോപ്പൽ നേതൃത്വം അങ്ങേയറ്റം വഷളായി എന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥകാരന്റെ വാക്കുകൾ : ‘യാക്കോബായ സഭയുടെ നേതൃത്വം അങ്ങേയറ്റം ഭയാനകമായിത്തീർന്നിരിക്കുന്നു. അഹങ്കാരത്തിന്റെയും അധികാരഭ്രമത്തിന്റെയും സ്ഥാനമോഹത്തിന്റെയും ആഢംബര ത്യഷ്ണയുടെയും കാളകൂട വിഷം അമൃതം പോലെ കുടിച്ച് മദിക്കുകയാണ് ‘ (പേജ് 53 ). ഈ അവസ്ഥയ്ക്ക് മാറ്റ സാധ്യതയുമില്ല എന്ന നിഗമനത്തിൽ ഗ്രന്ഥകാരൻ എത്തുന്നു : ‘കഴിഞ്ഞ 18 വർഷമായി ഈ പൈശാചിക പാരമ്പര്യം യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ വളരെ ആഴത്തിൽ വേരോടിക്കഴിഞ്ഞു. ഈ പൈശാചിക പാരമ്പര്യത്തിൽ നിന്നും ഈ സഭയെ വീണ്ടെടുക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല. ഇത് സത്യം’.സഭയെ സ്നേഹിച്ച് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ കോർ എപ്പിസ്കോപ്പ ഈ വിഷയങ്ങൾ എണ്ണി എണ്ണി അവതരിപ്പിക്കുന്നത് താൻ ജീവനു തുല്യം സ്നേഹിക്കുന്ന സഭയെ മുറിവേല്പിക്കാനോ വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ അല്ല പ്രത്യുത തന്റെ ആത്മവ്യഥ പങ്കിടുവാൻ മാത്രമാണ് എന്ന് അദ്ദേഹത്തെ അറിയാവുന്ന വർ സംശയിക്കില്ല. ഞാൻ ഈ ഗ്രന്ഥത്തെ വിശകലനം ചെയ്യുന്നത് പാത്രിയർക്കീസ് പക്ഷത്തെ ആക്ഷേപിക്കാനല്ല. ഒരു സമയത്ത് അതിന്റെ ഭാഗമായിരുന്ന എനിക്ക് അതിന് സാധിക്കുകയില്ല. ബ. അച്ചന്റെ വ്യഥ ഞാൻ ഉൾക്കൊള്ളുക തന്നെയാണ്. വിഷയങ്ങൾ ശരിയായി മനസ്സിലാക്കുവാൻ പാത്രിയർക്കീസ് പക്ഷത്തെ സഹോദരൻമാരെ പ്രാപ്തരാക്കി ഈ ദുരവസ്ഥയിൽ നിന്നും അവരെ മോചിപ്പിച്ച് സഭാ ഐക്യത്തിന് ഒരുക്കേണ്ടത് എന്റെയും കടമയാണ് എന്ന് ഞാൻ ചിന്തിക്കുന്നതു കൊണ്ടാണ് ഇതിന്റെ കാരണങ്ങളും പരിഹാരവും അന്വേഷിക്കുന്നത്. മലങ്കര സഭയിലെ ഭിന്നിപ്പിന് ശേഷം ഓർത്തഡോക്സ് സഭയ്ക്ക് കുറവുകൾ ഏറെ ഉണ്ടാകാമെങ്കിലും ഇത്രമാത്രം തകർച്ച ഉണ്ടായിട്ടില്ല. പൗരോഹിത്യ ശ്രേണിയിൽ ഒറ്റപ്പെട്ട ചിലർക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും സഭാ ജീവിതം പാത്രിയർക്കീസ് പക്ഷത്തോളം ഗുരുതരാവസ്ഥയിൽ എത്തി എന്ന് പറയാനാവില്ല. ഒരേ സഭയുടെ ഭാഗമായിരുന്നിട്ടും പാത്രിയർക്കീസ് കക്ഷി ഇത്ര പരിതാപകരമായ രീതിയിൽ അധ:പതിച്ച് പോയത് എങ്ങനെ എന്ന സമസ്യയ്ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഗ്രന്‌ഥ നിരൂപണം. കോർ എപ്പിസ്കോപ്പ എണ്ണമിട്ട് പറയുന്ന കുഴപ്പങ്ങൾ സാന്ദർഭികമോ , താത്ക്കാലികമോ ആയി വന്ന് ഭവിച്ച കാര്യങ്ങളല്ല. ഇത് ഒരു സമൂഹത്തിന്റെ വീണ്ടെടുപ്പ് സാധ്യതയില്ലാത്ത ജീർണ്ണതയുടെ ലക്ഷണങ്ങൾ ആണ്. ഈ അവസ്ഥയുടെ കാരണങ്ങളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും അതിൽ നിന്നുള്ള മോചന സാധ്യതകളുമാണ് അന്വേഷണ വിധേയമാക്കേണ്ടത്. വളർച്ചയും സാക്ഷ്യവുമുള്ള ഒരു സഭാ സമൂഹത്തിന് ചില അനുപേക്ഷണീയ ഘടകങ്ങൾ ആവശ്യമാണ്. അതിൽ ഒന്നാണ് വ്യവസ്ഥാപിതമായ ഒരു ഭരണ സംവിധാന( administrative system ) ത്തിനുള്ളിൽ പ്രവർത്തിക്കുക എന്നത്. എന്നാൽ സിസ്റ്റത്തിന്റെ ലക്ഷ്യം വ്യക്തമാക്കേണ്ടതുണ്ട്. അത് വഴക്കമില്ലാത്ത അധികാര കേന്ദ്രവും നിർവ്വികാരമായ അധികാര ഘടനയുമായി തെറ്റിദ്ധരിച്ചു കൂടാ. സഭയുടെ ശുശ്രൂഷകൾ നിർവിഘ്നമായും സ്വതന്ത്രമായും നിർവ്വഹിക്കുന്നതിനും സുവിശേഷത്തിന്റെ വെളിച്ചവും സൗരഭ്യവും വ്യാപരിക്കുന്നതിനും പരിശുദ്ധാത്മാവിന്റെ വ്യാപാരവും നിറവും ആത്മാവിലുള്ള പുതുക്കവും വിശ്വാസികളിൽ ലഭ്യമാക്കി ക്രിസ്തു ബന്ധത്തിലുള്ള വളർച്ചയ്ക്കും രക്ഷാനുഭവത്തിനും വിശ്വാസികളെ സാധ്യമാക്കി വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മ യാഥാർത്ഥ്യമാക്കുന്നതിനും വേണ്ടിയുള്ള ക്രമീകരണമായി അതിനെ മനസ്സിലാക്കണം. എന്നാൽ സംവിധാനത്തിനുള്ളിൽ അധികാര കേന്ദ്രീകരണവും ഘടനയുടെ കാർക്കശ്യവും ശക്തമാകാതെ നിരന്തര ജാഗ്രത പുലരുകയും വേണം. ആദിമ കാലം മുതൽ സഭകൾ ഇത്തരത്തിൽ ഒരു സംവിധാനത്തിലാണ് പ്രവർത്തിച്ച് വന്നിരുന്നത്. അതിനുള്ള സാഹചര്യം മലങ്കര സഭയിൽ ആദ്യം മുതൽ സൃഷ്ടിക്കപ്പെട്ടില്ല. കൂനൻ കുരിശിനു ശേഷം ആദ്യമായി ഒരു നാട്ടു മെത്രാൻ ഉണ്ടാകുന്നതുവരെ വിദേശത്ത് നിന്ന് വല്ലപ്പോഴും ഇവിടെ എത്തിയിരുന്ന മേല്പട്ടക്കാരായിരുന്നു ഈ സഭയുടെ വൈദിക – ആത്‌മീക ആവശ്യങ്ങൾ നിർവ്വഹിച്ച് വന്നിരുന്നത്. ഇവിടെയുള്ളവർക്ക് തന്നെ അതിന് ചുമതല നൽകാൻ പുറത്തുള്ള സഭാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നില്ല. അനിവാര്യമായ സാഹചര്യത്തിൽ വൈദികർ ചേർന്ന് ഒന്നാം മർത്തോമയെ ആരുടെയും അനുവാദം കൂടാതെ വാഴിച്ചതോടെയാണ് നാട്ടുകാരന് മെത്രാനാകാനുള്ള അവസരം നിലവിൽ വന്നത്. എങ്കിലും അദ്ദേഹത്തിന്റെ സ്വതന്ത്ര പിന്തുടർച്ച നിലനിർത്തുവാനുള്ള ക്രമീകരണങ്ങൾ മധ്യപൂർവ്വ ദേശത്തെ സഭാ കേന്ദ്രങ്ങൾ നല്കിയില്ല. സ്വാതന്ത്ര്യമില്ലാത്ത സഭാ നേതൃത്വത്തിന് വ്യവസ്ഥാപിത ഭരണ – വൈദിക സംവിധാനം(administrative and ecclesiastical system) സൃഷ്ടിക്കുവാനാകുമായിരുന്നില്ല. കോടതി വിധിയിലൂടെ നിയമാനുസൃതമായി ലഭിച്ച സഭാധികാരങ്ങൾ നിർവ്വഹിക്കുന്ന സഭാ നേതൃത്വം ഉണ്ടായത് റോയൽ കോടതി വിധിയോടെ ആയിരുന്നു. പ.അബ്ദുള്ള പാത്രിയർക്കീസ് ബാവാ ആ സിസ്റ്റം തന്റെ അധികാര പ്രയോഗത്തിന് ഭീഷണിയായിക്കണ്ട് മലങ്കര മെത്രാപ്പോലീത്തയെ മുടക്കി അധികാരമില്ലാത്ത സമാന്തര സംവിധാനം സൃഷ്ടിക്കുകയായിരുന്നു. അതായത്, ഫലപ്രദവും പ്രവർത്തന സ്വാതന്ത്ര്യവുമുള്ള ഒരു വ്യവസ്ഥാപിത സംവിധാനത്തിന് നിയമപരമായ അംഗീകാരം കിട്ടിയപ്പോൾ അത് മലങ്കരയിൽ തന്റെ ഇടപെടൽ സാധ്യതയ്ക്ക് തടസ്സമാകുമെന്ന് ചിന്തിച്ച് അതിനെ തകർക്കുവാനാണ് പാത്രിയർക്കീസ് ബാവ ഉദ്യമിച്ചത്. മലങ്കരയിൽ കാര്യക്ഷമവും സ്വതന്ത്രവുമായ ഒരു സംവിധാനം രൂപപ്പെടുവാൻ അന്ത്യോഖ്യ പാത്രിയർക്കേറ്റ് അനുവദിക്കാതിരുന്നതിന്റെ ഭവിഷ്യത്താണ് ഇന്നത്തെ പാത്രിയർക്കീസ് കക്ഷിയിലെ ദുരവസ്ഥയ്ക്ക് കാരണം. 1912 ൽ ഇവിടെ കാതോലിക്കേറ്റ് സ്ഥാപിതമായി. മേല്പട്ടക്കാരെ വാഴിക്കുവാനും വി. തൈലം സൃഷ്ടിക്കുവാനുമുള്ള സ്വാതന്ത്ര്യം അതോടെ ഈ സഭയ്ക്ക് ലഭ്യമായി. കാതോലിക്കേറ്റ് സൃഷ്ടിച്ചതിന് കാനോനികമായ എന്തെങ്കിലും ന്യൂനത ഉണ്ട് എന്നായിരുന്നു പരാതിയെങ്കിൽ അതില്ലാത്ത കാതോലിക്കറ്റ് സ്ഥാപിക്കുന്നതിനായിരുന്നു പാത്രിയർക്കീസ് തയ്യാറാകേണ്ടിയിരുന്നത്. എന്നാൽ തിരിച്ചാണ് സംഭവിച്ചത്. അധികാരം ഇല്ലാത്ത ഒരു മലങ്കര മെത്രാപ്പോലീത്തയെ ഇവിടെ നിയോഗിച്ച് നിലവിൽ വന്ന സ്വതന്ത്ര കാതോലിക്കേറ്റ് അനധികൃതമാണ് എന്ന് സ്ഥാപിക്കുവാനുള്ള ശ്രമമാണ് അന്നുമുതൽ നടന്നു വന്നിരുന്നത്. അതുകൊണ്ട് കാതോലിക്കേറ്റ് മേല്പട്ടക്കാരെ വാഴിച്ചതും മൂറോൻ കൂദാശ ചെയ്തതുമെല്ലാം അസാധു വാണെന്ന് ബോധ്യപ്പെടുത്തുവാനായിരുന്നു പാത്രിയർക്കീസിന്റെ ശ്രമം. രൂപീകൃതമായ സ്വതന്ത്ര സംവിധാനത്തെ ദുർബലപ്പെടുത്തുവാനും അധികാരമില്ലാത്ത മലങ്കര മെത്രാപ്പോലീത്തയെ ഇടനില നിർത്തി തടസ്സമില്ലാതെ ഇവിടെ ഭരണം കയ്യാളുവാനുമാണ് പാത്രിയർക്കേറ്റ് ശ്രമിച്ചത്. അതുകൊണ്ട് 1912 മുതൽ തന്നെ പാത്രിയർക്കീസ് കക്ഷിയിൽ ഐക്യവും സ്വരുമയും ഉണ്ടായിരുന്നതായി കാണുന്നില്ല. സ്വതന്ത്രവും നിയമാനുസൃതവുമായ സംവിധാനം നിലനില്ക്കുന്നിടത്താണ് നിയമ വിധേയത്വവും അച്ചടക്കവും പുലരുകയും അരാജകത്വവും അഴിമതിയും നിയന്ത്രിക്കപ്പെടുകയും ഉള്ളൂ . പാത്രിയർക്കേറ്റിന് യഥേഷ്ടം ഇവിടെ ഇടപെടുവാനും അധികാരം പ്രയോഗിക്കുന്നതിനും ഉള്ള സാധ്യതയ്ക്ക് നിയന്ത്രണം വരാതിരിക്കുന്നതിനായി തന്റെ വിഭാഗത്തിൽ ഭരണഘടനയോ സ്വതന്ത്ര സംവിധാനമോ ഉണ്ടാകാതിരിക്കുവാൻ പാത്രിയർക്കീസ് ബാവ ശ്രദ്ധിച്ചു. പാത്രിയർക്കീസ് ആഗ്രഹിച്ചിരുന്നെങ്കിൽ വളരെ മുമ്പു തന്നെ ഇവയെല്ലാം ഉണ്ടാക്കുവാൻ സാധിക്കുമായിരുന്നു. 1975-95 കാലഘട്ടത്തിൽ ഇവിടെ ഒരു സമാന്തര കാതോലിക്കേറ്റ് ഉണ്ടാക്കേണ്ടി വന്നു. അത് പാത്രിയർക്കീസിന്റെ സന്മനസ്സുകൊണ്ട് ആയിരുന്നില്ല. അത് കേസിന് അനിവാര്യമായ നിയമ സമ്മർദ്ദം കൊണ്ട് മാത്രമായിരുന്നു. എന്നാൽ ഇവിടെ പാത്രിയർക്കേറ്റിന്റെ കീഴിൽ സൃഷ്ടിക്കപ്പെട്ട കാതോലിക്കേറ്റിന് കാനോനിക അധികാരവും 34 ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും സ്വയം പര്യാപ്തതയും ഉണ്ടായിരുന്നില്ല. അധികാരമില്ലാതിരുന്ന ശ്രേഷ്ഠ കാതോലിക്കേറ്റിനോട് പാത്രിയർക്കീസ് കക്ഷിയിലെ മിക്ക മേല്പട്ടക്കാരും സഹകരിച്ചില്ല. അതിനെപ്പറ്റിയാണ് കോർ എപ്പിസ്കോപ്പ വിവരിക്കുന്നത്. നിരന്തരമായി അവർ കാതോലിക്കേറ്റിനോട് ഏറ്റു മുട്ടി. അതിനായി ആദായി കോർ എപ്പിസ്കോപ്പ പറയുന്നതുപോലെ ഗുണ്ടകളെ ഉപയോഗപ്പെടുത്തി. അതായത്, സ്വയം നിർണ്ണയാവകാശമില്ലാത്ത കാതോലിക്കേറ്റും ഭരണത്തിന് ഒരു രേഖയും സംവിധാനവും (system ] ഇല്ലാത്തിടത്ത് പുറത്തു നിന്നുള്ള ഇടപെടലും ആഭ്യന്തര കലഹവും സാധാരണമാകും. ഈ സാഹചര്യത്തിൽ കോർ എപ്പിസ്കോപ്പ അച്ചൻ വിവരിക്കുന്ന അന്തരീക്ഷം സ്വാഭാവികമായും സൃഷ്ടിക്കപ്പെടും. അന്നത്തെ അന്ത:ച്ഛിദ്രത്തിന്റെ ഭീകരത മനസ്സിലാക്കാൻ ‘ ശ്രേഷ്ഠ കാതോലിക്കയും മാർ ദിവന്നാസിയോസും ‘ എന്ന രേഖാ സമാഹാരം വായിച്ചാൽ മതിയാകും. പാത്രിയർക്കീസ് പക്ഷം മലങ്കര സഭയുടെ വ്യവസ്‌ഥാപിത സംവിധാന (system) ത്തിലേക്ക് വരുന്നതിനുള്ള 1995 ലെ കോടതി വിധി ധിക്കരിച്ച് അരാജകത്വ മുന്നേറ്റത്തിന് പാത്രിയർക്കീസ് ആ വിഭാഗത്തെ അനുവദിച്ച് കൂട്ട് നില്ക്കുകയായിരുന്നു. വ്യവസ്ഥാപിതമായ ഭരണ സംവിധാനം നിലനില്ക്കുന്നിടത്തേ അച്ചടക്കവും ഐക്യവും നിലനില്ക്കുകയുള്ളൂ . എന്നാൽ നിയമാനുസൃതവും സ്വതന്ത്രവുമായ സംവിധാനം ഇല്ലാത്തിടത്ത് കാര്യങ്ങൾ നിർവ്വഹിക്കുന്നത് കയ്യൂക്കിലൂടെയാണ്. അത് പ്രവൃത്തി പഥത്തിൽ വരുത്താൻ റൗഡികളുടെ ഉപയോഗപ്പെടുത്തൽ വേണ്ടി വരുന്നു. അതുകൊണ്ട് പാത്രിയർക്കീസ് കക്ഷിയിലെ ഇന്നത്തെ ദുരവസ്ഥയ്ക്ക് അടിസ്ഥാന കാരണം എപ്പിസ്കോപ്പൽ നേതൃത്വത്തിന്റെ കുഴപ്പമോ അവർ ഉപയോഗപ്പെടുത്തുന്ന റൗഡികളുടെ സാന്നിധ്യമോ മാത്രം അല്ല, പ്രത്യുത നിയതമായ സംവിധാനത്തിന്റെയും പ്രവർത്തന സ്വാതന്ത്യത്തിന്റെയും അധികാര ഘടനയെ നിയന്ത്രിക്കുന്ന ഭരണഘടനയുടെയും അസാന്നിധ്യമാണ്. അവിടെ അരാജകത്വം സ്വാഭാവികമായി നിർദ്ധരിക്കും. അതുകൊണ്ട് പാത്രിയർക്കീസ് കക്ഷിയിൽ പാത്രിയർക്കീസും അദ്ദേഹത്തെ ആശ്രയിച്ച് കഴിയുന്ന നേതാക്കന്മാരും ഒരിക്കലും ഇവിടെ ഒരു സ്വതന്ത്ര – വ്യവസ്ഥാപിത സംവിധാനം സൃഷ്ടിക്കുവാൻ അനുവദിക്കില്ല , ശ്രമിക്കുകയുമില്ല. ഇതിന് പരിഹാരം എന്നത് നിയമാനുസൃതം സൃഷ്ടിക്കപ്പെട്ട സഭാ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനത്തിനുള്ളിൽ നിലനില്ക്കുന്നതിന് പാത്രിയർക്കീസും പാത്രിയർക്കീസ് കക്ഷിയും തയ്യാറാവുകയാണ്. സഭയിൽ സന്മനസ്സുള്ളവർ സഭയുടെ ഭാവിയെയും സമാധാനത്തെയും പ്രതി സാഹസികമായ നിലപാട് എടുക്കാൻ ഒരുങ്ങുകയാണ് ബഹുമാന്യനായ കോർ എപ്പിസ്കോപ്പ പറയുന്ന ഈ ‘ ഭീകരാവസ്ഥയിൽ നിന്നും ഭാവി ദുരന്തത്തിൽ ‘ നിന്നും പാത്രിയർക്കീസ് വിഭാഗത്തിന് രക്ഷപെടുവാനുള്ള മാർഗ്ഗം. പരിശുദ്ധ പാത്രിയർക്കീസ് ബാവ മലങ്കരയിൽ രൂപപ്പെട്ട വ്യവസ്ഥാപിത സംവിധാനത്തെ എതിർക്കുന്നത് അത് തന്റെ അധികാരത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാണ് എന്ന അടിസ്ഥാനരഹിതമായ ചിന്തയിൽ നിന്നാണ്. അതുകൊണ്ട് ഭരണഘടനയും പൗരസ്ത്യ കാതോലിക്കയുടെ സ്ഥാന- ബഹുമാന വിശേഷണങ്ങളും എന്തിന് കല്പന എഴുതുന്ന മഷിയുടെ നിറം പോലും മറുതലിപ്പിന്റെ പ്രതീകങ്ങളായി അദ്ദേഹം കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഈ ശങ്ക ഇവിടെയുളള പാത്രിയർക്കീസ് കക്ഷിയുടെ പൊതുബോധത്തിൽ കടത്തിവിട്ട് മുതലെടുക്കുവാൻ ആ സമൂഹത്തിന്റെ നേതൃത്വം ശ്രമിക്കുന്നു. അങ്ങനെ ഇവിടെ നിലനില്ക്കുന്ന വ്യവസ്ഥാപിത സഭാ സംവിധാനത്തിനെതിരായി നിഷിദ്ധ വികാരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ വിജയിക്കുന്നു. അതുകൊണ്ട് പാത്രിയർക്കീസ് ഭാഗത്തിലെ സാധുക്കളായ വിശ്വാസികൾ അവരുടെ വിഭാഗത്തിന് നിയമപരമായ പരാജയങ്ങൾ ഉണ്ടാകുമ്പോഴും തിരിച്ചറിവുകൾക്ക് വിധേയരാകാതെ കടുത്ത വാശിയോടെ വ്യവസ്ഥാപിത സഭാ സംവിധാനത്തിനെതിരായി നില്ക്കുകയും ശത്രുതയോടെ പ്രതികരിക്കുകയും ചെയ്യുന്നു. വിശ്വാസികളുടെ മനസ്സിൽ വിദ്വേഷം കുത്തി നിറയ്ക്കുന്ന നേതാക്കന്മാർ സമൂഹത്തിന്റെ പ്രവാചകരും രക്ഷകരുമായി ആരാധിക്കപ്പെടുകയും ചെയ്യുന്നു . അത് കൊണ്ട് അവർ എന്ത് അതിക്രമം ചെയ്താലും ജനത്തിന് വ്യത്യസ്താഭിപ്രായം ഉണ്ടാകുന്നില്ല. ഇത് കോർ എപ്പിസ്കോപ്പയുടെ ചിന്തയിൽ വന്നിട്ടില്ല എന്ന് തോന്നുന്നു. സഭാ സംവിധാനത്തിനെതിരെയുള്ള കടന്നു കയറ്റം സൃഷ്ടിച്ചത് സഭയിലെ വിഭജനം മാത്രമായിരുന്നില്ല ; സഭയുടെ അജപാലന പരാജയത്തിനും സാക്ഷ്യ രംഗത്തെ തകർച്ചയ്ക്കും അത് കാരണമായി. ആ യാഥാർത്ഥ്യം തിരിച്ചറിയുവാൻ കഴിയാത്തവരാണ് സഭ പങ്ക് വെയ്ക്കാൻ ശഠിക്കുന്നത് ! സഭാ വിജ്ഞാനീയത്തിന്റെ ബാല പാഠം അറിയുന്നവർക്ക് ഈ സംവിധാനം നശിപ്പിക്കുന്നതിന് നീതീകരണം കണ്ടെത്തുവാനും വിഭജനത്തിനുള്ള ഉപദേശം നൽകുവാനും ആവില്ല. ആദിമ നൂറ്റാണ്ടുകളിൽ മെഡിറ്ററേനിയൻ പ്രദേശത്ത് അന്നത്തെ സാമൂഹ്യ – രാഷ്ട്രീയ- സാംസ്ക്കാരിക സ്വാധീനത്തിൽ രൂപപ്പെട്ട സഭാ വിജ്ഞാനീയത്തിൽ നിന്നും സ്വതന്ത്രമായി ഈ നാടിനും കാലഘട്ടത്തിനും യോജിച്ച സഭാ വിജ്ഞാനീയവും ചേരുന്ന സംവിധാനവും സൃഷ്ടിക്കുവാൻ ശ്രമിക്കേണ്ട സഭയിലെ ജനങ്ങൾ കലഹിക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് നിലനിന്ന സംവിധാനത്തോട് പാത്രിയർക്കീസ് ബാവ പ്രകടിപ്പിച്ച അസഹിഷ്ണുതയാണ്. പാത്രിയർക്കീസ് ബാവായുടെ അധികാരം ഉറപ്പിക്കലല്ല സഭ ശ്രദ്ധിക്കേണ്ടത് , പ്രത്യുത സുഗമമായ ശുശ്രൂഷയ്ക്ക് ആവശ്യമായ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള വഴി അന്വേഷിക്കുകയാണ് . സംവിധാനമില്ലാത്ത ഒരു സമൂഹം നിലനില്ക്കുന്നത് അതിന്റെ നേതാക്കളും അധികാര സ്ഥാനികളും അമാനുഷരായി അവതരിപ്പിക്കപ്പെട്ടും അവരുടെ സ്ഥാനാധികാരങ്ങൾ ദൈവദത്തമാണ് എന്നും അത് ചോദ്യം ചെയ്യപ്പെടാവുന്നതല്ല എന്നും ഉള്ള ധാരണ ജനത്തിൽ സൃഷ്ടിച്ചുമാണ്. ഈ തരത്തിലുള്ള മിത്ത് വത്ക്കരണം സംഘർഷ സാഹചര്യത്തിൽ എളുപ്പമാണ്. കാരണം അവിടെ ഒരു വ്യവസ്ഥാപിത സംവിധാനത്തിൽ ഉള്ളതു പോലെ സംസ്ഥാപിത ചട്ടക്കൂടോ യുക്തിഭദ്രമായി ചിന്തിക്കുന്ന സമൂഹമോ ഇല്ല. അതുകൊണ്ട് നേതാക്കൻമാർ എന്തു തന്നെ പ്രവർത്തിച്ചാലും അതിന് എതിരഭിപ്രായമോ ചെറുത്തുനില്പോ ആദ്യ ഘട്ടത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. ജനം നേതാക്കന്മാരെ ആരാധനാപൂർവ്വമാണ് കാണുന്നതും പിന്തുണയ്ക്കുന്നതും. എന്നാൽ ഈ രീതിക്കെതിരെ സമൂഹത്തിൽ ചിന്താശേഷിയുള്ള വ്യക്തികളും കൂട്ടങ്ങളും പുനർവിചിന്തനം നടത്തേണ്ടതുണ്ട്. നേതാക്കൻമാർ തങ്ങളെ തെറ്റായ ദിശയിൽ നയിക്കുന്നു എന്ന് ജനത്തിന് ബോധ്യപ്പെടുമ്പോൾ നേതൃത്വത്തിന്റെ തീട്ടൂരങ്ങളെ അവഗണിക്കുവാനും അവരുടെ സ്വതന്ത്ര നീക്കങ്ങളെ പ്രതിരോധിക്കുന്നതിനും ജനം ശ്രമം നടത്തും. അതിന്റെ പ്രാരംഭ പ്രവണതകൾ ഇപ്പോൾ തന്നെ കണ്ടു തുടങ്ങിയതിന്റെ സൂചനയാണ് ഉള്ളത്. ഇവിടത്തെ ഓർത്തഡോക്സ് സഭ കഴിഞ്ഞ കാല ചരിത്രം പഠിപ്പിച്ച അനുഭവ പാഠങ്ങൾ തിരിച്ചറിഞ്ഞ സമൂഹമാണ് . അതുകൊണ്ടാണ് വ്യവസ്ഥാപിത സഭാ സംവിധാനം ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടുകയും സഭാ ഐക്യം കോടതി വിധിയുടെയും ഭരണഘടനയുടെയും ചട്ടക്കൂട്ടിലായിരിക്കണം നിവർത്തിക്കേണ്ടത് എന്നും നിഷ്ക്കർഷിക്കുന്നതിന്റെ അടിസ്ഥാനവും അതു തന്നെയാണ്. കാര്യങ്ങൾ മനസ്സിലാക്കി അധിനിവേശത്തിന് ശ്രമിക്കാതെ ഇന്ത്യൻ ജുഡീഷ്യറിയുടെ ഉത്തരവുകളും ഭരണ ഘടനയും അംഗീകരിച്ച് മലങ്കര സഭയിൽ ഐക്യം സൃഷ്ടിക്കുന്നതിന് പ. പാത്രിയർക്കീസിന് നിർണ്ണായകമായ പങ്കും ബാധ്യതയും ഉണ്ട്. അദ്ദേഹം സന്‌മനസ്സു കാണിച്ച് ആ ചരിത്ര ധർമ്മം നിർവ്വഹിച്ച് മലങ്കര സഭയുമായി സഹകരിച്ചാൽ അത് ഈ സഭയോട് ചെയ്യുന്ന വലിയ നീതിയായിരിക്കും. അത് ഈ വർഷാരംഭത്തിൽ സഭയ്ക്ക് നല്കുന്ന വലിയൊരു സമ്മാനമായിരിക്കും. സഭാ ജീവിതം ചിട്ടയിൽ നിലനില്ക്കുന്നതിന് തിരുവചനത്തോടൊപ്പം നിയമത്തിനും വ്യവസ്ഥാപിതമായ സംവിധാന (system)ത്തിനും നിർണ്ണായകമായ പങ്ക് ഉണ്ട് എന്ന തിരിച്ചറിവിലേക്ക് എല്ലാവരും എത്തിച്ചേരട്ടെ. പുതുവർഷത്തിന്റെ ആശംസകൾ സസ്നേഹം.